
ന്യൂയോര്‍ക്ക്: അമേരിക്കന്‍ രാഷ്ട്രീയ സംവിധാനത്തില്‍ ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും നേട്ടം ഉണ്ടാക്കുവാന്‍ കഴിയുന്നതാണ് വൈസ് പ്രസിഡന്റ് പദവി.
റിപ്പബ്ലിക്കന്‍ ഡെമോക്രാറ്രിക് പാര്‍ട്ടികള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, പ്രൈമറികളില്‍ കരുത്ത് തെളിയിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പേര് ചേര്‍ക്കുന്നത് പലപ്പോഴും ജനപിന്തുണയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടേതായിരിക്കും. പേര് നല്‍കിയതിന് ശേഷം കാര്യമായി ഒന്നും ചെയ്യാത്ത അനവധി വിപി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിട്ടുണ്ട്. പലരുടെയും വിപി കാലാവധി കഴിഞ്ഞാല്‍ ജനവും ചരിത്രവും ഓര്‍ക്കാറുമില്ല.
ഡോണള്‍ഡ് ട്രമ്പ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച 2016 ല്‍ ട്രമ്പിന്റെ പേരിനൊപ്പം ബാലറ്റില്‍ അതേ ബോ്ക്‌സില്‍ വിപി സ്ഥാനാര്‍ത്ഥിയായി മൈക്ക് പെന്‍സിന്റെ പേരുണ്ടായിരുന്നു. ട്രമ്പ് ജയിച്ച് പ്രസിഡന്റായി. തല്‍ഫലമായി പെന്‍സും ജയിച്ചു. വൈസ് പ്രസിഡന്റാവുകയും ചെയ്തു.
ട്രമ്പിന്റെ ഭരണകാലത്ത് പെന്‍സ് എല്ലാ അര്‍ത്ഥത്തിലും ഒപ്പം നീങ്ങി. 2020 ല്‍ ആണ് ട്രമ്പിനൊപ്പം വീണ്ടും ജനവിധി തേടുമ്പോള്‍ ഇരുവരുടെയും സ്വരചേര്‍ച്ച ഇല്ലായ്മ വ്യക്തമായത്. തിരഞ്ഞെടുപ്പില്‍ ട്രമ്പും(ഒപ്പം പെന്‍സും) പരാജയപ്പെട്ടപ്പോള്‍ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടതായി പെന്‍സ് പ്രഖ്യാപിച്ചു. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് പെന്‍സ് ചെയ്തത്. തുടര്‍ന്ന് മുന്‍ പ്രസിഡന്റും മുന്‍ വിപിയും തുറന്ന പോരിലാണ്. ഇന്നും പോര് തുടരുന്നു. യു.എസിലെ തിരഞ്ഞെടുപ്പു നടപടികളില്‍ ധാരാളം പഴുതുകളുണ്ട്. മുമ്പ് വഴിയരികില്‍ നിന്ന് ബാലറ്റുകള്‍ ശേഖരിക്കാറുണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. ഇത് ഒരു പഴുത് മാത്രം. പെന്‍സിന് യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയോ മറ്റ് ജസ്റ്റിസുമാരുടെയോ സഹായം ന്യായം നടത്തി എന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താമായിരുന്നു. ട്രമ്പിന്റെ വിപാലങ്ങള്‍ ഒരു പക്ഷേ അടങ്ങുമായിരുന്നു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റ് പ്രത്യാശി ആയിരുന്ന പെന്‍സ് ന്യൂയോര്‍ക്കില്‍ നടന്ന റിപ്പബ്ലക്കന്‍ ജൂയിഷ് കോ അലിഷന്റെ ആന്വല്‍ ഗാതറിംഗില്‍ താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്നും സാധാരണ പിന്മാറുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിക്കാറുള്ളതുപോലെ തന്റെ പ്രചരണം താല്‍ക്കാലികമായി നിറുത്തി വയ്ക്കുകയാണെന്നും അറിയിച്ചു. പെന്‍സിന്റേത് ബുദ്ധിപരമായ തീരുമാനമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒന്നേകാല്‍ വര്‍ഷം നീളുന്ന പ്രചരണങ്ങളും രാജ്യത്ത് ഒട്ടാകെ നടക്കുന്ന പ്രൈമറികളും ഒഴിവാക്കാനാവില്ല. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പരസ്യം നല്‍കണം. സ്റ്റിക്കറുകളും മറ്റ് മെമ്മോറോബിലിയകളും പുറത്തിറക്കി സംഭാവന പിരിക്കണം.
പെന്‍സിന്റെ പ്രചരണം ശരിയായ രീതിയില്‍ സജീവമായി തുടങ്ങിയിരുന്നില്ല. ധനം സ്വരൂപിക്കുവാനും കഴിഞ്ഞില്ല. 2023 സെപ്റ്റംബര്‍ അവസാനിക്കുമ്പോള്‍ പ്രചരണ ഫണ്ട് ബാങ്ക് അക്കൗണ്ടില്‍ ബാക്കി 1.18 മില്യന്‍ മാത്രമായിരുന്നു. 6,21,000 ഡോളറിന്റെ കടവും ഉണ്ടായിരുന്നു. വലിയ ധനികന്‍ അല്ലാത്ത പെന്‍സിന് പ്രചരണം തുടരുക വഴി കൂടുതല്‍ കടം ഉണ്ടായേനെ.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളുടെ ആദ്യ രണ്ട് ഡിബേറ്റുകളില്‍ പെന്‍സ് പങ്കെടുത്തു. മൂന്നാമത്തെ ഡിബേറ്റ് നവംബര്‍ 8ന് നടക്കുമ്പോള്‍ അതില്‍ സംബന്ധിക്കുവാന്‍ യോഗ്യത നേടാനുള്ള സംഭാവനകളും പിന്തുണയും പെന്‍സിന് കഴിയുമായിരുന്നില്ല എന്ന് പൊതുവെ അഭിപ്രായമുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അയോവ കോക്കസിന് രണ്ട് മാസം മുമ്പാണ് പെന്‍സ് പിന്മാറിയത്. അയോവയില്‍ പെന്‍സിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഓഗസ്റ്റില്‍ അസ്സോസിയേറ്റഡ് പ്രസും എന്‍ഒആര്‍സിയും സര്‍വേയില്‍ 57% യു.എസിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് പെന്‍സിനോട് നിഷേധാത്മക നിലപാട് ആയിരുന്നു. 28% മാത്രമേ അനുകൂലമായി അഭിപ്രായപ്പെട്ടുള്ളൂ. പെന്‍സ് ഒരു ക്രിസ്ത്യന്‍ സ്‌ക്കൂളില്‍ അദ്ധ്യാപികയായ ഭാര്യ കരേനുമൊത്താണ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മതപരമായും സാമൂഹികമായും ഇരുവരും യാഥാസ്ഥിതികരായാണ് അറിയപ്പെടുന്നത്.
മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മുന്നേറുന്ന ട്രമ്പിന് പെന്‍സിന്റെ പിന്മാറ്റം കൂടുതല്‍ ഊര്‍ജ്ജം നല്‍കാനാണ് സാധ്യത. ട്രമ്പിനാണ് നോമിനേഷന്‍ ലഭിക്കുന്നതെങ്കില്‍ താന്‍ പിന്തുണയ്ക്കുമെന്ന് ഡിബേറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയായി പെന്‍സ് സമ്മതപ്പത്രം നല്‍കിയിരുന്നു. ട്രമ്പിനാണ് നോമിനേഷന്‍ എങ്കില്‍ അനുകൂലിക്കുമോ എന്ന ഡിബേറ്റിലെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയില്ലെങ്കിലും പിന്നീട് അനുകൂലിക്കും എന്ന് പെന്‍സ് പറഞ്ഞിരുന്നു.