Image

സമാധാനം തകര്‍ക്കുന്ന ചില വാശികള്‍... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 02 August, 2023
സമാധാനം തകര്‍ക്കുന്ന ചില വാശികള്‍... : (കെ.എ ഫ്രാന്‍സിസ്)

ഗണപതി 'മിത്ത്' (കെട്ടുകഥ)യാണെന്ന് ഹിന്ദു നാമധാരി പറഞ്ഞാല്‍ അത് അയാളുടെ അഭിപ്രായം ഇതേ കാര്യം വേറൊരു മത നാമമുള്ളയാള്‍ പറഞ്ഞാല്‍ വര്‍ഗീയം ! കേരളം അങ്ങനെയായി പോയി. ഒറ്റയടിക്കത്  മാറ്റാനാവുമോ ? 'ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്' എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഇങ്ങനെ വാശി പിടിച്ച് വഷളാക്കണോ  ഗോവിന്ദന്‍ മാഷേ? 

കേരളം ഇന്ന് കാര്യമായി ചര്‍ച്ച ചെയ്തത് ഷംസീറിനെയും ഗണപതിയേയും പറ്റിയായിരുന്നല്ലോ. സുകുമാരന്‍ നായര്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ചു കൊണ്ടാണ് ഇന്നത്തെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നെ നാമഘോഷയാത്രയുണ്ടായി. സി.പി.എം പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണ മാധ്യമ ചര്‍ച്ചയായിരുന്നു അടുത്ത സംഭവം. മാഷിന്റെ ലൈനില്‍ നിന്ന് ആണുവിട തെറ്റാതെയുള്ള ഷംസീറിന്റെ വിശദീകരണ മാധ്യമ ചര്‍ച്ചയും, അതിനിടയില്‍ സതീശന്റെ ഷംസീര്‍  വിരുദ്ധ പ്രസ്താവനയും ഉണ്ടായി. എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നെങ്കിലും മാഷാണ് കസറിയത് 'ഷംസീര്‍ മാപ്പു പറയില്ല, തിരുത്തില്ല' മാഷങ്ങ് പ്രഖ്യാപിച്ചു കളഞ്ഞു. എല്ലാ വാതിലും അടച്ചു കളഞ്ഞു. 

വിചാരധാരയോ ? : 

'മിത്തിനെ മിത്തായി കാണണം. ശാസ്ത്രീയമായി വിലയിരുത്താനാവില്ല അതാണ് ഞങ്ങളുടെ ദാര്‍ശനിക നിലപാട്. വൈരുദ്ധ്യാത്മിക ഭൗതികവാദമാണിത്' ഗോവിന്ദന്‍ മാഷ് നയം വ്യക്തമാക്കുന്നു. 'അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയവരാണ് ഞങ്ങള്‍. ഗണപതി ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല. എല്ലാകാലത്തും സി.പി.എം എല്ലാ മത വിശ്വാസികളുടെയും വിശ്വാസമില്ലാത്തവരുടെയും  ജനാധിപത്യ അവകാശം സംരക്ഷിക്കും' കൂട്ടത്തില്‍ ഷംസീര്‍ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസിനുവേണ്ടി പ്രതികരിച്ച സതീശന്റെ  വാക്കുകളില്‍ 'വിചാരധാര' കടന്നു വന്നതില്‍ അദ്ദേഹത്തിന്റെ 'ഗോള്‍വാള്‍ക്കര്‍ വിചാരധാര' കടന്നു കൂടിയതിനെയും മാഷ് വിമര്‍ശിച്ചു. പലവിധ ആശയങ്ങള്‍ എന്നു പറയുന്നതിനു പകരം മനപൂര്‍വം സതീശന്‍ അങ്ങനെ പറഞ്ഞെന്നായി മാഷ്. 

ഇന്നസെന്റായ ചോദ്യം : 

ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കുമെന്നായിരുന്നു ഇന്നത്തെ ഷംസീറിന്റെ ചോദ്യം. ഭരണഘടനയില്‍ മതവിശ്വാസത്തെക്കുറിച്ചും മറുവശത്ത്  ശാസ്ത്രീയ വശങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന ആള്‍ എന്ന നിലയില്‍ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുക എന്ന് മാധ്യമ പ്രവര്‍ത്തകരോട് ആരാഞ്ഞു. സഭാധ്യക്ഷന്റെ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം വയ്യാവേലി തലയില്‍ വെക്കണമായിരുന്നുവോ എന്നാണ് വിശ്വാസികളായ സി.പി.എമ്മുകാരും ഇപ്പോള്‍ ചോദിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരാരും മറുത്തു പറഞ്ഞു കാണില്ല. 

വിശ്വാസമല്ലേ, എല്ലാം...: 

വിശ്വാസികള്‍ക്ക് ശാസ്ത്രത്തെക്കാള്‍ വലുത് അവരുടെ വിശ്വാസമാണെന്ന് സുകുമാരന്‍ നായര്‍ ഇന്ന് പ്രഖ്യാപിച്ചു. ഗണപതി കേരളത്തിലോ  ഇന്ത്യയിലോ  ഒതുങ്ങുന്ന ഒരു വിശ്വാസമല്ല. ആഗോള മാനങ്ങളുള്ള വലിയ വിശ്വാസമാണ്. ഗോവിന്ദന്‍ മാഷിന്റെ ചൈനയില്‍ പോലും പുരാതന ക്ഷേത്രങ്ങളില്‍ 4 ദിക്കുകളുടെ നാഥനായാണ്  ഗണപതിയെ കാണുന്നത്. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനേഷ്യ, ലാറ്റിനമേരിക്കന്‍ നാടുകള്‍ തുടങ്ങിയവിടങ്ങളിലൊക്കെ ഗണേശ വിഗ്രഹങ്ങള്‍ ഉണ്ട്. ജപ്പാനില്‍ ഗണേശന്റെ നാലു കരങ്ങള്‍ ഉള്ള ശില്പങ്ങള്‍ എവിടെയും കാണാം. തായ്ലാന്‍ഡിലെ പ്രസിദ്ധമായ ഗണേശ ശില്പത്തിന് 16 മീറ്റര്‍ ഉയരവും 24 മീറ്റര്‍ നീളവും ഉണ്ട്. അത് പിങ്ക് ഗണപതി എന്നറിയപ്പെടുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും അവരുടെ വിദൂര പഴമയുടെ യഥാതഥമായ വിവരണം പോലെയല്ലേ നാമൊക്കെ കണക്കാക്കുക. അതിനും വേണോ ഷംസീറേ, വൈരുദ്ധ്യാത്മക ഭൗതികവാദം ? 

അടിക്കുറിപ്പ് : പത്രങ്ങളിലും മാധ്യമങ്ങളിലും രണ്ടു പേരുകള്‍ ഈയ്യിടെ കൂടിക്കുഴഞ്ഞു കിടക്കുന്നു. അസഫാക്കും  അഫ്‌സാനയും  രണ്ടു പേരും അറിയപ്പെടുന്നത് ക്രിമിനലുകളായാണെങ്കിലും ആദ്യത്തെയാള്‍  ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബീഹാറുകാരന്‍ യുവാവ്. ഭര്‍ത്താവിനെ കൊന്നു കുഴിചിട്ടുവെന്നു മൊഴി നല്‍കിയെങ്കിലും ആ ഭര്‍ത്താവ് നൗഷാദ് ജീവനോടെ തിരിച്ചെത്തിയതോടെ  വിവാദ നായികയായ പത്തനംതിട്ടക്കാരി യുവതിയാണ് അഫ്‌സാന.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക