Image

കുളക്കോഴിക്ക് കുറുക്കന്‍ കൂട്ട് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 September, 2023
കുളക്കോഴിക്ക് കുറുക്കന്‍ കൂട്ട് (ലേഖനം: സാം നിലമ്പള്ളില്‍)

ലോകംമൊത്തം ഭിക്ഷാപാത്രവുമായി നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇസ്‌ളാമിക ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ക്രെഡിറ്റും ആ രാജ്യത്തിനുണ്ട്. അവര്‍ക്ക് പുതിയൊരു സുഹൃത്തിനെ ജസ്റ്റിന്‍ ട്രൂഡോയിലൂടെ കിട്ടിയിരിക്കുന്നു. ലോകരാജ്യങ്ങളുടെ പിന്‍തുണയോ സഹതാപമോ കിട്ടാതെ വിഷമിക്കുന്ന ട്രൂഡോയിക്ക് കൂട്ടായിട്ട് പാകിസ്ഥാന്‍ എത്തിയിരിക്കുന്നു എന്നതാണ് രസാവഹം. പരസ്പര സഹകരണ സഹായസംഘം. രണ്ടുകൂട്ടരും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കന്ന രാജ്യങ്ങളാണന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

കാനഡയുടെ അടുത്ത സുഹൃത്തുക്കളായ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ട്രൂഡോയെ പരസ്യമായി പിന്‍തുണക്കാനോ ഇന്‍ഡ്യയെ അപലപിക്കാനോ തയ്യാറായിട്ടില്ല. രണ്ടുരാജ്യങ്ങളെയും പിണക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഭീകരവാദി കനേഡിയന്‍ മണ്ണില്‍വച്ച് കൊല്ലപ്പെട്ടതിന്റെ പിന്നില്‍ ഇന്‍ഡ്യയാണെന്ന് ട്രൂഡോ തെളിവുകളൊന്നുമില്ലാതെ അവരുടെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചതാണ് രണ്ടുരാജ്യങ്ങളും തമ്മില്‍ ശത്രുതക്ക് കാരണമായത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍വന്ന ട്രൂഡോയിക്ക് മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് ഇന്‍ഡ്യകൊടുത്ത ആദരവൊന്നും കിട്ടിയില്ല. തന്നെയുമല്ല സ്വകാര്യസംഭാഷണത്തില്‍ നരേന്ദ്ര മോദി അയാളോട് പരുഷമായി സംസാരിക്കയും ചെയ്തു. ഇന്‍ഡ്യക്കെതിരെ അയാളുടെ രാജ്യത്ത് നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് താക്കീത് ചെയ്തു. അങ്ങനെ അഭിമാനത്തിന് മുറിവേറ്റ മൃഗമായിട്ടാണ് ട്രൂഡോ ഇന്‍ഡ്യില്‍നിന്ന് മടങ്ങിയത്. സ്വന്തം രാജ്യത്തും ലോകത്തിന് മുന്‍പിലും പരിഹാസപാത്രമായി തീര്‍ന്ന ട്രൂഡോ മുഖംരക്ഷിക്കാനുള്ള വഴിയായിട്ടാണ് അടുത്തദിവസംതന്നെ പാര്‍ലമെന്റ് വിളിച്ചുകൂട്ടി ഇന്‍ഡ്യക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഇന്‍ഡ്യയില്‍നിന്ന് കള്ളപാസ്സ്‌പോര്‍ട്ടുമായി കാനഡയിലെത്തിയ നിജാറെന്ന കുറ്റവാളിയെ അവര്‍ ഹാര്‍ദമായി സ്വീകരിക്കയും പൗരത്വം കൊടുത്ത് ആദരിക്കയും ചെയ്തു. കൊലപാതകമടക്കം പതിനെട്ടോളം കുറ്റകൃത്യങ്ങളിലെ പ്രതിയായ ഒരാള്‍ക്ക് മറ്റൊന്നും ആലോചിക്കാതെ പൗരത്വം കൊടുത്ത കാനഡയുടെ അന്തസ്സില്ലായ്മ ലോകം ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. ഇന്‍ഡ്യയില്‍ കുറ്റവാളിയായിട്ടുള്ള സിഖുകാരനോടുള്ള അനുകമ്പക്ക് ഉപരിയായി രാജ്യത്തോടുള്ള വിരോധമോ അസൂയയോ ആണ് ഇതിന്റെപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജെസ്റ്റിന്‍ ട്രൂഡോയുടെ പിതാവായിരുന്ന പിയറി ട്രൂഡോ കനേഡിയിന്‍ പ്രധാനമന്ത്രി ആയിരുന്ന 1985 ലാണ് ഘാലിസ്ഥാന്‍ ഭീകരവാദികള്‍ എയര്‍ ഇന്‍ഡ്യയുടെ കനിഷ്‌ക വിമാനം ബോംബുവച്ച് തകര്‍ത്തത്. 329 പച്ചമനുഷ്യരാണ് അന്നത്തെ അപകടത്തില്‍ എരിഞ്ഞടങ്ങിയത്. അതില്‍ ഭൂരിപക്ഷംപേരും കനേഡിയന്‍ പൗരന്മാരായ ഇന്‍ഡ്യക്കാരായിരുന്നു., 25 ബ്രട്ടീഷുകാരും . കനേഡിയന്‍ പൗരന്മാരെ കൊന്നതിന് എന്തുകൊണ്ട് ജെസ്റ്റിന്‍ ട്രൂഡോ കാട്ടുന്ന രോഷം അന്നുണ്ടായില്ല. അപകടത്തിന്റെ അന്വേഷണം ഇഴഞ്ഞിഴഞ്ഞുനീങ്ങി അവസാനം ലോകത്തെ ബോധിപ്പിക്കാന്‍ ഏതാനുംപേര്‍ക്കെതിരെ കേസെടുത്തു. അതില്‍ ഒരുത്തനെമാത്രം കുറവര്‍ഷങ്ങള്‍ ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം വിട്ടയച്ചു. ഇതാണ് കാനഡയുടെ നീതിബോധം.

സിഖു മതക്കാര്‍ നല്ലവരാണ്, സ്‌നേഹമുള്ളവരാണ്. അവരില്‍  ഒരു ചെറിയ വിഭാഗം മാത്രമാണ് ഘാലിസ്ഥാന്‍ വാദവുമായി നടക്കുന്നത്. ഇന്‍ഡ്യയില്‍ കഴിയുന്ന സിഖുകാര്‍ക്ക് ഘാലിസ്ഥാനെന്ന ആശയവുമായി യാതൊരു ബന്ധവുമില്ല. അവര്‍ ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ്. ഇന്‍ഡ്യന്‍ ആര്‍മിയില്‍ പതിനായിരക്കണക്കിന് സിഖുകാരുണ്ട്. അവര്‍ രാജ്യത്തിനവേണ്ടി അഭിമാനത്തോടെ യുദ്ധം ചെയ്യുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും അവര്‍ ജോലിചെയ്യുന്നു. പിന്നെ ആര്‍ക്കാണ് ഘാലിസ്ഥാന്‍ വേണ്ടത്., രാജ്യത്തിന് പുറത്തുള്ളവര്‍ക്ക്. കാനഡയിലും ബ്രട്ടനിലും ഓസ്‌ട്രേലിയയിലും ഉള്ളവര്‍ക്ക്. ആയിരം വര്‍ഷം കഴിഞ്ഞാലും അവരുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ല.

കഴിഞ്ഞ കാലങ്ങളില്‍ ഇന്‍ഡ്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റുകള്‍ സിഖുകാരോട് പലഅനീതികളും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ പബല കക്ഷിയായിരുന്ന അകാലിദളിനെ തോല്‍പിക്കാനാണ് ബിന്ദ്രന്‍വാലയെന്ന സിഖുകാരനെ ഇന്ദിരാഗാന്ധി വളര്‍ത്തിക്കൊണ്ടുവന്നത്. അയാള്‍ക്ക് ആളും ബലവും വര്‍ദ്ധിച്ചപ്പോള്‍ രാജ്യത്തിന് ഭീഷണിയായി മാറി. പാകിസ്ഥാനില്‍നിന്ന് ആയുധങ്ങളും കിട്ടിയപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളും തുടങ്ങി. സിഖുകാരുടെ പ്രധാന മതസ്ഥാപനമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ അഭയംതേടിയ ബിന്ദ്രന്‍വാലയെ അവിടെനിന്ന് തുരത്താനാണ് ഇന്ദിര പട്ടാളത്തെ അയച്ചത്. പട്ടാളം ഭിന്ദ്രന്‍വാലയെ കാലപുരിക്ക് അയച്ചതുമാത്രമല്ല സിഖുകാരുടെ പുണ്യമായ സുവര്‍ണ്ണക്ഷേത്രം വെടിവച്ച് തകര്‍ക്കുകയും ചെയ്തു. ഇത് സിഖുകാരെ വേദനിപ്പിച്ച സംഭവമായിരുന്നു. നിസ്സാരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വളര്‍ത്തിക്കൊണ്ടുവന്ന് പട്ടാളത്തെകൊണ്ട് അടിച്ചമര്‍ത്തി ഇന്ദിര. സ്വന്തംജനതക്കുനേരെ യുദ്ധംചെയ്യുകയെന്ന ബുദ്ധിശൂന്യമായ നടപടിയാണ് അവര്‍ സ്വീകരിച്ചത്. അതിന്റെവില അവര്‍ക്ക് കൊടുക്കേണ്ടി വരികയും ചെയ്തു. സിഖുകാര്‍ നല്ലവരാണ്. പക്ഷേ, ദ്രോഹിച്ചാല്‍ പകരംവീട്ടുകയെന്നത് അവരുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ളതാണ്. സുവര്‍ണ്ണക്ഷേത്രം നശിപ്പിച്ചതിന്റെ പ്രതികാരമാണ് ഇന്ദിരയുടെ മരണത്തില്‍ കലാശിച്ചത്.

ഇന്ദിരയുടെ മരണത്തിനുശേഷം കോണ്‍ഗ്രസ്സുകാര്‍ ഡല്‍ഹിയിലും വടക്കേയിന്‍ഡ്യന്‍ നഗരങ്ങളിലും അഴിച്ചുവിട്ട കലാപത്തില്‍ മൂവായിരത്തില്‍പരം നിരപരാധികളായ സിഖുകാരാണ് കൊലചെയ്യപ്പെട്ടത്. വഴിയെപോയ സിങ്ങന്മാരുടെ മുടിക്കെട്ടില്‍ പെട്രോളൊഴിച്ച് കത്തിച്ചു. അവരുടെ വീടുകളില്‍കയറി സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിഷ്‌കരുണം കൊന്നു. കലാപം നിയന്ത്രിക്കുന്നതിനുപകരം ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രിയായി ചാര്‍ജ്ജെടുത്ത രാജീവ് ഗന്ധി ശ്രമിച്ചത്. അദ്ദേഹം പറഞ്ഞത് വന്‍മരം വീഴുമ്പോള്‍ ചെറുവൃക്ഷങ്ങളും നിലംപതിക്കുമെന്നാണ്. എത്ര നീചമായ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ്സുകാരും രാജീവും ചെയ്തത്. ഗുജറാത്ത് കലാപത്തെപറ്റി കണ്ണീര്‍പൊഴിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് മൂവായിരം സിഖുകാരെ കൊലചെയ്തതിനെപറ്റി ഒന്നും പറയാനില്ലേ. ഘാലിസ്ഥാന്‍ മൂവ്‌മെന്റിന് ശക്തിപകരുന്ന സംഭവമായിരുന്നു ഡല്‍ഹി കലാപം. 

ഇന്‍ഡ്യില്‍ ജീവിക്കുന്ന സിഖുകാര്‍ പഴയകാര്യങ്ങളെല്ലാം മറക്കാന്‍ തയ്യാറാവുകയും ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമായി കഴിയാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരുടെ രാജ്യസ്‌നേഹമാണ് കാണിക്കുന്നത്. പ്രതികാരദാഹികളായ ഏതാനുംപേര്‍ മാത്രമാണ് കാനഡപോലുള്ള രാജ്യങ്ങളിലിരുന്ന് സ്വന്തംരാജ്യത്തിനുവേണ്ടി വാദിക്കുന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ചെയ്ത അനീതികളൊന്നും നരേന്ദ്ര മോദി സിഖ് സമൂഹത്തോട് ചെയ്തിട്ടില്ല. അത് മനസിലാക്കി ഘാലിസ്ഥാനി ഭീകരവാദികള്‍ രാജ്യസ്‌നേഹമുള്ളവരായി തിരിച്ചുവരണം. നിങ്ങളെ ഇരുകൈകളുംനീട്ടി സ്വീകരിക്കാന്‍ രാജ്യം തയ്യാറാണ്.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക