Image

നിശ്ചലമാക്കുന്ന വേഗങ്ങള്‍ ( കവിത : റോസ് ജോര്‍ജ്ജ് )

റോസ് ജോര്‍ജ്ജ് Published on 05 December, 2023
നിശ്ചലമാക്കുന്ന വേഗങ്ങള്‍ ( കവിത : റോസ് ജോര്‍ജ്ജ് )

ആ സമയത്ത് 
കണ്ണിറുക്കി കൂര്‍പ്പിച്ച് 
വല്ലാതെ ഉലഞ്ഞൊരു നൂല്‍ത്തുമ്പിനെ 
അരുമയായി തലോടിക്കൊണ്ട് 
സൂചിക്കുഴയിലൂടെ ദൂരേക്ക് 
കടത്തി വിടാനുള്ള ജാഗ്രത്തിലായിരിക്കും ഞാന്‍.

അതുമല്ലെങ്കില്‍,
ടൈലുകള്‍ക്കിടയില്‍ പകച്ചു പതറിയ ജലകണങ്ങള്‍ 
ചുവര്‍ചിത്രം വരക്കുന്നത്തു നോക്കി അമ്പരപ്പെടുകയാവും 

നിരവധി മുറിപ്പാടുകളുള്ള വിരലുറ,
അതിലേറെ ക്ഷതം പേറുന്ന   കട്ടിങ് ബോര്‍ഡ് 
പാളിയുലയുന്ന  തീനാളങ്ങള്‍ 
കാറ്റ് വന്നു മറിക്കുന്ന പുസ്തകത്താളുകള്‍ 

അങ്ങനെ 
സാധാരണമായതിനെയെല്ലാം 
നിശ്ചലമാക്കിക്കൊണ്ട് 
ഈ നഗരമധ്യത്തില്‍ 
ടവറുകളെ ഭേദിച്ച് 
ഉച്ചഭാഷിണിയിലൂടെ 
ആ അറിയിപ്പ് കടന്നു പോകും 

അതൊരു ജീവനാണെന്ന് എനിക്കറിയാം 

സൃഷ്ടിയില്‍ ബഹുരൂപത്തിലുള്ള അതിന്റെ വെളിപ്പെടലുകളില്‍ 
ഏതെങ്കിലുമൊന്ന്.
ആരുടെതെന്ന് തിരയാറില്ല 
നിഗൂഢതയില്‍ ഉരുവാക്കപ്പെട്ട 
ആ കുതിപ്പിന് ഭാവുകങ്ങള്‍ നേരും.

ദുര്‍ഗ്രഹമായതിനെ അതിന്റെ വഴിക്ക് വിടും 

നിഴലില്‍ ഞാന്‍ എന്നെ തൊടാന്‍ 
ശ്രമിക്കാത്തതുപോലെ 

പാഴാകുന്ന വിഫല ശ്രമം .

ശേഷം 
തിരികെ വരികയെന്നത് അതിലും സാധാരണമായിരിക്കുന്നു.
യാത്ര പൂര്‍ത്തിയാക്കിയ 
ചെറുനൂലൊന്നിനെ കൂട്ടികെട്ടി 
ഒരിടത്ത് 
തളക്കുന്നതുപോലെ.
ശേഷം ചുംബനം കൊടുത്ത് 
വേര്‍പ്പെടുത്തുന്നത് പോലെ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക