
ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെ നശിപ്പിക്കുന്നതിന്റെ പരമാവധി ശ്രമങ്ങള്‍ ഇന്നേ സഖാക്കള്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന ദിവസങ്ങളില്‍ പിതാവിനെ കൊന്നായാലും നേതാവാകാന്‍ കാത്തുനിന്ന ഒരു മകനെ പറ്റി വരെയുള്ള കഥകളുണ്ടാകാം. ഇലക്ഷനില്‍ ഇതൊക്കെയാവാമെന്നാണ് സി.പി.എമ്മിന്റെ ന്യായം ! ഇതൊന്നും തിരിച്ചടിച്ചില്ലെങ്കില്‍ ജെയ്ക്ക് മന്ത്രി !
ജെയ്ക്ക് സി തോമസ് തന്നെയാണ് സി.പി.എമ്മിനു ഇറക്കാവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ജെയ്ക്കിനു പുതുപ്പള്ളിയില്‍ ഇത് മൂന്നാം അങ്കം. 2016ല്‍ ഉമ്മന്‍ചാണ്ടിയോട് തോറ്റത് 27,092 വോട്ടിന്. 2021ല്‍ തോറ്റതാകട്ടെ കേവലം 9044 വോട്ടിനും. മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ ആറും ഇപ്പൊള്‍ എല്‍.ഡി.എഫിനു ഒപ്പമായതു കൊണ്ട് രാഷ്ട്രീയം മാത്രം നോക്കിയാല്‍ ജെയ്ക്കാണ് ഇത്തവണ നല്ല ഭൂരിപക്ഷത്തോടെ ജയിക്കേണ്ടത്. ഇക്കഴിഞ്ഞ ഇലക്ഷന്‍ മുതല്‍ മണ്ഡലത്തിലെ പ്രഗത്ഭ കക്ഷികളിലൊന്നായ ജോസ് കെ മാണി പക്ഷവും എല്‍.ഡി.എഫിലാണല്ലോ. സി.പി.എമ്മുകാര്‍ പിണങ്ങുകയില്ലെങ്കില്‍ ഒരു സത്യം കൂടി പറയാം. പുതുപ്പള്ളിയില്‍ എന്നല്ല കോട്ടയം ജില്ലയില്‍ സിപിഎമ്മിനെക്കാള്‍ വോട്ട് ജോസ് മോന് തന്നെ. ഉമ്മന്‍ചാണ്ടിയുടെ മരണം മൂലമുള്ള സഹതാപ വോട്ട് എന്ന കുപ്രചാരണം ഉണ്ടായാലും ഇത്തവണ ചാണ്ടി ഉമ്മനെ തുണക്കാതിരിക്കില്ല. എത്രവേഗം വോട്ടെടുപ്പ് നടക്കുന്നുവോ ചാണ്ടി ഉമ്മന് അത്ര കണ്ടു ഗുണം ചെയ്യും. മണ്ണര്‍ക്കാട് നോമ്പിന്റെ പേരില്‍ ഇലക്ഷന്‍ മാറ്റിവെക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടതു പോലെ മാറ്റിവച്ചാല്‍ അത് ദോഷം ചെയ്യുന്നതും ചാണ്ടി ഉമ്മനായിരിക്കും.
നെഗറ്റീവ് വോട്ട് ലക്ഷ്യം :
നെഗറ്റീവ് അപ്രോച്ചായിരിക്കും സി.പി.എമ്മിന്റേത്. ജെയിക്കിന്റെ ആദ്യ പ്രതികരണം തന്നെ അതിന്റെ സൂചനയാണ്. പുതുപ്പള്ളിയില്‍ ഒരു പുണ്യവാളനേയുള്ളൂ, അത് ആദരണീയനായ വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞത് ഉമ്മന്‍ചാണ്ടിക്ക് ആരും പുണ്യവാളന്‍ പരിവേഷം നല്‍കി ആദരിക്കാന്‍ വരേണ്ട എന്ന് കരുതി തന്നെ. ഉമ്മന്‍ചാണ്ടിയുടെ മാത്രമല്ല, ആ കുടുംബത്തിന്റെ മുഴുവന്‍ ഇമേജ് തകര്‍ക്കുന്ന വിധമായിരിക്കും സിപിഎമ്മിന്റെ പ്രചാരണം ഇനി തിരിയുക.
വില്ലനാക്കി പ്രചാരണം :
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയായിരിക്കും സി.പി.എം മുന്നോട്ടു വെക്കുന്ന പ്രചാരണ തന്ത്രം. നേരത്തെ മറുനാടന്‍ ഷാജന്‍ സക്കറിയ പ്രചരിപ്പിച്ച ആരോപണം പുറത്തു കൊണ്ടു വന്നായിരിക്കും ആദ്യത്തെ ആക്രമണം. പിതാവിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കി ആ ഗ്യാപ്പില്‍ രാഷ്ട്രീയപ്രവേശം ആഗ്രഹിച്ച മകനായി ചാണ്ടി ഉമ്മനെ അവതരിപ്പിക്കാന്‍ സഖാക്കള്‍ക്ക് വല്ല മടിയുമുണ്ടാവുമോ? ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ തന്നെ നശിപ്പിക്കുന്ന കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ മൈക്കില്‍ വിളിച്ചു പറയും. എല്ലാ ഇല്ലാ കഥകളും ഉള്ളതുപോലെ പറഞ്ഞു നാറ്റിക്കുന്ന തന്ത്രമാകും ഈ ഇലക്ഷനില്‍ സി.പി.എം സ്വീകരിക്കുക.
ഇരുവര്‍ക്കും നിര്‍ണായകം :
ഇതൊരു രാഷ്ട്രീയ പോരാട്ടമെന്നു പറയുകയും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും നശിപ്പിക്കാവുന്നതിന്റെ പരമാവധി ചെയ്യുകയുമായിരിക്കും ഇത്തവണത്തെ പുതുപ്പള്ളി തന്ത്രം. ആരെന്തു പറഞ്ഞാലും, ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും പുതുപ്പള്ളിക്കാര്‍ക്കറിയാം. അതെ, രാഹുല്‍ഗാന്ധി പറഞ്ഞതു പോലെ ഇത്തരം വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കടയാണ് തങ്ങള്‍ നടത്തുന്നതെന്ന് പുതുപ്പള്ളിക്കാരെ ബോധ്യപ്പെടുത്തുക മാത്രമാണ് ചാണ്ടി ഉമ്മനും കോണ്‍ഗ്രസിനും ചെയ്യാനുള്ളത്. അതോടൊപ്പം ദുഷ്പ്രചാരണം സഖാക്കള്‍ തുടങ്ങിയാല്‍ അത് ഏത് ലെവലിലും എത്തും. 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയെ നേരിട്ടറിയുന്നവര്‍ അത് വിശ്വസിച്ചില്ലെങ്കില്‍ സി.പി.എമ്മിനത് വലിയ തിരിച്ചടിയായി മാറും. പുതുപ്പള്ളിയില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം നാലക്കമായി കുറച്ചുവെന്ന ഖ്യാതിയുള്ള ജെയ്ക്ക് വലിയ മാര്‍ജിനില്‍ തോറ്റാലും നാണക്കേട് തന്നെ. അതുകൊണ്ടാവാം ജെയ്ക്ക് ആദ്യം മടിച്ചു നിന്നത്. അഥവാ ജയിച്ചാലോ ? 53 വര്‍ഷമായി കോണ്‍ഗ്രസിന്റെ കോട്ടയായ പുതുപ്പള്ളി പിടിച്ചടക്കിയ ഹീറോ. അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ ഒരു മന്ത്രിസ്ഥാനം ഉറപ്പല്ലേ? ചാണ്ടി ഉമ്മനും ഈ ഇലക്ഷനില്‍ മിന്നുന്ന ജയം കാഴ്ചവച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ താരമാകാം.
കെ.എ. ഫ്രാന്‍സിസ്