
ഏറെ നാളത്തെ ഗൃഹപാഠത്തിന് ശേഷമായിരുന്നു അന്ന് രാത്രി എഴുതാനിരുന്നത്. മനസിൽ കഥയുടെ ക്രാഫ്‌റ്റ് ഏകദേശം പൂർത്തിയാവുമ്പോൾ മാത്രം കഥയുടെ കന്യാചർമം പൊട്ടിക്കുന്നതാണ് രീതി. അതും രാത്രിയിലാണെങ്കിൽ മറ്റാരുടേയും ശല്യമുണ്ടാകില്ലയെന്ന ഗുണവുമുണ്ട്.
കുറച്ച് വരികൾ എഴുതിത്തുടങ്ങിയതേയുള്ളൂ , കതകിൽ തുടരെത്തുടരെ മുട്ട് കേട്ടു.
ഭാര്യയോ മകനോ ആവുമെന്ന് കരുതി ദേഷ്യത്തിന്റെ ചില ഇമോജികൾ മുഖത്തേയ്‌ക്ക് വലിച്ചിട്ടായിരുന്നു കതക് തുറന്നത്. എന്നാൽ ആഗതനെ കണ്ടതും തീയിൽ ചവിട്ടേറ്റതു പോലെ പൊള്ളി നിന്നു .
" ഭാസ്കരമേനോൻ "
തൊണ്ടയിൽ നിലവിളിയായി കുടുങ്ങിയ ശബ്ദം പുറത്തു വരുന്നതിനു മുമ്പു തന്നെ ആഗതൻ അനുവാദമില്ലാതെ അകത്തു പ്രവേശിച്ചു കഴിഞ്ഞിരുന്നു.
"പരിഭ്രമിക്കേണ്ട, നിങ്ങൾ ഉദ്ദേശിച്ച ആൾ തന്നെയാ. ചില എഴുത്തുകാരൊക്കെ മുമ്പ് ഇത്തരം അനുഭവങ്ങളിലൂ കടന്നുപോയിട്ടുണ്ട്"
എഴുതാൻ പോകുന്ന കഥയിലെ കഥാപാത്രം , അതും പട്ടാള വേഷത്തിൽ മുന്നിൽ വന്നു നിന്നാൽ പരിഭ്രമിക്കാതിരിക്കുന്നതെങ്ങനെ?"
കഥാപാത്രം കഥാകാരന്റെ മുന്നിലേക്ക് കസേര നീക്കിയിട്ടു.
"ഞാൻ എഴുതാൻ തുടങ്ങുകയായിരുന്നു. "
അയാളുടെ പ്രവൃത്തിയിൽ ആശങ്ക തോന്നി ശബ്ദം താഴ്ത്തി പറഞ്ഞു.
"എന്നാൽ ഇനിയങ്ങോട്ട് ഞാനെഴുതാം. "
"അതെങ്ങിനെ ശരിയാകും. ഞാനല്ലേ കഥാകൃത്ത്. "
"യാഥാർഥ്യത്തെക്കാൾ വലുതല്ലല്ലോ ഭാവനയുടെ കരവിരുതുകൾ. "
അതോടെ കൂടുതൽ തർക്കത്തിന് നിൽക്കാതെ മനസ്സില്ലാ മനസ്സോടെ അയാൾ പേന നീട്ടി.
"ഈ പേന എനിക്കാവശ്യമില്ല . ഇതിന് നിങ്ങളുടെ ഭാവനയുടെ കോപ്പി വരകൾക്കിടയിലുടെ മാത്രമെ സഞ്ചരിക്കാൻ കഴിയൂ. "
അയാൾ ഞാനെഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിച്ചു. അതിൽ ഇപ്രകാരം കുറിച്ചിരുന്നു.
ബൂട്ടിന്റെ കാലൊച്ചയുമായി മനസിലേക്ക് നിരന്തരം മാർച്ച് ചെയ്‌തെത്തുന്ന കുറ്റബോധമായിരുന്നു ഭാസ്കരമേനോനെക്കൊണ്ട് ആ തീരുമാനമെടുപ്പിച്ചത്. അവളെ പോയി കാണണം. ഡൽഹിയിലേക്കുള്ള കേരള എക്‌സ്‌പ്രസിലെ എ സി കംപാർട്ട്‌മെന്റിലാണിപ്പോൾ മേനോൻ. ആദ്യം ന്യൂഡൽഹി , പിന്നെ ഛത്തീസ്‌ഗഢിലെ റായ്‌പൂർ. അവിടെ നിന്ന് മുമ്പ് അയാൾ ജോലി ചെയ്‌തിരുന്ന നാരായൺപൂർ .ഇതായിരുന്നു റൂട്ട് മാപ്പ്.
പട്ടാളത്തിൽ നിന്നും പിരിഞ്ഞതിൽ പിന്നെ നാടിന്റെ പൊതു കര്യങ്ങളുമായി മുഴുകി കഴിയുകയായിരുന്നു .
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്‌തതിന്റെ ഓർമകളെ അയാൾ ഒരു ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപോലും അതിലെ അക്ഷരങ്ങൾക്ക് ആരുടെ മുന്നിലും വിവസ്‌ത്രരായി നിൽക്കേണ്ടി വന്നിട്ടില്ല. ഇരുമ്പ് പെട്ടിയിലെ ചില സൂക്ഷിപ്പുകൾക്കിടയൽ ആ ഡയറി ആരും കാണാതയാൾ പൊതിഞ്ഞു വച്ചിരുന്നു. സത്യത്തിൽ അയാൾ പട്ടാളത്തിൽ നിന്നും വിരമിച്ചതായിരുന്നില്ല. അതിനു മുമ്പ് തന്നെ വി ആർ എസ് വാങ്ങിക്കുകയായിരുന്നു. അതിന്റെ കാരണം 2006 ജനുവരി 26ന്റെ ഡയറിത്താളിൽ ചുവന്ന മഷിയിൽ അയാൾ അടയാളപ്പെടുത്തിയിരുന്നു.
എന്നാൽ അടുത്ത കാലത്തായി അയാൾ പട്ടാളവുമായി ബന്ധപ്പെട്ട ഓർമകളുടെ തൂവലുകളെല്ലാം സ്വയം കൊഴിച്ചുകളയുകയും പൊതു കാര്യങ്ങളിൽ നിന്നെല്ലാം മനപൂർവ്വം പിൻവലിയുകയും ചെയ്തു. തനിക്കു ലഭിച്ച സൈനിക മെഡലുകൾ നാട്ടിലെ മഹാത്മ വായനശാലയിലേക്ക് കൈമാറി.
ഇത്രയും വായിച്ചപ്പോഴേക്കും കഥാപാത്രം ക്ഷുഭിതനായി ചാടിയെഴുന്നേറ്റു.
"എന്തസബന്ധമാണീ എഴുതി വച്ചിരിക്കുന്നത്.ഇതിൽ ചില തിരുത്തലുകൾ വേണ്ടിവരും . "
" തിരുത്താനോ? നെവർ .കഥാകൃത്തിന്റെ സ്വാതന്ത്യത്തിൽ കൈകടത്താൻ കഥാപാത്രത്തിനു പോലും അവകാശമില്ല "
" പക്ഷേ നിങ്ങൾ തിരുത്തിയില്ലെങ്കിൽ ഈ കഥാപാത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാകും. അത്തരമൊരു പാതകം ആർതർ കോനൻ ഡോയൽ തന്റെ വിഖ്യാത കഥാപാത്രത്തോട് പോലും ചെയ്തിട്ടില്ല."
"ഓകെ. ഓകെ. പറയൂ. എന്താണ് തിരുത്താനുള്ളത്?"
"2006 ജനുവരി 26 ന് സ്വയം വിരമിച്ചു എന്നത് ശരിയല്ല. അതിന് ശേഷം കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിരമിക്കൽ. തന്നെ വേട്ടയാടുന്ന കുറ്റബോധവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയെ കാണാനാണ് അയാൾ റായ്‌പൂരിലേക്ക് പോകുന്നതെന്നതും ശരിതന്നെ. എന്നാൽ അതിനുമപ്പുറം വേറൊരു കാരണം കൂടിയുണ്ട്. "
"എന്താണത്?"
അത്യധികം ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടിയായി കഥാപാത്രം തിരുത്തിയെഴുതാനാരംഭിച്ചു.
"പട്ടാളത്തിലുണ്ടായിരുന്നപ്പോഴുള്ള അയാളുടെ മേലുദ്യോഗസ്ഥൻ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. രണ്ട് ദിവസം മുമ്പുള്ള പത്രത്തിൽ നിന്നാണ് ആ വിവരം അറിഞ്ഞത്. " കഥാപാത്രം തിരുത്തി എഴുതാൻ തുടങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ എനിക്ക് ബോറടിച്ചു .
"എനിക്ക് കിടക്കണം. രാത്രി ഏറെ വൈകി. ഇനി നാളെ എഴുതാം. "
"എന്നാൽ അങ്ങിനെയാവാം"
കഥാപാത്രം പുറത്തേയ്‌ക്ക് നടന്നതും ഞാൻ വാതിൽ വലിച്ചടച്ച് ,
അയാൾ പോയെന്ന് ഉറപ്പ് വരുത്തി വീണ്ടും എഴുത്തു മുറി തുറന്ന് സ്വസ്ഥമായി എഴുതാൻ തുടങ്ങി.
ഡൽഹിയിൽ നിന്നും ഭാസ്‌കരമേനോൻ റായ്‌പൂരിലേക്കുള്ള യാത്രയിലാണ്. യാത്രയിലുടനീളം ഇരുളടഞ്ഞ മേഘം പോലൊരു ദിനം അയാളുടെ ഓർമ്മകളിൽ പെയ്തു കൊണ്ടിരുന്നു.
പട്ടാളത്തിന്റെ സഹായമഭ്യർഥിച്ച് അന്ന് നാരായൺപൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നും കുറച്ച് പൊലീസുകാർ രാത്രി സൈനിക ക്യാമ്പിലെത്തി. വനത്തിനുള്ളിലെ ഒരു ആദിവാസി കോളനിയിൽ 14 കാരിയായ പെൺകുട്ടിയെ മാവോയിസ്‌റ്റുകൾ ബന്ദിയാക്കിയിരുന്നു. അവളെയും കുടുംബത്തെയും മോചിപ്പിക്കാനായിരുന്നു അവർ പട്ടാളത്തിന്റെ സഹായം തേടിയത്. ആദിവാസി കോളനിയിലെത്തിയ മാവോവാദിയുടെ ഫോട്ടോയും അവന്റെ കേസ് ഹിസ്‌റ്ററിയും പൊലീസ്, പട്ടാളത്തിന് കൈമാറി. പൊലീസുകാർ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട സേനയിലെ ഉന്നത ഉദ്യോഗസ്ഥൻ നരേന്ദർ ഭൗമിക് തന്റെ ക്യാബിനിലേക്ക് പോവുകയും ഫോണിൽ ആരോടോ സംസാരിക്കുകയും ചെയ്‌തു. അൽപ്പ സമയത്തിന് ശേഷം തിരികെയെത്തിയ അദ്ദേഹം ദൗത്യം ഏറ്റെടുത്തതായി അറിയിച്ചു. ലൊക്കേഷൻ കാണിച്ചു തരിക മാത്രമാണ് പൊലീസിന്റെ ജോലിയെന്നും ഓപ്പറേഷൻ പട്ടാളം നേരിട്ട് നടത്തുമെന്നും ഭൗമിക് കർശനമായി പറഞ്ഞു. പൊലീസ് അത് സമ്മതിച്ചു. തുടർന്ന് അദ്ദേഹം മേനോനുമായി തന്റെ ക്യാബിനിൽ കൂടിക്കാഴ്‌ച നടത്തി.
"മിഷൻ 14- എന്നാണ് നമ്മുടെ ദൗത്യത്തിന്റെ പേര്. ഇന്ന് രാത്രി തന്നെ അവിടെയെത്തി പുലർച്ചയോടെ മിഷൻ നടപ്പാക്കി അവളെ രക്ഷിക്കണം." ഭാസ്‌കരമേനോന്റെ നേതൃത്വത്തിലുള്ള മൂന്ന് പേരെയായിരുന്നു ഇതിനായി നിയോഗിച്ചത്. പൊലീസ് അവരുടെ വാഹനത്തിലും സൈനികൾ ട്രക്കിലുമായി യാത്ര തുടങ്ങി. കാട്ടുപാതയിലൂടെ നാല് മണിക്കുർ യാത്രയ്‌ക്ക് ശേഷം രണ്ടരയോടെയായിരുന്നു അവരെത്തിയത്. ആദിവാസി ഊരിന് ഒരു കിലോമീറ്റർ അകലെ വാഹനം നിർത്തി. തുടർന്ന് വളരെ കരുതലോടെ മരങ്ങളുടെ മറ പറ്റി നീങ്ങി. ബന്ദിയാക്കപ്പെട്ട പെൺകുട്ടിയുടെ കൂര പൊലീസുകാരൻ കാണിച്ച് കൊടുത്തു. അതേടെ മേനോൻ പൊലീസുകാരോട് തിരികെ വാഹനത്തിനരികിലേക്ക് പോകാൻ നിർദ്ദേശിച്ചു. പൊലീസ് പോയതോടെ സൈന്യം അവരുടെ പ്ലാൻ നടപ്പാക്കാൻ തുടങ്ങി. കൂരയുടെ ചെറിയ കോലായിലാണ് മാവോയിസ്‌റ്റ് കിടന്നുറങ്ങുന്നത്. മൂടി നീട്ടി വളർത്തി മെലിഞ്ഞ് ക്ഷീണിതനാണെങ്കിലും പ്രസരിപ്പുള്ള മുഖമായിരുന്നു ആ യുവാവിന് . തൊട്ടടുത്തായി പെൺകുട്ടിയും ഉറങ്ങുന്നുണ്ട്. അവൾ അയാളെ ചുറ്റിവരിഞ്ഞാണ് കിടക്കുന്നത്. മേനോൻ പെലീസ് നൽകിയ ചിത്രത്തിലും ചെറുപ്പക്കാരനെയും മാറി മാറി നോക്കി. പിന്നെ അത് ശരിവെക്കും വിധം സഹപ്രവർത്തകരെ നോക്കി .തോക്കുമായി രണ്ട് ചെറുപ്പക്കാരും എന്തിനും തയ്യാറായി നിന്നു.
അവന്റെ ശരീരത്തിൽ നിന്നും പെൺകുട്ടിയെ പൂ പറിക്കുന്ന പോലെ പതിയെ മേനോൻ അടർത്തി മാറ്റി . അവൾ എതിർവശത്തേക്ക് തിരിഞ്ഞു കിടന്നു.
പിന്നീട് അയാൾ അവനെ പൊക്കി മാറ്റാൻ ശ്രമിച്ചപ്പോൾ യുവാവ് ഞെട്ടിയുണർന്നു. കുതറി മാറാൻ ശ്രമിച്ചപ്പോഴേക്കും ഒരു വെടിയുണ്ട അയാളുടെ നെറ്റി തുളച്ചു കയറിപ്പോയി. അരുതെന്ന് പറയുമ്പോഴേക്കും രണ്ടാമത്തെ തോക്കും ഗർജ്ജിച്ചു . കമിഴ്‌ന്നു വീണ ചെറുപ്പക്കാരൻ മണ്ണിനെ ചുംബിച്ചു കിടന്നു.
"ആയുധം പോലുമില്ലാത്ത ഒരാളെ ഇങ്ങനെ കൊല്ലേണ്ടിയിരുന്നോ ?" മേനോൻ യുവ സൈനികരോട് കയർത്തു.
"യൂണിഫോമിട്ടാൽ കഴുകന്മാരെ പോലെ ഇറച്ചിക്കൊതിയന്മാരാവരുത്. "
അയാൾ യുവാവിനെ മലർത്തികിടത്തി. പഞ്ചാബിയുടെ ശൗര്യം നെറ്റിയിലും ഗുജറാത്തിന്റെ രാജ്യസ്‌നേഹം അവന്റെ നെഞ്ചിലും ചോരയുടെ ഭൂപടങ്ങൾ തീർത്തിരുന്നു.
"ഇവനൊക്കെ ജീവിച്ചിരുന്നാൽ നാളെ നമുക്ക്‌തന്നെ ബാധ്യതയാകും സാറെ. " ഗുജറാത്തി ജാഗരൂകനായി.
"കൊല്ലാനുള്ള ഉത്തരവുണ്ടയിരുന്നില്ല. അറിയാല്ലോ .ഇതിന് ഞാനിനി ആരോടെക്കെ സമാധാനം പറയണം. "
മേനോന്റെ അങ്കലാപ്പ് കണ്ട് പഞ്ചാബി രക്ഷാമാർഗ്ഗം ചികഞ്ഞു.
"ഒരു വ്യാജ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്‌താൽ തീരുന്ന പ്രശ്‌നമേയുള്ളൂ. " തോക്കിൽ നിന്നും സേനയുടെ ഔദ്യാഗിക ബുള്ളറ്റുകൾ മാറ്റാനും പകരം ലോക്കൽ വെടിയുണ്ടകൾ നിറയ്‌ക്കാനും മരങ്ങളിലൊക്കെ വെടിവെയ്‌ക്കാനും അയാൾ നിർദ്ദേശിച്ചു. ചെറുപ്പക്കാർ അതനുസരിച്ചു. ഇതിനിടെ ബഹളംകേട്ട് പെൺകുട്ടിയും വീട്ടുകാരും ഉണർന്നു. മാവോയിസ്‌റ്റുകൾ കൂട്ടമായി വന്ന് ആക്രമിച്ചതായും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും മേനോൻ പെൺകുട്ടിയുടെ അച്‌ഛനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ അപ്പോഴും വീട്ടുകാർ കൈകൂപ്പി നിന്നു. പെൺകുട്ടി മാത്രം ഏങ്ങിയേങ്ങി കരഞ്ഞു.
മൃതദേഹം കൊണ്ട് പൊകാനുള്ള ചുമതല പൊലീസിനെ ഏൽപ്പിച്ച ശേഷം പട്ടാളം മടങ്ങി.
പിറ്റേന്ന് ഓഫസിലെത്തിയപ്പോൾ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് വേണമെന്നും ബന്ദിയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി വേണമെന്നും നരേന്ദർ ഭൗമിക് ആവശ്യപ്പെട്ടു. ഭൗമികിന്റെ ആവശ്യ പ്രകാരം അടുത്ത ദിവസം തന്നെ അവളെ ഓഫീസിനടുത്തെ ഭൗമികിന്റെ ക്വാർട്ടേഴ്‌സിൽ എത്തിച്ചു.
തുടർന്ന് മോനോൻ റിപ്പോർട്ട് തയ്യാറാക്കാനുള്ള ഒരുക്കത്തിലായി. അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിച്ചത് മറ്റ് കേഡർമാർ ആരുംതന്നെ ഓഫീസിൽ ഇല്ല. അതിലൊരു അസ്വാഭാവികത തോന്നിയെങ്കിലും റിപ്പോർട്ട് തയ്യാറാക്കാനുള്ളതിനാൽ അയാൾ ആ ചിന്ത മാറ്റിവെച്ചു. അൽപ്പനേരം കഴിഞ്ഞിപ്പോഴാണ് ക്വാർട്ടേഴ്‌സിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. അയാൾ വേഗം തന്നെ അങ്ങോട്ടോടി. ഭൗമികിന്റെ മുറി പൂട്ടിയിരുന്നു.എന്നാൽ കൊളുത്തുപോയ ജാലകത്തിന്റെ വിടവിലുടെ കണ്ട കാഴ്‌ചയിൽ വിറങ്ങലിച്ചു നിന്നു . തോക്കിനു മുന്നിൽ പേടിച്ചു വിറച്ചിരിക്കുകയാണ് പെൺകുട്ടി. അവളുടെ വസ്‌ത്രങ്ങളും സ്ഥാനം തെറ്റിയാണുള്ളത്. അയാൾ അർധ നഗ്നനായിരുന്നു. മേനോൻ വാതിലിൽ ശക്തിയായി മുട്ടി. അയാൾ വാതിൽ തുറന്നു.
"നിങ്ങൾ മനുഷ്യനാണോ ?"
ഒരിക്കലും കാണാനാഗ്രഹിക്കാത്തൊരു രംഗം കണ്ടപ്പോൾ മേലുദ്യോഗസ്ഥനാണെന്നും നോക്കാതെ മേനോൻ അലറി. പിന്നെ പെൺകുട്ടിയുടെ അരികിലെത്തി വസ്‌ത്രമെല്ലാം നേരെയാക്കി അവളെ ചേർത്തുപിടിച്ചു.
"മൃഗങ്ങൾക്കേ ഇങ്ങനെ ചെയ്യാനാകൂ "
"സെല്യൂട്ട് മീ " ഭൗമിക് അലറി.
മേനോൻ ഒന്നും പറയാതെ പെൺകുട്ടിയുമായി പുറത്തേക്കിറങ്ങി.
എത്ര കരഞ്ഞിട്ടും അവളുടെ പേടി കണ്ണിൽ നിന്നും ഒഴുകിപ്പോയിരുന്നില്ല. അവളെയും കൂട്ടി കാട്ടിലേക്ക് തിരിക്കുമ്പോൾ അവിചാരിതമായി ആ ചോദ്യമെത്തി.
"നിങ്ങളെന്തിനാണ് ഞങ്ങളുടെ ചാരുദത്തിനെ കൊന്നത്?"
ദേഹം നുറുങ്ങുന്ന വേദനയിലും ആ കൊച്ചു കണ്ണുകളിൽ കനലെരിയുന്നതു പോലെ.
"അവരൊക്കെ നമ്മുടെ നാടിനെ തകർക്കാൻ നടക്കുന്നവരാണ്.
അവൻ നിങ്ങളെ ബന്ദിയാക്കിയത് കണ്ടില്ലേ ?"
"അല്ല. "അവൾ തറപ്പിച്ചു പറഞ്ഞു.
"ചാരുഭായ് ഇടയ്‌ക്കിടെ കാടിറങ്ങി അവിടെ വരാറുണ്ട്. ചിലപ്പോൾ ഒറ്റയ്‌ക്ക്,അല്ലെങ്കിൽ കൂട്ടത്തോടെ . ഇടയ്‌ക്ക് ഭക്ഷണം വേണമന്ന് പറയും. ഊരുകാരോട് കാശും ചോദിക്കും. തന്നില്ലെങ്കിൽ വെറുതെ കത്തികാട്ടി ഭീഷണിപ്പെടുത്തും . ആ കത്തിയ്‌ക്ക് മൂർച്ചപോലുമില്ല. ഭക്ഷണം ചോദിച്ചാണ് അന്നും വീട്ടിൽ വന്നത്. കാശ് തരണമെന്നും പറഞ്ഞ് തമാശയ്‌ക്ക് എന്റെ നേരെ കത്തി കാട്ടുകയും ചെയ്‌തു. അല്ലാതെ ബന്ദിയാക്കിയതൊന്നുമല്ല. അച്ഛൻ വന്നിട്ട് പോകാമെന്ന് പറഞ്ഞ് ഞാനാണ് രാത്രിയിൽ ചാരുഭായിയെ പിടിച്ചു നിർത്തിയത്. അച്ഛൻ വരാൻ വൈകിയതിനാൽ അവിടെ തന്നെ കിടന്നു.വന്നാൽ ഒരു പാട് കഥ പറഞ്ഞു തരുമായിരുന്നു. അന്നും പറഞ്ഞു ,
കാട് ചുരുങ്ങി ചുരുങ്ങി ഇല്ലാതായി പോകുന്നതിന്റെ കഥ. പട്ടണങ്ങൾ അടുത്തുവരുമെന്നും കാട്ടിലെ മരങ്ങളും കിളികളുമെല്ലാം ഇല്ലാതാവുമെന്നും ഇവിടെ താമസിക്കാൻ പറ്റാതാവുമെന്നെല്ലാം പറഞ്ഞു. അതെല്ലാം ശരിയാണ്. ഞങ്ങളുടെ വീടിനടുത്തെ കാട്ടരുവിയിലെ മീനും തവളയുമൊന്നും ഇപ്പോൾ കാണുന്നില്ല . "അവൾ സങ്കടപ്പെട്ടു.
എനിക്ക് മൂത്രമൊഴിക്കണം. യാത്ര പാതി പിന്നിട്ടപ്പോൾ അവൾ പറഞ്ഞു. അയാൾ കാട്ടുപാതയിൽ ട്രക്ക് ഒതുക്കി നിർത്തി. അവൾ വലിയൊരു മരത്തിന് പിറകിലേക്ക് മറഞ്ഞു. വീണ്ടും കരഞ്ഞുകൊണ്ടാണ് അവൾ വന്നത്.
"എന്തു പറ്റി?"
"വേദനിക്കുന്നു. " അവൾ അടിവയർ അള്ളിപ്പിടിച്ചു. ആ നിമിഷമാണ് പട്ടാളത്തിൽ നിന്നും സ്വയം വിരമിക്കാൻ തീരുമാനമെടുത്തതെന്നാണ് അയാൾ ഡയറിയിൽ കുറിച്ചത്.
ആരുടെയും ശല്യമില്ലാതെ ഇത്രയും എഴുതിയിട്ട് ഉറങ്ങാൻ പോയി. വൈകീട്ട് നഗരത്തിൽ ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് കഴിഞ്ഞ് രാത്രിയാണ് മടങ്ങിയെത്തിയത്. അന്നു തന്നെ കഥ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എല്ലാവരും ഉറങ്ങിയപ്പോൾ എഴുത്തു മുറിയിലേക്ക് കടന്നു. നോട്ട്‌ബുക്ക് തുറന്നപ്പോൾ തലേന്ന് രാത്രി എഴുതിയ ഭാഗം മുഴുവൻ ചുവപ്പ് മഷികൊണ്ട് ആരോ വെട്ടിയിരിക്കുന്നു. തൊട്ടു താഴെയായി തിരുത്ത് എന്ന ചെറിയ തലക്കെട്ടിൽ എന്തൊക്കെയൊ എഴുതി ചേർത്തിട്ടുമുണ്ട്. ഉറങ്ങാൻ പോയപ്പോൾ കഥാപാത്രം വന്ന് തിരുത്തിയതാകാം. നോട്ട്ബുക്ക് മറിച്ച് പതിയെ വായിക്കാൻ തുടങ്ങി
കൊല്ലപ്പെട്ട നരേന്ദർ ഭൗമികിന്റെ ഡൽഹിയിലെ വീട് സന്ദർശിച്ചശേഷം
മേനോൻ റായ്‌പൂരിലേക്കുള്ള യാത്ര തുടങ്ങി. യാത്രയിൽ ഭൗമിക്കിന്റെ ഓർമ്മകളായിരുന്നു അയാൾക്ക് കൂട്ട്. യുവ പട്ടാളക്കാരിൽ ആത്മവിശ്വാസവും ദേശസ്‌നേഹവും വളർത്താനുള്ള അയാളുടെ ചില ഫോർമുലകൾ മേനോന് മറക്കാനാവുമായിരുന്നില്ല.
സ്‌പോർട്‌സിലായിരുന്നു അയാളത് ഫലപ്രദമായി നടപ്പാക്കിയിരുന്നത്. സൈനികരെ രണ്ട് ടീമാക്കി ഫുട്‌ബോളും ക്രിക്കറ്റും കളിപ്പിക്കാറുണ്ടായിരുന്നു ഭൗമിക്. ഫുട്‌ബോളിൽ ഒരു ടീമിന്റെ പേര് എപ്പോഴും മാവോയിസ്‌റ്റ് ഫൈറ്റേഴ്‌സ് എന്നായിരുന്നു. എന്നാൽ ക്രിക്കറ്റിൽ അത് പാക്കിസ്ഥാനായി മാറും. നല്ല കളിക്കാരെയധികവും മാവോയിസ്‌റ്റ് സംഘത്തിലോ പാക്കിസ്ഥാന്റെ സംഘത്തിലോ ഉൾപ്പെടുത്താൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അവർ കളി ജയിക്കുമ്പോൾ എതിർ ടീമിനെ നന്നായി പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ചിലപ്പോൾ ചെറിയ ശിക്ഷാവിധികളും ഉണ്ടാകും .
അങ്ങനെയിരിക്കെയാണ് മിഷൻ - 14 എന്ന കൗതുകവും അപകടവും നിറഞ്ഞ ഒരു ഓപ്പറേഷന്റെ ഭാഗമാകാൻ ഭൗമിക് നിർദ്ദേശം നൽകുന്നത്.
ബന്ദിയാക്കപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ചുമതലയുമായി ആദിവാസിക്കൂരയുടെ മുന്നിലെത്തിയപ്പോൾ കോലായിൽ മാവോയിസ്‌റ്റായ യുവാവിന്റെ നെഞ്ചിൽ തലവെച്ചുറങ്ങുന്ന പെൺകുട്ടിയെയാണ് അവർ കണ്ടത്.
"ഇതാണോ സാർ ബന്ദിയാക്കൽ ?" പഞ്ചാബി സൈനികൻ ചോദിച്ചു. ആ പൊലീസുകാർക്ക് തെറ്റിയതായിരിക്കും ഗുജറാത്തുകാരനും അതിനെ ശരിവെയ്‌ക്കുംപോലെ പറഞ്ഞു.
മേനോൻ പൊലീസ് നൽകിയ ഫോട്ടോയിലും അവിടെ കിടക്കുന്ന യുവാവിന്റെ മുഖത്തും മാറി മാറി നോക്കി. ആളിത് തന്നെയാണെന്നർഥത്തിൽ തലയാട്ടി. യുവ സൈനികർ രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ അയാളിൽ നിന്നും അടർത്തി മാറ്റി വേറെ കിടത്തി.
യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാളൊന്ന് കുതറി . ആ നിമിഷം ഭാസ്‌കരമേനോന്റെ തോക്കിൽ നിന്നും വെടിയുണ്ട ആ യുവാവിന്റെ നെറ്റിതുളച്ച് പോയി.
"ചെറിയ പ്രായമായിരുന്നില്ലേ സർ. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ തിരുത്താൻ ഒരവസരം കൊടുക്കാമായിരുന്നില്ലേ ?"
കൺമുന്നിൽ ചെറുപ്പക്കാരൻ പിടഞ്ഞു വീഴുന്നതിന്റെ ആഘാതത്തിൽ പഞ്ചാബുകാരന്റെ വാക്കുകൾ ഇടറിയിരുന്നു.
"കൂടുതൽചോദ്യമൊന്നും വേണ്ട. പറയുന്നതനുസരിച്ചാൽ മതി. " മേനോൻ സ്വരം ഗൗരവത്തിലായി.
ഏറ്റുമുട്ടൽ നടന്നതായുള്ള തെളിവുണ്ടാക്കിയതിന് ശേഷമായിരുന്നു അവരവിടെ നിന്ന് മടങ്ങിയത്
പിറ്റേന്ന് മേനോൻ ഭൗമിക്കിന്റെ ക്യാബിനിലെത്തി. മാവോയിസ്‌റ്റ് വേട്ടയിൽ വിജയിച്ചതിന്റെ ഭാവം അയാളുടെ മുഖത്ത് യൂണിഫോമിട്ട് അറ്റൻഷനായി നിലപ്പുണ്ടായിരുന്നു.
"സർ ഒരു അപേക്ഷയുണ്ട്. "
ഭൗമിക് ചോദ്യഭാവത്തിൽ നോക്കി.
"ഈ ഓപ്പറേഷന്റെ പേരിൽ ഒരു മെഡൽ ലഭിക്കാൻ സാറൊന്ന് പ്രഷർ ചെയ്യണം. അവരിലെ പ്രധാന പോരാളിയെയാണ് നമ്മൾ ഇല്ലാതാക്കിയത്. "
"അതൊക്കെ ചെയ്യാം. പകരം എനിക്കും തന്റെ സഹായം വേണം "
എന്തെന്ന അർഥത്തിൽ മേനോൻ മേലുദ്യോഗസ്ഥനെ നോക്കി.
"എന്തായിരുന്നു ആ പെൺകുട്ടിയുടെ പേര് ?"
"കാളിമ. "
"അവളെ എനിക്ക് വേണം. " ശൃംഗാരത്തിന്റെ തുപ്പൽ പുരണ്ട ആ വാക്കുകൾ മേനോന്റെ ചെവിയിൽ മുഴങ്ങി.
" കാടിന്റെ മേൽവിലാസമുള്ളതിനെല്ലാം പ്രത്യേക രുചിയാണ്. കാട്ടിറച്ചി, കാട്ട്‌തേൻ അതുപോലെതന്നെയാണ് കാട്ട്‌പെണ്ണും "
ഇതോടെ മറുത്തൊന്നും പറയാൻ കഴിയാതെ മേനോൻ കീഴടങ്ങി. പിറ്റേ ദിവസം തന്നെ മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കുട്ടിയെ ഭൗമികിന്റെ ക്വാർട്ടേഴ്‌സിലെത്തിച്ചു. പിന്നീട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ അയാൾ ക്യാബിനിലേക്ക് പോയി. അൽ്പ്പം കഴിഞ്ഞപ്പോൾ ക്വാർട്ടേഴ്‌സിൽ നിന്നും പ്രായപൂർത്തിയാകാത്ത ഒരു കരച്ചിൽ അയാളെ തേടിയെത്തി.
ആരോടും ഒന്നും പറയരുതെന്ന് പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്ന് കളയുമെന്ന ഭീഷണിപ്പെടുത്തിയാണ് അവളെ തിരികെ കൂരയിലെത്തിച്ചത്. അടുത്ത വർഷം ജനുവരി 26ന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ ലഭിച്ചവരുടെ കൂട്ടത്തിൽ ഭാസ്‌ക്കരമേനോനെന്ന മലയാളിയുടെയും പടവുമുണ്ടായിരുന്നു , പത്രങ്ങളിൽ . ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ സ്വയം വിരമിക്കുകയും ചെയ്‌തു. ആരോഗ്യകാരണങ്ങൾ പറഞ്ഞായിരുന്നു ഔദ്യോഗിക ജീവിതത്തോട് വിട പറഞ്ഞത്. വിരമിക്കുന്ന ദിവസം ഒരേയൊരു കാര്യമാണ് ഭൗമിക് അയാളെ ഓർമിപ്പിച്ചത്. ഇവിടെ കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം ഇവിടെ തന്നെ ഉപേക്ഷച്ചിട്ട് പോകണം.
ഓർമയിൽ മയങ്ങുകയായിരുന്ന മേനോനെ ഡ്രൈവർ റാണയാണ് ഉണർത്തിയത്.
"നമ്മളെത്തി. സാറൊന്ന് മയങ്ങിയല്ലേ. "
കാർ നിർത്തിയ ശേഷം മേനോൻ മുഖം കഴുകി. അയാൾ വാച്ച് നോക്കി എത്ര വേഗമാണെത്തിയത്.
അവിടെ വലിയൊരു നിർമാണ പ്രവൃത്തി നടക്കുകയായിരുന്നു. മുറിച്ച് മാറ്റിയ മരങ്ങളുടെ കുറ്റികൾ കാടിന്റെ ശ്‌മശാനം പോലെ തോന്നിച്ചു. അൽപ്പമകലെയായി നീല താർപ്പായ കെട്ടിയ ടെന്റിൽ ചിലരെ കണ്ടപ്പോൾ മേനോൻ അവിടേക്ക് നടന്നു. ആക്രമണം ഭയന്ന് സൈറ്റിൽ പൊലീസ് കാവലും ഉണ്ട്. ഒരു പൊലീസുകാരനോട് അയാൾ സ്വയം പരിചയപ്പെടുത്തി. മുൻ സൈനികോദ്യോഗസ്ഥനാണെന്നറിഞ്ഞപ്പോൾ അയാൾ ബഹുമാനം മറച്ചുവെച്ചില്ല. കാടിനെ കുറിച്ചുള്ള ഒരു റിസർച്ചിന്റെ ഭാഗമായി വന്നതെന്നായിരുന്നു മേനോൻ പറഞ്ഞത്.
"എന്താണ് ഇവിടെ ഇത്രയും പൊലീസ് കാവൽ ?"
" സാറിനറിയാവുന്നതല്ലേ ഇവിടത്തെ മാവോയിസ്‌റ്റ് ആക്രമണ രീതി. വിപ്ലവം എന്നും വികസനത്തിനെതിരാണല്ലോ. ദണ്ഡകാരണ്യ സോണിലെ പ്രധാനികളായ ഏഴ് പേരുടെ തലയ്‌ക്ക് കോടികളാണ് വിലയിട്ടിരിക്കുന്നത്. " പൊലീസുകാരൻ മൊബൈലിൽ കണ്ട ചിത്രങ്ങൾക്കൊപ്പം ആ പേരുകൾ വായിച്ചു.
"ഏഴാമത്തേത്,ഒരു പെൺകുട്ടിയാണ് ,കാളിമ ഏലിയാസ് ചാരു. ഇവിടെ നടക്കുന്ന മേജർ ഓപ്പറേഷനിലെല്ലാം അവളുടെ മാസ്‌റ്റർ ബ്രയിനാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഒരു മുൻ സൈനികോദ്യോഗസ്ഥനെ വകവരുത്തിയത്. സാറ് കേട്ടിട്ടുണ്ടാകണം . നരേന്ദർ ഭൗമിക്. "
കുറച്ചു മുൻപ് ഭൗമിക്കിന്റെ വീട് സന്ദർശിച്ചതും അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി റാവത്തിനെ കണ്ടതും മേനോൻ ഓർത്തെടുത്തു.
"ഞാനും കുടുംബവും സങ്കടപ്പെടുന്നില്ല മേനോൻ, അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് രക്തം ചിന്തിയത്. ഞാനും രാജ്യവും അതിൽ അഭിമാനിക്കുന്നു. ആ ധീരജവാന്റെ മരണത്തിന് കാരണക്കാരെ തുറുങ്കിലടക്കുന്നത് വരെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഗംഗയിലൊഴുക്കാതെ ഞാനിവിടെ തന്നെ സൂക്ഷിക്കും. "
അഞ്ജലിയുടെ വാക്കുകൾ ഒരു പ്രകമ്പനം പോലെ കാട്ടിൽ മുഴങ്ങുന്നതായി അയാൾക്ക് തോന്നി.
"തിരുനെറ്റിയിലേക്കല്ലേ അവൾ വെടിയുതിർത്തത് " കൺമുന്നിൽ കണ്ടതു പോലെ പോലീസുകാരൻ വാചാലനായി.
"നമ്മൾ എത്ര ഇല്ലാതാക്കിയാലും എവിടെയൊക്കെയൊ നമ്മളറിയാതെ കാട് വളരുന്നുണ്ട്. "യാത്രയിൽ ആരേടെന്നില്ലാതെ മേനോൻ പറഞ്ഞത് റാണയും ശ്രദ്ധിച്ചില്ല. കണ്ണടച്ചിരുന്ന് അയാൾ യാത്ര തുടർന്നു.
മടക്കയാത്രയിൽ അയാൾ തികച്ചും മൗനിയായിരുന്നു.
സർവഗുണസമ്പന്നനായ കഥാപാത്രമായിരുന്നിട്ടും സ്വയം നീചനായി അവതരിച്ചതിന്റെ കാരണം ഇനി കാണുമ്പോൾ ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും പീന്നീട് കഥാപാത്രത്തിന്റെ വരവുണ്ടായില്ല.
അടുത്ത ദിവസം തന്നെ സ്ഥിരമയക്കുന്ന വാരികയിലേക്ക് കഥ ആവേശത്തോടെ പോസ്‌റ്റ് ചെയ്‌തു.
കവലയിലെ പൊസ്‌റ്റ് ബോക്‌സിൽ നിന്നുളള കത്തുകളെടുക്കാൻ പോസ്‌റ്റ്‌മാൻ വന്നപ്പോൾ ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. "ഞാൻ പോസ്‌റ്റ്‌ചെയ്‌ത കത്തൊന്ന് തിരികെ വേണം, ചെറിയൊരു മിസ്‌റ്റേക്ക് പറ്റി "
പോസ്‌റ്റ് മാൻ മേൽവിലാസം തിരക്കി. വന്നയാൾ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. പോസ്‌റ്റ്‌മാൻ പത്രാധിപരുടെ മേൽവിലാസമുള്ള കവർ അയാൾക്ക് നൽകി. കവർ തുറന്ന് കഥാകൃത്ത് കഥയ്‌ക്ക് നൽകിയ 'കാട് പൂക്കുമ്പോൾ 'എന്ന പേര് വെട്ടിമാറ്റി 'മിഷൻ 14 - ഒരു കാട്ടുപൂവിന്റെ വിജയഗാഥ 'എന്ന് തിരുത്തിയ ശേഷം പോസ്‌റ്റ്‌മാന് തിരികെ നൽകുമ്പോഴാണ്
ആഗതന്റെ തിരുനെറ്റിയിൽ ആഴത്തിൽ പതിഞ്ഞ വെടിയുണ്ടയുടെ പാട് അയാൾ ശ്രദ്ധിച്ചത്.