
മുന്‍കൂട്ടി സമ്മതം വാങ്ങിയാണ് മന്ത്രി വാസവന്‍ ജെയ്ക്കിനെ ചങ്ങനാശ്ശേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സുകുമാരന്‍ നായരെ കണ്ടത്. തിരിച്ചിറങ്ങിയ ജെയ്ക്ക് ആലങ്കാരികമായി പറഞ്ഞതില്‍ നിന്ന് നമുക്ക് മനസ്സിലായത് എല്ലാ പിണക്കവും മാറിയെന്നല്ലേ? ഷംസീര്‍ പറഞ്ഞതിന്റെ മുറിവുണങ്ങിയില്ലെന്നും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുകുമാരന്‍നായര്‍ പറയുന്നു.
പുതുപ്പള്ളിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജി.ലിജിന്‍ ലാലിനെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് യുവാക്കള്‍ തമ്മിലുള്ള പോരാട്ട വേദിയായി. ഷംസീറിന്റെ മിത്ത് വിവാദം പഴങ്കഥയായി മാറിയെന്ന മട്ടില്‍ സുകുമാരന്‍ നായരെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് പോയി കണ്ട ശേഷം സി.പി.എം സ്ഥാനാര്‍ത്ഥി ജെയ്ക്ക് ആലങ്കാരികമായി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും, സുകുമാരന്‍ നായര്‍ തങ്ങളുടെ മുറിവുണങ്ങിയിട്ടില്ലെന്നു ജെയ്ക്ക് പോയ ശേഷം തന്നെ കണ്ട മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. മാത്രമല്ല ഉപതിരഞ്ഞെടുപ്പില്‍ ന്യായമായും അത് പ്രതിഫലിക്കുമെന്ന് കൂടി പറഞ്ഞതോടെ സുകുമാരന്‍ നായരുടെ സമദൂരത്തില്‍ ജെയ്ക്കിനോടായി ബഹുദൂരം! അതിനര്‍ത്ഥം ആ വോട്ടുകള്‍ ലിജിനല്ല ചാണ്ടി ഉമ്മനായിരിക്കും വീഴുക. സര്‍ക്കാരിനെതിരെയുള്ള വികാര പ്രകടനത്തിന് ചാണ്ടിയുടെ ഭൂരിപക്ഷം കൂട്ടാന്‍ അമ്പലത്തില്‍ പോകുന്നത് ശീലമാക്കിയവര്‍ ശ്രമിക്കാതിരിക്കില്ലല്ലോ. ഇതിനിടെ ബാലനോ മറ്റോ എന്തെങ്കിലും കുസൃതി ഒപ്പിച്ചാല്‍ വിശ്വാസികളുടെ മുറിവില്‍ മുളകു തേച്ചത് പോലെയാകും എന്ന് ജെയ്ക്കിനും അറിയാം. മന്ത്രി വാസവനും ഗോവിന്ദന്‍ മാഷും ഈ അവസരത്തില്‍ ഷംസീറിനെ കൊണ്ട് ഒരു മാപ്പ് പറയിപ്പിക്കാന്‍ ശ്രമിച്ചു കൂടായ്കയില്ല. ഇത്രയൊക്കെ പ്രശ്‌നം ഉണ്ടായിട്ടും സുകുമാരന്‍ നായരുടെ പൊട്ട് മിത്തും കണ്ണട ശാസ്ത്രവുമാണെന്ന് വരെയേ ഷംസീര്‍ എത്തിയിട്ടുള്ളൂ.
സഭകള്‍ തമ്മിലും :
ഇന്നലെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ചാണ്ടിയും ജെയ്ക്കും സഭാ മക്കളാണെന്ന് അവരുടെ തിരുമേനി പറഞ്ഞെങ്കിലും, യാക്കോബായ വിഭാഗം തിരുമേനി ജെയ്ക്കിനെ മാത്രമേ മകനായി കാണുന്നുള്ളുവെന്ന് വ്യക്തമാക്കി. ജെയ്ക്ക് യാക്കോബായ അംഗമായത് കൊണ്ട് മാത്രമല്ല പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി തങ്ങള്‍ക്കൊപ്പമാണെന്ന വിശ്വാസം കൊണ്ട് കൂടിയാണത്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുക തന്നെ ചെയ്യും. യാക്കോബാ വിഭാഗം തിരുമേനി സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെങ്കിലും ഇതോടെ യാക്കോബ - ഓര്‍ത്തഡോക്‌സ് സഭാ വഴക്കിന്റെ അനുരണനങ്ങളും വോട്ടെടുപ്പില്‍ വരുമെന്ന് കൂടി ഉറപ്പായി.
സംവാദം വരട്ടെ :
പുതുപ്പള്ളിയുടെ വികസനത്തെക്കുറിച്ച് സംവാദത്തിനു തയ്യാറുണ്ടോ എന്ന് ജെയ്ക്കും, സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെപ്പറ്റി ചര്‍ച്ചക്കുണ്ടോ എന്ന് ചാണ്ടിയും പരസ്പരം ചോദിച്ചതോടെ ഇരുകൂട്ടരും പ്രചാരണത്തില്‍ എന്താണ് ഊന്നുന്നതെന്ന് പുതുപ്പള്ളിക്കാര്‍ക്ക് മനസ്സിലായി. ഇതിനിടെ ഒരു തെങ്ങു പാലത്തിലൂടെ ഉമ്മന്‍ചാണ്ടി സൂക്ഷിച്ചു നടക്കുന്ന ഒരു ചിത്രം നല്‍കി പുതുപ്പള്ളിയുടെ 53 വര്‍ഷത്തെ വികസനത്തിന്റെ കഥ സഖാക്കള്‍ കാപ്‌സ്യൂള്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ നിറച്ചപ്പോള്‍, ആ ചിത്രം വാസവന്റെ മണ്ഡലത്തിലേതാണെന്ന് കോണ്‍ഗ്രസിന്റെ സൈബര്‍ ടീം തിരിച്ചടിക്കുന്നു.
അടിക്കുറിപ്പ് : ഏതുകാര്യത്തിലും വാശിയോടെ പ്രതിരോധം തീര്‍ക്കാറുള്ള ഗോവിന്ദന്‍ മാഷും ഇനി പിണറായി സഖാവിന്റെ മാര്‍ഗം സ്വീകരിക്കും. ഹിതകരമായ കാര്യത്തിനേ ഇനി അദ്ദേഹം പ്രതികരിക്കൂ. അഹിതമായ ഒന്നിനും ഒരക്ഷരം മിണ്ടില്ല. ഇന്ന് നടന്ന പത്രസമ്മേളനത്തിന്റെ അന്ത്യഘട്ടത്തില്‍ 'മാസപ്പടി' ചോദ്യം വന്നു. മാഷത് കേട്ടെങ്കിലും ശ്രവിച്ചില്ല. മൈക്ക് ഓഫാക്കി ഇറങ്ങിപ്പോയി.
കെ.എ ഫ്രാന്‍സിസ്