
സിമിവാലി, കാലിഫോര്‍ണിയ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടാമത്തെ ഡിബേറ്റില്‍ ഇവിടെ റൊണാള്‍ഡ് റേഗന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ അണിനിരക്കുമ്പോള്‍ ഏറ്റുമുട്ടാന്‍ അവര്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സന്നിഹിതനാവില്ല. സെപ്റ്റംബര്‍ 27ന് ഈസ്റ്റേണ്‍ ടൈം 9 പി.എം. മുതലാണ് ഡിബേറ്റ് ആരംഭിക്കുക.
ഒന്നാം ഡിബേറ്റിന് മില്‍വോക്കിയില്‍ സ്ഥാനാര്‍്തഥികള്‍ ഏറ്റുമുട്ടിയപ്പോഴും ട്രമ്പ് വിട്ടു നിന്നിരുന്നു. ട്രമ്പിന്റെ അസാന്നിദ്ധ്യത്തില്‍ സ്ഥാനാര്‍ത്ഥികളില്‍ ഏറെ തിളങ്ങിയത് ഇന്ത്യന്‍ വംശജനായ വ്യവസായ പ്രമുഖന്‍ വിവേക് രാമസ്വാമി ആയിരുന്നു എന്ന് മാധ്യമങ്ങള്‍ ഇപ്പോഴും പറയുന്നു.
രണ്ടാമത്തെ ഡിബേറ്റ് നടക്കുന്ന ദിവസം താന്‍ ഡെട്രോയിറ്റില്‍ സമരം ചെയ്യുന്ന യുണൈറ്റഡ് ഓട്ടോ മൊബൈല്‍ വര്‍ക്കേഴ്‌സിനൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുക്കുകയായിരിക്കും എന്ന് ട്രമ്പ് പറയുന്നു. ഡെട്രോയിറ്റിലെ മൂന്ന് വലിയ വാഹന നിര്‍മ്മാണ ഫാക്ടറി തൊഴിലാളി യൂണിയനുകള്‍ വര്‍ഷങ്ങളായി പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചിരുന്നു. ബൈഡന്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിച്ചില്ല എന്നാരോപിച്ച് യൂണിയനുകള്‍ അകലം പാലിക്കുകയാണ്. ഈ അവസരം മുതലെടുത്ത് യൂണിയനുകളുടെ പിന്തുണ നേടാന്‍ ട്രമ്പ് ശ്രമിക്കുന്നു. ഇതിന് വേണ്ടി ഡിബേറ്റില്‍ നിന്ന് വിട്ടു നില്‍ക്കാനും തയ്യാറാവുന്നു. ഡെട്രോയിറ്റിന്റെ സംസ്ഥാനം മിഷിഗനിലെ പ്രൈമറിയും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പും നേടുകയാണ് മുന്‍ പ്രസിഡന്റിന്റെ ലക്ഷ്യം.
ആറ് റിപ്പബ്ലിക്കന്‍ ടിക്കറ്റ് പ്രത്യാശികളാണ് രണ്ടാം ഡിബേറ്റിന് യോഗ്യത നേടിയതെന്നാണ് ഇത് വരെയുള്ള വിവരം. 50,000 ഡോണര്‍മാര്‍ ഉണ്ടായിരിക്കുക, ഇവരില്‍ 200ല്‍ പേര്‍ വീതം 20 സംസ്ഥാനങ്ങളില്‍ നിന്നോ ടെറിറ്ററികളില്‍ നിന്നോ ആയിരിക്കുക, ദേശീയ സര്‍വേകളില്‍ രണ്ടെണ്ണത്തില്‍ നിന്ന് 3% എങ്കിലും പിന്തുണ നേടുക അല്ലെങ്കില്‍ ഒരു ദേശീയ പോളില്‍ നിന്നും രണ്ട് ഏര്‍ളി പ്രൈമറി സ്റ്റേറ്റുകളില്‍ നിന്ന് 3% എങ്കിലും പിന്തുണ നേടിയിട്ടുണ്ടാവുക. പോളുകള്‍ 2023 ഓഗസ്റ്റ് 1ന് ശേഷം നടന്നവയായിരിക്കണം. ഇവയാണ് ഡിബേറ്റില്‍ പങ്കെടുക്കാന്‍ ആവശ്യമായ യോഗ്യതകള്‍.
നോര്‍ത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ഡഗ്‌ബെര്‍ം ദാതാക്കളുടെ പട്ടിക തികച്ചു, പക്ഷെ പോളിംഗ് യോഗ്യത പൂര്‍ത്തിയാക്കിയിട്ടില്ല. മുന്‍ അര്‍ക്കന്‍ ഗവ.അസഹച്ചിസണില്‍ വക്താവ് വിവരം നല്‍കാന്‍ തയ്യാറായില്ല. ഡിബേറ്റിന് 48 മണിക്കൂര്‍ മുമ്പ് യോഗ്യതകള്‍ നേടിയാല്‍ മതി.
ഫ്‌ളോറിഡ ഗവ.റോണ്‍ ഡിസാന്റിസ്, വിവേക് രാമസ്വാമി, മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കിഹേലി, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ ന്യൂജേഴ്‌സി ഗവ.ക്രിസ്‌ക്രിസ്റ്റി, സൗത്ത് കാരലിന സെനറ്റര്‍ ടിം സ്‌കോട്ട് എന്നിവരാണ് ഇത് വരെ യോഗ്യത നേടിയ ആറ് പേര്‍.
രണ്ടാമത്തെ ഡിബേറ്റിന്റെ മോഡറേറ്ററന്മാര്‍ ഫോക്‌സ് ന്യൂസ് മീഡിയയുടെ സ്റ്റുവര്‍ട്ട് വാര്‍ണിയും, ഡാന പെരിനോയും, യൂണിവിഷന്റെ ഇലിയ കാല്‍ഡറോണും ആയിരിക്കും. ഇതേ പ്രൈം ടൈമില്‍ ട്രമ്പിന്റെ പ്രസംഗം ഡെട്രോയിറ്റില്‍ നിന്ന് ഉണ്ടായിരിക്കുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
English Summary : Trump will not participate in the second debate of the Republican presidential candidates