Image

മലയാളഭാഷയിലെ ഉച്ചനീചത്വം (  ജെ. മാത്യൂസ്)

Published on 09 August, 2023
മലയാളഭാഷയിലെ ഉച്ചനീചത്വം (  ജെ. മാത്യൂസ്)

നവോത്ഥാനപ്രസ്ഥാനത്തിലൂടെ  ജാതിവ്യവസ്ഥയുടെ ഹീനമായ അതിർവരന്പുകൾ ബാഹ്യമായെങ്കിലും പൊളിച്ചുമാറ്റാൻ ശ്രീ നാരായണ ഗുരുവിന്റെ (1856 -1928 ) വിപ്ലവകരമായ യുക്തിചിന്തക്കു കഴിഞ്ഞിട്ടുണ്ട്. ചാതുർവർണ്ണ്യത്തിനു പുറത്തുള്ളവരും മനുഷ്യരാണെന്നുള്ള യാഥാർഥ്യം പുറമെ എങ്കിലും അംഗീകരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരായി. പക്ഷേ,  മലയാളഭാഷ  ഇന്നും ഉച്ചനീചത്വത്തിന്റ കീഴ്‌വഴക്കം പുലർത്തിപ്പോരുന്നു. ഭാഷയിലെ പദാവലിയിൽ വേർതിരിവ് സൃഷ്ടിച്ച് ഫലത്തിൽ ഉച്ചനീചത്വം നിലനിർത്തുകയാണ് ഇന്നും. അതുകൊണ്ടാണ് പുലയനും പറയനും ആ വിഭാഗത്തിൽ പെട്ടവർക്കും " മരണം" ഇല്ലാത്തത്, അവർ "ചാവുക"യേയുള്ളു! ഈച്ചയും പുഴുക്കളും പാന്പും മറ്റും "ചത്തു" എന്നുപറയുന്ന അതേ ലാഘവത്തോടെ ദളിതൻ "ചത്തു" എന്നു പറയുന്ന "ഭാഷാ സംസ്‌കാര"മാണ് ഇന്നും    നിലവിലുള്ളത്!
ഒരു കാലത്ത് ഓരോ ജാതിക്കാർക്കും അനുവദിച്ചുകൊടുത്തിരുന്ന ഭാഷയിൽ മാത്രം സംസാരിക്കണമായിരുന്നു. " ഉപ്പ്" എന്നു പറയാൻ പുലയർക്ക് അനുവാദമില്ലായിരുന്നു,
" പുളിച്ചത്" എന്നാണ് അവർക്ക് അനുവദിച്ചിരുന്ന വാക്ക്. “പുളിച്ചത്  എന്നു പറയാതെ ഉപ്പ് എന്നു പറഞ്ഞതിന് ഒരു പുലയ യുവാവിനെ തല്ലിക്കൊന്ന നാടായിരുന്നു കേരളം”, ( കടപ്പാട്: സുനിൽ പി. ഇളയിടം).

ഉച്ചനീചത്വം പ്രകടമാക്കുന്ന പദാവലി മലയാളത്തിൽ കൂടുതലായി പ്രയോഗിച്ചു
തുടങ്ങിയത് സംസ്‌കൃത പദങ്ങളുടെ കടന്നുകയറ്റത്തോടെയാണ്. ഏതുഭാഷയും വികസിക്കുന്നത് മറ്റുഭാഷകളിലെ  വാക്കുകൾ സ്വീകരിക്കുന്നതുകൊണ്ടുകൂടിയാണ്.
പക്ഷേ, 11 , 12 , 13 നൂറ്റാണ്ടുകളിൽ മലയാളത്തിലേക്ക് കുടിയേറിത്തുടങ്ങിയ സംസ്‌കൃതത്തിന് നൽകിയത് അനർഹമായ ശ്രേഷ്ഠപദവിയാണ്. അതിന്റെ കാരണം, സംസ്‌കൃതത്തിന്റെ അവതാരകർ നബൂതിരി ബ്രാഹ്മണർ ആയിരുന്നുഎന്നുള്ള
താകാം. ചാതുർവർണ്യത്തിൽ ശ്രേഷ്ഠപദവി ബ്രാഹ്മണർക്ക് ആയിരുന്നതുകൊണ്ട്  അവർ ആവതരിപ്പിച്ച സംസ്‌കൃതത്തിനും ശ്രേഷ്ഠപദവി നേടാൻ കഴിഞ്ഞുവത്രേ. മുത്തും പവിഴവും പോലെ സംസ്‌കൃതമലയാള പദങ്ങൾ ഇടകലർത്തി പ്രയോഗിക്കുന്ന മണിപ്രവാളം തനി മലയാളത്തെ കീഴടക്കി. അതോടെ "പച്ചമലയാളം" തരംതാഴ്ന്ന നിലയിലായി.

ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട 'മനുഷ്യർക്ക്' വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. കണ്ടല കുടിപ്പള്ളിക്കൂടത്തിൽ പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചു, കാരണം അവൾ പുലയ പെൺകുട്ടി ആയിരുന്നു!
ഈ നിരോധനം നടന്നത് ഒത്തിരി പണ്ടല്ല -1914-ൽ! നിന്ദ്യമായ ഈ നടപടിയിൽ പ്രതിഷേധിച്ച് മനുഷ്യസ്നേഹിയായ അയ്യൻ‌കാളി ആദ്യമായി പണിമുടക്കിന് ആഹ്വനം ചെയ്‌തതിന്‌ ചരിത്രം സാക്ഷി! 
  
"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ"
                                         ( ദുരവസ്ഥ -കുമാരനാശാൻ -1922 )  

എത്ര മയപ്പെടുത്തി എഴുതിയിട്ടും ഇങ്ങനെ എഴുതാനേ മനുഷ്യ മഹാകവിയായ കുമാരനാശാന് കഴിഞ്ഞൊള്ളു!
അത്തരക്കാർ പിറന്ന്, പണിയെടുത്ത് , "ചത്ത"ടിഞ്ഞ മണ്ണാണ് കേരളത്തിന്റേത്! അവർക്കൊരു ഭാഷയുണ്ട്: ജീവിതാനുഭവത്തിന്റെ ചൂടും മണവും വിശപ്പും പട്ടിണിയും വെളിപ്പെടുത്തുന്ന ഭാഷ. അവർ അനുഭവയ്‌ക്കേണ്ടിവന്ന നിന്ദ്യമായ  അവഹേളനവും ക്രൂരമായ അവഗണനയും പ്രകടിപ്പിക്കുന്നതാണ് അവരുടെ വാക്കുകൾ. അവ പരുക്കനാകാം,  പക്ഷേ മൂർച്ചയുള്ളവയാണ്. സംസ്‌കൃതപദങ്ങൾ പലതും അവർക്കു വഴങ്ങാത്തതാണ്. ദേവീദേവന്മാരുടെ അവയവങ്ങളുടെ പേര്  ഉന്നതന്മാർ സംകൃതത്തിൽ പറഞ്ഞാൽ അത് ഭക്തിമയമാണ്. ആ പേര് ഒരു സാധാരണക്കാരൻ പച്ച മലയാളത്തിൽ പറയുമ്പോൾ അത് അശ്ലീലമായി, തെറിയായി, ദേവനിന്ദയായി, അയാൾക്കെതിരെ കേസുകൊടുക്കാൻ വിശ്വാസികൾ സംഘം ചേരലായി.
2019-ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച നോവലാണ്
എസ്. ഹരീഷിന്റെ "മീശ". അതിൽ, തലമുറകൾക്കു മുൻപ് ചേറ്റിലും ചെളിയിലും എല്ലുമുറിയെ പണിയെടുത്താലും പട്ടിണി മാറ്റാൻ കഴിയാത്ത ഒരു ജനതയുടെ ജീവിതം വർണ്ണിക്കുണ്ട്. ചതുർവർണ്യത്തിൽ ഉൾപെടാനുള്ള 'വർണ്ണഭംഗി' അവർക്കില്ലായിരുന്നു. വികാര വിചാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവരുടെ ഭാഷ സംസ്‌കൃതത്തിന്റെ മൂശയിൽ വാർത്ത് മിനുക്കിയെടുത്തതായിരുന്നില്ല. സംസ്‌കാര സംരക്ഷകർ, അതിന്റെ ചരിത്രപശ്ചാത്തലം തിരിച്ചറിയാതെ മുദ്രകുത്തി- “മീശ”യിൽ മുഴുവൻ തെറിയാണ്. "മീശ"യിൽ ത്രസിച്ചുനിന്ന ജീവിതം വിമർശകർ കണ്ടില്ല!

കേരളത്തിൽ, തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കുമ്പോൾ മലയാളഭാഷക്കു വരുന്ന മാറ്റം ശ്രദ്ധേയമാണ്. ഓരോ പ്രദേശത്തിന്റെയും ഓരോ ജനവിഭാഗത്തിന്റെയും ജനങ്ങളുടെ ജീവിതപശ്ചാത്തലത്തിന്റെയും സ്വാധീനം  ഭാഷയിൽ പ്രതിഫലിക്കുന്നുണ്ട്. വടക്കോട്ടു പോകുംതോറും വാക്കുകളുടെ അർത്ഥം പോലും മാറിപ്പോകുന്നു.
മലയാളത്തിലെ പര്യായ പദങ്ങൾ ഭാഷയെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ട്.
ദീർഘമായ വിവരണം ഒഴിവാക്കി, ആശയവ്യക്തത വരുത്താൻ ചില 
പര്യായ പദങ്ങൾ ഫലപ്രദമാണ. മന്ന്, മണ്ണ്‌, വല്ലി,വല്ലിക, തറ, നിലം, പുരയിടം,രാജ്യം, ദേശം, ധര, ധരണി, വസുന്ധര, സർവംസഹ ...തുടങ്ങിയ പദങ്ങൾ ഭൂമിയുടെ വ്യത്യസ്‌ത അവസ്ഥകളെ വ്യക്തമാക്കുന്നു. ആകാശം, വായൂ, ജലം, സ്‌ത്രീ, അമ്മ തുടങ്ങിയ പദങ്ങളുടെ പര്യായങ്ങൾ മലയാളത്തെ എത്രയോ സമ്പന്നമാക്കിയിട്ടുണ്ട്!

'ജീവൻപോകുന്ന' അവസ്ഥയെ മലയാളഭാഷയിൽ വിവിധ വാക്കുകൾ ഉപയോഗിച്ചു വ്യകതമാക്കാൻ കഴിയും. ചത്തു, മരിച്ചു, അന്തരിച്ചു, ചരമം പ്രാപിച്ചു, കാലം ചെയ്‌തു, യശ്ശശരീരനായി, കഥാവശേഷനായി, തീപ്പെട്ടു , സ്വർഗ്ഗാരോഹണം ചെയ്തു, നാടു നീങ്ങി, ... ൽ നിദ്രപ്രാപിച്ചു ....അങ്ങനെ വേറെയും പലത്! ഇതിൽ ഏതു വാക്ക് ഉപയോഗിച്ചാലും മൗലികമായ അർത്ഥം ഒന്നുതന്നെയാണ്-“ജീവൻ പോയി”. പക്ഷേ,
ഈ പദങ്ങളെ 'വലിയവർക്കും ചെറിയവർക്കുമായി'  തരംതിരിച്ചു കൊടുക്കുന്ന  കീഴ്‌വഴക്കം ഇന്നും നിലനിൽക്കുന്നു. ആ തരംതിരിവ്  മലയാളഭാഷയിലെ ഉച്ചനീചത്വം വിളിച്ചറിയിക്കുന്നു. ജന്മിക്കുവേണ്ടി പണിയെടുക്കുന്ന പുലയന്റെ 'തന്തയും തള്ളയും ചത്തു',   എന്ന് ജന്മിക്കു പറയാം, പക്ഷേ, 'ജന്മിയുടെ തന്ത ചത്തു'  എന്നു പുലയൻ പറഞ്ഞാൽ  ജന്മിയുടെ ആളുകൾ കേസ്സെടുക്കും.
വേറെയും ഉദാഹരണങ്ങളുണ്ട്. ഉത്തമ പുരുഷ സർവ്വനാമത്തിൽ
ഏൻ, അടിയൻ, ഞാൻ, നാം തുടങ്ങിയ  പദങ്ങൾ, പറയുന്ന വ്യക്തിയുടെ  സ്ഥാന വലുപ്പത്തെയോ ചെറുപ്പത്തെയോ സൂചിപ്പിക്കുന്നു.
മധ്യമ പുരുഷസർവ്വനാമത്തിലുള്ള വാക്കുകൾ കൂടുതൽ ശ്രദ്ധേയമാണ്: എടാ, നീ,  താൻ, താങ്കൾ, നിങ്ങൾ, അങ്ങ്, അങ്ങുന്ന്, അവിടന്ന്  തുടങ്ങിയ  സംബോധനകൾ വിളിക്കപ്പെടുന്ന ആളിന്റെ വലുപ്പച്ചെറുപ്പം പ്രകടിപ്പിക്കുന്നു.
മറ്റു ഭാഷകളിലും ഏറക്കുറെ ഈ സ്ഥിതി ഉണ്ടെങ്കിലും മലയാളത്തിൽ അത് കൂടുതൽ പ്രയോഗിക്കപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വത്തിന്റെ  ശരിയായ പ്രതിഫലനമാണ് അവർ ഉപയോഗിക്കുന്ന ഭാഷ. ഭാഷയിൽ നിലനിൽക്കുന്ന ഈ  ഉച്ചനീചത്വം പഴകി തുരുന്പിച്ച ചാതുർ വർണ്യത്തിന്റെ അവശിഷ്ടമാണ്‌.
ലോക ഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾ
ജാഗ്രതയോടെ പ്രാവർത്തികമാക്കേണ്ട സന്ദർഭമാണിത്.

Join WhatsApp News
Jayan varghese 2023-08-09 23:11:01
ദേശമോ ഭാഷയോ മാറ്റുന്നത് കൊണ്ട് മാത്രം സമൂഹം സാമാന്യവൽക്കരിക്കപ്പെടുന്നില്ല. ഇതെല്ലാം പ്രയോഗിക്കുന്ന മനുഷ്യനാണ് മാറേണ്ടത്. തനിക്ക് ശ്രേഷ്ഠത എന്ന തലക്കനം ഉണ്ടെന്ന് ഒരു വ്യക്തി കരുതുന്നത് കൊണ്ടാണ് അപരനെ തന്നെക്കാൾ താഴ്ന്നവനായി പരിഗണിക്കപ്പെടേണ്ടി വരുന്നത്. ഏറ്റവും താഴ്ന്നവൻ ഞാനാണ്‌ എന്ന് ചിന്തിക്കുന്ന മനുഷ്യന്റെ സമൂഹം ഉണ്ടാവുമ്പോൾ പിന്നെ ജാതിയില്ല മതമില്ല. അവകൾ രൂപപ്പെടുത്തിയ ആചാരങ്ങളുമില്ല. ഏവർക്കും ഉപയോഗിക്കാൻ യോഗ്യമായ പേരുകൾ ഉണ്ടായിരിക്കുമ്പോളും എന്തിനാണ് മിക്കവരും തങ്ങളുടെ വാലുകൾ കൂടി പേരിനൊപ്പം ചേർക്കുന്നത്? നായരും മേനവനും നമ്പൂതിരിയും അരങ്ങാടിയിരുന്നിടത്ത് ഇന്ന് സാറും ഡോക്ടറും ഹിസ് ഹൈനസും ഒക്കെ അരങ്ങു വാഴുന്നു ? ദീർഘകാലം ഞാൻ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിന്റെ ഉടമകളും ഡയറക്ടർമാറും ആയിരുന്ന മനുഷ്യരും ജോലിക്കാരായ ഞങ്ങളും പരസ്പ്പരം പേര് വിളിച്ചാണ് സംസാരിച്ചിരുന്നത്. ഓരോ വിളിക്കും ഒപ്പം ഒരു മിസ്റ്റർ ചേർത്തിരിക്കും എന്നേയുള്ളു. മിസ്റ്റർ വർഗീസ്, മിസ്റ്റർ ഐസക് എന്നിങ്ങനെ. മാറ്റത്തിന്റെ കാറ്റ് കാത്തിരിക്കുന്ന മലയാളി സമൂഹത്തിന് ഈ രീതി പരീക്ഷിച്ച് വിജയിക്കാവുന്നതാണ്. ജയൻ വർഗീസ്.
josecheripuram 2023-08-10 00:56:14
Why we consider others are inferior to us, this is to control others, This type of intimidating and controlling mechanism people used all the time and will be there in one or other form. Why we Live and let others Live as well.
Abdul Punnayurkulam 2023-08-10 03:34:56
It seems hard or careful when talking and writing. So indeed, acquire knowledge
AI - ക്കു ഒരു ഡോളർ 2023-08-10 13:58:29
ഇപ്പോഴും പഴയ മാഹാത്മ്യം പറഞ്ഞു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു നീങ്ങുന്ന വരും തലമുറയ്ക്ക് ഇത് കൊണ്ട് എന്തു പ്രയോജനം ? വേണേൽ പഴയ വടക്കും പാട്ടും, കടകവും തൂക്കി അത് ആസ്വദിക്കുന്ന സദസ്സിൽ കഥകളി ആടാനല്ലാതെ . കാലവും , ആലുവാപ്പുഴ വെള്ളവും കലങ്ങി മറിഞ്ഞു ഒത്തിരി ഒഴുകിപോയീ , ലോകം ഇപ്പോൾ "AI - എന്ന മഹാ വിജ്ഞാന വട്ടിൽ " എത്തിനിൽക്കുന്നു സാറമ്മാരെ . അത് മിത്തല്ല .
Sudhir Panikkaveetil 2023-08-10 14:54:25
ഭാഷായിത്തം മലയാളത്തിൽ മാത്രമാണോ മറ്റുഭാഷയിൽ ഉണ്ടോ എന്നറിയില്ല. പേരിടുന്നതിൽ വരെ മലയാളക്കര വിവേചനം കാണിച്ചിരുന്നു. കുമാരൻ സവര്ണനും ആ പേര് തന്നെ ദളിതീകരിച്ച് കോരൻ എന്നാക്കുകയും ചെയ്തിരുന്നു. അതേപോലെ ഗോവിന്ദൻ കോന്തൻ ആകുന്നു, ശ്രീദേവി ചിരുത ആകുന്നു. അങ്ങനെ രസകരമായ വിവരങ്ങൾ ഉണ്ട്. വടക്കേ ഇന്തയിൽ അവർണ്ണൻ സവര്ണന് പ്രണാമം അർപ്പിക്കുന്നു കാരണം അനുഗ്രഹിക്കാൻ സവർണനെ കഴിയുള്ളു . ഈ അഭ്യാസങ്ങൾക്കെല്ലാം പാവം ഭാഷ ബലിയാടാകുന്നു എന്നത് രസകരം. ഇപ്പോൾ വിദ്യാഭ്യാസം എല്ലാവര്ക്കും ലഭിക്കുന്നുവെങ്കിലും തമ്പ്രാൻ അടിയൻ എന്നീ വാക്കുകൾ മരിച്ചിട്ടില്ല. സംസ്കൃതം എന്നാൽ സംസ്കാരമുള്ളവരുടെ ഭാഷാ എന്നും ദേവഭാഷ എന്നും വിശേഷിപ്പിക്കുന്നു. ഭാഷയും പ്രയോഗങ്ങളും എന്ന ഒരു പ്രബന്ധം ശ്രീ മാത്യുസ് സാറിൽ നിന്നും പ്രതീക്ഷിക്കുന്നു. പാലാഴി മങ്ക തൻ കൊങ്ക തടവുന്ന എന്നൊക്കെ കവികൾ എഴുതുമ്പോൾ അത് പ്രാസമൊപ്പിച്ച് എഴുതിയതോ മുല എന്ന് എഴുതേണ്ട എന്ന് കരുതിയതോ എന്തോ? നല്ലൊരു വിഷയം അവതരിപ്പിച്ച സാറിനു അഭിനന്ദനം,
Jayan varghese 2023-08-10 23:48:26
വീട്ടിൽ ജോലിക്ക് വരുന്ന വൃദ്ധ വനിതയെ പേര് ചൊല്ലി വിളിക്കണം എന്ന പാരമ്പര്യം കൊച്ചു കുട്ടികളെപ്പോലും പറഞ്ഞു പഠിപ്പിക്കുന്ന കൊച്ചമ്മമാരുടെ നാടാണ് കേരളം. ചേച്ചിയെന്നോ ആന്റിയെന്നോ കുട്ടി അവരെ വിളിച്ചു പോയാൽ ചുട്ട അടി. മകളുടെ പ്രായമുള്ള വീട്ടുകാരിയെ കൊച്ചമ്മ എന്ന് തന്നെ വിളിച്ചോളണം എന്നാണ് നാട്ടു രീതി. ഇതൊക്കെ സ്വന്തം വീട്ടിൽ നിന്ന് എങ്കിലും തുടച്ചു നീക്കി കളഞ്ഞിട്ട് മതി വലിയ പ്രബന്ധമൊക്കെ എഴുതാൻ. ഞാനാണ് ഏറ്റവും എളിയവൻ എന്ന ഒറ്റമൂലി ദിവസവും രാവിലെ കഴിച്ചാൽ ചിലപ്പോൾ ഈ രോഗത്തിൽ നിന്ന് രക്ഷ പെട്ടേക്കാം. ജയൻ വർഗീസ്.
vayanakaaran 2023-08-11 01:38:17
ബഹുമാന്യനായ മാത്യു സാർ സ്വന്തം വീട്ടിൽ ഏതു ഭാഷയാണ് ഉപയോഗിക്കുന്നത് എന്ന് ശ്രീ ജയൻ സാറിനു അറിയാമോ. ആവിഷ്കാരസ്വാതന്ത്ര്യം എന്നും പറഞ്ഞു ഇങ്ങനെയൊക്കെ കമന്റ് എഴുതാമോ ജയൻ സാറേ. ശ്രീ മാത്യുസ് സാർ അമേരിക്കൻ മലയാളികൾക്ക് സമ്മതനായ, വിനയമുള്ള, മറ്റുള്ളവരെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങൾ തെളിവാകുന്നു.
വിദ്യാധരൻ 2023-08-11 04:13:30
ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത നാഗരികത്വമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ലോകം. ഇതിന് മാറ്റം വരുത്താൻ ശ്രമിക്കുന്നവർ കരിങ്കൽ ഭിത്തികളിൽ തലകൊണ്ടടിക്കുന്നതുപോലെയാണ് . പക്ഷെ അത്തരം ഭിത്തികളിൽ തലയടിച്ചു ജീവിതം നഷ്ടപ്പെട്ടവർ ഉള്ളതുകൊണ്ട്, ഇന്ന് ഇതുപോലെ ഒരു ലേഖനം എഴുതാനുള്ള സ്വാതന്ത്യ്രം നിങ്ങളും ഞാനും നേടിയത്. പക്ഷെ ആ സ്വാതന്ത്ര്യംകൊണ്ട് എന്ത് പ്രയോചനം. അല്ലെങ്കിൽ ബൗദ്ധികമായ ഒരു ലേഖനം എഴുതിയതുകൊണ്ട് എന്ത് ഫലം. ഫലം ഉണ്ടാകണമെങ്കിൽ നമ്മളുടെ ആശയങ്ങളെ പ്രവർത്തികമാക്കിയേ പറ്റു . പക്ഷെ അതിന് രാഷ്ട്രീയ-മത -കച്ചവട കൂട്ടുകെട്ട് ഉണ്ടായേ തീരു . അതായത് ആദർശവാദികളായ എഴുത്തുകാർ മേലേപ്പറഞ്ഞവരുടെ ആജ്ഞാനുവർത്തികളായി അടിമവേല ചെയ്യേണ്ടിയിരിക്കുന്നു. പിന്നേയും ചങ്കരൻ (ശങ്കരനല്ല -ചങ്കരൻ ) തെങ്ങേൽ: ശങ്കരനെ -ചങ്കരൻ ആക്കുന്ന ജാതീയത നമ്മളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു . ആ രക്തത്തെ ശുദ്ധീകരിച്ച് ജാതി വിമുക്തമാക്കാൻ ഒരു രക്തശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. വളരെ ചിട്ടയോടുകൂടിയാണ് നാം മനുഷ്യനെ ഭിന്നിപ്പിച്ച്, . നിറത്തിന്റെയും, വിദ്യാഭാസത്തിന്റെയും, സമ്പന്നതയുടെയും മാനദണ്ഡങ്ങൾ ഉപയോചിച്ചു, ധ്രൂവീകരിച്ചത് . ദേവ ഭാഷയായ സംസ്കൃതം ബ്രാഹ്മണ ഭാഷയാക്കിയപ്പോൾ, അയ്യങ്കാളിയുടെ ഭാഷ, "അയ്യങ്കാളി വല്യപ്പൻ ബറാലകൊണ്ടും ഇവിടെ ഇരിക്കിണ മൂഞ്ചികൾ ഉറങ്ങണ കൊണ്ടും ഏൻ എന്റെ പ്രസംഗത്തെ ചൊറുക്കുണു.". ക്രൈസ്തവ പുരോഹിതർ സുറിയാനി ഭാഷയുടെ മറവിൽ മനുഷ്യരെ വഞ്ചിച്ചു സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തെ അവരുടെ തലയിൽ അടിച്ചു കയറ്റിയപ്പോൾ, വൈദ്യന്മാർ ലാറ്റിൻ ഭാഷയിയെ തന്ത്രങ്ങളാക്കി, മരുന്നും മന്ത്രവും അഭ്യസിച്ചു . പുരോഹിതരിലും വൈദ്യന്മാരിലും അവർ ദൈവത്തെ കണ്ടത്തി. അപ്പോൾ മനുഷ്യ ജീവിതത്തിന്റെ ഏതു തലത്തിലും പണ്ടുതൊട്ടേ ഈ ഭിന്നിപ്പ് ഉണ്ടായിരുന്നു. എന്താണ് ഇതിന് ഒരു പരിഹാര മാർഗ്ഗം? . ജാതിചിന്തകളെ ദൂരത്തു കളഞ്ഞിട്ട്, മനുഷ്യരെന്ന ഒരു ജാതിയിൽ അധിഷ്ടതമായി ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു . പേരൂര് തൊഴിലി മൂന്നും പോരുമായതു കേൾക്കുക ആരു നീയെന്നു കേൾക്കേണ്ട നേരുമെയ് തന്നെ ചൊൽകയാൽ -4 (ജാതിനിർണ്ണയം -ശ്രീനാരായണ ഗുരു ) ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ് തൊഴിലെന്താണ് ഈ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും . {ആണും പെണ്ണും വേർ തിരിച്ച് കാണും വണ്ണമിനത്തേയും കാണണം കുറികൊണ്ടിട്ടമട്ടാണ് നാം അറിയേണ്ടത് -7 ( ഗുരു ) പുരുഷേണെന്നും സ്ത്രീയെന്നും മറ്റാരും പറയാതെതന്നെ ലക്ഷണംകൊണ്ട് തിരിച്ചറിയാൻ കഴിയുന്നതുപോലെ തിരിച്ചറിയാൻ കഴിയുന്നതേതോ അതാണ് ജാതി. വർണ്ണ വർഗ്ഗ ഭാഷയുടെ പേരിലുള്ള ഭിന്നിപ്പ് മാറ്റം ഇല്ലാതെ തുടരുകയാണ് . എന്നിതിന് ഒരറുതി ഉണ്ടാകും എന്ന് ചിന്തിച്ചു ബഹുജനങ്ങൾ ഉഴറുകയാണ്. അല്ലല്ലെന്തു കഥയിതു കഷ്ടമേ അല്ലലാങ്ങു ജാതി മറന്നിതോ ? നീചനാരിതൻ കൈയാൽ ജലം വാങ്ങി യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ? കോപമേലരുതേ ജലം തന്നാലും പാപമുണ്ടാമിവളൊരു ചണ്ടാലി. ഗ്രാമത്തിൻ പുറത്തിങ്ങു വസിക്കുന്ന ചാമാർ നായകൻറെ കിടാത്തി ഞാൻ ഓതിന്നാൻ ഭിക്ഷുവേറ്റം വിലക്ഷനായി ജാതിചോദിക്കുന്നില്ല ഞാൻ സോദരി " നൂറ്റാണ്ടുകൾ താണ്ടിയിട്ടും, ഗുരുവിനെയും ആശാനേയും ജാതിയുടെ കൽത്തുറുങ്കിലാണ് പൂട്ടിയിട്ടിരിക്കുന്നത് - എന്നിതിൽ നിന്ന് നമ്മൾക്ക് മോചനം ലഭിക്കും ? നല്ലൊരു ലേഖനത്തിന് അഭിനന്ദനം. വിദ്യാധരൻ
Jayan varghese 2023-08-11 10:30:45
ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് മലയാളിയുടെ പൊതു ശീലങ്ങളെയാണ്. അത് മാത്യു സാറിനെ കുറിച്ചാണെന്നുള്ള തോന്നൽ ആർക്കെങ്കിലും ഉണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. ജയൻ വർഗീസ്.
മൂടിയതിനു വെള്ളമൊഴിച്ചു കിളിപ്പിക്കാനോ 2023-08-11 14:43:13
നാം ഇപ്പോഴും ഓൺ യുർ മാർക്ക് ലൈനിൽ തന്നെ നിൽക്കുന്നു , കാരണം ഓടുന്ന പാതയുടെ കാര്യത്തിൽ ആണ് തർക്കം അത് കേരള സംസ്ഥാനം തുടങ്ങിയ നാളുമുതൽ തുടങ്ങിയതാ ,ഓടിയാൽ മിടുക്കൻമാർ ജയിക്കും വിയർക്കാതെ നിൽക്കുന്നവർക്കു പലർക്കും പലതും നഷ്ടപ്പെടും, . അങ്ങനെ ആകുമ്പോൾ സ്റ്റാർട്ടിങ് ലൈനിൽ നമുക്കു തട്ട് കടകൾ ഉണ്ടാക്കി നാല് കാശുണ്ടാക്കാമല്ലോ . അതാണല്ലോ ഇപ്പോഴും കാലഹരണപെട്ടതും , പെടേണ്ടതും ആയ പലകാര്യങ്ങളും വീണ്ടും അയവിറക്കി, അയവിറക്കി കാലം പൊക്കുന്നതു .
American Mollakka 2023-08-11 23:11:12
അസ്സലാമു അലൈക്കും സയ്യദ് മാത്യുസ് സാഹിബ്. ഞമ്മന്റെ ഭാസ ശുദ്ധി കുറവാണെങ്കിലും ഞമ്മള് എല്ലാർക്കും ബഹുമാനം കൊടുക്കും. ഭാസയിൽ വരെ ഈ ഹമാർ (ജാതി) കേറിപ്പറ്റി എന്ന് സാഹിബിന്റെ ലേഖനം ബായിച്ചപ്പോളാണ് ഓർക്കുന്നത്. അമേരിക്കയിൽ എല്ലാബരും തമ്മിൽ തമ്മിൽ പേരാണ് ബിളിക്കുന്നത്. പക്ഷെ ഞമ്മക്ക് ഇങ്ങളെ മാത്യുസ് എന്ന് ബിളിക്കാൻ കയ്യൂല. ഞമ്മള് ഇങ്ങളെ സയ്യദ് ചേർത്താണ് ബിളിക്കുന്നത് ഞമ്മന്റെ സംസ്കാരം ബേറെയല്ലേ സാഹിബ്. ഖൂസ് രഹെ ആപ് സദാ ഈ ദുവ ഹേ മേരി.
Gulikan Ezhil 2023-08-15 14:06:25
ഒരു കണക്കെടുപ്പ് നടത്താമോ? എത്ര അമേരിക്കൻ മലയാളി എഴുത്തുകാർ ഇത് വായിച്ചു. വാർധക്യത്തിലേക്ക് ആണ്ടുപോകുന്ന ഒരു തലമുറ ഇനി എന്ത് വായിക്കാൻ എന്ന തോന്നൽ വളരെ ചെറുപ്പക്കാർക്ക് ഉണ്ടാകരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക