Image

വേട്ടയാടപ്പെട്ടത്  ഉമ്മൻചാണ്ടിയോ, പിണറായി വിജയനോ (ജോസ് കാടാപുറം)

Published on 13 September, 2023
വേട്ടയാടപ്പെട്ടത്  ഉമ്മൻചാണ്ടിയോ, പിണറായി വിജയനോ (ജോസ് കാടാപുറം)

വേട്ടയാടപ്പെട്ടത് ഉമ്മൻചാണ്ടി അല്ല ,പിണറായി വിജയനാണ് . പിണറായി വിജയനെ വേട്ടയാടിയത് ഉമ്മൻ ചാണ്ടിയാണ് . ഉമ്മൻചാണ്ടിയെ പിണറായി വിജയൻ വേട്ടയാടിയിട്ടില്ല . ലാവലിന്റെ വിജിലൻസ് അന്വേഷണം നടത്തിയത് താനാണെന്നും അതിൻറെ റിപ്പോർട്ട് തൻറെ കൈയ്യില്‍ ആണ് കിട്ടിയത് എന്നും അതിൽ പിണറായി വിജയൻ പ്രതി അല്ലെന്നും അപ്പോൾ ഹം സബ് ചോര്‍ ഹേ എന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കിയത് എന്നും അതുകൊണ്ടാണ് പിണറായി വിജയനെയും പ്രതിയാക്കിയത് എന്നും ആണ് ഉമ്മൻചാണ്ടി പറഞ്ഞിട്ടുള്ളത് .ഉമ്മൻചാണ്ടി പറയുന്ന വീഡിയോ നമുക്ക് കാണാൻ സാധിക്കും. അത് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോ അല്ല . അങ്ങനെ ആരും പറഞ്ഞിട്ടുമില്ല .
 
മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി കേസില്ലാത്ത ഒരാളുടെ പേരിൽ കേസ് ഉണ്ടാക്കി അയാളെ അപമാനിക്കുന്നത് സാധാരണ മനുഷ്യർക്ക് യോജിച്ച നടപടിയാണോ . ഇനി പിണറായി വിജയന്റെ അടുത്ത് എന്തെങ്കിലും ഒരു സംഭവം ഇതുപോലെ വന്നു എന്ന് വിചാരിക്കുക. മാധ്യമങ്ങളല്ല ആരു പറഞ്ഞാലും കേസില്ലാത്ത ഒരാളുടെ പേരിൽ പിണറായി വിജയൻ സർക്കാർ കേസ് ഉണ്ടാക്കുകയില്ല ,കേസ് എടുക്കുകയില്ല . അതാണ് പിണറായി വിജയൻ എന്ന് സമചിത്തതയോടെ ആലോചിക്കുന്ന ആർക്കും മനസ്സിലാകും . പ്രതിപക്ഷ നേതാവ് വിഡി സതീശനെ പറ്റി അദ്ദേഹത്തിൻറെ പരിചയത്തിലുള്ള ഒരു സ്ത്രീ ഒരു അശ്ലീല വീഡിയോ ഇട്ടു. ആ വീഡിയോയെ  പറ്റി അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ആ സംഭവം പത്രസമ്മേളനത്തിൽ വിശദീകരിച്ച് പ്രതിപക്ഷ നേതാവിനെ വഷളാക്കാമായിരുന്നു. സതീശൻ കത്ത് കൊടുത്ത വാർത്ത പത്രത്തിൽ വന്നു എന്നല്ലാതെ മുഖ്യമന്ത്രി അങ്ങനെ ഒരു കത്ത് തന്റെ കയ്യിൽ കിട്ടിയ യാതൊരു വിവരവും പറഞ്ഞിട്ടില്ല .

അതുപോലെ തന്നെയാണ് ഉമ്മൻചാണ്ടിയുടെ കുടുംബക്കാർ ഉമ്മൻചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നില്ല എന്ന് പറഞ്ഞ്  മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയും . ഉമ്മൻചാണ്ടിയുടെ സഹോദരൻ പറയുന്നത് ചെറിയ ഒരു കുരുമുളകിൻറെ അത്ര ഉള്ള ഒരു സംഭവം ആയിരുന്നു . അത് അന്നേരം തന്നെ കരിച്ചുകളഞ്ഞാൽ തീരുന്ന സംഗതിയായിരുന്നു എന്നാണ് .എന്നാൽ ഉമ്മൻചാണ്ടിയുടെ ഭാര്യയും മകനും മൂത്ത മകളും അതിന് അനുവദിച്ചില്ല എന്നും പ്രാർത്ഥനകൾ മതി എന്നും പറഞ്ഞ് അദ്ദേഹത്തെ തീരെ അവശനിലയിൽ എത്തിക്കുകയാണ് ഉണ്ടായത് എന്നുമായിരുന്നു സഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ പരാതി പറഞ്ഞത് .ചികിത്സയുമായി ന്യൂയോർക്കിലെ മെമ്മോറിയൽ  സ്ലോവാൻ കാൻസർ സെന്ററിൽ (Memorial Sloan Kettering ) 2019 SEPT30 ന് എത്തിയപ്പോൾ ചികിത്സ സ്വീകരിക്കാതെ നാട്ടിൽ പോയി ചികില്സിക്കാമെന്നു പറഞ്ഞു പോകുകയായിരുന്നു .ഇതൊക്കെ വ്യക്തമായി അറിയാവുന്നവർ അമേരിക്കൻ മലയാളികൾക്കിടയിലുണ്ട്..  

മുഖ്യമന്ത്രിക്ക് ഈ പരാതി ലഭിച്ചിട്ടും മേൽ നടപടികൾ സ്വീകരിക്കുക എന്നല്ലാതെ ആ വിഷയം പത്രസമ്മേളനത്തിൽ പറഞ്ഞു ഉമ്മൻചാണ്ടിയുടെ മക്കളേയോ ഭാര്യയേയോ കുറ്റപ്പെടുത്താൻ തയ്യാറായിട്ടില്ല . അങ്ങനെ ഒരു കത്ത് കിട്ടിയ ഭാവം പോലും അദ്ദേഹത്തിൻറെ ഒരൊറ്റ പ്രസ്താവനയിലും വന്നിട്ടില്ല. ഇതൊന്നും മനസ്സിലാക്കാൻ കോൺഗ്രസുകാർക്കോ അവരെപ്പോലുള്ളവർക്കോ കഴിയില്ല .ഇതൊക്കെ ഇപ്പോൾ പറയുന്നത് ഇലെക്ഷൻ ഒക്കെ തീർന്നു ജയം തോൽവി ഒക്കെ തീരുമാനിച്ചു. ഇനിയിപ്പോൾ അറിയാവുന്ന ചില സത്യങ്ങൾ എഴുതാതെ വയ്യല്ലോ ...

ലാവലിൻ കേസ് സിബിഐ കോടതി തള്ളി എന്ന് മാത്രമല്ല ഈ കേസിൽ പിണറായി വിജയനെ കക്ഷി ചേർത്താൽ ആ കേസ് നിലനിൽക്കില്ല എന്നും വിധിയെഴുതി. 2013ൽ വിധി വന്നിട്ടും 2013ലോ 2014 ലോ 2015 ലോ ഉമ്മൻചാണ്ടി അപ്പീൽ പോയില്ല . 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ വന്നു പെട്ടപ്പോൾ ആകെ നാണക്കേടിൽ മുങ്ങിക്കുളിച്ചു ഇരിക്കുകയായിരുന്ന ഉമ്മന്‍ചാണ്ടി സർക്കാറിന് ഒരു പിടിവള്ളിയായി ലാവലിന്‍ അപ്പീല്‍ ഹൈക്കോടതിയിൽ കൊടുക്കുകയാണ് ഉണ്ടായത്. ഹൈക്കോടതിയും ആ കേസ് തള്ളി .

ഹൈക്കോടതിയും പറഞ്ഞത് പിണറായിയുടെ പേരിൽ കേസ് എടുത്താൽ ആ കേസ് തന്നെ നിലനിൽക്കില്ല എന്നാണ് . ഇങ്ങനെ രണ്ട് കോടതികൾ യാതൊരു തെളിവുമില്ലാത്തതിനാല്‍ തള്ളിയ കേസാണ് സിബിഐയെ നിർബന്ധിച്ച് യുഡിഎഫുകാരും ബിജെപിക്കാരും കൂടി സുപ്രീംകോടതിയിൽ എത്തിച്ചത്. അടിയന്തര പ്രാധാന്യത്തോടെ കേസ് എടുക്കണം എന്നായിരുന്നു സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് .രണ്ട് കോടതികൾ തള്ളിയ ഒരു കേസിൽ പുതുതായി യാതൊരു തെളിവുമില്ലാതെ എന്ത് അടിയന്തര പ്രാധാന്യമാണ് നിങ്ങൾ പറയുന്നത് എന്ന് സുപ്രീംകോടതി സിബിഐയോട് ചോദിച്ചപ്പോൾ ഞങ്ങൾ തെളിവുമായി വരാം തെളിവുമായി വരാം എന്ന് പറഞ്ഞതാണ് സിബിഐ. 

ഇന്നേ വരേ അവർക്ക് കോടതിയെ കാണിക്കാൻ പറ്റുന്ന എന്തെങ്കിലും തെളിവ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കേസ് മാറ്റിവയ്ക്കണമെന്ന് ഒറ്റ തവണയും പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടില്ല. തെളിവില്ലാത്തതുകൊണ്ട് നീട്ടി നീട്ടി കൊണ്ടുപോയത് സിബിഐ ആണ് .ഈ വിഷയത്തിൽ എല്ലാം മാധ്യമങ്ങൾ പിണറായിയെ നന്നായി വേട്ടയാടി . ഏഷ്യാനെറ്റിലെ നിരീച്ചകനായ ഒരാൾ പറഞ്ഞത് പിണറായി മത്സരിച്ചാൽ അയാളുടെ ഭാര്യയുടെ വോട്ട് പോലും കിട്ടില്ല എന്നാണ്. ഇതുതന്നെ വിശ്വസിക്കുന്നവരാണ് നല്ലൊരു ഭാഗം ആളുകൾ. പിണറായി വിജയൻ വിജയിച്ചതുപോലെ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇന്നേവരെ കേരളത്തിൽ ഒരൊറ്റ കോൺഗ്രസുകാരനും നിയമസഭയിലേക്ക് വിജയിച്ചിട്ടില്ല എന്നുള്ളത് ഓർക്കാൻ അവർക്ക് പ്രയാസമാണ് ,അല്ലെങ്കിൽ അതിനുമാത്രമുള്ള വകതിരിവ് അവർക്ക് ഇല്ല .

സോളാർ കേസ് തുടങ്ങിവച്ചത് കെപിസിസി മെമ്പർ മല്ലേലിൽ ശ്രീധരൻ നായർ ആണ് .ഇന്നലെ അക്കാര്യം കെ ടി ജലീൽ നിയമസഭയിലും ആവർത്തിച്ചപ്പോൾ കെപിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന വിഡി സതീശൻ വിഷ്ണുനാഥിനോട് ചോദിക്കുകയാണ് അയാൾ മെമ്പറായിരുന്നോ എന്ന് . ഇതാണ് കോൺഗ്രസുകാരുടെ രാഷ്ട്രീയ ബോധം . സോളാർ കേസിൽ പെട്ട ഉമ്മൻചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തത് തിരുവഞ്ചൂർ ആണ് . പേഴ്സണൽ സ്റ്റാഫിലുള്ള ജിക്കുമോനേയും ഗൺമാൻ സലിം രാജിനെയും എല്ലാം അറസ്റ്റ് ചെയ്തത് തിരുവഞ്ചൂർ ആണ് .ഈ കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തത് കോൺഗ്രസ് ഭരണത്തിലാണ് , കേസ് കൊടുത്തതും കോൺഗ്രസുകാരാണ് . അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയില്‍ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍നായര്‍ കോണ്‍ഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മൊഴിയില്‍ ആണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുറിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ  താന്‍ പണം കൈമാറ്റം ചെയ്തുവെന്നാണ് അദ്ദേഹത്തിന്‍റെ മൊഴി. ഇതില്‍ എവിടെയാണ് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പങ്ക്?’

സോളാർ കേസിൽ രണ്ടു കാര്യങ്ങളാണ് ഉള്ളത് .ഒന്ന് സാമ്പത്തികമായ തട്ടിപ്പുകൾ. അത് ഉമ്മൻചാണ്ടിയുടെ ഓഫീസ് ചേർന്നാണ് നടന്നത്. രണ്ടാമത്തെ സംഗതി ആണ് പെണ്ണുകേസ് . ഇതാണെങ്കിൽ കോൺഗ്രസിലെ എ ഗ്രൂപ്പുകാര്‍ മാത്രം ഉൾപ്പെട്ട സംഗതിയാണ് .ഈ ഗ്രൂപ്പിൽ പെടാത്തത് ഹൈബി ഈഡൻ മാത്രമേ ഉള്ളൂ. അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം അക്കാലത്ത് ഉന്നയിച്ചതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം പ്രസ്താവന നടത്തിയതും അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി ഒരു ഘട്ടത്തില്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയില്‍ പരാതിക്കാരിയേയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയില്‍ താന്‍ കണ്ടുവെന്ന് മുന്‍ ചീഫ് വിപ്പ് പറഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാണ്. 

ഇതില്‍ ഇടതുപക്ഷം എവിടെയാണ്?’ മറ്റുള്ളവരെല്ലാം ഉമ്മൻചാണ്ടിയുടെ ഗ്രൂപ്പുകാരായിരുന്നു.സരിതയെ ഉമ്മൻചാണ്ടി അറിയില്ലെന്ന് പറഞ്ഞപ്പോൾ സരിത ഉമ്മൻചാണ്ടിയുടെ ചെവിട്ടിൽ സംസാരിക്കുന്ന ഫോട്ടോ കൈരളി ടിവിക്ക് അയച്ചുകൊടുത്തത് കോൺഗ്രസുകാർ തന്നെയല്ലേ . ഇനി ആ സ്ത്രീയുടെ പരാതി വെച്ച് പിണറായി സർക്കാർ എന്തെങ്കിലും സംഗതി കാര്യമായി ചെയ്തോ ? കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും കേസിന് യാതൊരു അനക്കവുമില്ല എന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ വിധി വന്നപ്പോഴാണ് ഇരയുടെ താൽപര്യാർത്ഥം കേസ് സിബിഐക്ക് വിട്ടത്. കോൺഗ്രസുകാരെ സംബന്ധിച്ച് , യുഡിഎഫുകാരെ സംബന്ധിച്ച് അവർക്ക് കേരളാ പോലീസിനേക്കാളും ഇഷ്ടം കേന്ദ്രത്തിന്റെ പോലീസ് ആണ്. അതുകൊണ്ട് അവരെ സംബന്ധിച്ച് നല്ല കാര്യമാണ് പിണറായി ചെയ്തത്. 

ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ ഫലമായിരുന്നു ഇതൊക്കെയെന്ന്‌ സിബിഐ കണ്ടെത്തി കോടതിയിൽ റിപ്പോർട്ടു നൽകിയെന്നാണ്‌ മാധ്യമവാർത്ത. ഇതിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്താനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. എന്നാൽ, യുഡിഎഫ്‌ നീക്കം ബൂമറാങ് പോലെ തിരിച്ചടിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞദിവസം സഭയിൽ കണ്ടത്‌. 

ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണത്തിന്‌ കരുനീക്കിയവർ തന്നെയാണ്‌ ഇത്‌ വീണ്ടും കുത്തിപ്പൊക്കുന്നതെന്നും വ്യക്തമായി. പാതിരാ ഫോൺ കോളുകൾ   കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാനായിരുന്നോ എന്ന ചോദ്യം നേരിടുന്ന പലരും ഇപ്പോഴും പ്രതിപക്ഷ ബഞ്ചിലും പുറത്തുമുണ്ട്‌. അവരെ തുറന്നുകാട്ടാനും സംരക്ഷിക്കാനും കോൺഗ്രസിനകത്ത്‌ നടക്കുന്ന വടംവലിയാണ്‌ അടിയന്തരപ്രമേയത്തിൽ പ്രതിഫലിച്ചത്‌. സിബിഐ ആയാലും ഇഡി ആയാലും കേരളത്തിലെ കോൺഗ്രസുകാരോട് ബിജെപിക്കാരോടുള്ള സമീപനം തന്നെയേ എടുക്കുകയുള്ളൂ. കേരളത്തിൽ ബിജെപി ഇല്ലാത്തതിന് അവർ പകരം കാണുന്നത് കോൺഗ്രസിനെയാണ്. അതുകൊണ്ട് പിണറായി അവരോട് എന്തെങ്കിലും അക്രമം ചെയ്തു എന്ന് പറയാൻ സാധിക്കില്ല . മറിച്ച് അക്രമം ചെയ്തത് ഇല്ലാത്ത കേസ് ഉണ്ടാക്കി പിണറായിയോടാണ് , ആ അക്രമം കാണിച്ചത് പുതുപ്പിള്ളി നേതാവായിരുന്നു..

എന്നിട്ട് മാധ്യമങ്ങളുടെ പിന്തുണയോടെ നുണ പ്രചരിപ്പിച്ചാൽ നുണ സത്യമാവില്ല. ഉമ്മൻ ചാണ്ടിയുടെ അതിവേഗം ബഹുദൂരത്തിന് പരസ്യ ഇനത്തിൽ ഒരു കോൺഗ്രസ് താലോലിക്കുന്ന ചാനെലിലിനു കൊടുത്തത് ഒന്നരക്കോടി... അതിൽ നിന്ന് അരക്കോടി കൊടുത്ത് സോളാർ കത്ത് വാങ്ങി ഉമ്മൻ ചാണ്ടിയ്ക്ക് എതിരെ വാർത്ത കൊടുത്തു...എന്നിട്ടു അവർ 4 പേജ് ഒഴികെ ബാക്കിയെല്ലാം നല്ല വിലക്കു വിറ്റു. ഇതൊക്കെ കേരളത്തിൽ അങ്ങാടിപ്പാട്ടാണ് ..ഇതൊന്നും ഈഡി യുടെ ശ്രദ്ധയിൽ പെടില്ല. കാരണം കേന്ദ്രം ഭരിക്കുന്നവരുടെ പ്രതിനിധിയാണ്   ചാനലിന്റെ മുതലാളി    !!

Join WhatsApp News
S S Prakash 2023-09-13 03:03:22
Absolutely true Appreciate you sir People forget about yesterday You did the good job ❤️❤️❤️🙏🏽
ജോസ് kavil 2023-09-13 11:47:53
വീണ്ടും വീണ്ടും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന എഴുത്തു കാരോട് ഉമ്മൻചാണ്ടിയുടെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്ന രീതിയിൽ വീണ്ടും നീണ്ട കഥയാക്കി മെനയുന്നത് നന്നല്ല.പല രാജ്യത്തുംചിലബിനാമികൾഇതിനായ്പ്രവർത്തിക്കുന്നത് എഴുത്തിൽകൂടിമനസ്സിലാക്കുന്നു.
Sathyan 2023-09-13 15:07:13
വെറുതേ കിടന്ന സോളാർ നായയെ കുത്തി എഴുന്നേൽപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കു നേരെ കുരയ്ക്കാൻ വിടുകയാണ് കോൺഗ്രസുകാർ. പക്ഷേ, അവരുടെ തന്നെ തമ്മിലടിയിലും സർവനാശത്തിലും തീരുന്ന ലക്ഷണങ്ങളാണ് കാണുന്നത്.
Jmathews 2023-09-13 23:18:54
പിതാവിന്റെ വിശുദ്ധിയിൽ സ്വപനഭൂരിപക്ഷം നേടി ആദ്യം നിയമസഭയിൽ വന്ന ചാണ്ടി ഉമ്മനോനോട് യു ഡി എഫ് ഇത്തരം നെറികേട് കാണിക്കരുതായിരുന്നു. പപ്പയെ കാലുവാരിയതും പിറകിൽ നിന്നു കുത്തിയതും കൂട്ടത്തിൽ നിൽക്കുന്നവരാണെന്നു വീണ്ടും തെളിയിക്കപ്പെട്ടു. തോളിൽ കൈ ഇട്ടു നിൽക്കുന്നവരുടെ കൈകളിലാണ് ചോരക്കറയെന്നു ആ മകന് ബോധ്യം വന്നല്ലോ. ഇവരുടെ കപട കണ്ണീർ വേണ ആ കബറിടം എത്രയും നേരത്തെ കഴുകി ശുദ്ധമാക്കിയില്ലെങ്കിൽ അതിൽ അടക്കം ചെയ്ത അപ്പയുടെ ആത്‌മാവ്‌ വേദനിക്കും. "നുണരമ" എത്ര നീട്ടി എഴുതിയാലും സത്യം മരിക്കുന്നില്ല.
James Joseph 2023-09-13 23:32:17
സോളാർ എന്നത് ലൈംഗീകകഥകളുടെ കൂമ്പാരമല്ല മറിച്ച് അതൊരു സാമ്പത്തിക തട്ടിപ്പ് കേസ് ആണെന്നുള്ളത് വ്യക്തമാണ് ; അതിലെ ഇക്കിളി കഥകൾ മാത്രം ചർച്ച ആവണമെന്നത് അന്നും ഇന്നും കോൺഗ്രസ്സിന്റെ മാത്രം ആവശ്യമാണ്.. അതൊരു കെണി കൂടെയാണ്, അന്ന് അതവരുടെ ഗ്രൂപ്പ് വഴക്കിന്റെ വിഴുപ്പലക്കലിന്റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് അവർക്ക് പുണ്യപരിവേഷത്തിൽ അധികാരം തിരികെ പിടിക്കാനുള്ള ആയുധമാണ്.. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തി അവർ ഒരുക്കിയ ഗെയിമാണ് ചാണ്ടിയുടെ മരണാനന്തര വൈകാരികതയെ നിഷ്കളങ്കനായ പുണ്യാത്മാവിൽ സന്നിവേശിപ്പിച്ച് അവർ ഉന്നം വയ്ക്കുന്നത് തെരഞ്ഞെടുപ്പാണ്.. അത് മാത്രമാണ്. വ്യക്തമായി പറയുന്നു, ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ ഒതുക്കി കർണാടക വരെ ഓടിച്ച മൊയന്തുകൾ ആ ശവത്തെ ഇന്ന് വിചാരണയ്ക്ക് വച്ച് അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ മാത്രം ഇറങ്ങിപ്പുറപ്പെടുന്ന ദയനീയ കാഴ്ചയാണ് ഇപ്പൊ കാണുന്നത്. താക്കോൽ നായരെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി മറ്റെ നായരെ വെച്ചു. അവസാനം രണ്ട് നായന്മാരും കൂടി ചാണ്ടിക്ക് നല്ല യമണ്ടൻ പണി കൊടുത്തു.അതാണ് സോളാറിന്റെ അന്ത്യം ഇനിയും അന്യോഷണം ആകാം എന്ന് പിണറായി പറഞ്ഞപ്പോൾ നിയമസഭയിൽ കഞ്ഞി കുഴി കോൺഗ്രസ് ഓടിയ ഓട്ടം കണ്ടോ
Malayaalee 2023-09-14 17:43:19
ഹോ! തെറ്റിദ്ധരിച്ചു, തെറ്റിദ്ധരിച്ചു! ശരിയായി കാര്യങ്ങൾ വിശദീകരിച്ച ജോസിന് നന്ദി. അല്ലെങ്കിലും ജോസ് എഴുതുമ്പോൾ സത്യം മാത്രമേ എഴുത്തുകയുള്ളൂ എന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്? അതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ലേഖകനു മാത്രമാണ്. ഉമ്മൻ ചാണ്ടിയെ സി പി എം വെട്ടയാടിയിട്ടേ ഇല്ല. ഇ പി ജയരാജൻ പത്തു കോടി വാഗ്ദാനം ചെയ്തതും സജി ചെറിയാൻ ആലപ്പുഴയിൽ ഇരയെ കണ്ടു സ്വകാര്യം പറഞ്ഞതും അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിയുടെ മകളെയും മറ്റു കുടുംബാംഗങ്ങളെയും കുറിച്ച് നിയമസഭയിൽ പ്രസംഗിച്ചതും ഒക്കെ ആരോ പറഞ്ഞുണ്ടാക്കിയ കഥകളാണ്. ഇന്ന് മറുനാടൻ ഷാജൻ സ്കറിയ ഇതേപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. തെളിവ് സഹിതം ചെയ്ത ആ വീഡിയോയിൽ ഇക്കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അതിൽ പിണറായിയുടെ പങ്ക്! വെറും 10 മണിക്കൂറിൽ അഞ്ചു ലക്ഷം പേർ കണ്ടു കഴിഞ്ഞു. അത് കള്ളമാണെങ്കിൽ നിങ്ങൾ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുക്കണം. ധൈര്യമുണ്ടോ? അവനെ ജയിലിൽ അടച്ചു നാവടപ്പിക്കാൻ നോക്കിയിട്ടു ചീറ്റിപ്പോയില്ലേ?
Chacko Kurian 2023-09-15 00:35:06
പിണറായി വിജയനു ഇപ്പോൾ ഉള്ള സ്വത്തുക്കൾ എങ്ങനെയുണ്ടായി എന്നു കൂടി വിശദീകരിക്കാമോ?
Mr Commi 2023-09-15 12:54:22
A classical capsule from AKG center to fool and cheer the Andham Commies.
Poor Lamb 2023-09-15 13:39:11
This is how they make a lamb a dog.
Abraham 2023-09-15 13:47:28
ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ കയറി മൂന്നാംനാൾ സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, 33 തട്ടിപ്പു കേസിൽ പ്രതിയായ ഒരാളെ നേരിട്ടുകണ്ടു നിവേദനം എഴുതിവാങ്ങി സിബിഐ യെക്കൊണ്ട് അന്വേഷണം നടത്താൻ വിടുക എന്നാണല്ലോ! പിണറായിക്കു പ്രതേക താല്പര്യം ഒന്നും ഇല്ല എന്ന് എല്ലാവരും വിശ്വസിക്കും!
A. P. Kattil 2023-09-17 04:41:22
സോളാർ അന്വേഷണം വരട്ടെ. കോൺഗ്രസ്സ് ആയാലും കമ്യൂണിസ്റ്റ് ആയാലും തെറ്റു ചെയ്തവർ ആരെന്നറിയാമല്ലോ? ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ തനിനിറം എന്തെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടട്ടെ. ഏതായാലും തക്കസമയത്ത് സോളാർ വന്നതുകൊണ്ട് മാസപ്പടി ആരോപണത്തിനു ഒരു മറയായി. പോരാളി ഷാജി പോലും ഇക്കാര്യത്തിൽ തൃപ്തനല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക