
ന്യു യോർക്ക്: ദൃശ്യ-ശ്രാവ്യ മിഴിവിൽ ഹൃദയഹാരിയായ ചടങ്ങിൽ 'നാമം' (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ്) എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. റോക്ക് ലാൻഡിലെ ക്നാനായ കമ്യുണിറ്റി സെന്ററിൽ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി വ്യത്യസ്ത കർമ്മരംഗങ്ങളിൽ ഉന്നത നേട്ടം കൈവരിക്കുമ്പോഴും സമൂഹത്തെ മറക്കാതെ സേവനനിരതരായ പത്തു പേർ അവാർഡ് ഏറ്റുവാങ്ങിയത് ഹൃദ്യമായി.

തികച്ചും പ്രൊഫഷണലായ കലാ-സാംസ്‌കാരിക വിരുന്ന് ചടങ്ങിനെ അത്യാകർഷകമാക്കുകയും ചെയ്‌തു. കോവിഡിനു ശേഷം ഇതാദ്യമായാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
നാമം എക്‌സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ ആമുഖത്തിൽ നാമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും അവാർഡ് വഴി മികവുറ്റവരെ ആദരിക്കുന്നതിന്റെ പ്രസക്തിയും അതിലുള്ള സന്തോഷവും വിവരിച്ചു. കാലിഫോർണിയയ മുതൽ ന്യു യോർക്ക് വരെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി ചടങ്ങിനെത്തിയവരെ അദേഹം സ്വാഗതം ചെയ്തു. പുതു തലമുറയെ സേവന മേഖലകളില്‍ പ്രോത്സാഹിപ്പിക്കുക എന്ന നാമത്തിന്റെ ദീര്‍ഘ വീക്ഷണമാണ് ഓരോ പുരസ്‌കാര രാവിലൂടെയും സാക്ഷാത്കരിക്കുന്നതെന്ന് എംബിഎന്‍ ഫൗണ്ടേഷന്‍ സാരഥി കൂടിയായ മാധവന്‍ ബി നായര്‍ പറഞ്ഞു.

എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു അവാര്‍ഡ് നൈറ്റ്. സംഘടനയുടെ പ്രസിഡന്റ് ഡോ. ആശ മേനോന്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോഡിനേറ്ററായ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ ആശംസകൾ നേർന്നു.
സംവിധായകന്‍ കെ മധു, സിനിമാ നടി സോനാ നായര്‍, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവര്‍ക്കു പുറമി ക്ലാർക്‌സ്‌ടൗൺ സൂപ്പർവൈസർ ജോർജ് ഹോമൻ അടക്കം മുഖ്യധാരയിൽ നിന്നുള്ളവരും പങ്കെടുത്തു.

മറ്റുള്ളവരെ ആദരിക്കുന്നതിൽ മടിയുള്ളവരാണ് നാമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ഡോ നിഷ പിള്ള ആശംസ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ മാധവൻ നായർ ആ ചിന്താഗതിക്കതീതമായി പ്രവർത്തിക്കുന്നു. തന്നിൽ ഒതുങ്ങാതെ സേവനരംഗത്ത് അദ്ദേഹം സജീവമായിരിക്കുന്നു.
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മലയാളി സമൂഹം രാഷ്ട്രീയമായും ശാക്തീകരിക്കപ്പെടണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.

സംവിധായകൻ കെ. മധു വർണാഭമായ അവർഡ് ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ചു. നമ്മുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന അവാർഡ് ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
ഗംഭീരമായ ഈ ചടങ്ങിന് തന്നെ ക്ഷണിച്ചതിനു സോനാ നായർ നന്ദി പറഞ്ഞു. അവാർഡ് ജേതാക്കളെപ്പോലെ തന്നെ അവാർഡ് സ്വീകരിക്കാൻ അർഹതയുള്ളവരാണ് സദസിലുള്ളതെന്നും താൻ മനസിലാക്കുന്നു. ജേതാക്കളെ ആദരിക്കുന്ന ചടങ്ങിത്തിയ എല്ലാ സജ്ജനങ്ങളെയും താൻ സല്യൂട്ട് ചെയ്യുന്നു.

നാമത്തിന്റെ പത്താമത്തെ അവാര്‍ഡ് നൈറ്റ് കൂടിയാണിത്.
ലക്ഷ്മി എം നായര്‍ക്കാണ് സാഹിത്യത്തിനുള്ള 'നാമം' എക്സലന്‍സ് പുരസ്‌കാരം. ആതുര സേവനത്തിനുള്ള പുരസ്‌കാരം ഡോ. ജേക്കബ് ഈപ്പനും ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് പുരസ്‌കാരം മിത്രാസ് ഗ്രൂപ്പിനുമാണ്. പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആനി പോൾ ഏറ്റുവാങ്ങി. കമ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് കോൺസൽ എകെ വിജയകൃഷ്ണന്‍, കമ്യൂണിറ്റി ഔട്ട്സ്റ്റാന്റിംഗ് സര്‍വ്വീസ് എക്സലന്‍സ് അവാര്‍ഡ് അനില്‍ കുമാര്‍ പിള്ള, യംഗ് എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡ് അഖില്‍ സുരേഷ് നായര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. മുകുന്ദ് തക്കാര്‍, നാമം യുവദീപ്തി എക്‌സലന്‍സ് അവാര്‍ഡ് സില്‍ജി എബ്രഹാം, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്‌സലന്‍സ് പുരസ്‌കാരം ഷിജോ പൗലോസ് എന്നിവരും ഏറ്റുവാങ്ങി. ആഹ്ലാദാരവങ്ങളോടെ ജേതാക്കളെ സദസ് എതിരേറ്റു

സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയ ലക്ഷ്മി എം നായര്‍ ആമി ലക്ഷമി എന്ന പേരിലാണ് എഴുതുന്നത്. അവർ താൻ എഴുതിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകൾ ആലപിച്ചു. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളെപ്പറ്റിയുള്ള കവിത ഏറെ ശ്രദ്ധേയമായി. എഴുത്തുകാരി എന്നതിന് പുറമെ ശാസ്ത്രജ്ഞ കൂടിയാണവർ. സർവ കലാ വല്ലഭ എന്നാണ് ചടങ്ങിൽ അവരെ വിശേഷിപ്പിച്ചത്
ഔദ്യോഗിക മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ലക്ഷ്മിയുടെ പേരില്‍ നിരവധി ശാസ്ത്രീയ ലേഖനങ്ങളും പേറ്റന്റുകളുമുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയാണ് ലക്ഷ്മിയുടെ സ്വദേശം. ഷിക്കാഗോയിലാണ് സ്ഥിരതാമസം.
റോക്ക് ലാൻഡ് കൗണ്ടി ലെജിസ്‌റ്ററായി നാലാം തവണയും എതിരില്ലാതെ വിജയിച്ച ഡോ ആനി പോൾ തന്റെ പ്രവർത്തനമേഖലകളെക്കുറിച്ചും സേവനരംഗത്തേക്ക് തന്നെ നയിച്ച നയക്ക് ഹോസ്പിറ്റലിലെ ഹെൽത്ത് അഡ്മിന്സിട്രേറ്ററായിരുന്ന ഫ്രാൻസസിനെയും അനുസ്മരിച്ചു. 2001 ൽ ആണ് താൻ രാഷ്ട്രീയ രംഗത്തു വരുന്നത്. ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ അവിടെ ഒരു ചാടങ്ങിനെത്തിയ അസംബ്ലിമാൻ പരേതനായ കെൻ സെബ്രോസ്‌കി സീനിയർ ആണ് തന്നോട് ഡമോക്രാറ്റിക് പാർട്ടിയിൽ ചേരാൻ നിർദേശിച്ചത്. പോൾ കറുകപ്പള്ളിൽ, മാത്യു വർഗീസ്, തുടങ്ങിയവരോടും വിവിധ സംഘടനകളോടുമുള്ള നന്ദിയും അവർ പറഞ്ഞു. ഈ അവാർഡ് കൂടുതൽ മികവ് നേടാൻ പ്രേരിപ്പിക്കുന്നതാണ്. നമുക്ക് ഒറ്റക്ക് പലതും ചെയ്യാനാവില്ല. എന്നാൽ ഒരു സമൂഹമായി പലതും നേടാൻ നമുക്കാവും-അവർ ചൂണ്ടിക്കാട്ടി. താൻ നഴ്സിംഗ് പ്രൊഫഷൻ സ്വീകരിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. എന്നാൽ തന്റെ പിതാവ് പറഞ്ഞത് എവിടെ ആയിരുന്നാലും മികവിന് വേണ്ടി പരിശ്രമിക്കണമെന്നാണ്.

ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് പുരസ്‌കാരം വ്യക്തിക്കല്ല മിത്രാസ് ഗ്രൂപ്പിനാണ് ലഭിച്ചതെന്ന് സ്ഥാപകരിലൊരാളായ രാജന്‍ ചീരന്‍ ചൂണ്ടിക്കാട്ടി.. പ്രതിഭാധനരായ കലാകാരന്മാരെ കണ്ടെത്തി അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്കൊരു വേദി ഒരുക്കുക എന്ന ആശയത്തോടെയാണ് 2011-ല്‍ ഡോക്ടറായ ഷിറാസ് യൂസഫും താനും മിത്രാസ് തുടങ്ങിയത്.
വിവിധയിനങ്ങളിലായി ഇതുവരെ 500 ഓളം കലാകാരന്മാര്‍ക്ക് മിത്രാസ് അവസരം നല്‍കിയിട്ടുണ്ട്. മിത്രാസ് ഗ്രൂപ്പ് ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് ചിന്തിക്കുന്ന സമയത്ത് അമേരിക്കയില്‍ ഇന്ത്യന്‍ കലകളെയോ കലാകാരന്മാരെയോ പ്രോത്സാഹിപ്പിക്കുന്നതില്‍ അര്‍പ്പണ ബോധമുള്ള മറ്റൊരു സംഘടനയുണ്ടായിരുന്നില്ല. തുടക്കത്തില്‍ പരിമിതമായ സാമ്പത്തികവുമായി മുന്നോട്ടു നീങ്ങാനും സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാനും അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികള്‍ ഏറെയായിരുന്നു.

വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ എക്സലന്‍സ് പുരസ്‌കാരം നേടിയ ഷിജോ പൗലോസിനെ സദസ് കരഘോഷത്തോടെയാണ് എതിരേറ്റത്. ഏഷ്യാനെറ്റ് കാമറാമാൻ എന്നതിന് പുറമെ ജനപ്രിയനായ വ്ലോഗ്ഗര്‍ എന്ന നിലയിലും ഷിജോ പൗലോസ് ശ്രദ്ധേയനാണ്. 'ഷിജോസ് ട്രാവല്‍ ഡയറി' എന്ന യൂട്യൂബ് ചാനലിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ നിരവധി വീഡിയോകൾ വണ്‍ മില്യണ്‍ വ്യൂസ് എന്ന നേട്ടം സ്വന്തമാക്കി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറർ കൂടിയാണ് ഷിജോ പൗലോസ്.

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. മുകുന്ദ് തക്കർ അരിസ്റ്റകെയര്‍ എന്ന ഇന്ത്യന്‍ നഴ്‌സിംഗ് ഹോമിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യന്‍ വംശജരായ വയോധികര്‍ക്ക് പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അരിസ്റ്റകെയര്‍ നഴ്‌സിംഗ് ഹോമിന് ഇന്ന് ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിലുമായി പന്ത്രണ്ട് സ്ഥാപനങ്ങളുണ്ട്. 450-ലധികം വയോധികര്‍ ഈ സ്ഥാപനങ്ങളിലെ അന്തേവാസികളാണ്.
യംഗ് എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡ് നേടിയ അഖില്‍ സുരേഷ് നായര്‍ പ്രഗത്ഭനായ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ് പ്രൊഫഷണലാണ്. നിലവില്‍ സ്വന്തം സംരഭമായ XENA ഇന്റലിജന്‍സ് എന്ന ടെക്സ്റ്റാര്‍ കമ്പനി നയിക്കുന്നു. ഇപ്പോള്‍ ലൂയിസ്വിൽ, കെന്റക്കിയില്‍ ഭാര്യയോടൊപ്പം താമസിക്കുന്നു.
തന്നോട് ഫോട്ടോ ചോദിച്ചു ഒരാൾ വിളിക്കുമ്പോഴാണ് താൻ അവാർഡിന്റെ കാര്യം അറിയുന്നതെന്ന് അഖിൽ പറഞ്ഞു. അഞ്ചു വര്ഷം മുൻപ് താൻ ഇവിടെ വരുമ്പോൾ തനിക്ക് ആരെയും പരിചയമുണ്ടായിരുന്നില്ല. തന്റെ ലിസ്റ് നെയിം നായർ ആയിരുന്നത് കൊണ്ട് അന്ന് പലരും ചോദിക്കുമായിരുന്നു മാധവൻ നായരുമായി ബന്ധമുണ്ടോ എന്ന്. അപ്പോൾ അദ്ദേഹം എന്ത് ചെയ്യുന്നു എന്ന് താൻ തിരിച്ചു ചോദിക്കുമ്പോൾ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ലെന്നാണ് പലരും മറുപടി പറഞ്ഞത്. ഇന്ന് അദ്ദേഹത്തിൽ നിന്ന് അവാർഡ് ലഭിച്ചതിൽ അതീവ സംതൃപ്തിയുണ്ട്.
കമ്യൂണിറ്റി കര്‍മ്മശ്രേഷ്ഠ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ച അനില്‍ കുമാര്‍ പിള്ള പതിറ്റാണ്ടുകളായി സാമൂഹ്യ സേവനരംഗത്തു നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണെന്നു അവാർഡ് സമിതി വിലയിരുത്തി . ചിക്കാഗോയിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) മുന്‍ പ്രസിഡന്റുമാണ്.
ഇവിടെ ഇരിക്കുന്ന എല്ലാവരുടെയും നാമത്തിൽ, നാമത്തിന്റെ അവാർഡ് ഏറ്റുവാങ്ങുകയെയാണെന്നു അനിൽ കുമാർ പിള്ള പറഞ്ഞത് കരഘോഷത്തോടെ സദസ് എതിരേറ്റു. ഇവിടെ ഇരിക്കുന്ന ഓരോരുത്തരും അവാർഡിന് അർഹരാണ്. തനിക്കതു ലഭിച്ചുവെന്ന് മാത്രമേയുള്ളു
ആതുര സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ച ഡോ.ജേക്കബ് ഈപ്പൻ പ്രശസ്ത ശിശുരോഗവിദഗ്ദ്ധനും അറിയപ്പെടുന്ന പൊതുജനാരോഗ്യ ഫിസിഷ്യനുമാണ്. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെല്‍ത്ത് സിസ്റ്റത്തിന്റെ മെഡിക്കല്‍ ഡയറക്ടറായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ നാം പിന്നിട്ടു പോന്ന കനൽ വഴികളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതെ സമയം അവ മറക്കാതിരിക്കുക്കയും ചെയ്യുമ്പോൾ നമ്മുടെ ജീവിതം അർത്ഥവത്താകുന്നു.
വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് പൊതുതെരഞ്ഞെടുപ്പില്‍ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആദ്യ ഇന്ത്യക്കാരനാണ്. ഇത് ആറാം തവണയാണ് അദ്ദേഹം തെഞ്ഞെടുക്കപ്പെടുത്.
നിലവില്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്, ജിഐസി (ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍) ആരോഗ്യ സമിതിഅധ്യക്ഷന്‍, എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
കമ്യൂണിറ്റി എക്‌സലന്‍സ് പുരസ്‌കാരം നേടിയ എകെ വിജയകൃഷ്ണൻ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസലാണ്. വിസ പാസ്പോർട്ട് കാര്യങ്ങളിലും ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും ആവശ്യമുള്ളവർക്കൊക്കെ സേവനമെത്തിക്കുന്ന അപൂർവ വ്യക്തിത്വമാണ് അദ്ദേഹം.
ആർക്കും എപ്പോഴും എന്താവശ്യത്തിനും സമീപിക്കാൻ കഴിയുന്ന വിജയകൃഷ്ണന്റെ സേവനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.
സാത്വിക ഡാൻസ് സ്‌കൂളിന്റെ മനോഹരമായ നൃത്തം, സുംബാ ഡാൻസ്, ക്യൂബൻ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികയും ചടങ്ങിനെ ആകർഷകമാക്കി.
പ്രോഗ്രാം ഡയറക്ടർ ശബരീനാഥ് നായര്‍ നന്ദി പറഞ്ഞു . ഫൊക്കാന ജനറൽ സെക്രട്ടറി ഡോ കല ഷാഹി, ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ലീല മാരേട്ട് , പി.ടി. തോമസ്, ഇന്ത്യ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു
സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് അബ്രഹാം, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവര്‍ നാമത്തിന്റെ മറ്റ് ടീം അംഗങ്ങള്‍.