Image

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് ? : സന റബ്സ്

Published on 03 July, 2023
നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് ? : സന റബ്സ്

ഇന്നുവരെ ഒരു ഡോക്ടറും നേഴ്‌സും ആശുപത്രിയും ആരുടെയും മതം നോക്കി ചികിൽസിച്ചിട്ടില്ല.

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്നോർക്കുമ്പോൾ കടുത്ത ഭയവും ആശങ്കയും ഉണ്ടാകുന്നു. ഒരു രോഗിയെ രക്ഷപ്പെടുത്താൻ ആണു മന:സാക്ഷിയുള്ള ഡോക്ടർമാരും സ്റ്റാഫും ശ്രമിക്കുക.   അവിടെ ഡോക്ടറോ രോഗിയോ പരസ്പരം നഗ്നതയല്ല നോക്കുന്നത്.

എത്രയോ രോഗികളെ ഏതെല്ലാം രോഗത്തിന് ഇവിടെ ചികിൽസിക്കുന്നു? എത്രയോ പ്രസവം നടക്കുന്നു? എത്രയോ എത്രയോ സർജറികൾ നടക്കുന്നു? മുൻപെങ്ങും ഇല്ലാത്ത വിധം ഇവിടെ വർഗീയതയും മതതീവ്രതയും അരങ്ങുകുത്തി വാഴുന്നു. ഞാൻ മുസ്ലിങ്ങളെ മാത്രമേ ചികിൽസിക്കു ഹിന്ദുവിനെ മാത്രമേ ചികിൽസിക്കു എന്നൊക്കെ ഒരു ഡോക്ടർ പറഞ്ഞാൽ എന്താവും ഇവിടെ അവസ്ഥ എന്നുള്ള ആശങ്ക ഞാൻ മുൻപെഴുതിയ ഒരു കഥയിൽ വിവരിച്ചിട്ടുണ്ട്. അത്തരമൊരു അവസ്ഥ നമ്മുടെ നാടിനു വരാൻ പാടില്ല എന്നതായിരുന്നു ആ കഥയുടെ ലക്ഷ്യവും.

മതം മനുഷ്യർ അവന്റെ സൗകര്യമനുസരിച്ചു ഉണ്ടാക്കിയ ഒരു ആചാരമാണ്. ഏതു മതവും അങ്ങനെയാണ്. കൂട്ടം കൂടി നടന്ന ജനതയ്ക്ക് കൂടുതൽ സംഘടിതരാകാനും  ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വേണ്ടി ഉണ്ടാക്കിയെടുത്ത ഗോത്രാചാരങ്ങൾ തന്നെയാണ് ഓരോ മതവും.  

മനുഷ്യർ മുന്നോട്ടാണ് പോകേണ്ടത്.  സ്പേസിലേക്കും കടലാഴങ്ങളിലേക്കും പുതിയ വൻകരകളിലേകും കുതിച്ചുകയറുന്ന മനുഷ്യരാശിയെ പുറകിലേക്ക് വലിക്കുന്ന അന്ധവിശ്വാസങ്ങളോ ആചാരങ്ങളോ ഡെമോക്രാറ്റിക് ആയ വിദ്യാഭ്യാസമുള്ള വിവരവും വിവേകവുമുള്ള ജനതയ്ക്ക്  ഒട്ടും ഭൂഷണമല്ല.

ഏതുമതവും രൂപപ്പെടുന്ന കാലത്തു ഇവിടെ ഇത്രയും ആശുപത്രികളും ജനങ്ങളും ശാസ്ത്രക്രിയകളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മതാചാരങ്ങൾ  ഇപ്പോഴത്തെ ലോകത്തിന്റെ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കുന്നത് മണ്ടത്തരമാണ്. ഏതൊരു എസ്റ്റാബ്ലിഷ്മെന്റിനും അതിന്റെതായ യൂണിഫോമ്ഡ് റൂൾസ് ഉണ്ടാകും. ഡിസ്‌സിപ്ലിൻ ഉണ്ടാകും. അവയാണ് പാലിക്കപ്പെടേണ്ടത്.

ഏറ്റവും കൂടുതൽ സൂക്ഷ്മതയും കൃത്യതയും അർപ്പണവും വേണ്ടുന്ന രംഗമാണ് മെഡിക്കൽ മേഖല. ഡോക്ടർ എന്ന പദവി വിവാഹകമ്പോളത്തിലെ ടാർഗറ്റ് കൂട്ടാനും സ്ത്രീധനനേട്ടത്തിനും സമൂഹത്തിലെ അന്തസ്സിനും വേണ്ടിയാകരുത്. കോടികൾ മുടക്കി പഠിച്ചിറങ്ങിയ കാശ് എങ്ങനെയും വസൂലാക്കണം എന്ന അജണ്ടയല്ല ഒരു ഡോക്ടർ നേഴ്സ് ഉദ്യോഗസ്ഥർക്കു ഉണ്ടാവേണ്ടത്.  വർഗീയത ചരടുവലിക്കുമ്പോൾ തുള്ളേണ്ട പാവകളല്ല ആരോഗ്യരംഗത്തുള്ളവർ. മറിച്ചു സ്നേഹവും കരുണയും അനുകമ്പയുമാണ് വേണ്ടത്.

വലിയ ജോലികൾ വേണ്ടെന്നുവെച്ചു വിദേശകറൻസികൾ വേണ്ടെന്നു വെച്ചു  സാധുക്കളെ ചികിൽസിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച മഹാൻമാരായ ഡോക്ടർമാർക്ക് ജന്മം കൊടുത്ത നാടാണ് കേരളം. ഇപ്പോഴും അത്തരം സമർപ്പണബോധമുള്ള ഡോക്ടർമാർ  ഇവിടെ ധാരാളമുണ്ട്. അവരുടെ അർപ്പണമനസ്സാണ് ഇവിടെയുള്ള രോഗികളെ സംരക്ഷിക്കുന്നത്. അത്തരമൊരു വാസസ്ഥലത്തെ നമ്മൾ മലീമസമാക്കരുത്.

മതം കൊണ്ടും മതാചാരങ്ങൾകൊണ്ടും മലിനമാക്കേണ്ട ഇടമല്ല ആശുപത്രികളും വിദ്യാഭ്യാസമേഖലയും. അവ പവിത്രമായ കാണേണ്ട ഇടങ്ങളാണ്.  

---------------

വാർത്ത ; ആശ്വാസം !

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്ന് ഐഎംഎ. ഓപ്പറേഷന്‍ തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷന്‍ തിയറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക