Image

അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ (ഒരു സ്‌നേഹക്കുറിപ്പ്:സുധീര്‍ പണിക്കവീട്ടില്‍)

Published on 19 October, 2023
 അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ (ഒരു സ്‌നേഹക്കുറിപ്പ്:സുധീര്‍ പണിക്കവീട്ടില്‍)

(ലാനയുടെ വാർഷിക ആഘോഷം നടക്കുമ്പോൾ പഴയ എഴുത്തുകാരെ ആരെങ്കിലും ഓർക്കുമോ ആവോ? ന്യുയോർക്കിലെ  പഴയ കാല എഴുത്തുകാരിൽ ഒരാളായ  ശ്രീ ജോസ് ചെരിപുറത്തിനെക്കുറിച്ച് മുമ്പെഴുതിയ ഒരു കുറിപ്പ്)

അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ ജോസ് ചെരിപുറത്തിന്റെ നര്‍മ്മ കഥകള്‍ വിചാരവേദി ഇന്ന് ( 10-12-14) ചര്‍ച്ചചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അദ്ദേഹവുമായി രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ട് എനിക്ക്.  ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കൈരളി പബ്ലിക്കേഷന്‍സില്‍ പതിവായി എഴുതിയിരുന്ന ശ്രീ ചെരിപുറത്തിന്റെ നര്‍മ്മ കഥകളും, നോവലുമൊക്കെ വായനാസും തരുന്ന, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനകളായിരുന്നു.  ഇപ്പോള്‍ അന്തര്‍ദ്ദേശീയ പ്രശസ്തിയാര്‍ജ്ജിച്ച് നില്‍ക്കുന്ന ശ്രീ കെ.സി.ജയനുമായി പരിചയമുണ്ടായിരുന്നത്‌കൊണ്ട് അദ്ദേഹവുമായി ശ്രീ ചെരിപുറത്തിന്റെ കവിതകളും, നര്‍മ്മകഥകളും അന്ന് ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. ജോസേട്ടന്‍ എന്നു ശ്രീ ജയന്‍ വിളിക്കുന്ന ശ്രീ ചെരിപ്പുറത്തിനെ അങ്ങനെ ജയന്‍ വഴി പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്ന് വരെ ആ സൗഹ്രുദ ബന്ധം നില നില്‍ക്കുന്നു. വായനകാരെ എന്നും പ്രോത്സഹിപ്പിക്കുന്ന കൈരളിയുടെ പത്രാധിപര്‍ ശ്രീ ജോസ് തയ്യിലും ഞങ്ങളുടെ സൗഹ്രുദബന്ധത്തിലെ ഒരു കണ്ണിയായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീ ചെരിപ്പുറത്തിന്റെ രചനകളെ കുറിച്ച് ഒരു ഒരു ആസ്വാദനം എഴുതിയാലോ എന്നാലോചിച്ച് ഒന്ന് രണ്ട് ണ്ഡികകള്‍ തയ്യാറാക്കി ശ്രീ തയ്യിലിനെ ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- ജോസ് കുറച്ച്കൂടിയെഴുതട്ടെ എന്നിട്ട് നമുക്ക് ഒരു സമഗ്ര  പഠനമൊക്കെ തയ്യാറാക്കാം. ഞാന്‍ അന്നു കുറിച്ചിരുന്നത് താഴെ ഉദ്ധരിക്കുന്നു.

'ഇതാ ഒരു എഴുത്തുകാരന്‍ ! ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഒരു നിമിഷം ചെവി തരൂ. കേട്ട് കഴിയുമ്പോള്‍ നിങ്ങളും പറയും എന്തേ ശ്രദ്ധിക്കാതിരുന്നതെന്ന്. കാല പ്രവാഹത്തിന്റെ കുമിളകളില്‍ ക്ഷണനേരം തെളിഞ്ഞുടയുന്ന ഒരു എഴുത്തുകാരനല്ല ശ്രീ ജോസ് ചെരിപ്പുറം.  വായനകാരുടെ ലോകത്ത് ശാശ്വതമായ പ്രതിഷ്ഠയുമായി കത്തി നില്‍ക്കുന്ന ഒരു കെടാദീപമാണു് അദ്ദേഹം. ഭാവനാസമ്പന്നനായ പാലാക്കാരന്‍ ശ്രീ ജോസ് ചെരിപ്പുറത്തിന്റെ മോതിരവിരലുകള്‍ കുറിക്കുന്ന രചനാഭംഗിയില്‍ മലയാള മങ്ക കോരിതരിക്കുന്നു. അക്ഷരങ്ങളെ ലാളിച്ച്‌കൊണ്ട് സ്രുഷ്ടിക്കുന്ന ഭംഗിയുള്ള പദങ്ങളുടെ  ഇന്ദ്രജാലം. വരികള്‍ക്കിടയില്‍ ജീവിതത്തിന്റെ ചൈതന്യവും വിശുദ്ധിയും  വികാരങ്ങളും ഒരു മയില്‍പീലിത്തുണ്ട് പോലെ തിരുകി കയറ്റി വായനകാരെ കൊതിപ്പിച്ച് കൊതിപ്പിച്ച് വായിപ്പിക്കാനുള്ള രചനാപാടവം ജന്മസിദ്ധ്മായി കിട്ടിയ അനുഗ്രഹീതനായ  കലാകാരന്‍. സുഗന്ധകുസുമങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ് പോലെ മകരമാസത്തിലെ ചൂടില്ലാത്ത വെയില്‍പോലെ സുകരമായ വായനാനുഭവം തരുന്ന  രചനകള്‍. അനുയോജ്യമായ പദങ്ങള്‍ കൊണ്ട് ഒരു മായാപ്രപഞ്ചമുണ്ടാക്കി അവിടേക്ക് താളാത്മകമായി കാവ്യദേവതയെ അനുനയിച്ച് കൊണ്ട് വരികയും പിന്നെ അവളെ ലജ്ജയില്‍ മുക്കിതാഴ്ത്തി അവളുടെ കവിളുകളില്‍  കോടി കോടി കുങ്കുമപൂക്കള്‍ വിരിയിക്കുകയും ചെയ്തിട്ട് പതുക്കെ പതുക്കെ മൂടുപടം അനാവരണം ചെയ്യുന്ന ശൈലിയുടെ ഉടമ. പ്രായഭേദമെന്യേ വായനകാരെ ആസ്വാദനത്തിന്റെ ഊഞ്ഞാലില്‍ ഇരുത്തി കറയറ്റ മനോഹരദ്രുശ്യങ്ങള്‍ കാണിച്ച്‌കൊടുത്ത് അവരെ സംത്രുപ്തിയുടെ താളങ്ങളില്‍ ലയിപ്പിച്ച്  ആനന്ദം പകരാന്‍ കഴിവുള്ള ഉജ്ജ്വല പ്രതിഭയുള്ള എഴുത്തുകാരന്‍.  ഒരു തൂവ്വല്‍ സ്പര്‍ശം പോലെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിരുന്ന ചില ചിന്ന ചിന്ന പദങ്ങള്‍ വായനകാരെ വിസ്മയങ്ങളുടെ ലോകത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഒരു നുണച്ചികാറ്റ് പോലെ സാക്ഷാല്‍ ചെരിപ്പുറം ശൈലി അവര്‍ക്ക് ഹാസ്യത്തിന്റെ തിരുമധുരം നല്‍കി ഇക്കിളിയിടുന്നു.

വായനകാര്‍ കുറവുള്ള ഈ തിരക്ക് പിടിച്ച് നഗരിയില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം മാത്രമേ അദ്ദേഹം പരത്തുന്നുള്ളു. ഭാവനാ സമ്പന്നനായ അദ്ദേഹത്തിന്റെ രചനകള്‍ ആസ്വാദകര്‍ ശരിയ്ക്കും അറിയാന്‍ തുടങ്ങുമ്പോള്‍ സൂര്യദേവനെപോലെ തേജസ്സോടുകൂടി ഉദിച്ചുയരാന്‍ കഴിവുള്ള അതുല്യനായ സാഹിത്യശില്‍പ്പി.'

അതിനു ശേഷം ശ്രീ തയ്യില്‍ ഉദ്ദേശിച്ച്‌പോലെ ശ്രീ ജോസ് സാഹിത്യത്തിലെ ഇതര സങ്കേതങ്ങളില്‍ അദ്ദേഹത്തിന്റേതായ കഴിവുകള്‍ തെളിയിച്ച്‌കൊണ്ടിരുന്നു. കാവ്യനര്‍ത്തകി എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 'അളിയന്റെ പടവലങ്ങ'' എന്ന ഹാസ്യകഥാസമാഹാരം പിന്നീട് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്ന പണിപ്പുരയിലാണു്. എന്നാല്‍ ഒരു സമഗ്ര പഠനം തയ്യാറാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം ഇതേ ദൗത്യ്‌വുമായി വേറെ പലരും രംഗത്ത് വന്നത് കണ്ട് ഞാന്‍ സന്തോഷിക്കയായിരുന്നു.  നമ്മള്‍ തുടങ്ങിവക്കുന്നത് മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നുവെന്ന സംത്രുപ്തി.

ഹാസ്യരസ പ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രീ ജോസിനു പ്രിയമായിരുന്നു. സമൂഹത്തില്‍ നമ്മള്‍ കണ്ടു മുട്ടുന്ന വിരുതന്മാരേയും, പരദൂഷണവീരന്മാരേയും കഥാപാത്രങ്ങളാക്കി അദ്ദേഹം കഥകള്‍ എഴുതിയിട്ടുണ്ട്.  നമ്മളെ പൊട്ടി പൊട്ടി ചിരിപ്പിക്കുന്ന തമാശകള്‍ പറയുമ്പോഴും അദ്ദേഹം ചിരിക്കാറില്ല. അതെങ്ങനെ സാധിക്കുന്നുവെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. പൊടിക്കുപ്പി തുമ്മാറില്ല.  ചുറ്റിലും കാണുന്നവര്‍ കഥയില്‍ കഥാപാത്രങ്ങളായി വരുന്നത്‌കൊണ്ട് കഥകള്‍ വളരെ വിശ്വസനീയമായി തോന്നുന്നതിനു പുറമെ കഥയില്‍ കടന്നു വരുന്ന ഹാസ്യത്തിനും മാറ്റ് കൂടുന്നു.  സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുത്ത് വന്ന് അതെക്കുറിച്ച് ഒരു ദ്രുശ്യ വിവരണം അദ്ദേഹം എനിക്ക് നല്‍കാറുണ്ട്.  ഏതൊ ഒരു മലയാളി സംഘടന യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ അതില്‍ രണ്ടു പേര്‍ ഞങ്ങള്‍ എന്തും പിന്താങ്ങുമെന്ന് പറഞ്ഞ് ഇരുന്നുവെന്നും സ്വന്തമായി അഭിപ്രായമില്ലാത്ത ആ പാവങ്ങള്‍ എതോ പരദൂഷണവീരന്‍ പറയുന്നയാള്‍ക്ക്  വോട്ട് ചെയ്യാന്‍ വേണ്ടി മണികൂറുകളോളം കാത്തു നിന്നുവെന്നും ജോസ് പറയുകയും ഏതൊ കഥയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. സ്വന്തമായ ഒരു വ്യക്തിത്വവും അഭിപ്രായങ്ങളുമുള്ള ശ്രീ ജോസ് നിര്‍ഭയം അനീതികള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.  കുറെ സാഹിത്യകാരന്മാര്‍ കൂടി ഒരു കവിയെ ആദരിക്കയും സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളുമായി നിന്ന അവരെ ക്രുത്ഘനായ കവി അധിക്ഷേപിക്കയും, അപഹസിക്കയും ചെയ്തപ്പോള്‍ അത് ചോദിക്കാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നവരില്‍ ഒരാളായിരുന്നു ശ്രീ ജോസ്. ഒരു പരദൂഷണവീരനെ പേടിച്ച് മറ്റുള്ളവര്‍ മാറി നിന്നപ്പോള്‍ ശ്രീ ജോസ് ശക്തിയുക്തമായി കവിക്കെതിരെ പ്രതികരിച്ചു.  വാസ്തവത്തില്‍ ഇത്തരം അനുഭവങ്ങള്‍ അദ്ദേഹം തന്റെ സാഹിത്യക്രുതികളില്‍ കലയുടെ ചായക്കൂട്ടണിയിച്ച് ചേര്‍ത്തിരുന്നു.  ഇവിടെ വയാഗ്ര ഗുളികളുടെ പ്രചാരം സംഭവബഹുലമായപ്പോള്‍ ജോസ് തന്റെ യൗവ്വനകാലത്ത് അമ്മാച്ചന്റെ വീട്ടില്‍ പോയപ്പോള്‍ അമ്മിയില്‍ മുളക് അരിച്ച്‌കൊണ്ടിരുന്ന ഒരു സ്ര്തീയെ കണ്ട കാര്യം  ഓര്‍ക്കുകയും അതെപ്പറ്റി എന്നോട് പറയുകയും ചെയ്തു. അവളുടെ മുത്ത് ഒരു മ്ലാനഭാവം നിഴലിച്ചിരുന്നുവത്രെ. അതെക്കുറിച്ച് എന്നോട് സംസാരിച്ചിരിക്കവേ ഒരു കഥക്ക് പ്ലോട്ട് കിട്ടിയെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിറ്റെ ദിവസം ' പവര്‍ ഫയിലിയര്‍'' എന്ന കഥ വായിച്ച് കേള്‍പ്പിച്ചു.

കാല്‍പ്പനികതയുടെ കറയറ്റ ഭാവങ്ങള്‍ മുഗ്ദ്ധതയോടെ സ്‌നിഗ്ദ്ധതയോടെ പകര്‍ത്താന്‍ സവിശേഷമായ കഴിവുണ്ടായിരുന്നു ജോസിനു. പ്രണയവര്‍ണ്ണങ്ങളുടെ ഒരു മഴവില്‍ കൂടെ കൊണ്ട് നടക്കുന്ന ഇദ്ദേഹം ഒരു പഞ്ചശരന്‍ തന്നെയാണു്.  വിദ്യാര്‍ഥിയായിര്‍ന്നപ്പോള്‍ മണിമലയാറ്റിന്‍ തീരത്ത്കൂടി മുണ്ടും മടക്കി കുത്തി ഏതൊ കാവ്യലോകത്തെ മായകാഴ്ച്കളില്‍ മുങ്ങി നടക്കുമ്പോള്‍ പുഴക്കടവില്‍ നിന്നും ഈറനുടുത്ത് ലജ്ജാനമ്ര്മുിയായി നം കടിച്ച്‌കൊണ്ടോടി പോകുന്ന ഏലമ്മ (യഥാര്‍ത്ഥ പേരല്ല) എന്ന സുന്ദരിയെപ്പറ്റിയും പ്രണയസുധാരസം തുളുമ്പുന്ന കവിതകള്‍ എഴുതീട്ടൂണ്ട്. ആ പെണ്‍കുട്ടി ജോസിനെ പ്രേമിച്ചിരുന്നു എന്ന് അദ്ദേഹത്തിനുറപ്പായിരുന്നുവത്രെ. അപ്പന്‍ പറയുന്ന പെണ്ണിനെ മാത്രമെ കെട്ടാവൂ എന്ന് അമ്മച്ചിയുടെ ഉഗ്രശാസനം ജോസിന്റെ പ്രണയചിന്തകളെ പേടിപ്പിച്ച് അടക്കിയിരുന്നു. ജോസ് പറയും അതെല്ലാം യൗവ്വനകാല ചാപല്യങ്ങള്‍.  ആണ്‍കുട്ടിയയാലും പെണ്‍കുട്ടിയായാലും കുടുംബ മര്യാദകള്‍ പാലിക്കണമെന്ന് വിശ്വസിക്കുന്ന നല്ല മനസ്സുള്ള ആളാണ് ജോസ്. സുഹ്ര്ദ് ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ഇദ്ദേഹം തനിക്ക് വിശ്വാസ്മുള്ള ചങ്ങാതിമാരുമായേ മനസ്സ് തുറക്കുകയുള്ളു.  ഈ ലേകനുമായി സംസാരിക്കുമ്പോഴെല്ലാം ആ സംഭാഷണം ഒരു കലാസ്രുഷിടിയില്‍ ചെന്നവസാനിക്കുമായിരുന്നു.  സാഹിതീസപര്യ ജോസിന്റെ ആത്മാവില്‍ അലിഞ്ഞിരിക്കയാണു്.  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ എഴുത്തുകാരുടെ എണ്ണം കുറവായിരുന്നപ്പോള്‍ കൈരളിയുടെ താളുകളില്‍ നിറഞ്ഞ് നിന്നത് ജോസ് ചെരിപ്പുറമായിരുന്നു.  അതില്‍ ജോസ് എഴുതിയിരുന്ന ഒരു നീണ്ട കഥയാണു കൈരളിയും ജോസുമായി എന്നെ അടുപ്പിച്ചത്. ആ നീണ്ട കഥയിലെ കഥാപാത്രം കായലോരത്തെ സ്വന്തം തെങ്ങിന്‍ പറമ്പിലൂടെ കുടയും ചൂടി ആരോമല്‍ ചേകവരുടെ ചന്തം പരത്തികൊണ്ട് വരുന്ന ഒരു രംഗത്തിന്റെ വര്‍ണ്ണനയുണ്ട്.  അത് വളരെ മനോഹരമായിരുന്നു. അത്‌കൊണ്ട് ഈ ലേകന്‍ എഴുത്തുകാരനെ തിരക്കി. ശ്രീ ജയന്‍ കെ.സി. ജോസിനെ പരിചയപ്പെടുത്തിതന്നു.  ചന്ദന കളറുള്ള ജുബ്ബയിട്ട്, കസവ് മുണ്ടും ചുറ്റി ഒരു മലയാളി പരിപാടിക്ക് വന്ന ജോസിനും ആരോമല്‍ ചേകവരുടെ ചന്തമുണ്ടെന്ന് ഞാന്‍ പറഞ്ഞത് ജോസിനെ സന്തോഷിപ്പിച്ചു. മ്രുദുല ഹ്രുദയനായ ഈ എഴുത്തുകാരന്‍ കോപിക്കാറെയില്ലയെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൂവ്വമ്പുകള്‍ ഒഴിയാത്ത ആവനാഴിയുമായി അക്ഷരങ്ങളുടെ നായാട്ടിനിറങ്ങുമ്പോള്‍ പദങ്ങള്‍ അനുപദം ഒരു കവിതാഹാരമായി തീര്‍ക്കുന്നതാണു ഇദ്ദേഹത്തിന്റെ മു്യ വിനോദം.  കാവ്യസങ്കല്‍പ്പങ്ങളില്‍ മുഴുകി അനുഭൂതികള്‍ തികട്ടി തുളുമ്പിച്ച്‌കൊണ്ട് മലയാളഭാഷയുടെ നിത്യകാമുകനായി വിലസുന്നു ഈ കവി, കഥാകാരന്‍, സരസകവി. അക്ഷരങ്ങളുടെ ലോകത്ത് ഭാവനയുടെ നറുനിലാവ് പരത്തി സര്‍ഗ്ഗപുളകിതനായി ഏറെ മോഹങ്ങളുമായി അലസം നടക്കുന്നത് ഇഷ്ടമാണ് ജോസിനു. അങ്ങനെ നിലാവിന്റെ നീന്തല്‍ പൊയ്കയില്‍ താമരമൊട്ടുകള്‍ വിടരാന്‍ വെമ്പുന്നത് നോക്കി നിന്ന് ആ പൂമൊട്ടുകളിലെ തേന്‍ തൊട്ടെടുത്ത് ചുണ്ടുകള്‍ മധുരതരമാക്കി കൂട്ടുകാരെ ഫോണില്‍ വിളിക്കുന്നു.  പലപ്പോഴും എന്റെ ഫോണിലെ ഐ.ഡി.കോളറില്‍ കാണാം, ചെരിപ്പുറം. ഹലൊ പറയുമ്പോഴേക്കും കാവ്യശകലങ്ങള്‍ പൊഴിയുകയായി. ഒരിക്കല്‍ അങ്ങനെ നിന്ന് കവിത ചൊല്ലികൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു. ഈ വാക്ക് അത്രക്ക് യോജിക്കുന്നില്ലെന്ന് തോന്നുന്നു. എന്തു വേണം. ഞാന്‍ പറഞ്ഞു. 'തട്ടികൊടുക്ക്, ആരു വായിക്കാന്‍'' ജോസിനു അതിഷ്ടമായി.  അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മേല്‍ ചുമത്തിയിരിക്കുന്ന അപരാധം അവരുടെ രചനകള്‍ക്ക് മേന്മയില്ലെന്നാണു്.  അതെക്കുറിച്ചൊന്നും ജോസ് വിഷമിക്കുന്നില്ല. മൗലികമായ പ്രതിഭയില്‍ നിന്നും വരുന്ന ക്രുതികള്‍ വായനക്കാര്‍ ആസ്വദിക്കും. സ്വന്തമായി സര്‍ഗ്ഗശക്തിയില്ലാത്തവന്‍ വല്ലവന്റേയും മോഷ്ടിക്കുമ്പോഴാണു അത്തരം ക്രുതികള്‍ വികലമാകുന്നതെന്ന്  ജോസ് വിശ്വസിക്കുന്നു.

'ആരൊക്കെ എഴുതിയാലും സുധീര്‍ എന്റെ ക്രുതികളെക്കുറിച്ച് എഴുതണമെന്ന്' ജോസ് എപ്പോഴും പറയും. പ്രിയങ്കരനായ ചങ്ങാതിയുടെ ആ ആവശ്യം സമീപഭാവിയില്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശ്രീ ജോസിനു ഭാവുകാശംസകളോടെ....

ശുഭം

 

Join WhatsApp News
Abdul punnayurkulam 2023-10-19 02:00:19
It's good to see appreciating great writers work.
Raju Mylapra 2023-10-19 18:48:55
ശ്രീ സുധീർ പണിക്കവീട്ടിൽ എന്നേപ്പോലെയുള്ള എഴുത്തുകാർക്ക് നൽകുന്ന പ്രോത്സാഹനം അഭിനന്ദനാർഹമാണ്. എന്റെ സുഹൃത്തായ ജോസ് ചെരിപുറത്തിനെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചത് ഉചിതമായി. ന്യൂയോർക്ക് സാഹിത്യ സദസുകളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ജോസ് എങ്കിലും, അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. 'ഞാനെന്ന ഭാവം' ഇല്ലാത്ത ഒരു വ്യക്തിത്വത്തിനുടമയാണ് ജോസ്. എല്ലാ ഭാവുകങ്ങളും, രണ്ടു പേർക്കും.
josecheripuram 2023-10-24 22:30:09
Usually , good words are spoken about a person when he/she is dead. Mr; Sudhir wrote very many beautiful words about me, as I am still alive I could read and appreciate , so did my friend Mr: Raju Mylapra. I extend my heart felt gratitude to my well wishers. Thank you guys.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക