
കാക്ക തുടർന്നു.....
മൂന്നു വർഷം മുമ്പ് നിങ്ങൾക്ക് കിട്ടിയ അറിവ് ശരിയാണ്. അന്ന് വടക്കേയിന്ത്യയിൽ ഞങ്ങളുടെ സേവനം കൂടുതലായി വേണ്ടിവന്നിരുന്നു.
പിന്നീട് സ്വച്ഛ് ഭാരത് ദൗത്യത്തിനും ഞങ്ങളുടെ സേവനം വേണ്ടി വന്നിട്ടുണ്ട്.ഞങ്ങളത് ആത്മാർത്ഥമായി ഇന്നും തുടർന്നു പോരുന്നു.
ഞങ്ങളുടെ നിറം ആർക്കും പിടിക്കത്തില്ലെങ്കിലും ഞങ്ങളുടെ വൃത്തിയെ പണ്ടേ കവികൾ പോലും പുകഴ്ത്തിപ്പാടിയിട്ടു
ണ്ടല്ലോ. അല്ല ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ നിറങ്ങളിൽ ഒരു നിറമല്ലേ ഈ കറുപ്പ് .കറുപ്പില്ലെങ്കിൽ വെളുപ്പിനെന്ത് പ്രസക്തി?
ദ്വന്ദ്വസ്വഭാവമല്ലേ പ്രകൃതിയിലെ എന്തിലും ഏതിലും കാണാൻ സാധിക്കുക.
കാക്കയ്ക്ക് കറുപ്പു നിറം കാക്ക സൃഷ്ടിച്ചതാണോ?
നിങ്ങളുടെ വെളുപ്പു നിറം നിങ്ങളുടെ സൃഷ്ടിയാണോ?
"മണ്ണും ജലം കനലും അംബരമോടു കാറ്റും എണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി."
എല്ലാം ഇങ്ങനെ തന്നെയല്ലേ ഉണ്ടായേ. പഞ്ചഭൂതങ്ങളിൽ നിന്ന് .
ഉള്ളിലുള്ളതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന തൊലിയുടെ നിറം മാത്രം നോക്കി എന്തിനീ വിവേചനം. അതില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് കൊത്തിപ്പറിക്കാനേ കൊള്ളൂ അഹന്തയുടേയും അഹങ്കാരത്തിൻ്റേയും ആൾരൂപങ്ങളെ.
വയറ്റിൽ കിടക്കുന്ന കുഞ്ഞ് കറുപ്പോ വെളുപ്പോ എന്നറിഞ്ഞിട്ടാണോ അതിനെ സ്നേഹിച്ചു തുടങ്ങുന്നത്. രണ്ടും രണ്ടു പാത്രമാക്കിത്തരണേ ഭഗവാനേ എന്ന മുത്തശ്ശിമാരുടെ പ്രാർത്ഥനയിൽ കുഞ്ഞ് വെളുത്തതായിരിക്കണേ എന്ന പ്രാർത്ഥന കൂടി എപ്പോഴെങ്കിലും ഉണ്ടായിരുന്നതായി അറിവില്ല.
സ്വയം സൃഷ്ടമല്ലാത്ത ഒന്നിനേക്കുറിച്ച് സ്വയം അഭിമാനിക്കുകയും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യനായിരിക്കും."
നിങ്ങൾ കൊടുത്ത ആഹാരം കഴിച്ചിട്ട് നിങ്ങളെ അടച്ചാക്ഷേപിച്ചിട്ടും നിങ്ങളെന്താ മൗനവ്രതം ദീക്ഷിച്ചിരിക്കയാണോ?
ചെമ്പല്ലി എന്നോട് കയർത്തു.
പറയുന്നത് സത്യമാണെങ്കിൽ ചെമ്പല്ലീ ആരു പറഞ്ഞാലും കേട്ടല്ലേ പറ്റൂ. ഞാൻ പറഞ്ഞു.
"ഓ പിന്നെ പിന്നെ. സത്യത്തിൻ്റെ കൂടെ മാത്രം നിൽക്കുന്നവർ!
ആളും തരവും കൊടിയുടെ നിറവും ജാതിയും മതവും ലിംഗവും ഒക്കെ നോക്കി സത്യത്തെ പാറ്റിക്കിഴിച്ച് പാത്രത്തിലിട്ടു അടച്ചുമൂടി വയ്ക്കുന്നവരല്ലേ നിങ്ങൾ?
എന്തു പറഞ്ഞു എന്നല്ല ആരു പറഞ്ഞു എന്നല്ലേ നിങ്ങൾ ആദ്യം നോക്കുന്നത്?"
"ആങ്ഹാ നീയും പറഞ്ഞ് പറഞ്ഞ് എൻ്റെ തലേൽ കേറുവാണോ.
ദേ ഈ വെള്ളമങ്ങ് ചെരിച്ചു കളഞ്ഞാൽ നിൻ്റെ പണി തീരുമേ.."
എനിക്കും ദ്യേഷ്യം വന്നു തുടങ്ങി.ഞാൻ ഒരു മനുഷ്യ സ്ത്രീയായി ജനിച്ചത് ഞാൻ എന്തെങ്കിലും പരിശ്രമം ചെയ്തിട്ടാണോ .അല്ലല്ലോ.
എന്ന് സ്വയം ചിന്തിച്ചു പോയി.
അപ്പോഴാണ് ചെമ്പല്ലിയുടെ പാത്രത്തിൽ എന്തോ വന്ന് വീണത്.
നോക്കുമ്പോൾ ഒച്ചാണ്. ഉപ്പൻ കൊത്തിക്കൊണ്ടുപോയ ഒച്ചിനെ ഉപ്പൻ തന്നെ തിരിയെ കൊണ്ടു വിട്ടിരിക്കുന്നു.
വെള്ളത്തോട് കൂടി ഞാനതിനെ ഒഴുക്കി പുറത്തെത്തിച്ചു. ശേഷം ചെമ്പല്ലിക്ക് പുതിയ വെള്ളം ഒഴിച്ചു കൊടുത്തു.
"ഞാനെടുത്തു കൊണ്ടുപോയ സാധനത്തെ തിരിച്ചു വച്ചിട്ടുണ്ട്. "
ഉപ്പൻ പറഞ്ഞു.
"അതെന്താ? നിനക്കതിനെ വേണ്ടേ?"
"എനിക്കെന്തിന് ഞാൻ വെറും ഏജൻ്റ്. "
"ഏജൻ്റോ !"
'ഒച്ചുകളുടെ ഇലക്ഷനാരുന്നു. ഞാനിതിനെ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയതാ.
എനിക്കതിന് കമ്മീഷൻ കിട്ടും.
അത്രമാത്രം
"ആർക്കു കുത്തണമെന്നും പറഞ്ഞു കൊടുക്കുമാരിക്കും."
കാക്ക ഓട്ടക്കണ്ണിട്ട് ഉപ്പനെ നോക്കി.
''കുത്തുകയല്ല. വരയ്ക്കുകയാ.
വോട്ടിംഗ് മെഷീനിലൂടെ ഒച്ചിഴഞ്ഞ് ഒരു പടം വരയ്ക്കും."
"നേരം കുറെ പിടിക്കുമല്ലോ."
iഅതിന് ചിത്രരചനാ മത്സരമൊന്നുമല്ല ഒരു കുഞ്ഞു വരയ്ക്കൽ അത്രേ ഉള്ളു .
ചിഹ്നത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗമായിരിക്കും വരയുന്നത്. "
"ഫലപ്രഖ്യാപനം എന്നത്തേക്കാണ് ?"
"അത്
സർക്കാർ കാര്യം മുറപോലെ എന്ന് പറയും പോലെ ഒച്ചിൻ്റെ കാര്യം ഒച്ചിഴയുന്നതു പോലെയായിരിക്കും.
കഴിഞ്ഞ ഇലക്ഷൻ്റെ റിസൾട്ടു വന്നപ്പോഴേക്കും രണ്ട് സ്ഥാനാർത്ഥികൾ വാർദ്ധക്യ സഹജമായ അസുഖത്താൽ മരണപ്പെട്ടിരുന്നു."
"ഓ അപ്പോൾ വീണ്ടുo തെരഞ്ഞെടുപ്പ് വേണ്ടി വന്നു. ഇല്ലേ?"
"ഇല്ലില്ല. അങ്ങനെ വീണ്ടും തെരെഞ്ഞെടുപ്പു നടത്തിയാൽ അതിനേ നേരം കാണൂ. അത് കൊണ്ട് മരണപ്പെട്ട സ്ഥാനാർത്ഥിയാണ് ജയിച്ചതെങ്കിൽ ആ കുടുംബത്തിലെത്തന്നെ ഒരാളെ ജയിച്ചതായിട്ടങ്ങ് പ്രഖ്യാപിക്കും.
പക്ഷേ ആ തീരുമാനം ഇപ്പോൾ ദുരുപയോഗം ചെയ്തു തുടങ്ങിയിട്ടുണ്ട്.
പ്രായമുള്ള ജനപ്രീതിയുള്ള അല്ല ഒച്ചു പ്രീതിയുള്ള ഒരു ഒച്ചിനെയങ്ങ് നിർത്തും. എന്നിട്ട് ജയിക്കും എന്ന് ഉറപ്പായാൽ സ്ഥാനമോഹിയായ മക്കളോ ബന്ധുക്കളോ പ്രായമായതിനെ തട്ടും. പരസ്യമായ രഹസ്യം.
പരസ്യമാക്കില്ല ഒരു പാർട്ടിക്കാരും കാരണം ഇതൊക്കെ എല്ലാ പാർട്ടിക്കാരും ചെയ്യുന്നതാ.
എന്തായാലും റിസൾട്ട് പെട്ടെന്ന് പുറത്തു കൊണ്ടുവരുന്ന ഏതോ കുന്ത്രാണ്ടം വൈകാതെ ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുമെന്നൊക്കെ കേക്കുന്നുണ്ട്.
പക്ഷേ ഈ ആഫ്രിക്കൻ ഒച്ചുകളെ മനുഷ്യർ കൊല്ലുന്നതിനെതിരെ ഒച്ചവകാശ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ടെന്നും കേൾക്കുന്നു. മനുഷ്യർക്കൊപ്പം ഉപ്പൻമാരും അവരുടെ പ്രതിപ്പട്ടികയിലുണ്ട്.
ഞങ്ങൾ സ്വമേധയാ ചെയ്യുന്നതല്ല മനുഷ്യർ ഞങ്ങൾക്ക് ക്വട്ടേഷൻ തരുന്നതാണെന്ന് പറഞ്ഞ് മാപ്പുസാക്ഷിയാകാനാ ഞങ്ങളുടെ നേതാക്കൾ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് ഒച്ചുകളുടെ ഈ ഇലക്ഷന് ഞങ്ങൾ ആത്മാർത്ഥമായ സേവനം കാഴ്ചവച്ചിട്ടുണ്ട്.
ഉപ്പൻമാരും മനുഷ്യർക്ക് പണി കൊടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു അല്ലേ.? ഞാൻ ചോദിച്ചു.
"പണികൊടുക്കുന്നതിൽ നിങ്ങൾക്കൊപ്പമെത്താൻ ആർക്കു കഴിയും "എന്ന് പറഞ്ഞ് ഉപ്പൻ സ്ഥലം കാലിയാക്കി.
ഒച്ച് ഇഴഞ്ഞ് കല്ലിനടിയിലേക്ക് കയറി.