Image

നിളയും നയാഗ്രയും കര്‍ക്കിടകത്തിലെ ഉതൃട്ടാതിയും (ഡോ.എം.വി. പിള്ള)

Published on 16 July, 2023
നിളയും നയാഗ്രയും കര്‍ക്കിടകത്തിലെ ഉതൃട്ടാതിയും (ഡോ.എം.വി. പിള്ള)

കര്‍ക്കിടകത്തിലെ ഉതൃട്ടാതി നാളിലായിരുന്നു 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാടത്തു തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടിയുടെ ജനനം. നടപ്പുരീതിയില്‍ ജനനത്തീയതി ഇംഗ്ലീഷില്‍ ആയപ്പോള്‍ അത് ജൂലൈ 15 ആയെന്നു മാത്രം. കര്‍ക്കിടകത്തിലെ ഉതൃട്ടാതി ഈവര്‍ഷം ആഗസ്റ്റ് 5-നാണ്. അന്ന് കുടുംബാംഗങ്ങളോടൊത്ത് തകച്ചും സ്വകാര്യമായ പിറന്നാളാഘോഷം. 

ഭാരതപ്പുഴയുടെ തീരത്ത് കൂടല്ലൂര്‍ ഗ്രാമത്തിലെ കുടുംബങ്ങളില്‍ മരുമക്കത്തായം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടം. 'നാലുകെട്ടും', 'അസുരവിത്തും', 'കാലവും' മലയാളത്തിന് വരദാനമായി ലഭിച്ചത് മൂന്നു തലമുറകള്‍ക്ക് എം.ടി പകര്‍ന്നു നല്‍കിയ അക്ഷരങ്ങളിലൂടെയായിരുന്നു. വള്ളുവനാടിന്റെ കഥയും വ്യഥയും  ആത്മസംഘര്‍ഷങ്ങളും, അമൂല്യ നന്മകളും പേറിയ കഥാപാത്രങ്ങളെല്ലാം ആ കൃതികളിലെ മരുമക്കത്തായ വ്യവസ്ഥതിയുടെ രേഖാചിത്രങ്ങളായി പരിണമിച്ചു. വാര്‍ദ്ധക്യത്തില്‍ പരിചരണത്തിന് കൂടെയെത്തിയതും 'ഉണ്ണിമാമയ്ക്ക്' പ്രിയങ്കരമായ സതീശന്‍. എം.ടി ചെറുകഥകളിലെ കഥാപാത്രം പോലെയായിരുന്നു സതീശന്റെ ജീവിതത്തിലെ വഴിത്തിരിവും. കോളജ് പഠനത്തിന് സാമ്പത്തിക തടസ്സങ്ങള്‍ പ്രതിബന്ധമായി നിന്നപ്പോള്‍ എം.ടി പറഞ്ഞു. 'അവന്‍ എന്റെകൂടെ നിന്നു പഠിക്കട്ടെ'. അര നൂറ്റാണ്ടിനു മുമ്പ് കൂടെക്കൂടിയ അനന്തിരവനിലൂടെ എം.ടി മരുമക്കത്തായത്തിന്റെ സദൃഢമായ ആത്മബന്ധങ്ങള്‍ സ്വജീവിതത്തിലും തുറന്നുകാട്ടുന്നു. 'ഉണ്ണിമാമ' സതീശന് ജീവനാണ്. ഉണ്ണിമാമയോടൊപ്പം ജീവിച്ച് കോളജ് പഠനം പൂര്‍ത്തിയാക്കിയ സതീശന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജരായി പെന്‍ഷന്‍ പറ്റി കോഴിക്കോട്ടെ കൊട്ടാരം റോഡിലെ 'സിതാര'യ്ക്ക് അടുത്താണ് താമസം. ഉണ്ണിമാമ എപ്പോള്‍ വിളിച്ചാലും ഓടിയെത്തും. 

ജൂലൈ 15-ന് എം.ടിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ സതീശനെയാണ് കിട്ടിയത്. ഉണ്ണിമാമ മാതൃഭൂമിയിലെ നവതി ആഘോഷങ്ങള്‍ക്ക് പോയിരിക്കുന്നു. മടങ്ങിവരുമ്പോള്‍ അറിയിക്കാം. ശരിയായ പിറന്നാള്‍ കര്‍ക്കിടകത്തിലെ ഉതൃട്ടാതി.   ഇപ്പോള്‍ നടക്കുന്നത് 'മീഡിയ പിറന്നാള്‍'- ജനനതീയതി ഇംഗ്ലീഷ് മാസം പകര്‍ന്നെടുത്തത്. 

എം.ടി മടങ്ങിയെത്തി ഉടനെ തിരിച്ചുവിളിച്ചു. 'സിതാര'യില്‍ നിലയ്ക്കാത്ത ജനപ്രവാഹവും ടെലിഫോണ്‍ വിളികളും. പതിവില്ലാതെ വളരെ ഉത്സാഹവാനായ എം.ടിയുടെ ശബ്ദം 'സന്തോഷം....സന്തോഷം'.

എം.ടിയുടെ പിറന്നാളിന് ഒരു പ്രത്യേക പ്രാധാന്യം ഈ ലേഖനത്തിനുണ്ട്. 1992-ല്‍ വാഷിംഗ്ടണ്‍ ഡി.സി ഫൊക്കാന സമ്മേളനത്തിന്റെ സാഹിത്യവേദിയിലേക്ക് സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് വഴങ്ങി വന്നെത്തിയ വിശിഷ്ടാതിഥികളായിരുന്നു എം.ടിയും, ഒ.എന്‍.വിയും, സുഗതകുമാരിയും, വിഷ്ണു നാരായണന്‍ നമ്പൂതിരിയും, കാക്കനാടനും. ഫൊക്കനയുടെ ഇന്നും തുടരുന്ന 'ഭാഷയ്‌ക്കൊരു ഡോളറിന്റെ' പ്രഭവകേന്ദ്രവും ആ സമ്മേളനം ആയിരുന്നു.

ഭാഷക്കൊരു ഡോളർ തുടക്കം 

ഫൊക്കാന സമ്മേളനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം എം.ടിയുടെ 59-ാം പിറന്നാളാണെന്നറിഞ്ഞു. ജൂലൈ 15. എന്നും പ്രകൃതിയില്‍ നിന്ന് മുത്തും പവിഴവും പകര്‍ന്നെടുത്ത ഈ യശോധനന്റെ പിറന്നാള്‍ പ്രകൃത്യാരാധനയ്ക്കുതകുന്ന ഗാംഭീര്യവും സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന നയാഗ്രയില്‍വച്ചാകട്ടെ എന്നു ഞങ്ങള്‍ തീരുമാനിച്ചു. ഫൊക്കാനയുടെ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയും സെക്രട്ടറി സണ്ണി വൈക്ലിഫും നേതൃത്വം നല്‍കിയ ഈ അവിസ്മരണീയ യാത്ര വിശിഷ്ടാതിഥികള്‍ക്കൊപ്പം എ.സി വാനില്‍ നിറഞ്ഞ സഹൃദയരും, സാഹിത്യാസ്വാദകരും ധന്യമാക്കി. 

നയാഗ്രയിൽ ജന്മദിനം ജൂലൈ 15, 1992 

ചിരിക്കുന്ന എം.ടിയേയും, ചിരിക്കാത്ത കെ.എസ്. ചിത്രയേയും അത്യപൂര്‍വ്വമായേ മലയാളികള്‍ കണ്ടുട്ടുള്ളൂ. അവര്‍ അങ്ങിനെയായിരിക്കുന്നതാണ് കോടാനുകോടി ആരാധര്‍ക്കും ഇഷ്ടം. 

മിതഭാഷിയും, സദാ ഗൗരവക്കാരനും, പരുക്കനുമെന്ന് തോന്നിപ്പിക്കുന്ന എം.ടി 'പ്രായമാകുന്തോറും ഓരോ മനുഷ്യനും രണ്ടാം ബാല്യത്തിലേക്ക് പ്രവേശിക്കും' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കാരുണ്ട്. അടുത്തറിയുമ്പോള്‍ ഭാസ്‌കരന്‍ മാഷിന്റെ വിശ്രുത ഗാനം അറിയാതെ നമ്മില്‍ അലയടിച്ചെത്തും. 'എല്ലാരും ചൊല്ലണു.... ഞാനൊന്നു തൊട്ടപ്പോം നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യ...' ദീര്‍ഘയാത്രയുടെ വിരസതയകറ്റാന്‍ കളിയും, തമാശയും, കവിതയും, ഗാനങ്ങളും, അറിവിന്റെ നുറുങ്ങുകളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരുവസരത്തില്‍ anhedonia എന്ന വാക്കിന്റെ അര്‍ത്ഥം ചര്‍ച്ചയ്ക്ക് വന്നു. ആനന്ദം മാത്രമാണ് ജീവിതോദ്ദേശമെന്ന വീക്ഷണത്തിന്റെ (hedonism) നേര്‍ വിപരീതമാണ് anhedonia. ഒന്നിലും ആനന്ദം കണ്ടെത്താതെ ജീവിതത്തോട് മൊത്തം വിരക്തി തോന്നുന്ന അവസ്ഥ. ഒട്ടുമിക്കവര്‍ക്കും വല്ലപ്പോഴും വന്നുപോകുന്ന ഒരു ചിന്താഭ്രംശമാണിത്. നീണ്ടുനിന്നാല്‍ മനോരോഗമായി മാറാനിടയുള്ള ദുരവസ്ഥ. അര്‍ത്ഥം അറിഞ്ഞതും സുഗതകുമാരി ഏറ്റെടുത്തു. 'എനിക്ക് അതുണ്ട്.' 'ആര്‍ക്കാണ് ഇല്ലാത്തത്?' എം.ടി. 'ചിലപ്പോള്‍ അത് സര്‍ഗ്ഗസൃഷ്ടിക്ക് സഹായിക്കാറുണ്ട്'- ഒ.എന്‍.വി. എല്ലാവരും പൊട്ടിച്ചിരിച്ചു. എം.ടിയുടെ മനോഹരമായ ഒരു പുഞ്ചിരി അന്ന് ആദ്യമായി കണ്ടു. 

നാട്ടില്‍ ഇത്തരം ഒരവസരം ഒരിക്കലും കിട്ടാനിടയില്ല. അതുകൊണ്ടാകാം സുഗതകുമാരി പറഞ്ഞു. 'നമുക്കൊരു പഴയ പാട്ട് പാടാം'. പണ്ട് കോളജ് കാമ്പസുകളില്‍ പ്രചരിച്ചിരുന്ന ഒരു പരിഭവഗാനം. 

'വസന്തഗാനമേ മറന്നു നീ ജവാലഹോ....
ആ പൂക്കള്‍ പുഞ്ചിരച്ച കാലമോര്‍ത്ത് നാം കരഞ്ഞിടാം.'

ഈണവും ശ്രുതിയും താളവുമൊത്തുവന്നപ്പോള്‍ ഒ.എന്‍.വി ഏറ്റുപാടി. സഹയാത്രികര്‍ക്ക് ആവേശമായി സംഘഗാനമായി അത് പടര്‍ന്നു.
ഇടതുകൈയ്യിലെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ മീശയുടെ അഗ്രം പിരിച്ചുകൊണ്ടിരുന്ന എം.ടി കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. സമപ്രായത്തിന്റെ സ്വാതന്ത്ര്യം മുതലെടുത്ത് സുഗതകുമാരി നിര്‍ബന്ധിച്ചു. 'പാടൂ...എം.ടി'

സിറാക്യൂസ് മലനിരകള്‍ക്കപ്പുറത്തുനിന്നും പാട്ടുകേള്‍ക്കാനെന്നപോലെ മഴമേഘങ്ങള്‍ ഇരച്ചുകയറി. 
'വസന്തകാലമേ....' എം.ടിയും പാട്ടിന് പങ്കാളിയായി.

കൂടെയുണ്ടായിരുന്ന കലാകൗമുദി പത്രാധിപര്‍ അന്നു രാത്രിതന്നെ കേരള കൗമുദി വാരാന്ത്യപ്പതിപ്പിലേക്ക് ലേഖനം അയച്ചു. 'ഒ.എന്‍.വി പാടി...എം.ടി കൂടെപ്പാടി...' കേരളത്തിലെ സഹൃദയര്‍ സഹര്‍ഷം ഏറ്റുവാങ്ങിയ ആ കുറിപ്പുകള്‍ നിരവധി മാധ്യമങ്ങള്‍ കൈമാറി. 

നയാഗ്രയിലെ ജന്മദിനാഘോഷം അതിഗംഭീരമായിരുന്നു. വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുള്ള പാറക്കെട്ടില്‍ 'പിറന്നാള്‍ പയ്യന്‍' നമ്രശിരസ്‌കനായി ഇരുന്നു. ചുറ്റും ഒ.എന്‍.വി, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സഹയാത്രികരായി എത്തിയ ഞങ്ങള്‍ കുറച്ചുപേരും. 

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പെട്ടെന്നുതിര്‍ന്ന മരതകപാളി പോലെ താഴേക്ക് വീഴുന്ന ജലപാളികള്‍, പനിനീര്‍ കുപ്പിയില്‍ നിന്നും കുടഞ്ഞ  ജലകണികകള്‍ സുഗന്ധ ദ്രവ്യം പോലെ ഞങ്ങള്‍ ഏവരും ഏറ്റുവാങ്ങി. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പറിച്ചെടുത്ത മനോഹരങ്ങളായ വഴിയോര പൂക്കള്‍ കൊണ്ട് എംടിക്ക് പുഷ്പാഭിഷേകം. മൂന്ന് കവികള്‍ നിരന്നു നിന്ന് അര്‍പ്പിച്ച കാവ്യാഞ്ജലി-

ഡോ. എസ് . വേണുഗോപാൽ, ഡോ. എം.വി.പിള്ള, ഡോ. എം. ബാലചന്ദ്രൻ നായർ എന്നിവർ എം.ടിക്കൊപ്പം

വിഷ്ണുനാരായണന്‍ നമ്പൂതിരി സംസ്‌കൃതത്തിലുള്ള ഓരോ മന്ത്രം ഉച്ചത്തില്‍ ചൊല്ലി എംടിയുടെ ശിരസ്സില്‍ തീര്‍ത്ഥം തളിച്ചു.. പൂവിതളുകള്‍ വര്‍ഷിച്ചു. നയാഗ്ര ശക്തിയും സൗന്ദര്യവും ആവാഹിച്ചു മഹാതാണ്ഡവത്തിന്റെ താളവുമായി തൊട്ടരികില്‍ maid of the mist  എന്ന ജല ധൂമകന്യ അകലെ എവിടെയോ നിന്നു കുരവയിട്ട പ്രതീതി..

ഫോക്കാനാ ഭാരവാഹി ശ്രീമതി മധുരം ശിവരാജന്റെ പേര് ആരോ അറിഞ്ഞിട്ടത് ആയിരിക്കണം. പിറന്നാളിന്റെ മധുരം നേരത്തെ കരുതിയിരുന്നു. അതിഥികള്‍ക്ക് എല്ലാം ഒന്നാന്തരം ശര്‍ക്കര പായസം.

കാലം കാത്തുവെച്ച ധന്യ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മയ്ക്ക്... സ്‌നേഹപൂര്‍വ്വം എന്നെഴുതി കൈയ്യൊപ്പിട്ട്  എനിക്ക് സമ്മാനിച്ച 'എംടിയുടെ തെരഞ്ഞെടുത്ത കഥകളുടെ' സമാഹാരം മറിച്ച് നോക്കിയപ്പോഴാണ് 'ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥ കണ്ണില്‍ പെട്ടത്. അത് ഉറക്ക വായിക്കാന്‍ ഇതില്‍പരം ഹൃദ്യമായ ഒരു അവസരം ഇനി കിട്ടാനില്ല..

മനോഹരമായ ചെറുകഥാ സമാഹാരത്തിലെ  98 പേജില്‍ ചേര്‍ത്തിരിക്കുന്ന എട്ടാമത്തെ കഥ. നയാഗ്ര ഈ കഥയ്ക്കു വേണ്ടി കാത്തിരുന്നതുപോലെ...

'നാളെ എന്റെ പിറന്നാള്‍ ആണ്. എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍ നിന്നാണ് അത് മനസ്സിലായത്. അവള്‍ എഴുതിയിരിക്കുന്നു... വരുന്ന വ്യാഴാഴ്ചയാണ് പിറന്നാള്‍... രാവിലെ കുളിച്ചിട്ടേ വല്ലതും കഴിക്കാവൂ. വ്യാഴാഴ്ച പിറന്നാള്‍ വരുന്നത് നല്ലതാണ്. ഞാന്‍ ശിവന്റെ അമ്പലത്തില്‍ ധാരയും പണ പായസവും കഴിക്കുന്നുണ്ട്.... അവിടെ അടുത്ത് അമ്പലം ഇല്ലേ... ഉണ്ടെങ്കില്‍ കുളിച്ചു തൊഴണം....'

കഥ വായിച്ച് പോകവ കഥാകൃത്ത് പലതവണ കണ്ണട മാറ്റി കണ്ണുനീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു..

കര്‍ക്കിടകം പഞ്ഞമാസം ആയിരുന്ന കാലത്ത് ഉതൃട്ടാതിയില്‍ എന്റെ പിറന്നാളിന് അരക്കൂട്ട് പായസം വയ്ക്കാന്‍ നാലടങ്ങഴി  അരി ചോദിച്ച
 അമ്മയോട് ഇടിവെട്ടുന്ന സ്വരത്തില്‍ അമ്മാവന്‍ അലറി.

' ആരാ പറഞ്ഞത് പായസം നേരാന്‍...'

ഒരു അടി പൊട്ടുന്ന ശബ്ദം... അമ്മ പത്തായത്തിന്റെ മുകളിലേക്ക് കമിഴ്ന്നുവീണു....''

ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ആ കാലം പിന്നീട് ഇന്ന് ഇതാ ഒരു ജനതയുടെ മുഴുവന്‍ സ്‌നേഹാദരങ്ങളോടെ നയാഗ്രയുടെ സാന്നിധ്യത്തില്‍ ഉജ്ജ്വലമായ ഒരു പിറന്നാള്‍- അര നൂറ്റാണ്ടിന് ശേഷം!

1992-ലെ ജൂലൈ 15ന് നയാഗ്രയുടെ അനുഗ്രഹാസുകള്‍ ഏറ്റുവാങ്ങിയ ശേഷം അദ്ദേഹത്തിന് പുരസ്‌കാരങ്ങളുടെയും ബഹുമതികളുടെയും പെരുമഴക്കാലമായിരുന്നു... ജ്ഞാനപീഠവും പത്മഭൂഷണം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള ജ്യോതിയും അങ്ങനെ എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അണി അണിയായി ഒഴുകി വന്നു. Midas touch എന്ന ഗ്രീക്ക് സങ്കല്പത്തിന്റെ മലയാള പരിഭാഷ ഒന്നുകൂടി മെച്ചമാണ്.

മായാ ദാസന്റെ സ്പര്‍ശം. തൊട്ടതെല്ലാം പൊന്നാക്കിയ ഈ മായാ ദാസന്റെ സ്പര്‍ശമേറ്റ് സാഹിത്യം, ചലച്ചിത്രം, മാതൃഭൂമി മാധ്യമങ്ങള്‍, തുഞ്ചന്‍പറമ്പ്, മലയാള സര്‍വ്വകലാശാല എന്നിവയുടെ പട്ടികയില്‍ ഫൊക്കാനയിലുടെ അമേരിക്കന്‍ മലയാളികള്‍ നിലനിര്‍ത്തിയ ''ഭാഷയ്ക്ക് ഒരു ഡോളറിനും'' പത്തരമാറ്റിന്റെ തിളക്കം.

ഉപബോധ മനസ്സില്‍ എംടി അമേരിക്കയുടെ ആരാധകനായിരുന്നോ? ന്യൂയോര്‍ക്ക് ഹെറാള്‍ഡ് നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ ''വളര്‍ത്തു മൃഗങ്ങള്‍'' ഒന്നാം സമ്മാനം അര്‍ഹമായതോടെ ആണ് സാഹിത്യ ലോകത്ത് അദ്ദേഹം ശ്രദ്ധേയനായത്. ഹെമ്മിംഗ് വേയുടെ ആരാധകനായിരുന്നു എംടി. അദ്ദേഹം എഴുതിയ' 'ഹെമ്മിംഗ് ഒരു മുഖവുര'' എഴുത്തിന്റെ ലോകത്തെ നവാഗതര്‍ക്ക് ഇന്നും മാര്‍ഗ്ഗരേഖയായി തുടരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തെ കുറച്ച് എഴുതിയ ''ആള്‍ക്കൂട്ടത്തില്‍ തനിയെ''  സാമ്പ്രദായിക യാത്ര വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായ സാഹിത്യസൃഷ്ടിയായി തീര്‍ന്നു.

എം.ടിയുടെ തിരക്കഥകള്‍ ദൃശ്യ നോവലുകളുടെ സ്ഥാനം പിടിച്ചു പറ്റിയതിൽ മികച്ച ഹോളിവുഡ് തിരക്കഥകളുടെ സ്വാധീനം കാണാം. വാര്‍ദ്ധക്യത്തിനും The New Yorker, Washington Post, New York Times  എന്നിവയിലെ വാരാന്ത്യ സാഹിത്യ എഡിഷനുകള്‍ ഒക്കെ അദ്ദേഹം കൗതുകത്തോടെ പിന്തുടര്‍ന്നു.

2022 നവംബര്‍ ഒന്നിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേരളപ്പിറവി ദിനാഘോഷത്തിന് ആണ് അദ്ദേഹത്തെ അടുത്തു കണ്ടത്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം വഷളായി വരുന്ന ഈ കാലത്ത് മാതൃഭാഷയായ മലയാളത്തിലൂടെയുള്ള സംവേദനം കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ ബന്ധങ്ങളും വളര്‍ത്താന്‍ ഉതകും എന്ന തത്വത്തില്‍ നിന്നുരുത്തിരിഞ്ഞതാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് സംയുക്തമായി നവംബര്‍ രണ്ടാം തീയതി അവതരിപ്പിച്ച പ്രത്യേക പരിപാടി. എം.ടി ആയിരുന്നു മുഖ്യാതിഥി. നവംബര്‍ ഒന്നിന് എംടിക്ക് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചതിന് തുഞ്ചന്‍പറമ്പില്‍ അരങ്ങേറിയ അനുമോദന സമ്മേളനം.

രണ്ടു ദിവസവും അദ്ദേഹത്തോടൊപ്പം പ്രകൃതിരമണീയമായ തുഞ്ചന്‍പറമ്പില്‍ കഴിയാന്‍ ഇടയായി. എന്റെ സഹപാഠികളും ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ സാഹിത്യ സേവനമനുഷ്ഠിച്ചു പുകപെറ്റ രണ്ടു സര്‍ജന്മാരും (ഡോക്ടര്‍ എസ്. വേണുഗോപാല്‍, ഡോക്ടര്‍ ബാലചന്ദ്രന്‍ നായര്‍) എംടിയെ കാണാനുള്ള അവസരം പാഴാക്കിയില്ല. മൂന്നുപേര്‍ക്കും ''രണ്ടാമൂഴ'' ത്തിന്റെ പുതിയ പതിപ്പ് കയ്യപ്പോടു കൂടി അദ്ദേഹം സമ്മാനിച്ചു.

മടക്കയാത്രയുടെ തലേദിവസം മഹാ മൗനിയുടെ ചുണ്ടുകളില്‍ നിന്നും സ്‌നേഹാന്വേഷണത്തോടെ ഒരു നിര്‍ദ്ദേശം, തിരൂരിലെ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചോ? മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കുന്ന ഈ വിഗ്രഹം ചരിത്രത്തിലും പുരാണങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രം എന്നാണ് പേരെങ്കിലും പ്രധാന ആരാധനാമൂര്‍ത്തി ശ്രീരാമന്‍ ആണ്. ഉപനടയില്‍ മാത്രമാണ് ഹനുമാന്റെ വിഗ്രഹം. ഭക്തര്‍ക്കിടയില്‍ ഏറ്റവും ശക്തിയുള്ള മൂര്‍ത്തി ഹനുമാന്‍ ആണെന്ന് വിശ്വാസം. ഉപനടയില്‍ താഴെ തല ചെരിച്ച് ഭഗവാന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നില്‍ക്കുന്ന പോലെയാണ് ബിംബം. ഇവിടെ നിന്നും സീതാന്വേഷണത്തില്‍ ലങ്കയിലേക്ക് കുതിക്കുന്നതിനു മുന്‍പ് സീതയ്ക്ക് നല്‍കാനുള്ള രഹസ്യ സന്ദേശം ശ്രീരാമനില്‍ നിന്നും ഏറ്റുവാങ്ങുകയാണത്രേ ഹനുമാന്‍. ഉപനടയില്‍ പൂജ ഇല്ല... നിവേദ്യം മാത്രം.

ഇത്രയും ശക്തിയുള്ള ഈ ആഞ്ജനേയ വിഗ്രഹം പൂജ ലഭിക്കാതെ ഉപനടയിലേക്ക് മാറ്റിയതില്‍ എം ടി അസ്വസ്ഥന്‍ ആണോ?

പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അവഗണിത മുഖങ്ങള്‍ അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ടോ?

നാലുകെട്ടിലും, അസുരവിത്തിലും, കാലത്തിലും മഞ്ഞിലും തുടങ്ങി അപ്പുണ്ണിയിലും, ഗോവിന്ദന്‍കുട്ടിയിലും, സേതുവിലും കൂടി വളര്‍ന്നു രാജാവാകാന്‍ അവസരം ഉണ്ടായിട്ടും പെറ്റമ്മയുടെ നാവില്‍ നിന്നും കേട്ട ''ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെ പോലെ പേരറിയാത്ത ഒരു കാട്ടാളന്റെ പുത്രന്‍'' എന്ന് ആക്ഷേപവും പേറി നില്‍ക്കുന്ന ഭീമസേനനില്‍ എത്തിനില്‍ക്കുന്നു ആ അമര്‍ഷം.

''സംതൃപ്തനായ ഒറ്റ മനുഷ്യനും എംടിയുടെ അനുഭവമണ്ഡലത്തില്‍ ഇല്ലേ?'' എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക:

''സംതൃപ്തര്‍ എന്ന് തോന്നിപ്പിക്കുന്ന മനുഷ്യര്‍ എന്നില്‍ ഒരു ചലനവും ഉണ്ടാക്കുകയില്ല... അസംതൃപ്തിയോ ദുഃഖമോ അമര്‍ഷമോ മാത്രമേ എന്നെ സ്പര്‍ശിക്കുന്നുള്ളൂ....''

ആതിര നാളില്‍ ചിപ്പിയില്‍ വീഴുന്ന മഴത്തുള്ളിയാണ് അകത്തു ഉറങ്ങുന്ന മണല്‍ത്തരിയെ മുത്തായി മാറ്റുന്നതെന്നൊരു കവി സങ്കല്‍പം ഉണ്ട്. എം.ടിയുടെ സര്‍ഗാത്മകതയുടെ ചിപ്പിയ്ക്കുളില്‍ ഇനിയും മണല്‍ തരികള്‍ കാത്തിരിക്കുന്നു. അത് ഹനുമാന്‍ ആകാം. ഏതോ പെരുമഴക്കാലത്ത് മലയാളത്തിന്റെ മഴത്തുള്ളികള്‍ ഏറ്റുവാങ്ങി അതു മുത്തായി തീരാം.

കര്‍ക്കിടകത്തിലെ ഉതൃട്ടാതിയില്‍ അദ്ദേഹത്തിന് തൊണ്ണൂറാം ജന്മദിനാശംസകള്‍. 

(ഡോ.എം.വി. പിള്ള)

 

Join WhatsApp News
Kurian Pampadi 2023-07-16 11:48:30
Very touching. From his heart. A very best from the facile pen of Dr MV Pillai. If this is exclusive to eMalayalee, it is an honour.
Jayan varghese 2023-07-16 12:59:43
വളരെ ഹൃദ്യമായ അനുഭവ ആവിഷ്ക്കാരം. ചിരിക്കുന്ന എം.ടി. യെയും ചിരിക്കാത്ത ചിത്രയെയും മലയാളികൾ കണ്ടിട്ടില്ല എന്നത് പ്രൗഢമായ സഹൃദയ നിരീക്ഷണം. ജയൻ വർഗീസ്.
Dr.G.Gopa Kumar 2023-07-16 16:40:48
Great writing by Dr. M. V. Pillai . He was able to reflect upon M.T.'s feelings in an organic manner.Thanks very much.
Sudhir Panikkaveetil 2023-07-16 16:58:20
ഹ്ര്യദ്യമായ ഓർമ്മകളുടെ അക്ഷരസാക്ഷത്കാരം. നയാഗ്രയും കർക്കിടകവും കുളിരും കൊണ്ടോടിവന്നു തഴുകുമ്പോൾ ചിന്തകളുടെ പൊൻവെയിലും സമ്മേളിക്കുന്ന അനുഭവം. വഴിയോരപൂക്കൾ കൊണ്ട് പിറന്നാളുകാരന് പുഷ്‌പാഭിഷേകം. കവികൾ അർപ്പിച്ച കാവ്യാജ്ഞലി. പിന്നെ പിറന്നാളിന് ഒഴിച്ചുകൂടാത്ത ശർക്കരപായസം. വായനക്കാരനും ഒരു പിറന്നാൾ സദ്യയുണ്ട പ്രതീതി. ശ്രീ എം ടി ക്ക് ആയുരാരോഗ്യങ്ങൾ നേരുമ്പോൾ അക്ഷരദേവതയുടെ വരദാനമുള്ള അഭിവന്ദ്യ ഡോക്ടർ പിള്ളൈ സാറിനും ആശംസകൾ.
ഡോ.കെ.എ. കുമാർ 2023-07-16 17:46:02
എം.ടിയുടെ സർഗാത്മക ലോകത്തിന്റെയും ആ സര്ഗാത്മകതയെ നെഞ്ചിൽ ഏറ്റിയ സഹൃദയകേരളത്തിന്റെയും നല്ലൊരു വിഹഗ വീക്ഷണം... എപ്പോഴും എന്ന പോലെ എം.വി.പി( ഡോഎം.വി.പിള്ള) അതിമനോഹരമായി പകർന്നു നൽകുന്നു.. എം.ടി ക്കു സ്നേഹാദരങ്ങളോടെ നവതി ആശംസ..
നാറാണത്ത് 2023-07-16 20:39:35
ചുരുക്കി പറഞ്ഞാൽ കഥ ഇല്ലാത്തവരുടെ ഒരു കഥയാണ് ജീവിതം . ഇപ്പോൾ എനിക്ക് പാടാൻ തോന്നുന്നത് “ ഈ ജീവിതമെനിക്കെന്തിന് തന്നു കാർത്തികേയൻ കണ്ട ശങ്കരനെ “ എന്ന പാട്ടാണ് കെ സ് ചിത്രക്ക് പാടാൻ മുഖത്തെ മസിലു പിടിക്കണം. എനിക്ക് അത് വേണ്ട . നമ്മൾ ചിരിച്ചാൽ ഭ്രാന്താണെന്ന് പറയും . നമ്മൾ ചിരിക്കാതിരുന്നാലും ഭ്രാന്താണെന്ന് പറയും. ഇത് എന്ത് തല തിരിഞ്ഞ ലോകം .
Dr.P.K.Kutty 2023-07-16 21:11:12
അതുല്യനായ ഈ വിശ്വസാഹിത്യകാരന് അനുയോജ്യമായ ഒരു ജന്മദിന കുറിപ്പ് ഇങ്ങിനെ എഴുതാൻ എം . വി . പി ക്കു മാത്രമേ കഴിയൂ. അതിമനോഹരം ഡോ .പി .കരുണാകരൻ കുട്ടി
Abdul Punnayurkulam 2023-07-16 22:38:16
Exciting incidents and stories...
Raju Mylapra 2023-07-16 23:12:37
"ആൾക്കൂട്ടത്തിൽ തനിയെ" എപ്പോഴും തലയെടുപ്പോടുകൂടി നിൽക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ. M.T. യും, M.V.P. യും. സാഹിത്യാസ്വാദകനായ പ്രഗത്ഭ ഡോക്ടർ, അനശ്വര കഥാകാരനൊരുക്കിയ 'ശർക്കരപ്പായസ' പിറന്നാൾ മധുരം. ആവോളം ആസ്വദിച്ചു. നന്ദി.
Santhosh 2023-07-16 23:59:27
മനോഹരമായ ഓർമ്മകുറുപ്പ്. MT യുമായി പലരും അടുത്തിടപഴകിയിട്ടുണ്ടെങ്കിലും Dr MV യെപോലെ ഹൃദ്യമായി അനുഭവങ്ങൾ പങ്കുവെക്കുവാൻ കഴിവുള്ളവർ വിരളം. MTക്കും, Dr MVPക്കും ഇനിയും ഇനിയും എഴുതുവാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.
ബെന്നി 2023-07-17 06:40:29
മനോഹരമായ ഓർമ്മക്കുറിപ്പ്. Dr. MVPയുടെ ഹ്ര്യദ്യമായ എഴുത്ത്.
Nirmala 2023-07-17 14:53:13
ഡോ. എം. വി പിള്ളക്കു മാത്രം എഴുതാൻ കഴിയുന്ന, ഉത്സവത്തിൻ്റെ ആരവമില്ലാത്ത മനോഹരമായ ഓർമ്മക്കുറിപ്പ്. ഇതു പങ്കിട്ടതിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക