Image

മകള്‍ക്ക് (സാമഗീതം- മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 25 September, 2023
മകള്‍ക്ക്  (സാമഗീതം- മാര്‍ഗരറ്റ് ജോസഫ്)

ഒരു പാതിരാവിലെന്‍ നെടുവീര്‍പ്പുകള്‍,
തുടികൊട്ടിയുണ്ണിയെ വരവേല്‍ക്കുവാന്‍;
ഉണര്‍വിന്‍ തിരിതെളിച്ചിരുളകറ്റി,
കണികാണുവാനുടല്‍ കളമൊരുക്കി, 
മുളപൊട്ടിയടരുവാന്‍ കാത്തിരിക്കെ,
ഘടികാരസൂചികള്‍ തിരയിളക്കി;
വേദനയ്ക്കാനന്ദം വരദാനമാകാന്‍,
സഹനക്കൊടുമുടി കയറുന്ന വേള,
'മംഗലവാര്‍ത്തയായ്' മകളെത്തിയെന്ന്,
മധുമൊഴി മന്ത്രിച്ചിടുന്നു 'നൈറ്റിംഗേല്‍';
പിറവിസമാഗതമാകുന്നതൊപ്പം,
വിരഹം കരച്ചിലായ് കാതിലെനിക്ക്,
കരളില്‍ മാറ്റൊലിക്കൊണ്ട സംഗീതവും,
അമ്മയായ് ധന്യമായ്ത്തീരും മുഹൂര്‍ത്തവും;
തായ്മരം തളിരിട്ട വാത്സല്യമേ, മമ,
ജന്മസുകൃതമേ, നിര്‍വൃതിയാര്‍ന്നു ഞാന്‍,
പുളകപ്പുതപ്പു പുതച്ചുകിടക്കവെ,
ഉള്ളത്തില്‍ ഭീതിദമായെത്ര ചിന്തകള്‍!
സങ്കീര്‍ണ്ണഭാവങ്ങള്‍ മാറിമറിയുന്നു,
നൊമ്പരപ്പൂവായി നീയും പൊടുന്നനെ,
അന്തരംഗത്തില്‍ ചലിക്കുന്നു ചിത്രങ്ങള്‍....
പേടിപ്പെടുത്തുന്ന പേക്കിനാവായ് ക്ഷണം;
പെണ്ണായി മണ്ണില്‍ പിറന്നല്ലൊ പൈതലേ!
കണ്ണീര്‍ക്കയങ്ങളില്‍ മുങ്ങിക്കുളിക്കുവാന്‍,
മൊട്ടുവിടര്‍ന്നു പൂവായി, സുഗന്ധമായ്,
കായായ്, കനിയായ്, വളര്‍ച്ചാദശകളില്‍,
ക്ഷൂദ്രകീടങ്ങള്‍ തുളയ്ക്കാതിരിക്കട്ടെ,
ഭദ്രമാകട്ടെയീ വാഴ് വിന്‍ വനികയില്‍;
റാഞ്ചാന്‍ പരുന്തുകള്‍ പാത്തും പതുങ്ങിയും,
വഞ്ചന കണ്‍കളില്‍, കൊക്കില്‍, നഖങ്ങളില്‍,
ദര്‍ശിപ്പൂ, നിന്‍മിഴിച്ചില്ലില്‍ നൈര്‍മ്മല്യമേ!
ദുഃഖത്തിന്‍ മുത്തുകളേന്തും മുഖങ്ങളെ;
ദയനീയമായത്ര ജീവിതസത്യങ്ങള്‍,
ദിനവും ഭവിച്ചിടുന്നീ വഴിത്താരയില്‍;
ഈ ലോകസാഗരം തന്നില്‍ നിരന്തരം,
നാരീവിലാപതരംഗജാലങ്ങളോ?
സര്‍വംസഹേ, പ്രിയ പെണ്‍മക്കളേഴകള്‍,
നിര്‍ദ്ദയം നിന്ദിത, രാലംബമറ്റവര്‍,
വേരുമുറിഞ്ഞവര്‍, പേരു മറന്നവര്‍,
പീഢിതര്‍, കേണുഴലുന്നോരബലകള്‍;
ക്രൂരതകുത്തിപ്പിളര്‍ന്നവ, രന്‍പിനായ്,
കൈക്കുമ്പിള്‍ നീട്ടിത്തളര്‍ന്നു നില്‍ക്കുന്നവര്‍,
പ്രായവും, കാലവും, ദേശവുമെന്നിയെ,
വിസ്്മൃതിക്കുള്ളിലമര്‍ന്നു പോകുന്നിവര്‍.
ഈറ്റുനോവിന്‍ മഹത്തായ സമ്മാനമേ,
സ്ത്രീത്വം സഫലമാക്കുന്ന മാതൃത്വമേ,
മന്നിന് സ്‌നേഹാര്‍ദ്ര സന്ദേശമേകുന്ന,
ദിവ്യനിയോഗമായ് മറ്റേതുവിസ്മയം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക