സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങള്‍ നടക്കുന്ന വേദിയെന്ന നിലയില്‍ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജില്‍ ഈ വര്‍ഷത്തെ'സര്‍ഗ്ഗം പൊന്നോണം' സെപ്തംബര്‍ 17 ന് ഞായറാഴ്ച നടത്തപ്പെടും.
മുഖ്യാതിഥിയായെത്തുന്ന കൗണ്‍സിലര്‍ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ മേയറായിരുന്നു. ഇന്റര്‍ ഫെയ്ത് കോര്‍ഡിനേറ്ററും, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവര്‍ത്തകനും, സംരംഭകനുമാണ്.
സ്റ്റീവനേജ് ബോറോ കൌണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ മൈല ആര്‍സിനോ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സര്‍ഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
സെപ്തംബര്‍ രണ്ടു മുതല്‍ രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന ഇന്‍ഡോര്‍-ഔട്ഡോര്‍ മത്സരങ്ങളില്‍ ഓണപ്പന്ത്, ഫുട്ബോള്‍, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതല്‍ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൌണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങള്‍ നടക്കുക.
ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങള്‍ ആണ് 'കറി വില്ലേജ്' തൂശനിലയില്‍ വിളമ്പുക.
സെപ്തംബര്‍ 17 ന് ബാര്‍ക്ലെയ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കും. 'സര്‍ഗ്ഗം പൊന്നോണ' കലാസന്ധ്യക്ക് തിരികൊളുത്തുമ്പോള്‍ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വര്‍ണ്ണാഭമാക്കുവാന്‍ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.
സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്‍ തിരുവോണത്തെയും, കേരള കലകളേയും വിദേശികള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന 'ലൈവ് കേരള- ലവ് കേരള'യില്‍ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
'സ്റ്റീവനേജ് ഡേ'യില്‍ സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സ്റ്റീവനേജിന്റെ സൗഹൃദവേദിയില്‍ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാന്‍ 'സര്‍ഗ്ഗം പൊന്നോണം 2023' ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഓണാഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം ഉറപ്പാക്കുവാന്‍ മുന്‍കൂട്ടി തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദര്‍ശ് പീതാംബരന് (സെക്രട്ടറി)- 07429178994
Venue:
Barclays Academy, Walkern Road, Stevenage, SG1 3RB