Image

വിഴിഞ്ഞം തുറമുഖത്തിന്റെ തന്തയാര് ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 18 October, 2023
വിഴിഞ്ഞം തുറമുഖത്തിന്റെ തന്തയാര് ? (ലേഖനം: സാം നിലമ്പള്ളില്‍)

തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്താന്‍ പിണറായി വിജയന്‍ കാട്ടിയ ധീരതയെ വാഴ്ത്താതിരിക്കാന്‍ സാധ്യമല്ല. തുറമഖത്തിനുള്ള ഒരു ക്രെയിനുമായിവന്ന ചങ്കിലെ ചൈനയുടെ കപ്പലിനെ വരവേറ്റതും ആനനന്ദനകരം. ആ കപ്പല്‍ വന്നതുകൊണ്ട് മാത്രമായിരിക്കും ഉദ്ഘാടനം നേരത്തെയാക്കാന്‍ പിണറായി തീരുമാനിച്ചത്. തുറമുഖം പ്രാവര്‍ത്തികമാകാന്‍ ആറുമാസംകൂടി എടുക്കുമെന്നാണ് സര്‍ക്കാര്‍തന്നെ പറയുന്നത്. ചിലപ്പോഴത് ഒരുവര്‍ഷംവരെ നീണ്ടുപോയേക്കാം. കേരളത്തിലെ കാര്യമല്ലേ. കപ്പലിലുള്ള ചൈനാക്കാരെ ആലിംഗനംചെയ്ത് സ്വീകരിക്കാന്‍ പിണറായിക്കായില്ല. കാരണം ചൈനാക്കാര്‍ക്ക് വിസയില്ലാത്തതുകൊണ്ട് കരക്കിറങ്ങേണ്ട എന്നാണ് ഇന്‍ഡ്യാഗവണ്മെന്റിന്റെ നിലപാട്.

എന്തായാലും ഉദ്ഘാടനം ഗംഭീരമായി. ബി ജെ പി ഉള്‍പ്പെടെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. എല്ലാവര്‍ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും അഥവാ കിട്ടിയില്ലെങ്കില്‍ ഇതൊരു ക്ഷണമായി കരുതി കുടുംബസമേതംവന്ന് പങ്കെടുക്കണമെന്നും മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ തന്റെ ആജന്മശത്രുവായിരുന്ന പരേതന്‍ ഉമ്മന്‍ ചാണ്ടിയുടെ പേരൊഴികെ മറ്റെല്ലാവരുടെയും പേരുകള്‍ ഉച്ചരിച്ചു. ഈ ജന്മത്തിലും അടുത്തതിലും ഉമ്മന്‍ ചാണ്ടിയുടെപേര് പറയത്തില്ല എന്ന പ്രതിജ്ഞ ലംഘിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുറമുഖത്തിന് തന്റെ പേരിടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വി ഡി സതീശനും കേന്ദ്രമന്ത്രി വി മുരളീധരനും സമീപത്തിരിക്കുന്നതിനാല്‍ അവര്‍ കയ്യേറ്റംചെയ്യുമോ എന്നഭയംകൊണ്ട് പിന്നീട് ക്‌ളഫ്ഹൗസില്‍ ചെന്നിട്ട് പ്രഖ്യാപിക്കാമെന്ന് തീരുമാനിച്ചു. 

പിന്നീട് തുറമുഖത്തിന്റെ അഛനാര് എന്നതിനെപറ്റിയുള്ള തര്‍ക്കമായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസ'യായിരുന്നു പ്രാരം'നടപടികള്‍ സ്വീകരിച്ചതെന്നും അദാനിയുമായി കരാറുണ്ടാക്കിയതെന്നും സതീശന്‍ പറഞ്ഞു. അന്ന് പ്രതിപക്ഷത്തായിരുന്ന സി പി എം കരാറിനെ എതിര്‍ക്കുകയും അതൊരു കടല്‍ക്കൊള്ളയാണന്ന് മുദ്രകുത്തുകയും ചെയ്തു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ വലിച്ചുകീറി അടുപ്പില്‍ വയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അദാനിയില്‍നിന്ന് ആറായിരംകോടി കോഴവാങ്ങിയാണ് ഉമ്മന്‍ ചാണ്ടി കരാര്‍ ഉണ്ടാക്കിയതെന്നും ആരോപിച്ചു. പദ്ധതിയുടെ ആകെച്ചിലവ് അയ്യായിരം കോടിയായിരിക്കുമ്പോള്‍ ആറായിരംകോടി കോഴകൊടുത്ത അദാനിയുടെ ബിസിനസ്സ്ബുദ്ധി അപാരംതന്നെ. ഇങ്ങനെയാണെങ്കില്‍ ബിസിനസ്സ് പൂട്ടിപ്പോകാന്‍ അധികദിവസങ്ങള്‍ വേണ്ടിവരികയില്ല.

ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ കരാറില്‍നിന്ന് മാറ്റമൊന്നും വരുത്താതെതന്നെയാണ് പിണറായിയും പദ്ധതി നടത്തിപ്പിന് പച്ചക്കൊട കാട്ടിയത്. നേരത്തെ ഉണ്ടാക്കിയ കരാറില്‍ ചില അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത് തങ്ങളാണ് തിരുത്തിയതെന്ന് അവകാശപ്പെട്ടു. കേന്ദ്രം അനുവാദം തന്നില്ലായിരുന്നെങ്കില്‍ പദ്ധതിതന്നെ നടക്കില്ലായിരുന്നു എന്നാണ് വി. മുരളീധരന്റെ അവകാശവാദം. വിജയത്തിന് (വിജയനല്ല) അനേകം തന്തമാരുണ്ടാകുമെന്നും എന്നാല്‍ പരാജയത്തിന് അവകാശികള്‍ ആരുംതന്നെ ഉണ്ടാകാറില്ല എന്നും അദ്ദേഹം ഇംഗ്‌ളീഷ് കൊട്ടേഷന്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇവിടെയാണ് നമ്മള്‍ വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുന്നത്. അദ്ദേഹം സൃഷ്ടിച്ചെടുത്ത തരളഹൃദയനായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. നാട്ടില്‍ ഏതെങ്കിലും പെണ്ണിന് അവിഹിതഗര്‍ഭം ഉണ്ടായെന്നുകേട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മഹാമനസ്‌കതയുള്ള വ്യക്തിയായിരുന്നു മമ്മൂഞ്ഞ്. അദ്ദേഹം കൂട്ടുരോട് ഇങ്ങനെ പറയും, അത് ഞമ്മളാ.

മമ്മൂഞ്ഞിന്റെ അനുയായികള്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷം.

samnilampallil@gmail.com

Join WhatsApp News
Vayanakkaran 2023-10-18 03:51:41
ഉളുപ്പില്ലാത്തവനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയുടെ ഗർഭം പഴയ കാമുകന്റെ സംഭാവന ആയാലും കൊച്ചു വെളുത്തതാണെങ്കിൽ ‘എന്റെ കൊച്ചാണ്' എന്നു പറയുന്നത് ഒരു അഭിമാനമാണ്! പിണറായി അതേ ചെയ്‌തുള്ളൂ. ഇൻക്വിലാബ് സിന്ദാബാദ്! പിണറായി ഐക്യം നീണാൾ വാഴട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക