Image

ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴിക്ക് ഇല്ലിനോയി സ്റ്റേറ്റ് നേഴ്സ് ലീഡര്‍ അവാര്‍ഡ്

Published on 22 September, 2023
ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴിക്ക് ഇല്ലിനോയി സ്റ്റേറ്റ് നേഴ്സ് ലീഡര്‍ അവാര്‍ഡ്

ചിക്കാഗോ: കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം ചീഫ് നേഴ്സിംഗ് എക്സിക്യൂട്ടീവ് ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴി (DNP, RN, FACHE, FABC) 2023-ലെ ജോവാന്‍ എല്‍. ഷേവര്‍ ഇല്ലിനോയി സ്റ്റേറ്റ് ഔട്ട് സ്റ്റാന്‍ഡിംഗ് നേഴ്സ് ലീഡര്‍ അവാര്‍ഡിന് അര്‍ഹയായി. ഇല്ലിനോയി സ്റ്റേറ്റിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ നല്കിയ നേതൃത്വപരമായ സേവനങ്ങളെ മാനിച്ചാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നവംബര്‍ 3-ാം തീയതി വെള്ളിയാഴ്ച ചിക്കാഗോ ഡൗണ്‍ടൗണിലുള്ള പാമര്‍ഹൗസ് ഹില്‍ട്ടണില്‍ നടക്കുന്ന പവര്‍ ഓഫ് നേഴ്സിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നൈറ്റില്‍ വെച്ച് ഡോ. ബീന പീറ്റേഴ്സ് അവാര്‍ഡ് സ്വീകരിക്കും. 2018 ഒക്ടോബര്‍ 28-ാം തീയതിയാണ് ഡോ. ബീന പീറ്റേഴ്സ് കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തിന്‍റെ സിഎന്‍ഒ ആയി ചാര്‍ജെടുത്തത്. നേഴ്സിംഗ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ അധികാരവികേന്ദ്രീകരണം നടപ്പില്‍ വരുത്തി രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തി.

നേഴ്സിംഗ് ലീഡര്‍ഷിപ്പ് ഡെവലപ്മെന്‍റ് അക്കാദമി പ്രോഗ്രാം ആരംഭിക്കുകയും സ്റ്റാഫിന് കൂടുതല്‍ പരിശീലനവും ബോധവത്കരണവും നല്കി രോഗികളുടെ സംതൃപ്തിയുടെ നിലവാരം ഉയര്‍ത്തി. നേഴ്സിംഗിന്‍റെ ഓരോ മേഖലകളിലും അതത് രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരും എക്സ്പീരിയന്‍സ് ഉള്ളവരുമായ വ്യക്തികളുടെ നേതൃത്വത്തില്‍ നേഴ്സിംഗ് ടീമില്‍ അഴിച്ചുപണി വരുത്തി രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തി ഏകദേശം 2400-ഓളം ഫുള്‍ടൈം സ്റ്റാഫിന്‍റെ മേല്‍നോട്ടം കൂടാതെ 200 മില്യന്‍ ഡോളറിന്‍റെ വാര്‍ഷിക ബജറ്റിന്‍റെ ഉത്തരവാദിത്തവും ഡോ. ബീന പീറ്റേഴ്സിനാണ്. ഡോ. ബീന പീറ്റേഴ്സിന്‍റെ ദീര്‍ഘവീക്ഷണം, അര്‍പ്പണമനോഭാവം, കഠിനാദ്ധ്വാനം, മാനേജ്മെന്‍റ് ക്വാളിറ്റി തുടങ്ങിയ ഗുണങ്ങള്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി മെഡിക്കല്‍ സെന്‍ററില്‍ 26 വര്‍ഷക്കാലം നേഴ്സിംഗ് ലീഡര്‍ഷിപ്പ് രംഗത്ത് വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും അസോസിയേറ്റ് ചീഫ് നേഴ്സിംഗ് ഓഫീസര്‍ എന്ന ഉയര്‍ന്ന പദവിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും ചെയ്തതിനു ശേഷമാണ് 2018-ല്‍ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തില്‍ ഡോ. ബീന പീറ്റേഴ്സ് നേഴ്സിംഗിന്‍റെ ഉയര്‍ന്ന പദവിയില്‍ ചാര്‍ജെടുത്തത്.

2017-ല്‍ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്തു. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ ചിക്കാഗോയുടെ ഗവേണിംഗ് ബോഡി മെംബര്‍, യുഐസി കോളജ് ഓഫ് നേഴ്സിംഗ് അലൂംമ്നി ബോര്‍ഡ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2023-ല്‍ ബെക്കേഴ്സ് ഹെല്‍ത്ത് കെയര്‍ പ്രസിദ്ധീകരിച്ച””Hospital and Health System Chief Nursing Officers to know”എന്ന ലിസ്റ്റില്‍ ഡോ. ബീന പീറ്റേഴ്സും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന വലിയ ഒരു അംഗീകാരമാണിത്. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (INAI) യുടെ സ്ഥാപകപ്രസിഡണ്ടായ ഡോ. ബീന പീറ്റേഴ്സിന്‍റെ ഭരണകാലത്ത് അന്നത്തെ ഇല്ലിനോയി സെനറ്ററായിരുന്ന ബറാക്ക് ഒബാമയാണ് സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കെസിസിഎന്‍എ ചിക്കാഗോ റീജിയന്‍ വൈസ് പ്രസിഡണ്ട്, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCWFNA) ദേശീയ പ്രസിഡണ്ട് തുടങ്ങിയ നിലകളിലും ഡോ. ബീന ഇണ്ടിക്കുഴി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സണ്ണി ഇണ്ടിക്കുഴിയാണ് ഭര്‍ത്താവ്. സ്റ്റെബി, റ്റോബിന്‍ ആന്‍ഡ് മിഷേല്‍, ഡോ. വനേസ്സാ എന്നിവരാണ് മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക