
"നാണ്വോ തെങ്ങില് കേറണതൊക്കെ കൊള്ളാം. മൂത്ത നാളികേരം മാത്രം ഇട്ടാ മതി. ഒള്ള കരിക്കൊക്കെ വെട്ടിയിട്ടാൽ പത്തു പൈസ തരില്ല ഞാൻ."
"നിനക്കീയിടെയായി നമ്മളോടൊക്കെ ഒരു ബഹുമാനോംല്ലാണ്ടായേക്കണു. "
തെങ്ങു കേറാൻ വന്ന നാണുവിനോട് അമ്മ പറയുന്നതു കേട്ടാണ് വാസു പുറത്തേയ്ക്കിറങ്ങി വന്നത്. വാസുവിനെ കണ്ടപ്പോ നാണു ചിരിച്ചു കൊണ്ട് അവൻ്റെ അടുത്തേയ്ക്കു വന്നു.
"ദേവകിയമ്മ കലിപ്പിലാണല്ലോ വാസ്വാേ? "
മെല്ലെപ്പറയ്. ഇനി ഇതെങ്ങാൻ കേട്ടാ വീണ്ടും തുടങ്ങും. എനിയ്ക്ക് ഇവിടുന്നിറങ്ങാൻ പറ്റില്ല.നീ തെങ്ങുകേറീട്ട് വേഗം വരാൻ നോക്ക്. ഇന്ന് ക്ലാസ്സുണ്ട് . ഞാൻ വായനശാലയിലുണ്ടാവും. നീ വരുന്നില്ലേ?
"നീ വിട്ടോ. ഇതു ലാസ്റ്റാ. വീട്ടിൽ പോയി കുളിച്ച് പെട്ടെന്നു വരാം." തെങ്ങിൽ കയറുന്നതിനിടെ നാണു പറഞ്ഞതു കേട്ട് വാസു കയ്യാലയിലേയ്ക്ക് നടന്നു.
വായനശാലയിലേയ്ക്ക് അധിക ദൂരമില്ല. വരുമ്പോൾ രാത്രിയാകും.സൈക്കിളെടുക്കാം.
അവിടെ വൈകീട്ട് ആറര മുതൽ എട്ടര വരെ കുട്ടൻ മാഷ്
വിവിധ പരീക്ഷകൾക്കുള്ള കോച്ചിങ്ങ് ക്ലാസ്സു നടത്തണുണ്ട്. പഠിയ്ക്കുന്നവരും ചെറിയ ജോലികൾ ചെയ്യുന്നവരുമാണ് പഠിതാക്കൾ.
എംകോം കഴിഞ്ഞു എന്നല്ലാതെ ഒരു ജോലി കണ്ടെത്താൻ ഇതു വരെ തനിയ്ക്ക് കഴിഞ്ഞിട്ടില്ല.
നാണുവിനെപ്പോലെ കിട്ടണ ജോലി ചെയ്തു ജീവിക്കാംന്നു വച്ചാൽ പിന്നെ വീട്ടിൽ കേറാൻ പറ്റില്ല. വീട്ടിലുള്ളവരുടെ ആഢ്യത്വത്തിന് നാട്ടിലെ ചെറുവക ജോലികളൊന്നും പറ്റില്ല.
പലയിടത്തും ആപ്ലിക്കേഷനയച്ചു. നല്ല
റെക്കമന്റേഷനോ എക്സ്പീരിയൻസോ ഉണ്ടെങ്കിലേ ജോലി കിട്ടൂ എന്ന അവസ്ഥയാണ്.
കൂടെപ്പഠിച്ച ജിതിനാണ് വായനശാലയിലെ കോച്ചിങ് ക്ലാസ്സിനെക്കുറിച്ച് പറഞ്ഞത്.
വീട്ടിലിരുന്ന് പഠിയ്ക്കാനേ പറ്റില്ല. താനെന്തെങ്കിലും വായിയ്ക്കാനോ എഴുതാനോ തുടങ്ങിയാൽ വിഷ്ണു ഉച്ചത്തിൽ പാട്ടുവയ്ക്കും. അല്ലെങ്കിൽ ടി വി ഉറക്കെ വയ്ക്കും.
വിഷ്ണു തന്നേക്കാൾ അഞ്ചുവയസ്സിനുമൂത്തതാ . കൂട്ടുകാർ അവരുടെ ചേട്ടന്മാരുടെ സ്നേഹത്തെക്കുറിച്ച്, കെയറിങ്ങിനെക്കുറിച്ച് പറയുമ്പോൾ തനിയ്ക്കോർക്കാൻ നല്ലതൊന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ ഒരു ശത്രുവിനെപ്പോലെയാണ് വിഷ്ണു കണ്ടിട്ടുള്ളത്.
പരീക്ഷയായാൽ തന്റെ പുസ്തകങ്ങൾ ഒളിപ്പിച്ചു വയ്ക്കൽ വിഷ്ണുവിന്റെ വിനോദമായിരുന്നു..
പത്താം ക്ലാസ് ജയിക്കാൻ പറ്റാത്ത വിഷമം തീർക്കുന്നത് തന്നെ ഉപദ്രവിച്ചു കൊണ്ടാണ്. എന്നിട്ടും എല്ലാ ക്ലാസ്സിലും നല്ല മാർക്കു വാങ്ങിയത് താൻ പാസ്സായി.
അമ്മയുടെ ഓമനപ്പുത്രൻ വിഷ്ണുവാണ്. അച്ഛനിഷ്ടം മൂത്ത സഹോദരി വിമലയേയും. ആർക്കും വേണ്ടാത്തവനായിട്ടാണ് വളർന്നു വന്നത്.
വിഷ്ണു പത്തിലും വിമല പ്രിഡിഗ്രിയിലും പഠനം അവസാനിപ്പിച്ചു.
വിമലയെ ഒരു ഗൾഫ്കാരന് കല്യാണം കഴിച്ചു കൊടുത്തു. വിഷ്ണു ഒരു ജോലിയ്ക്കും ഇന്നുവരെയും ശ്രമിച്ചതായി അറിവില്ല.
സമയത്തിന് ഭക്ഷണം കഴിച്ച് എല്ലാരേയും ശാസിച്ച് പാരമ്പര്യത്തിൻ്റെ കണ്ണിയാവാനുള്ള ശ്രമത്തിലാണ്. ലോകം മാറിയത് അവനിപ്പോഴും അറിഞ്ഞിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആ വീട്ടിൽ താൻ മാത്രമാണ് നിഷേധിയും തൻകാര്യക്കാരനുമെന്ന് അമ്മ ഇടയ്ക്കിടെ പറയും ..
ആദ്യകാലങ്ങളിൽ അതു കേൾക്കുമ്പോൾ വലിയ സങ്കടമായിരുന്നു.. പിന്നെപ്പിന്നെ എന്തു കേട്ടാലും ഒന്നും തോന്നാതായി.
" മുങ്ങുന്നതു വരേയേ കുളിരുള്ളൂ" എന്ന് അമ്മമ്മ ചെറുപ്പത്തിൽ പറയാറുള്ളത് സത്യമാണ്.
താൻ പഠിയ്ക്കുന്നതിനോട് ആർക്കും വലിയ താത്പര്യമൊന്നും ഉണ്ടായിട്ടല്ല. സുഹൃത്തുക്കളുടെ പുസ്തകങ്ങളും കോളേജ് ലൈബ്രറിയുമായിരുന്നു ആശ്രയം.
കോളേജിൽ നിസ്സാര ഫീസേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ നിന്ന് അതു കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. അവിടേം തുണച്ചത് നാണുവടക്കമുള്ള സുഹൃത്തുക്കളായിരുന്നു.
പണ്ടത്തെ ജന്മിമാരുടെ കുടുംബമാണ്. കാലം മാറിയത് അച്ഛനുമമ്മയും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാരേയും പുച്ഛമാണ്.
എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
വായനശാലയിൽ എല്ലാരും എത്തിയിട്ടുണ്ട്. കുട്ടൻ മാഷ് ചിരിച്ചുകൊണ്ട് ഒരു പേപ്പറും ഉയർത്തിപ്പിടിച്ച് വന്നു. സ്റ്റാഫ് സെലക്ഷൻ വിജ്ഞാപനം വന്നിട്ടുണ്ട്. എല്ലാരും അപേക്ഷിച്ചോളൂ.
ഇന്നു മുതൽ കൃത്യമായി പ്ലാൻ ചെയ്തു പഠിച്ചാൽ ഉറപ്പായും ജോലി കിട്ടും. എല്ലാരും വലിയ ആവേശത്തിലാണ്. വാസുവിന് വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല.
ഓപ്പൺ മെറിറ്റുകാർക്ക് നല്ല റാങ്കു വേണം എന്നാലേ കിട്ടൂ.
തന്റെ വീട്ടിലെ സാഹചര്യം അധികമാർക്കുമറിയില്ല. പറയാനുമാവില്ലല്ലോ.
എട്ടു മണിയ്ക്ക് ക്ലാസ്സു കഴിഞ്ഞ് ഇറങ്ങുമ്പോൾ കുട്ടൻ മാഷ് വിളിച്ചു. കുറച്ചു കഴിഞ്ഞിറങ്ങാംന്നു പറഞ്ഞപ്പോൾ അസ്വാഭാവികമായൊന്നും തോന്നിയില്ല.
വായനശാല പൂട്ടി ഇറങ്ങാനൊരു കൂട്ടിന് നിർത്തിയതാവുംന്ന് കരുതി.
എല്ലാരും പോയി എന്നുറപ്പായപ്പോൾ കുട്ടൻ മാഷ് കസേര എടുത്തിട്ട് ഇരുന്നു. " തന്റെ അച്ഛൻ ഇന്നെന്നെ കാണാൻ വന്നിരുന്നു. ഈ നാട്ടിലെ പിള്ളേരെ മുഴുവൻ വഴി തെറ്റിയ്ക്കുന്ന ഞാൻ അക്കൂട്ടത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നു പറഞ്ഞു. "
അടിയേറ്റ പോലെ ഇരുന്നു പോയി. "മാഷേ ഞാൻ ...."
"അറിയാടോ . തന്റെ അച്ഛനൊന്നും ഇപ്പഴും നേരം വെളുത്തിട്ടില്ല. ചെത്തുകാരൻ വേലുവിന്റെ മകൻ എന്റെ മകനെ എന്തു പഠിപ്പിയ്ക്കാനാന്നാ ചോദ്യം. "
ഇതിനു മറുപടി തരേണ്ടത് താനാ . എങ്ങനെയാണെന്നോ . റാങ്ക് ലിസ്റ്റിൽ ഒന്നാമനായിട്ട്. തനിയ്ക്കു പറ്റും. ഇതു പറയാനാ ഞാൻ തന്നെ നിർത്തിയത്.
നിസ്സാരമായി തന്നെ ഒഴിവാക്കിക്കളയാമായിരുന്നിട്ടും ചേർത്തുപിടിച്ച് ജീവിതത്തിൽ തന്നെ വിജയിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന ആഗുരുവിനു മുന്നിൽ കൈകൾ കൂപ്പി നിൽക്കുമ്പോൾ മനസ്സിൽ അതുവരെയില്ലാത്തൊരു ഊർജ്ജം നിറയുന്നതവനറിഞ്ഞു...