Image

നിഷ എറിക്ക് ഫൊക്കാന 2024 -2026  വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർത്ഥി

ഡോ. കല ഷഹി Published on 18 November, 2023
നിഷ എറിക്ക് ഫൊക്കാന 2024 -2026  വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർത്ഥി

മാധ്യമപ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയും കലാകാരിയുമായ നിഷ എറിക് ഫൊക്കാന 2024 - 2026 കാലയളവിലെ വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഡോ. കല ഷഹി നയിക്കുന്ന പാനലിൽ മത്സരിക്കുമെന്ന് അറിയിച്ചു. ഫൊക്കാനയുടെ മുൻപോട്ടുള്ള പ്രയാണത്തിൽ ഫൊക്കാനയ്ക്ക് കരുത്താകാൻ കഴിവുള്ള സ്ഥാനാർത്ഥിയാണ് നിഷ എറിക്.

കാരണം നിഷ കടന്നുവന്ന മേഖലകൾ അത്രത്തോളം പ്രശസ്തമായതാണ്. ചിക്കാഗോയിലെ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകയായ നിഷ ഫോമയിലൂടെയാണ് തന്റെ നാഷണൽ  സംഘടനാ പ്രവർത്തനത്തിന് തുടക്കമിടുന്നത്. നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും എടുത്തു പറയേണ്ട ഒരു പിടി പ്രവർത്തനങ്ങൾക്ക് നിഷ നേതൃത്വം നൽകിയിട്ടുണ്ട്.

2018 ൽ ജുവനൈൽ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷന് വേണ്ടി എൺപത് ലക്ഷം രൂപ സമാഹരിച്ച് കൊണ്ട് നിഷ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. കൃത്യമായി ഒരു സംഘടനയേയും അവയുടെ പ്രവർത്തനങ്ങളേയും ജനങ്ങളിൽ അടയാളപ്പെടുത്തുവാൻ നിഷയ്ക്ക് കൃത്യമായി അറിയാം. 2018 ൽ ചിക്കാഗോയിൽ നടന്ന ഫോമയുടെ കൺവൻഷൻ യൂത്ത് ചെയർ, 2019 ൽ ഫോമാ സെൻട്രൽ റീജിയൺ വിമൻസ് ചെയർ എന്നീ പദവികളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

2019 ൽ നിഷ ഏറ്റെടുത്ത ഒരു വലിയ ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഇനീഷ്യേറ്റഡ് ബാഗ് ഓഫ് റൈസ് ചാരിറ്റി ചലഞ്ച്. അരിബാഗുകൾ സ്വരൂപിച്ച് എൽഹർസ്റ്റ് യോർക്ക് ഫീൽഡ് ഫുഡ് പാൻട്രിയിൽ ശേഖരിച്ചു. 2020 ഡിസംബറിൽ ഒരു ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട ജിജോ ജോർജിന് വേണ്ടി നടത്തിയ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി നിഷ കണ്ടെത്തിയത് ഒരു ലക്ഷം ഡോളർ ആയിരുന്നു.


കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് മാസം  തോറും നൂറ് ഡോളർ വീതം നൽകുകയും, അവർക്ക് ആവശ്യമായ ചികിത്സാ സഹായവും വീട്ടുസാധനങ്ങൾക്കായി സഹായവും നൽകാനുള പദ്ധതിക്കും നിഷ എറിക് നേതൃത്വം വഹിച്ചു. അതിനായി മലയാളീസ് കെയർ & ഷെയർ എന്ന ഒരു സംവിധാനം തന്നെ രൂപപ്പെടുത്തിയിരുന്നു. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും , തൊഴിലാളികൾക്കുമായി രണ്ടു ലക്ഷത്തിലധികം മാസ്കുകൾ ആണ് നിഷയുടെ നേതൃത്വത്തിൽ എത്തിച്ചത്.

2021 ഫോമ ഹെൽപ്പിംഗ് ഹാൻഡ് ദേശീയ അംഗമായ നിഷ ജീവകാരുണ്യ ധനസമാഹരണ പ്രവർത്തിക്കുന്ന ടീമിനൊപ്പം സജീവമായിരുന്നു.
2022 ൽ ഫൊക്കാനയുമായി സഹകരിക്കുകയും ഫൊക്കാനയുടെ പ്രസ്റ്റീജ് പദ്ധതിയായ പൊളിറ്റിക്കൽ ഇന്റേൺഷിപ്പിന്റെ ഡയറക്ടർ ആയി നിയമിതയാവുകയും ചെയ്തു. അമേരിക്കയിലുള്ള മലയാളി യുവ സമൂഹത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺ ഷിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയ പദ്ധതിയാണ്.

ഒരു സമ്പൂർണ്ണ കലാകാരി കൂടിയായ നിഷ എറിക്ക് അമേരിക്കൻ ഇന്ത്യൻ നേഴ്സുമാരുടെ കുടിയേറ്റ കഥ പറയുന്ന ഒരു ഡോക്കുമെന്റിയുടെ പണിപ്പുരയിലാണ്. വളരെ വിശാലമായ പ്ലാറ്റ്ഫോമിൽ പറയുന്ന ഈ ഡോക്കുമെന്ററി അമേരിക്കൻ മലയാളി നേഴ്സുമാരുടെ കുടിയേറ്റ ചരിത്രത്തിന്റെ കഥ പുതിയ തലമുറയ്ക്ക് മുന്നിൽ തുറന്നു വയ്ക്കും. മുമ്പൊരിക്കലും ആരും പറയാത്ത രീതിയിലാണ് ഈ ഡോക്കുമെന്റെറിയുടെ അവതരണം. വ്യത്യസ്ത പ്രായത്തിലുള്ള നിരവധി നേഴ്സുമാരെ അഭിമുഖം നടത്തിയാണ് ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത്.

കഥാ സന്ദർഭം മുന്നോട്ട് വയ്ക്കുന്ന നടന ചാരുതയോടെ നിരവധി കലാകാരികളെ ഈ ഡോക്കുമെന്ററിയിൽ കാണാം. അവരെല്ലാം നേഴ്സുമാരാണ് എന്നത് മറ്റൊരു വ്യത്യസ്തതയാകും. ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ വാർഷിക പരിപാടിയിൽ ഈ ഡോക്കുമെന്ററിയുടെ പ്രിവ്യു പ്രദർശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സിനിമ പ്രദർശന പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സിൽ ആകും ഈ ഡോക്കുമെന്റി പ്രദർശിപ്പിക്കുക. 2024 ൽ പൂർത്തിയാകുന്ന ഈ ഡോക്കുമെന്ററി ഫോക്കാനയ്ക്കും അഭിമാനമാകുമെന്ന കാര്യത്തിൽ സംശയമില്ല.

അറിയപ്പെടുന്ന നർത്തകി കൂടിയായ നിഷ എം.സിയായി നിരവധി പരിപാടികൾ നിയന്ത്രിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ അവതാരക. മഴവിൽ എഫ് എം റേഡിയോ ജോക്കി എന്നീ നിലകളിൽ മാദ്ധ്യമ രംഗത്തും സജീവമായിരുന്ന നിഷ സോഷ്യൽ മീഡിയയിലും സജീവമാണ്.


തന്റെ പ്രവർത്തനം കൊണ്ട് മാത്രം പൊതുരംഗത്ത് ശോഭിക്കുന്ന നിഷ എറിക്കിനെ തന്റെ പാനലിൽ ശക്തിയായി ഒപ്പം നിൽക്കാൻ ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ചിക്കാഗോയിലെ നിറസാന്നിദ്ധ്യമായ നിഷ എറിക് ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർ പേഴ്സൺ ആയി മത്സരിക്കുന്നതിൽ അഭിമാനവും ഒപ്പം പ്രവർത്തിക്കുവാൻ ആവേശവും നൽകുന്നു വന്ന് സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കരും, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേലും അറിയിച്ചു.

നിഷ എറിക്ക് ഫൊക്കാന 2024 -2026  വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക