
യൂണിവേഴ്സിറ്റി ഓഫ് ഒക്‌ലഹോമയിലെ നൃത്ത വിദ്യാർഥിനി ജൂലി ബസ്കനെ 21 വയസുള്ളപ്പോൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആന്തണി സാഞ്ചസിന്റെ (44) വധശിക്ഷ വ്യാഴാഴ്ച്ച രാവിലെ മക്അലെസ്റ്ററിലുള്ള സ്റ്റേറ്റ് പെനിഷ്യറിയിൽ നടപ്പാക്കി. കൊല നടന്നു 26 വർഷത്തിനു ശേഷമാണു മൂന്നു മരുന്നുകൾ കുത്തി വച്ചു ശിക്ഷ നടപ്പാക്കിയത്.
1996ൽ നടന്ന കൊലപാതകത്തിലെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം നീണ്ടു നീണ്ടു പോയിരുന്നു. പത്തു വർഷത്തിനു ശേഷമാണു കവർച്ചക്കേസിൽ ജയിലിൽ കിടന്ന സാഞ്ചെസിന്റെ ഡി എൻ എ പരിശോധനയിൽ കുറ്റവാളിയെ കണ്ടെത്താൻ കഴിഞ്ഞത്. മരണത്തിനു തൊട്ടു മുൻപും താൻ നിരപാധിയാണെന്ന് അവകാശപ്പെട്ട സാഞ്ചസ് പക്ഷെ വധശിക്ഷയ്‌ക്കെതിരെ ദയവിനു അപേക്ഷിച്ചിരുന്നില്ല.
വധശിക്ഷ നടപ്പാക്കുന്നതിനു അല്പം മുൻപ് സ്റ്റേ ആവശ്യപ്പെട്ടുള്ള സാഞ്ചസിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. അഭിഭാഷകൻ എറിക് ആലനാണ് അപേക്ഷ നൽകിയത്.
അർകൻസോയിലെ ബെന്റൺ സ്വദേശിയായ ജൂലി ബസ്കനെ 1996 ഡിസംബർ 20നു ഒക്‌ലഹോമയിൽ നോർമൻ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിംഗ് ലോട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അന്നു വൈകിട്ടു ഒക്‌ലഹോമ സിറ്റിയിൽ തെക്കുകിഴക്ക് സ്റ്റാൻലി ഡ്രെപർ തടാകത്തിനു സമീപം അവരുടെ ജഡം കണ്ടുകിട്ടി. ബലാത്സംഗം ചെയ്ത ശേഷം തലയിൽ വെടിവച്ചിരുന്നു.
ബാലെ നൃത്തങ്ങളിൽ തിളങ്ങിയ ബസ്കന്റെ പേരിൽ യൂണിവേഴ്സിറ്റി സ്കോളർഷിപ് നൽകുന്നുണ്ട്.
ബസ്കന്റെ കുടുംബത്തിൽ നിന്ന് ആരും വധശിക്ഷ നടപ്പാക്കുമ്പോൾ എത്തിയില്ല. എന്നാൽ യുവതിയുടെ കുടുംബവുമായി നിരവധി തവണ സംസാരിച്ചെന്നു അറ്റോണി ജനറൽ ജന്റർ ഡ്രമ്മൻഡ് പറഞ്ഞു. "ജൂലി കൊല ചെയ്യപ്പെട്ടത് 26 വർഷം 9 മാസം ഒരു ദിവസം മുൻപാണ്. ആ കുടുംബം അതിനെ അതിജീവിച്ചു സമാധാനം കണ്ടെത്തി."
2006ൽ ശിക്ഷിക്കപ്പെട്ട സാഞ്ചസ് താൻ നിരപരാധിയാണെന്നു നിരന്തരം ആവർത്തിച്ചിരുന്നു. ഡി എൻ എ കൃത്രിമമായി ചമച്ചതാണെന്നു സാഞ്ചസ് ആരോപിച്ചു. ബസ്കന്റെ അടിവസ്ത്രങ്ങളിൽ നിന്നെടുത്ത സാഞ്ചസിന്റെ ശുക്ലമാണ് പരിശോധിച്ചത്.
കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ചെരുപ്പിന്റെ പാടുകളും വെടിയുണ്ടയും സാഞ്ചസിന്റെ കുറ്റം തെളിയിക്കുന്നതാണെന്നു ക്ളീവ്ലാൻഡ് കൗണ്ടി ഡി എ ടിം കൈകെനാൽ പറഞ്ഞു. മറ്റാരെങ്കിലും കുറ്റം ഏറ്റാൽ പോലും സാഞ്ചസ് തന്നെയാണ് മൃഗീയമായ ഈ കുറ്റങ്ങൾ ചെയ്തതെന്നു താൻ ഉറച്ചു വിശ്വസിക്കുന്നു.
ഈ വർഷം മൂന്നാമത്തെ വധശിക്ഷ നടപ്പാക്കിയ ഒക്‌ലഹോമ നവംബർ 30നു ഫിലിപ്പ് ഹാനോക്കിനു മരിക്കാനുള്ള മരുന്ന് കുത്തിവയ്ക്കും. ഒക്‌ലഹോമ സിറ്റിയിൽ 2001ൽ രണ്ടു പുരുഷന്മാരെ കൊന്ന കേസിലെ പ്രതിയാണ് അയാൾ.
Oklahoma executes rapist-killer