Image

ഡാളസില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് ഓണാഘോഷം വര്‍ണ്ണാഭമായി

മാര്‍ട്ടിന്‍  Published on 22 September, 2023
 ഡാളസില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് ഓണാഘോഷം വര്‍ണ്ണാഭമായി

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‌സിന്റെ  ആഭിമുഖ്യത്തില്‍ ഡാലസില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ  സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബര്‍ 16 നു രാവിലെ മുതല്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. 

 മുഖ്യാതിഥി ശ്രീമതി മനു ഡാനി (സണ്ണിവെയ്ല്‍ കൗണ്‍സില്‍ അംഗം), ഡബ്ല്യുഎംസി ഗോളബല്‍  ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള, WMC അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കലത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ ഫിലിപ്പ് തോമസ്,  അമേരിക്ക റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്ത പിള്ള, ഡബ്ല്യു.എം.സി. നോര്‍ത്ത് ടെക്സാസ്  പ്രസിഡന്റ് സുകു വര്‍ഗീസ്, ചെയര്‍പേഴ്‌സണ്‍ ആന്‍സി തലച്ചെല്ലൂര്‍, ഡാളസ് പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ചെറിയാന്‍ അലക്‌സാണ്ടര്‍, ഡാളസ്  പ്രൊവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്സാണ്ടര്‍,  തുടങ്ങിയ  സംഘടനാ  ഭാരവാഹികള്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഓണാഘോഷ പരിപാടികള്‍  ഉദ്ഘാടനം ചെയ്തു.

സുകു വര്‍ഗീസ്  സ്വാഗതമാശംസിച്ചു. ശ്രീമതി മനു ഡാനി ഓണസന്ദേശം നല്‍കി.  വിശ്വമാനവികതയുടേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണ സങ്കല്‍പ്പത്തിന്റെ ഓര്‍മ്മപുതുക്കുന്നുവെന്നു മനു പറഞ്ഞു. ഓണത്തിന്റെ പുരാവൃത്തവും ഐതീഹ്യവും പുതിയ തലമുറക്കായി മനു വിവരിച്ചു.   

ഡബ്‌ള്യൂഎംസിയിലെ  കലാപ്രതിഭകള്‍  അവതരിപ്പിച്ച കലാപരിപാടികളും  ഡാലസില്‍ നിന്നുള്ള ഗായകരുടെ ഗൃഹാതുരത്വം തുളുമ്പുന്ന നിത്യഹരിതങ്ങളായ ഓണപ്പാട്ടുകളും പോയകാലത്തിന്റെ ഓര്‍മ്മ പുതുക്കി. ബിജു ചാണ്ടി, റാണി & എമ്മ, സ്മിത ഷാന്‍ മാത്യു, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ആന്‍സി തലച്ചെല്ലൂര്‍ , അമ്പിളി, ടിയാന, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, സുകു വര്‍ഗീസ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനാലാപനങ്ങള്‍.

സിനി ആര്‍ട്ടിസ്റ്റും നര്‍ത്തകിയുമായ രാജലക്ഷ്മി രവീന്ദ്രന്റെ ക്ളാസിക്കല്‍ ഡാന്‍സുകളും, അന്ന റോബിന്‍ & മിന്നു റോബിന്‍, സുനിത സന്തോഷ് ടീം എന്നിവരുടെ നൃത്തങ്ങളും ആഘോഷങ്ങളെ വേറിട്ടതാക്കി. 

സ്മിത ജോസഫും ടീമും  അവതരിപ്പിച്ച തിരുവാതിര കളി ശ്രദ്ധേയമായി.  താലപ്പൊലിയേന്തി മലയാളിമങ്കമാര്‍ മാവേലിമന്നനെ വേദിയിലേക്ക് വരവേറ്റു. ഓണപ്പൂക്കളവും, ചെണ്ടമേളവും  ആഘോഷങ്ങക്കു മാറ്റു കൂട്ടി. KHS ന്റെ ചെണ്ട സംഘമാണ് മാവേലിക്കു അകമ്പടി നല്‍കി വേദിയിലേക്ക് ആനയിച്ചത്. 

ഗ്ലോബല്‍  ചെയര്‍മാന്‍ ഗോപാലപിള്ളയും, അമേരിക്കാ റീജന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ തലച്ചെല്ലൂരും ഗ്ലോബല്‍, റീജണല്‍ തലത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഭവന നിര്‍മ്മാണ പ്രോജെക്ടിലേക്കു സംഭാവന നല്‍കിയ ഏവര്‍ക്കും ജോണ്‍സണ്‍ തലച്ചെല്ലൂര്‍ നന്ദി അറിയിച്ചു.

കേരളത്തനിമയില്‍ തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്.  അരുണ്‍ മാധവന്‍ മഹാബലിയായി വേഷമണിഞ്ഞു. സജി ജോസഫ് മാത്യു (സിജോ)  നന്ദി പ്രകാശനം നടത്തി. സ്മിത ജോസഫ്, മനു തോമസ് എന്നിവര്‍ പരിപാടിയുടെ എംസിമാരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക