Image

കാലം കെടുത്താത്ത അഗ്നിചീളുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 13 November, 2023
കാലം കെടുത്താത്ത അഗ്നിചീളുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ഇംഗ്ലീഷ് ഭാഷയിൽ ലേഖനത്തിനു ഉദ്യമം അല്ലെങ്കിൽ പരീക്ഷണം എന്നൊക്കെ അർത്ഥമുണ്ട് അതായത് ഓരോ വിഷയത്തെക്കുറിച്ച് ഓരോ ലേഖകർ എഴുതുന്നത് മുഴുവൻ സത്യമായി സ്വീകരിക്കാവുന്നതല്ല. ഇംഗ്ലീഷ് ഭാഷയുമായുള്ള ബന്ധം കൊണ്ട് നമ്മൾക്ക് കിട്ടിയതാണ് ഉപന്യാസം അഥവാ എസ്സേ എന്ന സാഹിത്യശാഖാ. ലേഖനങ്ങളുടെ സ്വഭാവം തന്നെ ഒരു മുഖവുര, വിഷയത്തെ പരിചയപ്പെടുത്തൽ, ലേഖകന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പിന്നെ ഉപസംഹാരവും ഉൾക്കൊള്ളുന്നതാണു.  നേരത്തെ സൂചിപ്പിച്ച പോലെ വ്യക്തിയുടെ അറിവ് അനുസരിച്ച് വിഷയങ്ങൾ അവർ കൈകാര്യം ചെയ്യുന്നു. ശാസ്ത്രവിഷയങ്ങൾ പലപ്പോഴും തെളിവുകളോടെ വിമർശിക്കപ്പെടുകയും  അതിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നുണ്ട്. പ്രശസ്തരായ ഉപന്യാസകർത്താക്കളെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന പലരുടെയും പേരുകൾ ആണ് ജോർജ് ഓർവെൽ, വിർജീനിയ വോൾഫ്, ജോനാഥൻ സ്വിഫ്റ്റ്, ആൽഡസ് ഹക്സലി  തുടങ്ങിയവരാണു. നമ്മുടെ ഭാരതത്തിലേക്ക് നോക്കുമ്പോൾ അമൃത പ്രീതം, അരുന്ധതി റോയ്, സുകുമാർ അഴിക്കോട്,  പോൾ സക്കറിയ മുതലായപേരുകൾ ഈ ലേഖകൻ ഓർക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ഈടുറ്റ ലേഖനങ്ങൾ എഴുതുന്ന ഒരാളാണ് ശ്രീ ജയൻ വർഗ്ഗീസ്. (ലേഖകന്റെ അറിവിൽ, കൂടുതൽ പേരുകൾ ഉണ്ടാകാം)

ശ്രദ്ധേയമായ, കനപ്പെട്ടലേഖനങ്ങൾ എഴുതുന്ന ആളാണ് ശ്രീ ജയൻ വർഗീസ്. അദ്ദേഹത്തിന്റെ മുപ്പതുലേഖനങ്ങൾ അടങ്ങുന്ന പുസ്തകമാണ് അഗ്നിചീളുകൾ. അഗ്നിചീളുകൾ എന്ന ശീർഷകം വളരെ ഉചിതമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ആഗ്നേയാസ്ത്രങ്ങൾ പോലെ ശക്തമാണ്. വായനക്കാരന്റെ ജിജ്ഞാസയിൽ തീപ്പൊരി വിതറികൊണ്ട് ജ്വലിക്കുന്ന ഒരു പന്തം പോലെ അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ അജ്ഞതയുടെ അന്ധകാരം അകറ്റുന്നു. ശാസ്ത്രവും ശാസ്ത്രീയമായ ജീവിതവീക്ഷണവും പാശ്ചാത്യമാണെന്ന ധാരണക്കാരാണ് നമ്മൾ. എന്നാൽ അതു പൂർണ്ണമായി ശരിയല്ലെന്ന് ശ്രീ ജയന്റെ ലേഖനങ്ങൾ തെളിവ് നൽകുന്നു. ചിന്തയുടെ സ്ഫുലിംഗവും, വാക്കുകളുടെ തിളക്കവും  പാണ്ഡിത്യത്തിൻറെ കാമ്പും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ  കാണാം.

ശ്രീ ജയന്റെ ലേഖനങ്ങൾ മിക്കതും വിമർശനാത്മക ലേഖനങ്ങൾ, അല്ലെങ്കിൽ സാമൂഹ്യശാസ്ത്ര ഉപന്യാസങ്ങൾ ആണ്. ചരിത്രഉപന്യാസങ്ങളും കാണുന്നുണ്ട്. നല്ല ഭാവനയും നല്ല ചിന്തകളുമുള്ള എഴുത്തുകാരനാണ് ശ്രീ ജയൻ. അപ്പോൾ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഈടുറ്റതാകുന്നെങ്കിൽ അത്ഭുതമില്ല. നല്ല നിരീക്ഷണം, അപഗ്രഥനശൈലി, എല്ലാം കണ്ണടച്ചു വിശ്വസിക്കാനുള്ള പ്രയാസം, തന്മൂലം അദ്ദേഹം കണ്ടെത്തുന്ന പുതിയ മാനങ്ങൾ അവയെ ആവിഷ്കരിക്കാനുള്ള ഭാഷയും സർഗാത്മകതയും  ഇതെല്ലം ശ്രീ ജയന്റെ ലേഖങ്ങളിലൂടെ കടന്നുപോകുമ്പോൾ  അനുഭവപ്പെടും.

മഹാനിർവാണത്തിനു മുമ്പ് ബുദ്ധന്റെ ശിഷ്യന്മാർ അവസാനമായി ഞങ്ങൾക്ക് ഒരു ഉപദേശം വേണമെന്ന് പറഞ്ഞപ്പോൾ ബുദ്ധൻ പറഞ്ഞതാണ് “ആത്മദീപോ ഭവ:” അർത്ഥം സ്വയം ജ്വലിക്കുന്ന ഒരു ദീപമാകുക. ശ്രീ ജയൻ സ്വയം ജ്വലിച്ചുകൊണ്ടു ചുറ്റിലും പ്രകാശം പരത്തുകയാണ്. അറിവിന്റെ കെടാത്ത അഗ്നിയിൽ നിന്നുള്ള ചീളുകൾ അദ്ദേഹം നമുക്ക് സമ്മാനിക്കുന്നു. ലേഖകൻ തന്റെ എഴുത്തിലൂടെ ക്രിയാത്മകമായ ആശയ സംവാദം നടത്തുകയാണ്. വായനക്കാരൻ അതിലൂടെ പ്രബുദ്ധനാകുകയും പ്രശ്നപരിഹാരങ്ങൾ ആവശ്യമെന്നു ചിന്തിക്കുകയും ചെയ്യുന്നു.  മനുഷ്യരെ ചിന്തിപ്പിക്കുകയും നേരായ മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നത് കലാകാരന്റെ കടമയും ഉത്തരവാദിത്വവുമാണ്. ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളിലും വ്യത്യസ്തമായ വിഷയങ്ങളാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ സസൂക്ഷ്മം  പഠിച്ച്  തന്റേതായ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്നുണ്ട്. അതിൽ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്.

ഓരോ വരികളിലും അദ്ദേഹത്തിന്റെ ധാർമ്മികരോഷം ആളിക്കത്തുന്നതായി കാണാം. വികാരങ്ങൾ പകരുവാൻ വാക്കുകളെ അഗ്നിചീളുകളാക്കുകയാണ് ലേഖകൻ. വരികളിൽ നിന്നും വരികളിലേക്ക് വായനക്കാരൻ എത്തുന്നത് ദ്രുതഗതിയിൽ ശ്വാസം എടുത്തുകൊണ്ടാണ്. (hyperventilate). ഭാഷയുടെ ശക്തിയും ഒഴുക്കും പെട്ടെന്ന് മനസ്സിലാക്കാൻ താഴെ കാണുന്ന ഖണ്ഡിക ശ്രദ്ധിക്കുക. (പുറം 33 ).
"കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളുമാണ് നമ്മെ വളർത്തിയത് എന്ന് നാം അഭിമാനിക്കുമ്പോഴും കലപ്പയുടെ  കണ്ടുപിടുത്തത്തിലൂടെ മണ്ണിന്റെ മാറ് പിളർന്നു വിളവിറക്കിയ നമ്മൾ അത് അയൽക്കാരനെ അടിച്ചു വീഴ്ത്താനുള്ള ആയുധം കൂടിയാണ് എന്ന് തിരിച്ചറിയുകയും അത് നടപ്പിലാക്കുകയും ചെയ്തപ്പോൾ മുതലാണ് മനുഷ്യന്റെ വർഗ്ഗചരിത്രം ഇന്നെത്തിനിൽക്കുന്ന വഴിത്താരയിലെ  ആദ്യത്തെ കറുത്ത കാലടിപ്പാടുകളുടെ  കളങ്കം പേറിയത്."

ശാസ്ത്രസാങ്കേതികവിദ്യ മനുഷ്യന് നൽകുന്ന സുഖാനുഭൂതികളെ നോക്കികാണുമ്പോഴും മനുഷ്യനിൽ ഒരുശൂന്യതാബോധവും വിടവുമുണ്ടെന്നു ജയൻ സമർത്ഥിക്കുന്നു. ശ്രീ  ജയന്റെ ഭാഷയിൽ " അനാസ്തിത്വത്തിന്റെ,  അസമാധാനത്തിന്റെ, അസംതൃപ്‌തിയുടെ അനാഥത്വത്തിന്റെ ഒരു ശൂന്യാവസ്ഥ. അതിനെ ദൈവമെന്നു വിളിക്കാമോ എന്ന് പക്ഷെ അദ്ദേഹം പറയുന്നതായി കാണുന്നില്ല. അതേസമയം കാലാകാലങ്ങളിൽ വന്നെത്തിച്ചേർന്ന അവതാരങ്ങൾ എഴുതിവച്ചിട്ടുള്ള അനവധി പേജുകളിലും ദൈവത്തെപ്പറ്റി  വ്യക്തമായ ഒരു ധാരണ നൽകുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നതായി  സൂചനയുണ്ട്. പക്ഷെ ലേഖകന്റെ നിരീക്ഷണത്തിൽ  മനുഷ്യരുടെ പരസ്പരമുള്ള കരുതലാണ് ദൈവസ്നേഹം. അതിലൂടെ ഒരു പുതിയ ലോകം വരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതുന്നവർ പലപ്പോഴും അവർ വിശ്വസിക്കുന്ന തത്വങ്ങളിൽ അല്ലെങ്കിൽ അവരുടെ അറിവിൽ ഊന്നിനിന്നുകൊണ്ട് പക്ഷപാതപരായ നിരൂപണങ്ങളിൽ  എത്തിച്ചേരാറുണ്ട്. എന്നാൽ ശ്രീ ജയൻ വായനക്കാരുടെ മുന്നിൽ അദ്ദേഹം നേടിയ അറിവുകളെ വിശകലനം ചെയ്തുകൊണ്ട് എത്തിച്ചേരുന്ന ദർശനങ്ങൾ  നമുക്ക് വെളിവാക്കുകയാണ്. അതു  നമ്മെ ചിന്തകളുടെ ലോകത്തേക്ക് കൊണ്ടുപോകും. അറിവിന്റെ ഒരു പുതിയ ലോകം തുറന്നു തരും.

വഴിതെറ്റിക്കുന്ന ചിന്തകൾ എന്ന് വായനക്കാരൻ മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള  വിഷയങ്ങൾ വളരെ ആധികാരികതയോടെ അപഗ്രഥനം ചെയ്തു  അവതരിപ്പിക്കാനുള്ള ലേഖകനറെ കഴിവ് പ്രശംസനീയം തന്നെ. അദ്ദേഹത്തിന്റെ യുക്തിയുക്തമായ സാമാന്യസങ്കല്പങ്ങൾ വായനക്കാരനു വിശ്വസിക്കേണ്ടിവരും. കാരണം ശാസ്ത്രാവബോധത്തോടൊപ്പം ചരിത്രവും അദ്ദേഹം ഒപ്പം കൂട്ടുന്നു.  ലേഖകനിൽ നമ്മൾ ഒരു തത്വജ്ഞാനിയെ കാണുന്നു. ഒരു ദാർശനികനേയും. മരണാനന്തര ജീവിതവും ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയവും അറിയാനുള്ള ജിജ്ഞാസയുമൊന്നും പരിഹരിക്കാൻ ഒരു പരിധിയിൽ കൂടുതലായി ശാസ്ത്രത്തിനു കഴിയില്ലെന്ന ലേഖകന്റെ ബോധമാണ് അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളെ ഊതിക്കാച്ചി  തനിപൊന്നാക്കി കൊണ്ടുവരുന്നത്. സ്വതന്ത്രചിന്തകൾക്ക് തടസ്സമായി നിൽക്കുന്നതിനെയൊക്കെ പൂർണ്ണമായി വിശകലനം ചെയ്തു  അവയെ നീക്കുകയും അല്ലെങ്കിൽ തന്റെ ചിന്തകളെ കൂടുതൽ വിശാലപ്പെടുത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി സ്വാഗതാർഹമാണ്.
ഒരു ദിവസത്തെ ആയുസ്സിൽ മുഖപുസ്തകങ്ങളിലും വാട്സാപ്പുകളിലും പ്രത്യക്ഷപ്പെടുന്ന രചനകൾ പോലെയല്ല അച്ചടി മഷി പുരളുന്ന അക്ഷരങ്ങൾ.  ആ അക്ഷരങ്ങൾ അഗ്നിചീളുകളും ആഗ്നേയാസ്ത്രങ്ങളും ആകുമ്പോൾ അവയെ കാലത്തിനു കെടുത്താനും  കഴിയില്ല.

സബ്‌ക്രൈബേഴ്സം, ലൈക്കും നോക്കി രചനകളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ഇക്കാലത്ത് ധിഷണാശക്തിയുള്ളവരുടെ കൈകളിൽ ഈ പുസ്തകം എത്തുമ്പോൾ ഇതിന്റെ  വില തിരിച്ചറിയും. നിലവിലുള്ള സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക തത്വങ്ങളെ ചോദ്യം ചെയ്യുകയും അവ ചാരിനിൽക്കുന്ന ശാസ്ത്രപുരോഗതിയെ പുനഃ പരിശോധിക്കുകയും തന്റേതായ കണ്ടെത്തലുകൾ വിശ്വസിപ്പിക്കുംവിധം (convincing) വിവരിക്കുകയും ചെയ്തിരിക്കുന്ന ഓരോ ലേഖനവും സശ്രദ്ധം വായിക്കപ്പെടേണ്ടതാണ്.   ലേഖകന് എല്ലാവിധ ആശംസകളും നേരുന്നു.
ഈ പുസ്തകം വായിക്കാൻ ആഗ്രഹമുള്ളവർക്ക് തൃശ്ശൂരിലെ ഗ്രീൻബുക്സ്‌മായി ബന്ധപ്പെടാം. 0487--2422515. ഇമെയിൽ info@greenbooksindia.com.
ശുഭം

Join WhatsApp News
Abdulpunnayurkulam 2023-11-13 01:47:13
According to Sudheer, Jayan's article presents enlightening knowledge to readers. I have not read Jayan's article yet.will read now on.
Jayan varghese 2023-11-13 15:29:25
എഴുത്തുകാരന്റെ ആശയങ്ങൾ നിരൂപകന്റെ മൂശയിൽ ഉരുക്കിയെടുക്കുമ്പോൾ അത് തിളക്കമേറിയ അഗ്നി ലാവയായി ഒഴുകുന്നു. സാമൂഹ്യാവസ്ഥയിലെ പുഴുക്കൂടുകൾ ഭസ്മീകരിച്ചൊഴുകുന്ന ഈ ലാവാ പ്രവാഹം തണുത്തുറഞ്ഞിട്ടാണ് പിൽക്കാലത്ത് വളക്കൂറുള്ള മണ്ണായി മനുഷ്യനും മറ്റ് ജീവി വർഗ്ഗങ്ങൾക്കും ജീവ സന്ധാരനത്തിനുള്ള വേദികയാവുന്നത്. ഇ മലയാളി ഉൾപ്പടെ ലോകത്തെവിടെയുമുള്ള അച്ചടി / ഓൺലൈൻ മാധ്യമങ്ങളിൽ വന്നുപോയ ഈ ലേഖനങ്ങൾ വായിച്ചിട്ടില്ല എന്ന ബഹുമാന്യനായ ശ്രീ അബ്ദുൽ പുന്നയൂർക്കുളം അവർകളുടെ തുറന്നു പറച്ചിൽ അമേരിക്കയിലെ മലയാളി വായനക്കാരുടെ സത്യസന്ധമായ നേർചിത്രമാണ് വരച്ചിടുന്നത്. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ എക്കാലത്തെയും നിരൂപക പ്രതിഭയായ ശ്രീ സുധീർ പണിക്കവീട്ടിൽ നിഷ്ക്കാമ കർമ്മത്തിന്റെ ജീവിക്കുന്ന നേർസാക്ഷ്യമായി നമുക്കിടയിൽ പ്രവർത്തിക്കുമ്പോളും അർഹിക്കുന്ന അംഗീകാരം കിട്ടാതെ അദ്ദേഹവും പാർശ്വവൽക്കരിക്കപ്പെട്ടൂ പോകുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചിട്ടെങ്കിലും ഉൾക്കാഴ്ചയുള്ളവർ ഈ പുസ്തകം വായിക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. കാരണം ഇതുവരെ ആരും തുറക്കാത്ത തത്വ സംഹിതകളുടെ പുത്തൻ വാതായനങ്ങൾ മലർക്കെ തുറന്നിടുകയാണ് ഈ രചനയിലൂടെ. വിനയ പൂർവം ജയൻ വർഗീസ്.
നിരീശ്വരൻ 2023-11-14 03:07:03
ചരിത്ര ജ്ഞാനം കാണുമായിരിക്കും പക്ഷെ ശാസ്ത്രാവബോധം എത്രയുണ്ടെന്ന് തെളിവ് സഹിതം തെളിയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രത്തിന് ഒരിക്കലും ദൈവത്തെ അംഗീകരിക്കാൻ കഴിയില്ല. കാരണം തെളിവുകൾ ഇല്ല - ദൈവം ഉണ്ടോ ഇല്ലിയോ എന്ന് തെളിയിക്കലല്ല ശാസ്ത്രത്തിന്റെ ലക്‌ഷ്യം. നേരെമറിച്ചു മനുഷ്യജീവിതത്തെ ഉല്കൃഷ്ടമാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്‌ഷ്യം. രണ്ടുകോടി കൂട്ടികൊഴച്ച് വായനക്കാരെ സംഭ്രാന്തരാക്കാതിരിക്കുക. അറിയാവുന്ന വിഷയം കൈകാര്യം ചെയ്യുക. നല്ലഭാഷ പക്ഷെ അത് ആയുധമാക്കി ശാസ്ത്രത്തെ അക്രമിക്കാതിരിക്കുക. ഒന്നും അല്ലെങ്കിൽ ശാസ്ത്ര നൽകുന്ന സൗകാര്യങ്ങളിൽ ഇരുന്നാണല്ലോതൊക്കെ എഴുതുന്നത്. ഈ നിമിഷം ശാസ്ത്രം പരാജയപ്പെട്ടാൽ നാമെല്ലാം പ്രകൃത യുഗത്തിലേക്ക് മടങ്ങില്ലെ? ഐ ലവ് യു ബോത്ത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക