Image

സാരോപദേശങ്ങള്‍ (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 05 December, 2023
സാരോപദേശങ്ങള്‍ (കവിത: ചാക്കോ ഇട്ടിച്ചെറിയ)

പരമീശ്വരഭക്തി പിന്നെനല്‍ ‍
പൊരുളായ്  ജ്ഞാനമുദിച്ചിടുന്നതും  
പരിചില്‍പകവിട്ടുനാം മുദാ                                  
നരരോടൊത്തു വസിച്ചിടുന്നതും  
 
വിനയം,ക്ഷമ,സ്നേഹമെന്നിവ
ധനമായെണ്ണിയലങ്കരിപ്പതും
തരുമേസുകൃതം ഇഹത്തിലും
തരുമാനന്ദമനന്തതയിലും!
 
കരകാണാക്കടലിപ്രപഞ്ചമൊ  
ട്ടെരിയുംമാനസമുള്ളിലും തഥാ
ഇവരണ്ടിനുമദ്ധ്യെ  കായമ
ങ്ങവിരാമംപിടയുന്നു കഷ്ടമേ!.
 
പലമാതിരി ദുഷ്ടചിന്തകള്‍
ക്കുലയാനിന്‍മന മൊട്ടുപോലുമേ
നിലനീയറിയേണ മില്ലയേല്‍  
തലയാലെന്തുപയോഗമിഭുവി!?
 
പലവാണികള്‍ കേട്ടിരിക്കിലും
ഫലവത്താമിവ നീഗ്രഹിക്കുകില്‍ ‍
മതിചെര്‍ന്നോഴുകും വചസ്സുകള്‍
ക്കതിമാനംവരൂമോര്‍ത്തുനോക്കുകില്‍
 
കുരുവായ്ത്തന്നെയിരിക്കിലോ പെരും
തരുവായ്ക്കാണുവതാരുഭൂമിയില്‍
കരുതേണമവക്കു  കാലവും
അവനീതന്നവലംഭവും ശുഭം
 
കടുവാക്കുകള്‍ചൊല്ലിടാ മനം
കഠിനപ്പെട്ടു കഴിഞ്ഞുകൂടൊലാ
കരുതീടുകമിത്രരായ്  സദാ
ഒരുമിച്ചിഭുവി വാഴുമാന്യരെ!
 
വിടുവാക്കുകള്‍തട്ടിവിട്ടു നല്‍‍
പടുവായങ്ങുനടിക്കുമാ മഹാ 
വിടനോടൊത്തുരമിക്കൊലാ തുലോം  
കിടിലംകൊണ്ടുവിറപ്പു ധാത്രിയും! 
 
കൂട്ടംവിട്ടുനടക്കൊലാ വെറും
കൂട്ടിന്നാരെയുമാശ്രയിക്കൊലാ 
കൂട്ടായങ്ങു കഴിഞ്ഞുപോകയില്‍    
കൂട്ടത്തില്‍ കുതികാലുവെട്ടൊലാ!
 
പരദൂഷണമൊന്നുമേ പറ
ഞ്ഞരിയോരാകിലുമാസ്വദിക്കൊലാ  
പരനേകനനിഷ്ടമക്കഥ
പറയാനില്ലപമാനവും വരും!
 
തരുപല്ലവമൊത്തു താരിളം
തളിരായ്ക്കണ്ടൊരു  പുല്‍ച്ചെടിവൃഥാ
തൊടുവാനിടയായതാല്‍ കരം
നെടുതായങ്ങുചൊറിഞ്ഞുവശ്യനായ് !  
 
ഭൂലോകത്തെയടക്കി വാണിടാം
മേലോകത്തിലുയര്‍ന്നു പൊങ്ങിടാം
കാലേനിന്‍കഥ ചൊല്ലിടാം മന
മീലോകത്തിലടങ്ങിലാര്‍ക്കുമേ!.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക