Image

കാനഡയ്ക്കു വിവരങ്ങൾ നൽകിയത് സഖ്യരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗമെന്നു റിപ്പോർട്ട് (പിപിഎം) 

Published on 22 September, 2023
കാനഡയ്ക്കു വിവരങ്ങൾ നൽകിയത് സഖ്യരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗമെന്നു റിപ്പോർട്ട് (പിപിഎം) 



ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർ ഉണ്ടായിരുന്നുവെന്നു കാനഡയ്ക്കു വിവരം നൽകിയത് 'ഫൈവ് ഐസ്' എന്ന രഹസ്യാന്വേഷണ ഗ്രൂപ്പിൽ പെട്ട സഖ്യരാഷ്ട്രമാണെന്നു സി ബി എസ് പറയുന്നു. യുഎസ്, യുകെ, ന്യൂ സിലൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കാനഡയുമാണ് 1946ൽ സ്ഥാപിച്ച ഈ പാശ്ചാത്യ സഖ്യത്തിലെ അംഗങ്ങൾ. 

ആരാണ് വിവരം നൽകിയതെന്നു വ്യക്തമല്ലെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം അവർ പിടിച്ചെടുത്തു കാനഡയ്ക്കു കൈമാറി എന്നു റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഒരു മാസം നീണ്ട അന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണത്രേ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയാണ് കൊല നടത്തിയതെന്നു പ്രസ്താവിച്ചത്. 

കനേഡിയൻ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ സഹകരണം ആവശ്യപ്പെട്ടു പല തവണ ഡൽഹിയിൽ പോയിരുന്നുവെന്നു സി ബി എസ് പറയുന്നു. ഓഗസ്റ്റ് മധ്യത്തിൽ കാനഡയുടെ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജോഡി തോമസ് നാലു ദിവസം ഈ വിഷയവുമായി ഡൽഹിയിൽ ഉണ്ടായിരുന്നു. പിന്നീട് സെപ്റ്റംബറിൽ അഞ്ചു ദിവസവും. 

രഹസ്യ ചർച്ചകളിൽ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പോലും ആരോപണം നിഷേധിച്ചില്ലെന്നു പറയുന്ന സി ബി എസ് റിപ്പോർട്ട് കനേഡിയൻ ഗവൺമെന്റ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളെ ആശ്രയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ന്യൂ യോർക്കിൽ യുഎൻ ജനറൽ അസംബ്ലി കഴിഞ്ഞപ്പോൾ അവർ പറഞ്ഞത് ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവന തമാശയല്ല എന്നാണ്. അത് അങ്ങേയറ്റം ഗൗരവത്തോടെ പറഞ്ഞതാണ്. 
 
തെളിവ് നൽകിയില്ല 

ആരോപണത്തിനു തെളിവ് ഇന്ത്യ ചോദിച്ചെങ്കിലും കാനഡ അതു നൽകിയിട്ടില്ല. എന്നാൽ നിയമനടപടികളുടെ ഭാഗമായി അതെല്ലാം പുറത്തു വരാമെന്നു ഉദ്യോഗസ്‌ഥർ സൂചിപ്പിക്കുന്നു. ഫൈവ് ഐസ് തുടർന്ന് അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ലഭ്യമായ തെളിവുകൾ പുറത്തു വിട്ടാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നു ഉപ പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് സി ബി എസിനോടു പറഞ്ഞു. 

ട്രൂഡോ ഉയർത്തിയ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു. ഖാലിസ്ഥാനി ഭീകരരെയും ഇന്ത്യാ വിരുദ്ധരെയും കാനഡ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അവർക്കൊക്കെ കനേഡിയൻ നേതാക്കൾ പരസ്യമായി പിൻതുണ നൽകുന്നു. 

ട്രൂഡോ സമ്മർദ്ദത്തിലായി: മന്ത്രി  

പാർലമെന്റിൽ പ്രസ്താവന നടത്താൻ ട്രൂഡോ തീരുമാനിച്ചത് വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിടുമെന്നു ഉറപ്പായപ്പോഴാണെന്നു കാനഡയുടെ സിഖ് വംശജനായ എമർജൻസി മന്ത്രി ഹർജീത് സിംഗ് സജ്ജൻ സി ബി സി റേഡിയോയിൽ പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകാനാണ് അദ്ദേഹം അങ്ങിനെ ചെയ്തതെന്നു നേരത്തെ പ്രതിരോധ മന്ത്രി ആയിരുന്ന സജ്ജൻ പറഞ്ഞു. 

ട്രൂഡോയുടെ ലിബറൽ പാർട്ടിയിൽ വാൻകൂവർ സൗത്തിൽ നിന്ന് എം പി ആയ സജ്ജൻ തെളിവുകളെ കുറിച്ച് സംസാരിക്കാൻ തയാറായില്ല. അന്വേഷണം നടക്കുമ്പോൾ പറയുന്നത് വളരെ അനുചിതമാവും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. "പോലീസിന്റെ കയ്യിലാണ് തെളിവ്. അവർക്കു മാത്രമേ അതേപ്പറ്റി സംസാരിക്കാനാവൂ." 

എന്നാൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും സംസാരിച്ച ശേഷമാണ് ട്രൂഡോ പാർലമെന്റിൽ പ്രസ്താവന നടത്തിയതെന്നു സജ്ജൻ പറഞ്ഞു. 


നിജ്ജാറിന്റെ കുടുംബത്തിനു നീതി കിട്ടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

Five Eyes provided Nijjar killing details to Canada 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക