Image

കാനഡയെ പാക്കിസ്ഥാനെ പോലെയൊരു ശത്രുവായി  കാണാൻ ഇന്ത്യക്കാരെ ട്രൂഡോ പ്രേരിപ്പിക്കുന്നു (പിപിഎം) 

Published on 23 September, 2023
കാനഡയെ പാക്കിസ്ഥാനെ പോലെയൊരു ശത്രുവായി   കാണാൻ ഇന്ത്യക്കാരെ ട്രൂഡോ പ്രേരിപ്പിക്കുന്നു (പിപിഎം) 

 

 

ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവർക്കു കാനഡ അഭയം നൽകുന്നതിനെതിരെ രോഷം ഉയരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കാനഡയുടെ പ്രവർത്തനം പാക്കിസ്ഥാന്റെ രീതികൾ പോലെയായി. ഇരു രാജ്യങ്ങളും സിഖ് വിഘടനവാദികൾക്കു അഭയം നൽകുകയാണ്. 

യുഎസിൽ ഇന്ത്യൻ അംബാസഡർ ആയിരുന്ന നിരുപമ റാവു പറയുന്നു: "അഭിപ്രായ സ്വാതന്ത്ര്യം എന്ന മറ പിടിച്ചു ഈ അക്രമിസംഘങ്ങളെ കാനഡ ന്യായീകരിക്കുമ്പോൾ അവരുടെ മണ്ണിൽ ഖാലിസ്ഥാൻ ഭീകരവാദികൾക്കു തഴച്ചു വളരാൻ കഴിയുന്നു. കാനഡ അത്തരം പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുക തന്നെ വേണം. നമ്മുടെ രാജ്യത്തു ഭീകരതയും അക്രമവും വളർത്താൻ ആ മണ്ണിൽ അവസരം നൽകാൻ പാടില്ല." 

ചാര കഥകൾ സിനിമയ്ക്കു വേണ്ടി എഴുതുന്ന അസീം അറോറ പറയുന്നു: "കിഴക്കിനു പാക്കിസ്ഥാൻ എന്താണോ അതേ പോലെയാണ് പടിഞ്ഞാറിനു കാനഡ ഇപ്പോൾ. പിന്നാമ്പുറത്തു വളരുന്നത് എന്താണെന്ന് കാനഡ കണ്ണു തുറന്നു നോക്കണം." 

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്നു പറയാൻ മടിക്കാത്ത ഇന്ത്യ സമീപകാലത്തു നേടിയ കരുത്തിന്റെ മുഖം ഒരിക്കൽ കൂടി കാട്ടിയെന്ന് അറോറ പറയുന്നു.

എക്സ് എന്നു പേരു മാറ്റിയ ട്വിറ്ററിൽ 'പുതിയ ഇന്ത്യ' യെ കുറിച്ചുള്ള പരാമർശങ്ങൾ പതിവായിട്ടുണ്ട്. കാനഡയെ നേരിടുമ്പോൾ കർശനമായ നിലപാട് അവലംബിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യാപകമായ അഭിനന്ദനം നേടുന്നുമുണ്ട്. 

നരേന്ദ്ര മോദിക്ക് ഇതെല്ലാം ആഭ്യന്തരമായി ഗുണം ചെയ്യുമെന്നു കരുതുന്ന നിരീക്ഷകരുണ്ട്. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ രാജ്യാന്തര കാര്യ പ്രഫസറായ രാജേഷ് രാജഗോപാലൻ പറയുന്നു: "ഇസ്രയേലും യുഎസും വിദേശത്തു ശത്രുക്കൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ ഇന്ത്യയിലെ മധ്യവർത്തി വർഗം അസൂയപ്പെട്ടിരുന്നു. അതൊക്കെ ഇന്ത്യക്കും ചെയ്യാൻ കഴിയുമെന്ന ആരോപണം പോലും ജനത്തിനു സുഖിക്കുന്നതാണ്." 

ആഭ്യന്തര രാഷ്രീയം ട്രൂഡോയുടെ മേൽ സമ്മർദം ചെലുത്തി എന്നാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ചിന്ത. 'ഇന്ത്യൻ എക്സ്പ്രസ്' അത് മുഖപ്രസംഗത്തിൽ പറഞ്ഞു. ജനകീയ പിന്തുണ കുറയുമ്പോൾ ട്രൂഡോ ഒരു പിടിവള്ളി തേടുകയാണ്. 

ക്യാപിറ്റൽ മൈൻഡ് എന്ന നിക്ഷേപക സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ദീപക് ഷേണായ് പറഞ്ഞു: "കാനഡയിലെ ട്രക്ക് ഡ്രൈവർമാർ സമരം ചെയ്തപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തും ഭീകകരെ പോലെയാണ് അവരെ ട്രൂഡോ കൈകാര്യം ചെയ്തത്. പക്ഷെ ഇതാ ഇവിടെ യഥാർഥ ഭീകരർ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കാനഡയിൽ വിലസുന്നു." 

എന്നാൽ സിഖുകാരെ ഭീകരരായി ചിത്രീകരിക്കുന്നതിൽ പഞ്ചാബിൽ അസ്വസ്ഥതയുണ്ട്. അവിടെ ഖാലിസ്ഥാന് വലിയ പിന്തുണയൊന്നും ഇല്ലെന്നു മാധ്യമ ലേഖകൻ ഗുർഷംഷീർ സിംഗ് വാറായിച് പറയുന്നു. തീവ്രവാദം നടമാടിയ കാലഘട്ടം തന്നെ അവർ മറക്കാൻ ശ്രമിക്കുന്ന ഓർമയാണ്. 

Canada behaves like Pakistan of the West 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക