
ആകാശം മഴക്കാര്‍ മൂടി, അലച്ചു പെയ്യുന്ന മഴയാണ് കര്‍ക്കടകത്തിന്റെ ഭാവം. ഇറ്റുവീഴുന്ന വെള്ളത്തിനൊപ്പം പട്ടിണിയുടെ ദൈന്യത കലരുമ്പോള്‍ മനുഷ്യര്‍ ഈശ്വരാ എന്നു വിളിച്ചു. അവര്‍, മനുഷ്യനായി പിറന്നു വീണ് ഭൂമിയുടെ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ ആ നാരായണമൂര്‍ത്തിയുടെ അവതാരമായ രാമനെ ഓര്‍ത്തു. സീതാപതിയെന്ന്, രാവണാന്തകനെന്ന് അവര്‍ അവനെ വിശേഷിപ്പിച്ചു. ആ രാമന്റെ കഥയില്‍ അതിശയങ്ങളേക്കാളേറെ പ്രതിസന്ധിയില്‍ സന്ധിയില്ലാതെ പോരാടിയ, പരാജയവും വിജയവും ഇടകലര്‍ന്ന ജീവിതം നയിച്ച രാമനെക്കണ്ടവര്‍ സ്വന്തം ദുഃഖങ്ങള്‍ മറന്നു. ഈ പെരും കര്‍ക്കടകവും പെയ്‌തൊഴിയുമെന്നും, മാനം തെളിയുമെന്നും അവര്‍ പ്രതീക്ഷിച്ചു. വീടുകളില്‍ ഈറനിറ്റുന്ന ഇടനാഴിയില്‍ വൃദ്ധര്‍ മെല്ലെ രാമായണ ശീലുകള്‍ നിലവിളക്കിന്റെ അരണ്ട വെട്ടത്തില്‍ വായിച്ചു തുടങ്ങി. മുന്നില്‍ ജീവിതമാണ്. അതു ത്രാണനം ചെയ്യണം. മനുഷ്യനു വിധിച്ചത് അതു തന്നെ.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്രജയ!
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
രാമയണ പാരായണം ആരംഭിക്കുന്നു....
ഇതു രാമന്റെ കഥയെന്നും, സീതയെ പരിത്യജിച്ച പതിയുടെ കഥയെന്നും, വെറും മിത്തെന്നും പറയുന്നവര്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത്, രാമായണം എന്ന ആദി കാവ്യത്തിനെന്തു പ്രസക്തിയെന്നു ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ ചിലതു കുറിക്കട്ടെ,
ജ്ഞാനവാസിഷ്ഠത്തിന്റെ ഭാഷാ ഗദ്യത്തിന്റെ ആമുഖത്തില്‍ കാവുങ്ങല്‍ നീലകണ്ഠപ്പിള്ള കുറിച്ച ഒരു വാക്യമുണ്ട്,
'ആത്മേശ്വരപരമായ ചിന്തയില്‍ ആരംഭിച്ച് ആത്മാനാത്മാവിവേചനത്തില്‍ വികസിച്ച് ആത്മൈക്യത്തില്‍ ലയം പ്രാപിച്ചിരിക്കുന്ന വേദാന്തശാസ്ത്രതത്വങ്ങള്‍, ചിന്തകന്മാര്‍ ജീവിച്ചിരുന്ന സകല സമുദായത്തിലും ഉത്ഭവിച്ചിരിക്കാന്‍ ഇടയുണ്ട്, ആചാരവിചാരങ്ങളെ നിര്‍ദ്ദോഷമാക്കുന്നതിന് മനുഷ്യവര്‍ഗം ആരാധിച്ചു വരുന്ന മതം എന്ന വിശ്വാസവിശേഷത്തിന് തെളിവും വെളിവും നിലവും നല്‍കാന്‍ സഹായകമായ ബോധം, വേദാന്ത തത്വപരമാണെന്നു നിസ്സംശയം പറയാം. പക്ഷേ, ആഴത്തിലുള്ള പ്രഭുതത്വങ്ങള്‍ നിരാവരണം ചെയ് വാന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്നേയുള്ളൂ.'
ഇതു തന്നെയാണ് രാമായണത്തെക്കുറിച്ചുള്ള എതിര്‍ചിന്തകളെക്കുറിച്ചും പറയാനുള്ളൂ. രാമായണം ഒരു കഥയായി മാത്രം കണ്ടാല്‍ അതില്‍ വൈകാരികത മാത്രം കണ്ടെടുത്താല്‍, ആ വായിച്ചതു രാമായണമല്ലെന്നു പറയേണ്ടി വരും. രാമന്റെ രാജ്യത്യാഗവും ഭാര്യയെ ഉപേക്ഷിക്കലും മാത്രം രാമായണമായിക്കണ്ടാല്‍ അതു രാമായണത്തെ ഒരു കുരുടന്‍ ദര്‍ശിച്ച പോലെയെന്നും ഉറപ്പിക്കേണ്ടി വരും. രാമനും സീതയും ഹനുമാനും ലക്ഷ്മണനും രാവണനും വിഭീഷണനും കുംഭകര്‍ണനും ഇന്ദ്രജിത്തും ദശരഥനും കൈകേയിയും കൗസല്യയും സുമിത്രയും നമ്മള്‍ തന്നെ. ആരാണോ രാമായണം പാരായണം ചെയ്യുന്നത് അവനില്‍ നിലകൊള്ളുന്ന സത്യവും അസത്യവും, ധര്‍മവും അധര്‍മവും കൂടിച്ചേരുന്നതാണത്. ഏറ്റവും ഒടുവില്‍ ഉത്തരകാണ്ഡം അവസാനിക്കുമ്പോള്‍ മഹാവിഷ്ണുവില്‍ വിലയം പ്രാപിക്കുന്നതും വാല്മീകിയോ, പില്‍ക്കാലത്തു രാമയണത്തെ ഭക്തി രസത്തില്‍ സ്പുടം ചെയ്ത എഴുത്തച്ഛനോ അല്ല, മറിച്ച് രാമായണ പരായണം ചെയ്യുന്നവനാണ്.
ഇതു സീതയെ പരിത്യജിക്കലിന്റെ കഥയായിട്ടോ, രാവണന്റെ ഗദ്ഗദമായിട്ടോ ദര്‍ശിക്കുന്നവര്‍ രാമായണത്തിന്റെ ആത്മാവു തൊടാതെ അവനവനു വേണ്ടത് അടര്‍ത്തി ഭുജിക്കുന്നു എന്നേ കരുതേണ്ടു.
രാമായണം, കാലാതിവര്‍ത്തിയായി നിലകൊള്ളുന്നുവെങ്കില്‍, അതിനു ശേഷം അതിനെ ഭുജിച്ചു രചിച്ചവയൊക്കെ വിസ്മൃതിയിലാഴ്ന്നുവെങ്കില്‍ തിരിച്ചറിയുക, രാമായണം വേദാന്തമാണ്. അത് ഇതിഹാസമാണ്. അത് അനശ്വരമാണ്.
അങ്ങനെയുള്ള രാമായണത്തെ പ്രാര്‍ത്ഥിച്ചുകൊണ്ട് രാമായണ മാസത്തെ ഒന്നാം ദിവസം, രാമായണ മാഹാത്മ്യത്തെ എഴുത്തച്ഛന്‍ എപ്രകാരം വര്‍ണിച്ചുവോ അതുള്ളില്‍ സ്മരിച്ചു കൊണ്ട്, സക്ഷാല്‍ പരമശിവന്‍ ശ്രീദേവിക്കു രാമായണ മാഹാത്മ്യം വര്‍ണ്ണിക്കുന്നതും വായിച്ചു കൊണ്ട് പൂര്‍ത്തിയാക്കുന്നു.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്രജയ!
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!