
സപ്ലൈകോയില്‍ സബ്‌സിഡി ഇനങ്ങള്‍ 13 ഉം സ്റ്റോക്കുണ്ടെന്നു മന്ത്രി. രണ്ടോ മൂന്നോ തികച്ചില്ലെന്ന് പ്രതിപക്ഷം. എങ്കില്‍ സതീശനെ സഭ പിരിഞ്ഞശേഷം കൂട്ടിക്കൊണ്ടുപോയി കാണിച്ചുതരാമെന്ന് ഭക്ഷ്യമന്ത്രി അനില്‍. അതൊന്നും വേണ്ടിവന്നില്ല - എല്ലാ ചാനലുകാരും മന്ത്രി പറയുന്നത് കള്ളം എന്ന് തെളിവ് സഹിതം തത്സമയം !
കാലം മാറി കളി മാറി. നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ സബ്‌സിഡി ഏര്‍പ്പെടുത്തിയ 13 ഇനങ്ങളില്‍ പലതും മാസങ്ങളായി സപ്ലൈകോ കടകളില്‍ ഇല്ലെന്നായി പ്രതിപക്ഷം. പി.സി വിഷ്ണുനാഥ് സബ്‌സിഡി ഇനങ്ങള്‍ ഓരോന്നായി വായിച്ചു. കോറസ്സായി മറ്റംഗങ്ങള്‍ 'ഇല്ല' എന്ന് പറഞ്ഞു അത് പൊലിപ്പിച്ചു. സതീശന്‍ ഭക്ഷ്യമന്ത്രി അനിലിനെതിരെ വിരല്‍ ചൂണ്ടി പ്രസംഗിച്ചപ്പോള്‍, അനില്‍ സഭ പിരിഞ്ഞശേഷം തിരുവനന്തപുരത്തെ ഏതെങ്കിലും സപ്ലൈകോ കടകളിലേക്ക് സതീശനെയും കൂട്ടി പോയി കാണിച്ചു തരാമെന്നായി.
ചാനലിന്റെ കാലം :
അങ്ങനെയൊരു പോക്കിന്റെ ആവശ്യമില്ലാത്തവിധം ഓരോ ടി.വി ചാനലും ക്യാമറയുമായി വിവിധ സപ്ലൈകോ കേന്ദ്രങ്ങളില്‍ എത്തി, സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കു മൈക്കു നീട്ടി കൊടുത്തപ്പോള്‍ അവരുടെ മറുപടി ഏതാണ്ടിങ്ങനെ : 'വേണ്ടതൊന്നും സ്റ്റോക്കില്ല'. ഇതേ മറുപടിയാണ് മാസങ്ങളായി. ഇതുപോലെ സബ്‌സിഡി സാധനങ്ങള്‍ കാലിയായ ഒരു കാലം ഉണ്ടായിട്ടില്ല.
13 ഇനങ്ങളില്‍ മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടു പോലും ആകെയുള്ളത് 7 ഇനങ്ങള്‍. ഏറ്റവും തിരക്കുള്ള പഴവങ്ങാടി സപ്ലൈകോ കേന്ദ്രത്തില്‍ രണ്ടിനങ്ങള്‍ ഒഴിച്ച് എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക്. മാസങ്ങളായി സബ്‌സിഡി മുളകില്ല. മന്ത്രിസഭയില്‍ പറഞ്ഞത് കേട്ട് ഉള്ള സാധനങ്ങള്‍ എല്ലാം തിരക്കിട്ട് സ്റ്റോറുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥരും പാടുപെട്ടു. സഭ പിരിഞ്ഞു പ്രതിപക്ഷ നേതാവിനെയും കൂട്ടി വരുമ്പോഴേക്കും കുറച്ചൊക്കെ സ്റ്റോക്ക് ഒപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. കാലം മാറിയില്ലേ? ചാനലുകാര്‍ ക്യാമറയുമായി വന്നാല്‍ എന്ത് ചെയ്യും ? പലയിടത്തും മല്ലിയും, പച്ചരിയും, വെളിച്ചെണ്ണയും മാത്രമേയുള്ളൂ സ്റ്റോക്ക് ! ബാക്കി 10 ഇനവും ഔട്ട് ഓഫ് സ്റ്റോക്ക്.
കളി പാളിയോ ? :
പാര്‍ട്ടി ചെറുതാണെങ്കിലും ആഭ്യന്തര കലഹത്തില്‍ ആ പാര്‍ട്ടി മുന്നില്‍ തന്നെ. നിയമസഭയില്‍ അവര്‍ക്ക് ശശീന്ദ്രനും തോമസ് കെ തോമസ് എന്നീ രണ്ട് എം.എല്‍.എമാരുണ്ട്. മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിയുമ്പോള്‍ ശശീന്ദ്രന്‍ തനിക്കുവേണ്ടി ഒഴിഞ്ഞു തരണമെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം. അത് നടപ്പുള്ള കാര്യമല്ല എന്നറിഞ്ഞതോടെ തന്നെ വധിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിക്കുന്നുവെന്നായി തോമസിന്റെ പരാതി. ശരദ് പവാര്‍ അദ്ദേഹത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നു തന്നെ പുറത്താക്കി പ്രശ്‌നം തീര്‍ത്തു. ഈ നിലക്ക് ഈ ചാക്കോ വിരോധി ഭരണ കക്ഷിയില്‍ നിന്നും പുറത്താകാനേ തരമുള്ളൂ.
അടിക്കുറിപ്പ് : വിശ്വാസത്തെ തൊടുന്നത് സൂക്ഷിച്ചു വേണം എന്ന് ഇടതുമുന്നണി നേതാക്കളെ ഇന്നലെ ബോദ്ധ്യപ്പെടുത്തിയ പിണറായി സഖാവ് ഏകസിവില്‍കോഡിന് എതിരെയുള്ള പ്രമേയം വളരെ സൂക്ഷിച്ചു കൊണ്ടുവന്നു ; ഏകകണ്ഠമായി പാസാക്കി: ആ കാര്യത്തിലും കേരള നിയമസഭ നമ്പര്‍ വണ്‍. പിണറായിയുടെ 'വിശ്വാസപ്രമാണം' ഇതായിരിക്കേ കോട്ടയത്തെ അനില്‍കുമാര്‍ സഖാവ് ഉമ്മന്‍ചാണ്ടിയെ പുണ്യാളന്‍ ആക്കാനുള്ള വിശ്വാസ ശ്രമം പൊളിക്കാന്‍ കോപ്പുകൂട്ടുന്നു. സതീശന്‍ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നത് പുതുപ്പള്ളി വിജയം മുന്നില്‍ കണ്ടു കൊണ്ടാണെന്നാണ് അനില്‍ തുറന്നടിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ 'അവിശുദ്ധനാ'ക്കാനാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ സഖാക്കള്‍ ശ്രമിക്കുക. വിശുദ്ധനാക്കും മുന്‍പ് സഭയ്ക്ക് 'ഡെവിള്‍സ് വക്കീലി'ന്റെ ഒഴിവുണ്ടെന്ന് അനില്‍ കുമാര്‍ വക്കീല്‍ അറിഞ്ഞോ?
കെ.എ ഫ്രാന്‍സിസ്