Image

അലൻസിയറും പെൺപ്രതിമയും (സുധീർ പണിക്കവീട്ടിൽ)

Published on 24 September, 2023
അലൻസിയറും പെൺപ്രതിമയും (സുധീർ പണിക്കവീട്ടിൽ)

ഒരു പ്രതിമയെപോലും കേരളത്തിലെ പുരുഷന്മാർ വെറുതെ വിടില്ലെന്ന മിമിക്രിക്കാരന്റെ ഫലിതത്തിനു ഇപ്പോൾ പ്രസക്തിയേറുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ചശേഷം  സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന ആക്ഷേപണം നേരിടുന്ന നടനാണ് ശ്രീ അലൻസിയർ.  പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്. വാസ്തവത്തിൽ പെൺപ്രതിമകൾ നൽകുന്നതിനെ എതിർക്കേണ്ടത് വനിതകളാണ്.
ശിൽപ്പികൾ സ്ത്രീരൂപങ്ങൾ കൊത്തിയെടുത്ത് അതിനെ വാണിജ്യവൽക്കരിക്കയാണ് ചെയ്യുന്നത്. അത്തരം പ്രതിമകൾ  പുരുഷന്മാർക്ക് ഉന്മാദലഹരി പകർന്നെങ്കിൽ എന്തിനു പുരുഷന്മാരെ പഴിക്കണം. ഏതൊരു ഉൽപ്പന്നം വിപണിയിലിറക്കുമ്പോഴും അതിന്റെ പരസ്യങ്ങളിൽ പതിഞ്ഞു കിടക്കുന്നത് സുന്ദരിമാരായ സ്ത്രീകളുടെ അവയവവടിവും മുഖസൗന്ദര്യവുമാണ്. മോഡലുകൾ പണം വാങ്ങി  പ്രദർശന വസ്തുക്കളാകുന്നത് സദാചാരവക്താക്കൾ വരെ  മൂകമായി അംഗീകരിക്കുന്നുണ്ട്.പ്രശസ്തിയും ധനവും  ലഭിക്കുമ്പോൾ തങ്ങൾ ഉപഭോഗവസ്തുക്കളാകുന്നോ ഉപകരണങ്ങളാകുന്നോ എന്നൊന്നും വനിതകൾ ആലോചിക്കാറില്ല. 
സ്ത്രീയുടെ ആകർഷകവലയങ്ങളിൽ  അകപ്പെടാത്ത പുരുഷഹൃദയങ്ങളില്ലെന്ന വിശ്വാസം മുഴുവനായി തെറ്റുമല്ല. തേൻകെണി എന്ന ആശയം ഒരു പക്ഷെ കൊണ്ടുവന്നത് ദേവേന്ദ്രനാണ്. ഹിന്ദു വിശ്വാസങ്ങളിൽ ദേവന്മാരുടെ തലവനായി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. അപ്സരസ്സുകളാണ് അദ്ദേഹത്തിന്റെ ആയുധം. ഏതു താപസഹൃദയവും കവരാൻ ഈ മോഹിനിമാർക്ക് കഴിയുന്നു.  ആ അടവ് തന്നെയാണ് ഇന്ന് കച്ചവട രംഗത്ത് നടക്കുന്നത്. 
1969 ഇൽ ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ പുരസ്കാരദാനത്തിനായി രൂപകൽപ്പന ചെയ്ത ഈ സ്ത്രീപ്രതിമ എല്ലാവരും ഏറ്റുവാങ്ങിയെങ്കിലും അലന്സിയറെ പോലെ ആരും വിമർശിച്ചില്ല. കേരളത്തിലെ സ്ത്രീകൾ ഈ നടൻ സ്ത്രീവിരുദ്ധപരാമർശം നടത്തിയെന്ന് പറയുന്നുനത് കേൾക്കുമ്പോൾ ചിരിയടക്കാൻ കഴിയുന്നില്ല.  നഗ്നയായ ഒരു സ്ത്രീരൂപം പുരസ്‌കാരമായി കൊടുക്കുമ്പോൾ സ്ത്രീവിരുദ്ധത കാണിക്കുന്നത് അത് കൊടുക്കുന്നവരല്ലേ. 
സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപ്പം നൽകുമ്പോൾ സ്ത്രീകളെ ബഹുമാനപൂർവ്വം കാണേണ്ടവനാണ് കലാകാരൻ എന്നാണു പൊതു അഭിപ്രായം. പ്രത്യേകിച്ച് സ്ത്രീകളുടെ. അത്തരം ശിൽപ്പങ്ങൾ വാങ്ങാൻ താൽപര്യമില്ലെങ്കിൽ അത് വാങ്ങാതെയിരിക്കയായിരുന്നു അദ്ദേഹം ചെയ്യേണ്ടത് അല്ലാതെ പ്രഗത്ഭർ അടങ്ങുന്ന ഒരു സദസ്സിനു മുന്നിൽ അത്തരം പരാമർശം നടത്തരുതായിരുന്നുവെന്നു സദാചാരപ്രിയർ അഭിപ്രായപ്പെടുന്നു. അതേസമയം പെൺപ്രതിമകൾ ഉണ്ടാക്കുന്നത് സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണോ അതോ അവരെ കച്ചവടച്ചരക്കാക്കുന്നതാണോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നൊക്കെ കേരളത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അദ്ദേഹം തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. പ്രലോഭനത്തിൽ അകപ്പെടാത്ത അവസ്ഥ ഒരിക്കലും ഒരു പാപമല്ല നാം പ്രലോഭനത്തിനു ഏൽപ്പിച്ച് കൊടുക്കുമ്പോഴാണ് പാപം സംഭവിക്കുന്നത്. (ബൈബിൾ യാക്കോബ് 1:13 -15)  ഒരു പക്ഷെ പ്രലോഭനങ്ങളിൽ പെടാതിരിക്കാൻ അത്തരം പ്രതിമകൾ വേണ്ടെന്നു പറയാൻ അല്ലെങ്കിൽ നിർദേശിക്കാൻ അദ്ദേഹത്തിന് അവകാശമില്ലേ. എനിക്ക് പെൺപ്രതിമകളല്ല പുരുഷപ്രതിമകൾ വേണമെന്ന നടന്റെ ആവശ്യം എങ്ങനെ സ്ത്രീവിരുദ്ധ പ്രസ്താവനയായി കാണുന്നുവെന്ന് മനസിലാകുന്നില്ല.
അദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കുകയില്ല. മനോഹരമായ പെൺശില്പങ്ങൾ പുരുഷന്റെ ധമനികളിൽ കാമം ആളിപ്പടർത്തിയിട്ടുണ്ട്. അതറിയുന്നതുകൊണ്ടാവാം പെൺശില്പങ്ങൾ  പണ്ടുമുതലേ സൃഷ്ടിക്കപ്പെടുന്നു. കൃസ്തുവിനു 25000 മുതൽ 28000 വര്ഷം മുമ്പ് സൃഷ്ടിക്കപ്പെട്ട ഒരു സ്ത്രീപ്രതിമയെ വീനസ് ഓഫ് വിലിൻഡോഫ് എന്ന് വിളിക്കുന്നു. ഓസ്ട്രിയയിലെ വിലെൻഡോഫ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഉൽഖനനം നടത്തുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്.  പ്രാചീനകാലത്ത് നിർമ്മിക്കപ്പെട്ട സ്ത്രീരൂപങ്ങളെ വീനസ് പ്രതിമകൾ എന്ന് കൂട്ടായി വിശേഷിപ്പിച്ചതായി കാണുന്നു. 
ചിലപ്പോൾ പ്രതിമകളിൽ മോഹം ജനിക്കുമ്പോൾ അതിനു ജീവൻ വയ്ക്കാനും മതി. റോമൻ കവി ഓവിഡ് എഴുതിയ മെറ്റമോർഫോസിസ് എന്ന പുസ്തകത്തിൽ പിഗ്മാലിയൻ എന്ന ഒരു ശില്പിയെപ്പറ്റി പറയുന്നുണ്ടു  അദ്ദേഹം ആനക്കൊമ്പിൽ പണിതീർത്ത സുന്ദരിയുടെ രൂപത്തിൽ അദ്ദേഹം തന്നെ ആകൃഷ്ടനായി. അതിനോട് അമിതമായ പ്രണയം ഉണ്ടായി. ആ പ്രതിമയെ വിവാഹം കഴിക്കാൻ വരെ അദ്ദേഹത്തിനു ആഗ്രഹമുണ്ടായി. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിനു വഴിപാടുകൾ അർപ്പിച്ച് പ്രതിമയെ ജീവൻ വയ്ക്കിപ്പിക്കണമേ എന്ന് അദ്ദേഹം അകമഴിഞ്ഞ് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പ്രതിമയുടെ നെറ്റിയിൽ അയാൾ വികാരാവേശത്തോടെ ചുംബിച്ചു. ഉടനെ പ്രതിമക്ക് ജീവൻ ലഭിക്കയും ശില്പിയുടെ മോഹം സാക്ഷത്കരിക്കപ്പെടുകയും ചെയ്തു. വീട്ടിൽ കൊണ്ടുപോകുന്ന പ്രതിമകളോട് വികാരവായ്പ്പ് തോന്നിയാൽ അവയെല്ലാം ജീവൻ വച്ച് വന്നാലത്തെ അവസ്ഥ നടൻ ആലോചിച്ചിരുന്നോ എന്തോ😀. സ്ത്രീപ്രതിമകളെ  ജീവനുള്ളവയായി കാണുന്നുണ്ട് ചില മത വിശ്വാസികൾ. തുണിക്കടകളിലെ സ്ത്രീരൂപത്തിലുള്ള  ബൊമ്മകളെ  (mannequin)  ആളുകൾ ആരാധിക്കുകയും മോഹിക്കുകയും ചെയ്യുന്നത് കണ്ടു  താലിബാനികൾ അള്ളാഹു അക്ബർ എന്ന് തക്ബീർ മുഴക്കി ഇതെല്ലാം  ഇസ്‌ലാമിന് എതിരാണെന്ന് പറഞ്ഞു ബൊമ്മകളുടെ മുഴുവൻ തല അറുത്തുകളഞ്ഞു  
സ്ത്രീപ്രതിമ പ്രലോഭനം ഉണ്ടാക്കുന്നുവെന്നു പറഞ്ഞതിൽ എന്താണ് സ്ത്രീവിരുദ്ധത. പെണ്ണുടലിന്റെ അഴക് മുഴുവൻ വർണ്ണിക്കുന്ന വരികൾ,  അവളുടെ രതിഭാവദൃശ്യങ്ങൾ ഒക്കെ കവികൾ എഴുതിയിട്ടുണ്ടല്ലോ.അതൊക്കെ അവർക്കുണ്ടായ പ്രലോഭനങ്ങളിൽ നിന്നല്ലേ  മലയാളത്തിലെ കവിത്രയങ്ങളിൽ ഒരാളായ മഹാകവി വള്ളത്തോളിന്റെ ഈ വരികൾ വായിക്കുക. 
"വെണ്ണ തോല്ക്കുമുടലില്‍ സുഗന്ധിയാ
മെണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലരുളുമാനതാംഗിമു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം."
ഒരു സുന്ദരിയെ കണ്ട്  മറ്റൊരു  കവി എഴുതി "അരികിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു"  തീർന്നില്ല അവളുടെ മേനിയിൽ "ഒരു പൂണൂലായി പറ്റി കിടക്കാനും" കൊതിച്ചുവത്രെ. വെൺചന്ദ്രലേഖയെക്കണ്ടു അതൊരു അപ്സരസ്ത്രീയാണെന്ന്‌ സങ്കൽപ്പിക്കുന്നു കവി. അവളുടെ വരവിനെ വർണ്ണിക്കുന്നത് ശ്രദ്ധിക്കുക. 


"മാറിലെ മദനാംഗരാഗം കുതിര്‍ന്നും
മകരമഞ്ജീരമുതിര്‍ന്നും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും
അവള്‍ വരുമ്പോള്‍
ഞാനും എന്‍ മധുവിധുമേനകയും
ആ നൃത്തമനുകരിക്കും - സ്വപ്നങ്ങള്‍
ആപാദരമണീയമാക്കും".
കലാകാരന്മാർ വികാരജീവികളാണ്. അവരുടെ ആശകളും അഭിലാഷങ്ങളും എഴുത്തിലൂടെ അവർ പ്രകടിപ്പിക്കുന്നു. നിത്യബ്രഹ്മചാരിയായ ആദിശങ്കരൻ പോലും അദ്ദേഹത്തിന്റെ സൗന്ദര്യലഹരിയിൽ ത്രിപുരസുന്ദരിയെപ്പറ്റി  (പാർവതി ദേവി) വളരെ ശൃങ്കാരപ്രദമായ വരികളിലൂടെ വിവരിക്കുന്നുണ്ട്. പ്രലോഭനങ്ങൾ ഇല്ലെങ്കിൽ പ്രകൃതി നിശ്ചലമാകും അതിനെയെല്ലാം മെയിൽ ഷോവനിസമം (male Chauvinism) എന്ന് പറയുന്നതിൽ എന്തർത്ഥം. വിശ്വസുന്ദരികളെ തിരഞ്ഞെടുക്കുമ്പോൾ അവരോടു കറുത്ത നിറമുള്ള ബ്രായും പാന്റീസും ധരിക്കാൻ പറഞ്ഞിരുന്നുവത്രെ. കാരണം കറുപ്പിനാണ് ലൈംഗികാസക്തി വര്‍ധിപ്പിക്കാന്‍ കഴിവെന്നു ലൈംഗികശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അഭിനേത്രിയും സംഗീതനാടക ഗായികയുമായ ലൂസിയ എലിസബത്ത് മാത്യുസ്സിന്റെ     (മാഡം വെസ്ട്രിസ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന) കാലുകളുടെ ഭംഗി പ്രേക്ഷകരെ കൊതിപ്പിച്ചിരുന്നത്രെ. അവരുടെ കാലുകളുടെ പ്ലാസ്റ്റർ ഓഫ് പാരീസ് ഉണ്ടാക്കി സ്മാരകവസ്തുവായി വില്പന നടത്തിയിരുന്നു.അവരുടെ അമ്പതാമത്തെ വയസ്സിലും അവർക്ക്    ഉടയാത്ത നിതംബങ്ങൾ ഉണ്ടായിരുന്നുവെന്നും അവരുടെ സിനിമകളിൽ അവ പ്രത്യേകം ഫോക്കസ് ചെയ്തിരുന്നവെന്നും അവരെപ്പറ്റിയുള്ള വിവരണങ്ങളിൽ കാണാം.  അതൊരു അംഗീകാരമായി എടുക്കുന്നതല്ലേ അഭികാമ്യം. സ്ത്രീയുടെ അവയങ്ങൾ വില്പന വസ്തുവാക്കി എന്ന് ദോഷൈകദൃക്കുകൾക്ക് വാദിക്കാം. കല(art) സ്വതന്ത്രമായ ആവിഷ്കാരമാണ്. അവിടെ നഗ്നതയും കാണപ്പെടേണ്ടത് ആ മൂല്യത്തോടെയാണ്,  കലയോടും കലാസൃഷ്ടികളോടും പ്രണയം തോന്നുന്നത് അവ ഒരാളെ പ്രലോഭിപ്പിക്കുമ്പോഴാണ്. അത് ഒരു കുറ്റമായി കാണുന്നത് ശരിയോ?
ശുഭം 

 

Join WhatsApp News
Mary mathew 2023-09-24 11:19:33
Really females are the core point of art .All these are from the start ,not recent .Writers,artist,movie makers all give more importance to females .I think we don’t have to make a huge bad comments for all these .Main entertainment is art We cannot live without this It is the main source of our mental power that means happiness.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക