Image

ചെന്താമരയും വെള്ളപ്രാവും (കവിത: ജോസഫ് നന്പിമഠം)

Published on 23 September, 2023
ചെന്താമരയും വെള്ളപ്രാവും (കവിത: ജോസഫ് നന്പിമഠം)

പാതിവിരിഞ്ഞൊരു ചെന്താമര 
യിതളിലുറങ്ങും വെള്ളപ്രാവേ 
മൂളിപ്പ്പാടിവരും കരിവണ്ടിനിടം
നൽകരുതേയുള്ളിൽ
ഇടം നൽകരുതേയുള്ളിൽ

ചിറകിന്നടിയിലൊതുക്കിയ
വെൺമുട്ടകളെ കാത്തീടുക നീ 
കാകൻ കൊക്ക് പുള്ളു പരുന്തുകൾ
തട്ടിയെടുക്കാതെ തട്ടിയുടയ്‌ക്കാതെ 
കരിനാഗങ്ങൾ കാവലിരിക്കട്ടെ  
ചുറ്റും കാവലിരിക്കട്ടെ

അടയിരിക്കും കാലമതേക്കും
താമരയിലയിലുരുണ്ടു കളിക്കും
ജലകണികകൾ മഞ്ഞിൻതുള്ളികൾ
അമൃതിനു സമമാം ഭക്ഷണമായി 
ഭവിക്കട്ടെ ഭക്ഷണമായി ഭവിക്കട്ടേ
  
മുട്ടകൾ വിരിഞ്ഞിട്ടകാശത്തിൽ 
പാറി നടക്കട്ടേ തൂവെള്ള പ്രാവിൻ 
കുഞ്ഞുങ്ങൾ, അനേകായിരമായി
പ്പെരുകട്ടെയരുമപ്രാവിൻ കുഞ്ഞുങ്ങൾ 
അനേകായിരമായി പെരുകട്ടെ 

***വിരുദ്ധ ബിംബങ്ങളുടെ ഒരു ഇരട്ടക്കാഴ്ച 

Join WhatsApp News
Sudhir Panikkaveetil 2023-09-25 17:28:49
താമരപ്പൂവിൽ നിന്നും തേൻ കുടിക്കുന്ന വണ്ടുകളെ ബാഹ്യശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നത് താമരയിതളുകളാണ്. സുഖകരമായ ചൂടും പൂവിൽ നിന്നും വണ്ടിന് കിട്ടുന്നുണ്ട്. അതുകൊണ്ടായിരിക്കും തണുപ്പുള്ള ഒരു രാത്രി കൂമ്പിപോയ താമരപ്പൂവിൽ ഇരുന്നു ഒരു വണ്ട് മനോരാജ്യം കണ്ടു മയങ്ങിയത്. കവി ഇവിടെ പറയുന്നത് താമരയിതളിൽ ഒരു പ്രാവുണ്ട് അത് തേൻ നുകരാൻ വണ്ടിനെ ഉള്ളിൽ കടത്തരുതെന്നാണ്. തേൻവണ്ടുകൾ നുകരുന്നത് കൊണ്ടാണ് പരാഗണം നടക്കുന്നത്. അതിനെ പ്രാവുകൾ നിരോധിക്കണം. എന്നിട്ട് പ്രാവുകൾ മുട്ടയിട്ട് അടയിരുന്നു പെരുകി ആകാശത്തു കൂടി പറക്കണം. കരിനാഗങ്ങൾ മുട്ട പ്രിയരാണ്. അവരോട് കാവലിരിക്കാനും കവി അപേക്ഷിക്കുന്നുണ്ട്. ഇതൊക്കെയാണോ വിരുദ്ധ ബിംബങ്ങളുടെ ഇരട്ടകാഴ്ച എന്ന് കവി ഉദ്ദേശിക്കുന്നത്. ആധുനിക കവിത ബൗദ്ധിക നിലവാരം വളരെ ഉയർന്നതാണ്. സാധാരണക്കാർക്ക് മനസ്സിലാകുക എളുപ്പമല്ല. കവി ഉദ്ദേശിക്കുന്ന്തും വായനക്കാർ മനസ്സിലാക്കുന്നതും പലപ്പോഴും വ്യത്യസ്ത ധ്രുവങ്ങളിൽ ആകും. താമരയും വെള്ള പ്രാവും സമാധാനത്തിന്റെ പ്രതീകങ്ങളാണ്. ഹിന്ദു വിശ്വാസത്തിൽ ഭഗവാന്റെ പാദങ്ങളെ താമരപ്പൂ പാദങ്ങൾ എന്ന് പറയുന്നുണ്ട്. അത് പരമമായ അറിവിനെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ താമര മനസ്സായും അറിവായും കരുതുക. അപ്പോൾ തേൻ കുടിക്കുക എന്ന മോഹം ഒഴിവാക്കി സമാധാനത്തിന്റെ സ്വതന്ത്രമായ വിഹായസ്സിൽ പാറി നടക്കുക എന്ന് ഊഹിക്കാം.. ആധുനിക കവിതകളിൽ കവി ഉദ്ദേശിക്കുന്നത് വായനക്കാരനു മനസ്സിലാകണമെങ്കിൽ അയാൾക്ക് പാണ്ഡിത്യം വേണം.ഞാനൊരു എളിയ വായനക്കാരൻ. എന്റെ വിനീതമായ അഭിപ്രായം എഴുതി. പണ്ഡിതനായ കവി ക്ഷോഭിക്കരുത്. നന്ദി.
ജോസഫ് നമ്പിമഠം 2023-09-25 20:49:53
നന്ദി പ്രിയ സുധീർ പണിക്കവീട്ടിൽ, കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും. കവിതയ്ക്ക് നിർവചനം കണ്ടെത്തുന്നത് ഓരോ വായനക്കാരനുമാണ്. കവിതയിൽ ഉപയോഗിക്കുന്ന ബിംബങ്ങൾക്കും വാക്കുകൾക്കും അതിന്റേതായ അർത്ഥ തലങ്ങൾ ഉണ്ട്. എഴുതിയ ആൾ അത് നിർവചിക്കുമ്പോൾ ആ കവിത അവിടെ മരിക്കുന്നു. ഓരോ വായനക്കാരനും അത് വ്യഖ്യാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. അവിടെ ശരിയും തെറ്റുമില്ല. കവിത എഴുതിയ ആൾ ക്ഷോഭിക്കേണ്ടതുമില്ല. വായനക്കും അഭിപ്രായത്തിനും വീണ്ടും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക