Image

കൂനമ്പാറക്കവല (അധ്യായം 21 നോവല്‍: തമ്പി ആന്റണി)

Published on 04 December, 2023
കൂനമ്പാറക്കവല (അധ്യായം 21 നോവല്‍: തമ്പി ആന്റണി)

അഡ്വക്കേറ്റ് കോമളവല്ലി

    ഹെഡ്‌കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് അവസരത്തിനൊത്ത് ഒന്നു മലക്കംമറിഞ്ഞപ്പോള്‍ 'അച്ചന്‍മര്‍ദ്ദനം' പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി, കാഞ്ഞിരപ്പള്ളിയില്‍നിന്ന് അച്ചനോടു കാര്യങ്ങള്‍ നേരിട്ടറിയാന്‍ വന്ന ക്രിമിനല്‍ വക്കീലാണ് കോമളവല്ലി. നിരപരാധിയായ കത്തോലിക്കാപ്പുരോഹിതനായ കാടുകേറിയച്ചനെ, കള്ളുകുടിച്ചു ബോധരഹിതനായി പോലീസ് സ്റ്റേഷനിലിട്ടു തല്ലിച്ചതച്ചതിനു നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് കേസ് ഫയല്‍ ചെയ്യാനുള്ള പദ്ധതിയുമായായിരുന്നു കോമളവല്ലിയുടെ വരവ്. മാനസികപീഡനം, ശാരീരികപീഡനം എന്നിവയെല്ലാറ്റിനുകൂടി ഒരു നല്ല തുക നഷ്ടപരിഹാരം വാങ്ങാമെന്നുള്ള വിശ്വാസത്തിലാണു കോമളം. അവര്‍ ഒന്നു വിരട്ടിയതുകൊണ്ട്, പൊട്ടന്‍ ചെങ്ങാലിയുടെ ആശുപത്രിച്ചെലവെല്ലാം കൈക്കാരന്‍ കുഞ്ചാക്കോതന്നെ കൊടുത്തു. അതും, അച്ചനറിയാതെ, നേര്‍ച്ചപ്പെട്ടിയില്‍നിന്ന് അടിച്ചുമാറ്റിയതാണെന്നു പറയപ്പെടുന്നു!

    എന്തായാലും, പൊട്ടന്‍ ചെങ്ങാലി, ഒന്നുരണ്ടു കുത്തിക്കെട്ടുമായി അവന്റെ കൊച്ചു വീട്ടിലേക്കു പോയി. അന്നുരാത്രിമാത്രം ആ വീട്ടില്‍നിന്ന്, അപശബ്ദങ്ങളൊന്നും കേട്ടില്ല. 

    കേസില്ലാവക്കീലായ കോമളവല്ലിക്കു കിട്ടിയ ഒരു തുറുപ്പുചീട്ടായിരുന്നു, പാതിരിപ്പീഡനക്കേസ്. ഫീസു കിട്ടിയില്ലെങ്കിലും പേരു കിട്ടുമല്ലോ എന്ന പ്രത്യാശയിലാണ് കേടുകേറിയച്ചനെക്കണ്ടു വക്കാലത്തെടുക്കാന്‍ തീരുമാനിച്ചത്. കൈക്കാരന്‍ കുഞ്ചാക്കോയെ വിളിച്ചു കാര്യംപറഞ്ഞു. അയാള്‍ അപ്പോള്‍ത്തന്നെ അപ്പോയന്റ്‌മെന്റ് ഫിക്‌സ് ചെയ്തു! അങ്ങനെയാണ് കോമളവല്ലി ഒരു സുപ്രഭാതത്തില്‍ പള്ളിമേടയിലെത്തി അച്ചനെക്കാണുന്നത്. നടുവിനുവേദന കുറഞ്ഞിരുന്നില്ലെങ്കിലും, അച്ചന്‍ അവരെ ആദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ആദ്യം, കോമളവല്ലിക്കു കേസിനാവശ്യമായ ചില ചോദ്യങ്ങള്‍ ചോദിക്കണമായിരുന്നു. അവര്‍ തുടങ്ങി:

    'ഒരു ഡോക്ടര്‍ സോളമന്‍ ജോസഫിനെ അറിയുമോ?'

    'അറിയാം. എന്നാലും അത്ര അടുപ്പമൊന്നുമില്ല.'

    'ഡോക്ടറാണ് അച്ചന്റെ പാചകക്കാരനെക്കൊണ്ട് അച്ചനെതിരായി കേസു കൊടുപ്പിച്ചത് എന്നു കേട്ടതു ശരിയാണോ?'

    'അതറിയില്ല.'

    'തൊഴിലാളിയൂണിയനിലെ കന്തസ്വാമിയുടെ ആളുകള്‍ അച്ചനെ മനഃപൂര്‍വ്വം കുടുക്കിയതാണെന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്.'

    'അതൊന്നും എന്നോടാരും പറഞ്ഞില്ല.'

    'സ്റ്റൈലിക്കുഞ്ഞമ്മ എന്നു വിളിപ്പേരുള്ള കുഞ്ഞമ്മയെ അറിയുമോ?'

    'വര്‍ഷങ്ങളായി അറിയാം.'

    'കുഞ്ഞമ്മയും ഭര്‍ത്താവ് ചെങ്ങാലി എന്നു വിളിപ്പേരുള്ള പാചകക്കാരനുമായി വാക്കുതര്‍ക്കങ്ങളുള്ളതായി അറിയാമോ?'

    'അറിയാം.'

    'എങ്ങനെയറിയാം?'

    'കുഞ്ചാക്കോ പറഞ്ഞറിയാം.'

    'കുഞ്ചാക്കോയും കുഞ്ഞമ്മയുമായി എന്തെങ്കിലും അവിഹിതബന്ധങ്ങളുള്ളതായി അറിയാമോ?'

    'അറിയില്ല.'

    'ഫാദര്‍ എന്തിനാണു പോലീസ് സ്റ്റേഷനിലേക്കു പോയത്?'

    'ഞാന്‍ പോയതല്ലല്ലോ, എന്നെ വിളിപ്പിച്ചതല്ലേ?'

    'അവര്‍ ദേഹോപദ്രവമേല്‍പ്പിച്ചോ?'

    അച്ചന്‍ നടുവിനു കൈ താങ്ങി ഇടയ്ക്കിടെ 'മാതാവേ' എന്നു വിളിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് കോമളവല്ലി: 

    'അപ്പോ, പോലീസുകാരു ശരിക്കൊന്നു പെരുമാറി, അല്ലേ?'

    'എന്നാരു പറഞ്ഞു?'

    'ആരും പറഞ്ഞതല്ല. അച്ചന്റെ അവശത കണ്ടു തോന്നിയതാ...'

    'ഓ... അതൊന്നുരുണ്ടുവീണതാ. ഇവിടുത്തെ കുളിമുറിയില്‍ നടുവടിച്ചാ വീണത്. എന്നാലും കര്‍ത്താവു കാത്തു. ഒടിവും ചതവുമില്ലാതെ രക്ഷപ്പെട്ടു.'

    'അപ്പൊ ഉരുട്ടിയിട്ടതും കര്‍ത്താവുതന്നാ, അല്ലേ?'

    കോമളവല്ലിയുടെ ലോജിക്കല്‍ ചോദ്യം!

    'അതങ്ങനാ... ദൈവം നമ്മളെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പരീക്ഷിച്ചോണ്ടിരിക്കും.'

    'എന്നാലും ഇതൊരു കഠിനപരീക്ഷണമായിപ്പോയി.'

    അഡ്വക്കേറ്റ് കോമളവല്ലി, സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. 

    'അതു നേരാ...'

    കാടുകേറി, ഒന്നു നിവര്‍ന്നുനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ വീണ്ടും 'എന്റെ മാതാവേ' എന്നു വിളിച്ചു. 

    കോമളവല്ലി തുടര്‍ന്നു: 

    'അച്ചനെ ആ ജനാര്‍ദ്ദനന്‍സാര്‍ ചോദ്യം ചെയ്യുമ്പോള്‍ ആരെങ്കിലും അടുത്തുണ്ടായിരുന്നോ?'

    'അതൊന്നും ഓര്‍മ്മയില്ല.'

    'കുഞ്ഞുമുഹമ്മദ് എന്നൊരു കോണ്‍സ്റ്റബിള്‍ അടുത്തുണ്ടായിരുന്നെന്നാ എസ് ഐ പറഞ്ഞത്. അയാള്‍ സാക്ഷിയാ. പക്ഷേ അയാള്‍ മറുകണ്ടം ചാടി. ദേ, ഇപ്പോള്‍ അച്ചനും!'

    'അതുപിന്നെ, നടന്നതെന്താണെങ്കിലും കോടതിക്കു സാക്ഷിവേണ്ടേ? അങ്ങനെയല്ലേ ക്വട്ടേഷന്‍കാരും രാഷ്ട്രീയക്കാരായ കൊലപാതകികളുംവരെ രക്ഷപ്പെടുന്നത്? എന്തായാലും വളരെ മര്യാദയ്ക്കാ എന്നോടു പെരുമാറിയത്.'

    'അങ്ങനെയല്ലല്ലോ പരാതിയില്‍ പറയുന്നത്?'

    'അതൊക്കെ ഞാന്‍ കര്‍ത്താവിനോട് ഒരു കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞു.'

    'അതുശരി... അപ്പോള്‍ കുമ്പസാരരഹസ്യം രഹസ്യമായിത്തന്നെയിരിക്കട്ടെ എന്നാണോ അച്ചനീ പറഞ്ഞുവരുന്നത്?

    ഇനി, എനിക്കൊരു ചോദ്യമേ അങ്ങയോടു ചോദിക്കാനുള്ളു. എസ് ഓര്‍ നോ പറഞ്ഞാല്‍മതി. പോലീസ് സ്റ്റേഷനില്‍വച്ച് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍പിള്ള, ഫാദര്‍ കാടുകേറി എന്നറിയപ്പെടുന്ന നിങ്ങളെ പീഡിപ്പിച്ചിട്ടുണ്ടോ?'

    അച്ചന്‍ ഒന്നും ചിന്തിക്കാതെ ഉടനേ പറഞ്ഞു: 

    'ഓര്‍മ്മയില്ല!'

    'ഓക്കെ. ഫയല്‍ ക്ലോസ്ഡ്.'

    അഡ്വക്കേറ്റ് കോമളവല്ലി, നിരാശയായി പള്ളിമേടയില്‍നിന്നിറങ്ങി. 

    കാടുകേറി, പള്ളിമേടയുടെ വരാന്തയിലേക്കിറങ്ങി, പള്ളിയുടെ സ്വര്‍ണം പൂശിയ കുരിശിലേക്കും മുകളിലുള്ള ആകാശത്തേക്കും, അന്നാദ്യം കാണുന്നതുപോലെ നോക്കിനിന്നു. അപ്പോഴാണ് അച്ചന് ഒരു പുനര്‍വിചാരമുണ്ടായത്:

    'കര്‍ത്താവു മരിച്ചത് മരക്കുരിശിലല്ലേ? പിന്നെയീപ്പള്ളിക്കെന്തിനാ പൊന്‍കുരിശ്?'

    ഇങ്ങനെ കര്‍ത്താവിനു നിരക്കാത്ത ഒരുപാടുകാര്യങ്ങള്‍ അച്ചന്‍ ഓര്‍ത്തെടുത്തു. അനന്തരം, ആകാശത്തേക്കു കൈകളുയര്‍ത്തി, അച്ചന്‍ ഇപ്രകാരം അരുള്‍ച്ചെയ്തു: 

    'കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല. ഇവരോടു പൊറുക്കേണമേ...'

    എല്ലാം കേട്ടിട്ട്, തന്നെ അഴിച്ചുവിട്ടത് ബഹുമാനപ്പെട്ട റോഷന്‍ കാടുകേറിയച്ചനാണെന്നറിയാവുന്ന ജര്‍മ്മന്‍ ഹിറ്റ്‌ലര്‍ അസ്വസ്ഥനായി. പക്ഷേ, ആ മിണ്ടാപ്രാണിക്ക് അതാരോടും പറയാന്‍ പറ്റില്ലല്ലോ! പാവം, നിരപരാധിയായ ഹിറ്റ്‌ലര്‍ മുറുമുറുത്തുകൊണ്ട് വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക