Image

സിനിമയില്‍ നവഭാവുകത്വം സൃഷ്ടിച്ച കെ ജി ജോര്‍ജ്  (1946 -2023 സെപ്റ്റംബര്‍ 24) - പി എസ് ജോസഫ്‌

Published on 24 September, 2023
സിനിമയില്‍ നവഭാവുകത്വം സൃഷ്ടിച്ച കെ ജി ജോര്‍ജ്  (1946 -2023 സെപ്റ്റംബര്‍ 24) - പി എസ് ജോസഫ്‌

മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ  സംവിധായകരില്‍ ഒരാളാണ് കെ ജി ജോര്‍ജ് എന്ന കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് . സര്‍ഗ്ഗാല്‍മകമായി മാത്രമല്ല ബോക്സ്‌ ഓഫീസിലും വിജയിച്ച ചിത്രങ്ങളുടെ സംവിധായകന്‍. മലയാള സിനിമയില്‍ ഒരു പുത്തന്‍ ഭാവുകത്വത്തിന്‌ വഴിയുറപ്പിച്ച സംവിധായകന്‍. 1986 ലെ  സ്വപ്നാടനം മുതല്‍ 1998 ലെ ഇലവങ്കോട് ദേശം വരെ 19 ചിത്രങ്ങള്‍ കൊണ്ടു സ്വയം അടയാളപ്പെടുത്തിയ വ്യക്തി . യവനിക പോലെ , ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് പോലെ അല്ലെങ്കില്‍ ആദാമിന്റെ വാരിയെല്ല് പോലെ ഒരിക്കലും ആവര്‍ത്തിക്കാത്ത പ്രമേയങ്ങള്‍ . തനത് സിനിമ ഭാഷ . പഞ്ചവടിപ്പാലം പോലെ അഭിനേതാക്കളെ കാരിക്കേച്ചര്‍ ആക്കിമാറ്റിയ  അസാധാരണ വൈവിധ്യം ഘോഷിക്കുന്ന സിനിമകള്‍ . മേളം എന്ന സിനിമയില്‍ കുള്ളനായ രഘു ആണ് നായകന്‍ . സ്വപ്നാടനത്തില്‍ കൊമേര്‍ഷ്യല്‍ സിനിമയുടെ ഡാര്‍ലിംഗ് റാണി ചന്ദ്ര യാഥാര്‍ത്ഥ്യത്തിന്‍റെയും സ്വപ്നത്തിന്റെയും പാളികളിലൂടെ ജീവിക്കുകയാണ് . കോലങ്ങളില്‍ മേനകയും തിലകനും കടുത്ത നിറങ്ങളില്‍ ഗ്രാമത്തെ അവതരിപ്പിക്കുന്നു . സ്ത്രീകളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന ആദാമിന്റെ വാരിയെല്ല് . ശ്രീവിദ്യയും സൂര്യയും സുഹാസിനിയും അവതരിപ്പിച്ച അപൂര്‍വ്വ സ്ത്രീ സിനിമ . പ്രതിനായകന് ജീവിതനിറങ്ങള്‍ നല്‍കിയ ഇരകള്‍. പില്‍ക്കാലത്ത് അതിനു മറ്റൊരു സ്ക്രീന്‍ വ്യഖ്യാനവും ഉണ്ടായി . സ്നേഹത്തിന്‍റെ പവിഴകാന്തി സമാനിച്ച ഉള്‍ക്കടല്‍ ഇന്നും പ്രണയത്തിന്റെ ഉദാത്ത ഭാവങ്ങളും രാഗങ്ങളും ആ ചിത്രമാണ് നമുക്ക് സമ്മാനിച്ചത്. അതിലെ ഒരു ഗാനരംഗം ഒരു പ്രശസ്തമായ കഥയ്ക്ക് തന്നെ മുഹൂര്‍ത്തമായി 

      ആ കയ്യിലൂടെ ഏതു കളിമണ്‍ ആണ് മൂര്‍ത്തമായ ഭാവങ്ങളുള്ള നടനായി മാറാതിരുന്നത്‌? ജീവിതത്തെ ആഘോഷിക്കുമ്പോള്‍ തന്നെ ഇന്നത്തെ മലയാളിയെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അദ്ദേഹം കാഴ്ചയുടെ ലോകത്തേക്ക് കൊണ്ടു വന്നു . മനശാസ്ത്രവും സിനിമയും രാഷ്ട്രീയവും അധികാരവും വഞ്ചനയും സ്ത്രീകളും എല്ലാം ആ സിനിമകളില്‍ പ്രധാന കഥതന്തുവായി. താരങ്ങളെ നടനോ നടിയോ ആയി മാത്രം കണ്ട ഒരു സംവിധായകന്‍ രണ്ടു  ദശകമായി മലയാളി സിനിമയില്‍ ആധിപത്യം ചെലുത്തുന്ന താരാധിപത്യത്തില്‍ ഇരയായി മാറിയെങ്കിലും കാലത്തെ വെല്ലുവിളിക്കുന്ന സൃഷ്ടികളായി അദ്ദേഹത്തിന്‍റെ  സിനിമകൾ നിലകൊള്ളുന്നു .

   വ്യത്യസ്തതയാണ് കെ ജി ജോര്‍ജ് ചിത്രങ്ങളുടെ മുഖമുദ്ര . തികഞ്ഞ അര്‍പ്പണബോധത്തോടെ മികവുറ്റ ശില്പഭംഗിയോടെ ഒരു നിമിഷവും ചെടുപ്പിക്കാതെ എടുത്ത ചിത്രങ്ങള്‍ ആണ് അവ. കഥക്കുള്ളില്‍ കഥയോ സ്വപ്‌നങ്ങള്‍ക്കുള്ളിലെ യാഥാര്‍ത്ഥ്യമോ നാടകത്തില്‍ ജീവിതമോ പല അടരുകളായി ആവിഷ്ക്കരിക്കാന്‍ അദ്ദേഹത്തിനു അസാധാരണ വൈദഗ്ദ്യമുണ്ട് ..മ ക്ബെത് പ്രമേയമാക്കിയ അവസാന ചിത്രം ഇലവങ്കോട് ദേശം പോലും മാസ്മരികമായ ഒരു കാലദേശ അനുഭവമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.

   അനുഭവങ്ങളെയും ജീവിതത്തെയും വ്യാഖ്യാനിക്കാനുള്ള കഴിവാണ് തന്‍റെ തന്നെ ജനുസ്സില്‍ പെട്ട  സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വ്യതിരക്തനാക്കുന്നത് . പിരിമുറുക്കം നിറഞ്ഞ കുറ്റാന്വേഷണകഥയാണ്‌ യവനിക . പക്ഷെ അദ്ദേഹം യവനിക മാറ്റുമ്പോള്‍ നാം കാണുന്നത് പച്ചയായ ജീവിതവും.  കഥയ്ക്കുള്ളിലെ ഈ കഥ വീണ്ടും പല അടരുകളായി അദ്ദേഹം കോര്‍ത്തു നെയ്യുന്നു . സ്ക്രീന്‍ അതിന്റെ ചതുര വടിവ് വെടിഞ്ഞു യഥാര്‍ത്ഥ മണ്ഡലങ്ങളില്‍ പ്രവേശിക്കുന്നു .. അസാധാരണ ശില്പിക്ക് മാത്രം കരഗതമായ മികവ് ആണ് അദ്ദേഹത്തിന്‍റെ സിനിമയുടെ പ്രത്യേകത . വ്യത്യസ്തമായ മനുഷ്യാവസ്ഥകളെ കാണാനും അവയോടു സഹാനുഭൂതിയോടെ നോക്കാനും അദ്ദേഹം ഓരോ  സിനിമയിലും ശ്രമിക്കുന്നു .

   പാട്ടിനോട് ആഭിമുഖ്യം പുലര്‍ത്താത്ത അദ്ദേഹത്തിന്‍റെ, അല്ലെങ്കില്‍ അത്തരം സംവിധായകരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം പാട്ട് അവതരിച്ചപ്പോള്‍ അതൊരു സെന്‍സേഷനായി . യവനികയിലെ ഭരതമുനി ഒരു കളം വരച്ചു ആയാലും ഉള്‍ക്കടലിലെ എന്‍റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ നായിക ആയാലും ആ സ്പര്‍ശം സവിശേഷമാണ് 

  ചിലമ്പിച്ച അച്ചടി ഭാഷയല്ല ജീവിതത്തില്‍ നിന്ന് പറിച്ചു നട്ട വാക്കുകള്‍ ആണ് കോലങ്ങളില്‍ ആയാലും പഞ്ചവടി പാലത്തില്‍ ആയാലും ഉള്‍കടലില്‍ ആയാലും നമുക്ക് കാണാവുന്നത്‌ .

  അദ്ദേഹത്തിന്‍റെ അഭിനേതാക്കള്‍ അദ്ദേഹത്തിന്‍റെ സിനിമക്ക് മേലെ പോയില്ല . അത് കുള്ളന്‍ ആകാം . കൊലപാതകി ആകാം രാഷ്ട്രീയ നേതാവ് ആകാം . തബല അയ്യപ്പനില്‍ നിന്ന് ദുശാസന കുറുപ്പായിരൂപം മാറാന്‍ ഗോപിക്ക് കഴിഞ്ഞത് ജോര്‍ജിന്‍റെ ആ മികവ് മൂലമാണ് .

   മലയാളസിനിമയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇടപെട്ട അദ്ദേഹത്തെ പോലെയുള്ള ചുരുക്കം ചിലസംവിധായകര്‍ ആണ് നമ്മുടെ സിനിമയുടെ പുത്തന്‍ വ്യാകരണം സൃഷ്ടിച്ചത് .ആ കസേരയില്‍ താരങ്ങള്‍ കയറിയിരുന്നു സംവിധായകനെ നോക്കുകുത്തിയാക്കി .പക്ഷേ അതിനു വഴങ്ങാതെ തന്‍റെ ബാറ്റന്‍ താഴെ വെച്ചു തന്‍റെ അടയാളം മാത്രം ബാക്കി വെച്ചു ഒരു പ്രതിഭ നമ്മോടു വിടവാങ്ങുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക