Image

അയോവയില്‍ പ്രചാരണത്തില്‍ നേട്ടമുണ്ടാക്കി ഡിസാന്റിസും രാമസ്വാമിയും (ഏബ്രഹാം തോമസ്)

Published on 28 August, 2023
 അയോവയില്‍ പ്രചാരണത്തില്‍ നേട്ടമുണ്ടാക്കി ഡിസാന്റിസും രാമസ്വാമിയും (ഏബ്രഹാം തോമസ്)

അയോവ :അയോവയില്‍ ഡിമോയിനടുത്തുള്ള ചെറിയ നഗരങ്ങളില്‍ പ്രചരണം നടത്താനെത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിക്ക് വലിയ വരവേല്പാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ രാമസ്വാമിയുടെ വാദമുഖങ്ങളോട് യോജിക്കാന്‍ കഴിയാത്ത ചിലര്‍, സ്ഥാനാര്‍ത്ഥിയോടുള്ള ഭിന്നാഭിപ്രായങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പിന്നീട് പങ്കുവച്ചു. ഒരു യുവ നേതാവെന്ന നിലയില്‍ രാമസ്വാമി പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രായോഗികമാവും എന്ന കാര്യത്തില്‍ സംശയമുണ്ട്. 23 കാരനായ തോമസ് ബീന്‍ പ്രചരണയോഗത്തില്‍ പങ്കെടുത്തതിനുശേഷം പറഞ്ഞു.

''സ്വയം ഒരു നിര്‍ധന ഇന്ത്യന്‍ കുടുംബത്തിലെ സന്തതിയായിരുന്നു. ഇപ്പോള്‍ ഒഹായോയില്‍ വ്യവസായി ആണ്. ഒരു അമേരിക്കക്കാരനെന്നാല്‍ 250 വര്‍ഷം മുന്‍പ് ഈ രാജ്യത്തെ മുന്നോട്ട് ചലിപ്പിച്ച ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നാണ് അര്‍ത്ഥം. ഈ രാജ്യത്ത് നിങ്ങള്‍ മുന്നോട്ടു പോകുന്നത് നിങ്ങളുടെ തൊലിയുടെ നിറം മൂലമല്ല നിങ്ങളുടെ സ്വഭാവവും രാജ്യത്തിന് ചെയ്യുന്ന സേവനവും മൂലമാണ്'' രാമസ്വാമി പറഞ്ഞു. ഡിബേറ്റിനുശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ പ്രചരണ ഫണ്ടിലേയ്ക്കു 4,50,000 ഡോളര്‍ സംഭാവന നേടിയെന്ന് പ്രചരണ സംഘം അറിയിച്ചു.

രാമസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വവും ഡിബേറ്റിലെ പ്രകടനവും മുഖ്യധാരാമാധ്യമങ്ങളിലെ ചിലര്‍ സഹിഷ്ണതാപൂര്‍വം കാണുന്നില്ല. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കി ഹേലി മത്സരിച്ചപ്പോഴും അവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ രാമസ്വാമിക്കെതിരെയും ചില മാധ്യമങ്ങള്‍ ഈ നയം തുടരുന്നു.

രാമസ്വാമിയെ പോലെ മറ്റൊരു സ്ഥാനാര്‍ത്ഥി ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും അയോവയില്‍ പ്രചരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. ഇവയിലെല്ലാം വലിയ സ്വീകരണമാണ് ഡിസാന്റിസിന് ലഭിച്ചത്. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള കേസുകള്‍  സ്ഥാനാര്‍ത്ഥിത്വത്തിന്  വലിയ ചോദ്യം ഉയര്‍ത്തുകയും ഡിബേറ്റിലെ ഡിസാന്റിസിന്റെ പ്രകടനം പ്രശംസ നേടുകയും ചെയ്ത സാഹചര്യത്തില്‍ അഭിപ്രായ സര്‍വേകളില്‍ തന്റെ നില വര്‍ധിപ്പിക്കുവാന്‍ ഡിസാന്റിസിന് കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രംപിന്റെ പ്രചാരണ സംഘം സമാഹരിക്കുന്ന തുക വളരെ വേഗം കേസുകളും അവയുടെ നിയമോദേശ ചെലവുകളും അപഹരിക്കുന്നു. ട്രംപിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യും  ട്രംപിനെ പിന്തുണയ്ക്കുന്ന സൂപ്പര്‍ പിഎസികളില്‍ നിന്ന് ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തും ആണ് ചെലവുകള്‍ വഹിക്കുന്നത്. ഇപ്പോള്‍ സേവ് അമേരിക്ക എന്ന ട്രംപ് സ്ഥാപിച്ച പിഎസിയില്‍ 4 മില്യന്‍ ഡോളറില്‍ താഴെയേ ബാക്കിയുള്ളൂ എന്നാണ് വിവരം. 

2022 ന് ശേഷം 101 മില്യന്‍ ഡോളര്‍ നിയമ ചെലവുകള്‍ക്കും മറ്റുമായി ചെലവഴിച്ചതാണ് ശേഷിച്ച തുക ഇത്രയും കുറയാന്‍ കാരണം.

പിഎസിക്കു നികുതി ഇളവുണ്ട്. സെക്ഷന്‍ 527 പ്രകാരം രൂപീകരിക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാനോ എതിരാളികളെ തോല്പിക്കുവാനോ വേണ്ടി ധനവിനയോഗം നടത്താം. പിഎസിക്കു സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒരു വര്‍ഷം 5000 ഡോളര്‍ വരെയേ സ്വീകരിക്കാനാകൂ. കോര്‍പ്പറേറ്റുകളില്‍ നിന്നോ ലേബര്‍ യൂണിയനുകളില്‍ നിന്നോ സംഭാവന സ്വീകരിക്കാനാവില്ല. സൂപ്പര്‍ പിഎസികള്‍ക്ക് പ്രചരണ ഫണ്ടുകള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യുകയും യാത്രകള്‍ക്കും പരിപാടികള്‍ക്കും ധനം ചെലവഴിക്കുകയും ചെയ്യാം. സൂപ്പര്‍ പിഎസിയില്‍ നിന്ന് ട്രംപിന്റെ പൊളിറ്റിക്കല്‍ കമ്മിറ്റിയിലേയ്ക്കു ധനം മാറ്റിയത് റീഫണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക