
വൈക്കത്തഷ്ടമി എന്നാൽ എന്റെ ഏറ്റവും പ്രിയതരമായ ബാല്യകാലകൗതുകങ്ങളിൽ ഒന്നായിരുന്നു അമ്മവീടും അവിടുത്തെ ആഹ്ലാദാരവങ്ങളുമായിരുന്നു.
അമ്മവീട്ടിൽ സ്നേഹസമ്പന്നരായ അപ്പൂപ്പനും അമ്മുമ്മയ്ക്കും എന്റെ പേരിനെ അലങ്കരിക്കുന്ന പുഷ്പകുമാരി ഉൾപ്പെടെ പത്തു മക്കളായിരുന്നു . അമ്മയുടെ മൂത്തവരായി സുകൃതമണി, സുഗുണലത എന്ന് രണ്ട് ചേച്ചിമാർ. ആൺകുഞ്ഞിനോട് മോഹം എറിയപ്പോഴാകാം തങ്കി എന്ന് വിളിപ്പേരുള്ള മൂത്ത മകൾ തങ്കനും, സുഗുണ വല്യമ്മ സുഗുണനും, പുഷ്പ എന്ന എന്റെ അമ്മ പുഷ്പൻ എന്നും വിളിപ്പേരുകളിൽ അറിയപ്പെട്ടത്. അത്രമേൽ കൊതിപൂണ്ടത് കൊണ്ടാകും നാലാമനായി മുരളീധരൻ എന്ന വല്യമ്മാവൻ. പിറന്നത്., (മുകളിൽ പറഞ്ഞ നാലുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.)
പിന്നീട് കണ്മണി, മനോന്മണി , പ്രകാശൻ, പ്രസന്ന, ഗീത എന്നിവരും പത്താമനായി എന്നെക്കാൾ അല്പം പ്രായവ്യത്യാസമുള്ള കുഞ്ഞുമോനെന്നും, സുനിക്കുട്ടൻ എന്നും ഓമനപ്പേരുള്ള സുനിൽരാജ് എന്ന കുഞ്ഞമ്മാവനും. ഇത്രയും പേരുള്ള അമ്മവീട്ടിൽ എല്ലാവരും ഒത്തുകൂടിയാൽ എന്നും അഷ്ടമി തന്നെ.
അങ്ങനെ ഒരു വർഷം (കൃത്യമായി ഓർമ്മ വരുന്നില്ല) അമ്മാവന്മാർ നടത്തുന്ന "സുഖോദയം ഔഷധാലയം" എന്ന ആയുർവേദ വൈദ്യശാലയുടെ ഉത്ഘാടനം പടിഞ്ഞാറെ നടയിൽ ഉണ്ടായ ദിവസമാണ് എന്നെ കാണാതെ പോയത്. കാര്യം നിസ്സാരം. ഉത്ഘാടനം കഴിഞ്ഞ് നേരത്തെ പറഞ്ഞ കണ്മണിക്കുഞ്ഞമ്മയ്ക്കും കുടുംബത്തിനുമൊപ്പം ഞാൻ തുള്ളിച്ചാടി കായൽക്കരയിലുള്ള പാർക്കിലേക്ക് പോയി. ആരോടോ പറഞ്ഞിട്ടാണ് പോയതെങ്കിലും മടങ്ങാൻ നേരത്ത് അമ്മ എന്നെ തിരഞ്ഞു കാണാതെ ആധി പൂണ്ടു.
ഒരു വിധത്തിൽ സമാധാനിപ്പിച്ചു അമ്മയെ കാറിൽ കയറ്റി മടങ്ങുന്ന വഴി വൈക്കത്തമ്പലത്തിന്റെ ഗോപുര നടയിലെത്തിയപ്പോൾ എന്നെ പോലെ തന്നെ ഒരു പെൺകുട്ടി വഴിവക്കിൽ നിൽക്കുന്നതായി അമ്മയ്ക്ക് തോന്നിയത്രെ. ഞൊടി നേരം കൊണ്ട് കാണാതാവുകയും ചെയ്തു. ഇതെല്ലാം അമ്മ പിന്നെ പറഞ്ഞു കേട്ടത്.
ഇങ്ങനെ ഒക്കെ സംഭവിക്കാനുണ്ടായ കാരണവും അമ്മയുടെ പാവം മനസ്സ് കണ്ടു പിടിച്ചു. ആ വർഷം അഷ്ടമിക്ക് പോകാൻ സാധിച്ചിരുന്നില്ല. വൈക്കത്തപ്പന്റെ കോപമാണ് എല്ലാത്തിനും കാരണമായത്. എല്ലാം കേട്ടപ്പോൾ ഒന്നുമറിയാതെ ആ നേരത്തൊക്കെയും പാർക്കിലൂടെ തുള്ളിക്കളിക്കുകയായിരുന്നുവല്ലോ ഞാൻ എന്ന് കുറ്റബോധത്തോടെ ചിന്തിച്ചു. ഇരുണ്ട കായലിലേക്ക് കണ്ണെറിഞ്ഞു ഊഞ്ഞാലാടിയപ്പോഴും, സ്ലൈഡിൽ കയറി ഊർന്നിറങ്ങിയപ്പോഴും ഒക്കെ അമ്മയുടെ മനസ്സിൽ കുറെ നേരത്തേക്കെങ്കിലും ആരോ തട്ടിക്കൊണ്ടു പോയെന്നു തോന്നിച്ച കുട്ടിയായിരുന്നുവല്ലോ ഞാൻ.
വീടെത്തിയ ഉടനെ എന്നെ കണ്ട അമ്മയിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുണ്ടായി. ഒപ്പം ഒരു പ്രാർത്ഥനയും.
"വൈക്കത്തപ്പാ പരീക്ഷിക്കല്ലേ. വഴിപാട് ഉടനെ നടത്തിയേക്കാം. "എന്ന് അമ്മ കണ്ണടച്ചു കൈകൂപ്പിയപ്പോൾ കണ്ണ് തുറന്നു പിടിച്ചു ഞാനും ഭയത്തോടെ പ്രാർത്ഥിച്ചു.
"വൈക്കത്തപ്പാ.. അമ്മ നേർന്നത് വെടിവഴിപാടാകല്ലേ." അതെനിക്ക് പേടിയാണല്ലോ. വിഷുവിനു കുഞ്ഞമ്മാവൻ ഗുണ്ട് പൊട്ടിക്കുമ്പോൾ " ഈ അവധിക്കാലത്തു തന്നെ വേണമായിരുന്നോ കൃഷ്ണാ ഈ കണി കാണലും പടക്കം പൊട്ടിക്കലും "എന്ന് ഞാൻ അക്കാലത്തു പലപ്പോഴും പരിഭവിച്ചിരുന്നു.
അമ്മ നേർന്ന വഴിപാട് നടത്തിക്കാ ണണം. ഇന്നാണെങ്കിൽ
"ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു അത് വൈക്കത്തപ്പനായിരുന്നു " എന്ന് പറഞ്ഞു അമ്മയെ കളിയാക്കാമായിരുന്നു. എന്നാലും ആ നേരത്ത് പാർക്കിൽ നിന്ന ഞാൻ എങ്ങനെയാണോ അമ്മയ്ക്ക് മുന്നിൽ വഴിയോരത്തു പ്രത്യക്ഷപ്പെട്ടത്? ഉത്തരമില്ലാത്ത ചോദ്യം. ഒരു തോന്നലാകാം എന്നാശ്വസിക്കാം.
ഇപ്പോഴും അങ്ങനെ ആണല്ലോ. ജീവിതം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാറില്ലല്ലോ. ഇപ്പോൾ ഇതെന്ത് കൊണ്ടാണ് ജീവിതം ഇങ്ങനെയെന്നു വെളിച്ചത്തിലും എനിക്കുമുന്നിൽ തെളിയുന്ന ഇരുട്ടിനോട് ചോദിക്കും പോലെ.
കുളിർ മഴയായി പെയ്ത ജീവിതം ഇപ്പോൾ നെറുകയിലേക്ക് തീത്തുള്ളികൾ മാത്രം കുടഞ്ഞെറിയുന്നതെന്തേ എന്ന് ചോദിക്കും പോലെ.. എന്തേ എനിക്ക് ഈ കുളിരിലും പൊള്ളുന്നത് എന്ന് ചോദിക്കും പോലെ..
ദാഹിച്ചവരുടെ കൈക്കുമ്പിളിലേക്ക് തീർത്ഥജലം വേണ്ടുവോളം ചൊരിഞ്ഞിട്ടും ആർക്കോ വേണ്ടി ഒരു നിറകുടം തുളുമ്പിയൊഴുകി ശൂന്യമായപ്പോൾ ചോദ്യങ്ങൾ ഇനിയും ബാക്കിയാകുന്നു.
വിതച്ചത് കൊയ്യണമെന്നും, അരവയർ ഉണ്ടിട്ടായാലും പത്തായം നിറയ്ക്കാൻ പഠിക്കണം എന്നും ജീവിതം ഓർമ്മിപ്പിക്കുമ്പോൾ അഷ്ടമിത്തിരക്കിലേക്കും കുപ്പിവളക്കിലുക്കങ്ങളിലേക്കും മനസ്സ് പിടി തരാതെ കുതിച്ചു പായുന്നു.
അല്ലെങ്കിലും കിലുങ്ങി മതി വരും മുൻപേ കൈത്തണ്ടകളിൽ നിന്നൂരി എന്നും സ്വന്തമെന്നു കരുതിയവയ്ക്കായി സമർപ്പിച്ച സ്വർണവളകളെക്കാൾ ഏറെ കഥകൾ പറയാനുള്ളത് ബാല്യത്തിന്റെ ഉടഞ്ഞാലും ഭംഗിയുള്ള കുപ്പിവളപ്പൊട്ടുകൾക്കല്ലേ? അന്യാധീനപ്പെടാത്തതും അക്ഷരങ്ങളും ഓർമ്മകളും മാത്രമല്ലേ? എല്ലാവർക്കും അഷ്ടമി ആശംസകൾ.
(ഇക്കഴിഞ്ഞ ദിവസം കാണാതെ പോയി പിന്നീട് ഒരു പോറലും ഏൽക്കാതെ തിരികെ കിട്ടിയ അബി ഗേൽ എന്ന കുട്ടിയേയും ഈ ഓർമ്മയിൽ കൂടെ ചേർത്തു നിർത്തട്ടെ... ആ അമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ ഞാൻ ആ കണ്ണുകളിൽ എന്നോ ഒരിക്കൽ കുറച്ച് നേരത്തേക്ക് വൈക്കത്തപ്പനെ വിളിച്ചു നൊന്ത് പിടഞ്ഞ എന്റെ അമ്മയെ തന്നെ ആണ് കണ്ടത്.)