Image

കവി സുരേഷ് പൊന്‍കുന്നം: കണക്കില്‍ നിന്നും കവിതയിലേക്ക് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 03 July, 2023
കവി സുരേഷ് പൊന്‍കുന്നം: കണക്കില്‍ നിന്നും കവിതയിലേക്ക് (ദുര്‍ഗ മനോജ് )

(കവി സുരേഷ് പൊന്‍കുന്നത്തിന്റെ പുതിയ കവിതാ സമാഹാരങ്ങളിലെ കവിതകളിലെ രാഷ്ട്രീയത്തെക്കുറിച്ച്, സ്വയമൊരു കവിയായി മാറിയ രൂപാന്തരണത്തെക്കുറിച്ച് ഒരു സംഭാഷണം)

ചോദ്യം ഒന്ന്
താങ്കളൊരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. കണക്കില്‍ നിന്നും കവിതയിലേക്കുള്ള കടന്നുവരവ്, അഥവാ എഴുത്തിലേക്കുള്ള പ്രവേശനം ഏതു സാഹചര്യത്തിലാണ്?

വളരെ ചെറുപ്പം മുതലേ കഥകളും മറ്റും വായിക്കുമായിരുന്നു. പിന്നീട് കോളേജ് പഠന കാലയളവില്‍ കഥ മാസിക ഉള്‍പ്പടെ ചില ആനുകാലികങ്ങളില്‍ കഥയും കവിതകളും എഴുതിയിരുന്നു. വായനയിലൂടെ എഴുത്തിലേക്ക് എന്നേ പറയാനാകൂ. 1985 ല്‍ ബാങ്കില്‍ ജോലി കിട്ടിയതിനു ശേഷം വലിയൊരു ഇടവേള സംഭവിച്ചു. കണക്കും അക്ഷരങ്ങളും അല്പം പിണങ്ങി നിന്നുവെന്നും പറയാം. എന്നാല്‍ കവിതയെന്നും കൂടെ ഉണ്ടായിരുന്നു. അങ്ങനെ, സ്തറിട്ടയര്‍മെന്റിന് ശേഷം കോവിഡ് കാലഘട്ടത്തിലാണ് നവമാധ്യമങ്ങളില്‍ കൂടി വീണ്ടും എഴുതാന്‍ തുടങ്ങി. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ''മുന്നറിയിപ്പ്'', ''ഫാസിസത്തിന്റെ ചൂണ്ട'' എന്നിവയാണവ.
രണ്ട് കവിതാസമാഹാരങ്ങള്‍ പണിപ്പുരയില്‍ ആണ്. അതില്‍ ഹേ, ഭീരുവായ എഴുത്തുകാരാ എന്ന കവിതാ സമാഹാരം ഉടന്‍ പുറത്തിറങ്ങും.
 
ചോദ്യം രണ്ട്
ഇന്നത്തെ കവികള്‍, കവിതകള്‍ ഇവയെക്കുറിച്ച് കവിയെന്ന നിലയില്‍ അഭിപ്രായം എന്താണ്?

ആനുകാലികങ്ങളിലും അല്ലാതെയും നല്ല രചനകള്‍ ഉണ്ടാകുന്നുണ്ട്.
പിന്നെ രാഷ്ട്രീയത്തില്‍ ഉള്ളതില്‍ കൂടുതല്‍ ക്ലിക്കുകളും ഗ്രൂപ്പുകളും സാഹിത്യരംഗത്തും ഉണ്ട്. പ്രസാധകന്മാരാല്‍ പറ്റിക്കപ്പെട്ട കുറെ
പുത്തന്‍ എഴുത്തുകാരും ഉണ്ട്. കൂടുതല്‍ എഴുത്തുകാര്‍ ഇപ്പോഴുണ്ട്. പക്ഷേ പുസ്തക വായന കുറയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
എങ്കിലും സാഹിത്യം മരിക്കില്ല, മനുഷ്യന് സ്വപ്നം കണ്ടല്ലേ പറ്റൂ.

ചോദ്യം മൂന്ന്

 വളരെ കടുത്ത ഭാഷയിലാണ് ബ്രാഹ്‌മണ്യത്തെ താങ്കള്‍ സ്വന്തം രചനകളിലൂടെ വിമര്‍ശിക്കുന്നത്, അതിന്റെ പശ്ചാത്തലം വിശദീകരിക്കാമോ?

ബ്രാഹ്‌മണോസ്യ മുഖമാസീദ്
ബാഹൂരാജന്യ: കൃത:
ഊരൂ തദസ്യ യദ്വൈശ്യ:
പാദ്ഭ്യാം ശൂദ്രോ അജായത
       (ഋഗ്വേദം 10-90-12)
പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷന്‍ ചാതുര്‍വര്‍ണ്ണ്യവും സൃഷ്ടിച്ചുവെന്നാണ് ഋഗ്വേദം പറയുന്നത്. ബ്രാഹ്‌മണന്‍ പ്രജാപതിയുടെ മുഖത്ത് നിന്നും ക്ഷത്രിയന്‍ കൈകളില്‍ നിന്നും വൈശ്യന്‍ തുടയില്‍ നിന്നും ശൂദ്രന്‍ പാദങ്ങളില്‍ നിന്നുമുണ്ടായി.
എനിക്കിത് വിശ്വസിക്കുവാനും പിന്‍പറ്റുവാനും മനസ്സില്ല. ഇവിടെ ഇന്ത്യയില്‍ അദ്ധ്വാനിക്കുന്നവനെ നീച ജാതിയായി കാണുന്ന സമീപനം ഇപ്പോഴുമുണ്ട്. ഇതിനെയൊക്കെ എനിക്ക് ഒരു സമൂഹജീവി എന്ന നിലയില്‍ എതിര്‍ത്തേ പറ്റൂ. അതെന്റെ ഉത്തരവാദിത്തമാണ്.
ഞാന്‍ വേദങ്ങളെയും സ്മൃതികളെയും അംഗീകരിക്കുന്നില്ല. കര്‍മ്മം കൊണ്ട് ബ്രാഹ്‌മണ്യം നേടാമെന്നുള്ളത് ഒരു തട്ടിപ്പാണ്. കാരണം ഈ  ബ്രാഹ്‌മണ്യം തന്നെ ഒരു ഉടായിപ്പ് ആണ്. എത്രയോ നൂറ്റാണ്ടുകള്‍ അറിവും അക്ഷരവും വഴിയും ഇടവും പുരയിടവും ഒരു വലിയ വിഭാഗം ആളുകള്‍ക്ക് നിഷേധിക്കപ്പെട്ട ഈ ആര്‍ഷ ഭാരത സംസ്‌കാരത്തെ (ആ. ഭാ. സം) അംഗീകരിക്കാന്‍ എനിക്കാവില്ല. ഇപ്പോഴും ഇന്ത്യയില്‍ ഇതൊക്കെ നടക്കുന്നുണ്ട്. ഞാന്‍ എതിര്‍ക്കുന്നത് ബ്രാഹ്‌മണന്‍ എന്ന വ്യക്തിയെ /സമുദായത്തെ അല്ല. E. M. S, V. T. ഭട്ടതിരിപ്പാട് ഇവരെയൊക്കെ ഞാന്‍ അംഗീകരിക്കുന്നു, മാനിക്കുന്നു.
എന്റെ ഫാസിസത്തിന്റെ ചൂണ്ട എന്ന പുസ്തകം പ്രസാധനം ചെയ്തത്
സഖാവ് സി.കെ. ഗുപ്തന്‍ സാറാണ്. അദ്ദേഹം ഒരു ബ്രാഹ്‌മണന്‍ എന്ന് അദ്ദേഹം കരുതുന്നുമില്ല. നവോത്ഥാനം തലയില്‍ കയറാത്ത
മേല്‍ജാതിക്കാര്‍ ഇവിടെ ഇപ്പോഴുമുണ്ട്. മനുസ്മൃതിക്കെതിരെ എനിക്ക് ഇനിയും ഉറക്കെ ശബ്ദിക്കേണ്ടി വരും. അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ തുടര്‍ച്ച ഉണ്ടായില്ല. അതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി.

ചോദ്യം നാല്
സ്വന്തം രചനകള്‍  സാമൂഹ്യപ്രതിബദ്ധതയോടെ വേണം എന്ന നിശ്ചയത്തോട് എത്രമാത്രം കൂറുപുലര്‍ത്താനാകുന്നു?

ഇക്കാലം കലുഷവും കടുപ്പമുള്ളതുമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. നവമാധ്യമ രംഗത്തും അരാജകത്വ പ്രവണതകള്‍ അനവധിയുണ്ട്. കഴിവതും രചനകളില്‍ ഒരു പുരോഗമനപരമായ മാറ്റം വേണം എന്ന് ഞാന്‍ ധ്വനിപ്പിക്കാറുണ്ട്. അത് അടിത്തട്ടില്‍ എത്തേണ്ടതാണ്.

ചോദ്യം അഞ്ച്
സ്വന്തം പുസ്തകങ്ങളെക്കുറിച്ച്

മുന്നറിയിപ്പ്, ഫാസിസത്തിന്റെ ചൂണ്ട എന്നിവ കവിതാ സമാഹാരങ്ങള്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചരിത്രത്തെ തമസ്‌കരിച്ചല്ല പഠിച്ചുകൊണ്ടു തന്നെ മുന്നോട്ട് പോകണം. ഫാസിസത്തിന്റെ ചൂണ്ട എന്ന കവിത തന്നെ ഫാസിസം വെച്ചുനീട്ടുന്ന പദവികളില്‍ അമര്‍ന്നിരുന്ന് ആനന്ദം കൊള്ളുന്നവര്‍ക്കെതിരെയുള്ളതാണ്. ആ ചൂണ്ട ചിലര്‍ അറിഞ്ഞും ചിലര്‍ അറിയാതെയും വിഴുങ്ങുന്നു. ഉടനേ പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകം 'ഹേ ഭീരുവായ എഴുത്തുകാരാ' എന്നുള്ളതാണ്. ഈ കാലഘട്ടം ആശയപരമായി ആയുധം അണിയേണ്ട സമയമാണ്. അതിനുതകുന്ന രചനകള്‍ക്കാവും എന്റെ മുന്‍ഗണന.

ചോദ്യം ആറ്
കുടുംബത്തെ പരിചയപ്പെടുത്താമോ?

ഭാര്യ ജാനമ്മ 29/5/2023ല്‍ ആകസ്മികമായി മരണപ്പെട്ടു. റിട്ടയെര്‍ഡ് എസ്.ബി.ഐ.ജീവനക്കാരി  ആയിരുന്നു. ജീവിതം ജീവിച്ചു തീരുന്നതിന് മുന്നേ ആയിരുന്നു ആ മരണം. വേദനയാണത്.
മകള്‍ സുരഭില സുരേഷ്, പി.ജി. കഴിഞ്ഞു. മകന്‍  ഋതുകുമാര്‍ സുരേഷ്, എം.സി.എ. അവസാന സെമസ്റ്റര്‍ പഠിക്കുന്നു. ഒപ്പം രണ്ടുപേരും ഇപ്പോള്‍ ജോലിക്കായി കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്നു.
വീട് കോട്ടയം ജില്ലയില്‍ പൊന്‍കുന്നം എന്നയിടത്ത്.
ഞാന്‍ എസ്.ബി.ഐ. യില്‍ നിന്നും ശാഖാ മാനേജര്‍ ആയി ബാംഗ്ലൂരില്‍ നിന്നും വിരമിച്ചു.

സുരേഷ് പൊന്‍കുന്നം രചിച്ച ഞങ്ങളുടെ കാട് തരൂ എന്ന കവിത

ഞങ്ങളുടെ കാട് തരൂ

ഇക്കാണും കാടെല്ലാം
ഞങ്ങളുടേതായിരുന്നു 

എന്റെ കുഞ്ഞുന്നാളില്‍ ഞങ്ങള്‍
കേറിയിറങ്ങിയ കാടാണ്

ചവുട്ടിമെതിച്ച പടര്‍പ്പുകള്‍
ഞങ്ങള്‍ നടന്ന  വഴിത്താരകള്‍
പിണഞ്ഞ് പരസ്പരം പുണര്‍ന്ന്
പ്രണയിക്കുന്ന പുല്ലാന്നി വള്ളികള്‍
കാട് ഞങ്ങളുടേതാണ് 

ഞങ്ങള്‍ വിറക് വെട്ടിയ
തുഞ്ചത്തേറി വിശ്രമിച്ചിരുന്ന
മരങ്ങള്‍ ചില്ലകള്‍
ഞങ്ങള്‍ അടര്‍ത്തിത്തിന്ന വെട്ടിപ്പഴം
ഞങ്ങള്‍ ശേഖരിച്ച തേന്‍ കൂടും കൂണും

കാട് പ്രണയം പൂത്ത മേട്
ഇക്കാട് ആക്കാടല്ലെന്നോ?

ഇക്കാട്ടില്‍ ഞങ്ങള്‍ക്ക്
കയറാന്‍ പറ്റില്ലെന്നോ 

ദാ ഇതാണ് പുത്തന്‍ വാദം

കാട്
നിങ്ങള്‍ക്ക് വേണമെങ്കില്‍ കാണാം
കണ്ടാസ്വദിക്കാം
സെല്‍ഫിയും ഫോട്ടോയും എടുക്കാം
അതിനപ്പുറമിപ്പുറമൊന്നുമില്ല

കാടിന്ന്
വികസിത രാജ്യങ്ങളുടേത്

വികസിത രാജ്യങ്ങള്‍
തിന്ന് കൊഴുത്ത് മദിച്ചു ജീവിക്കും

കാട്
അമേരിക്കയുടെ
ചൈനയുടെ
ജപ്പാന്റെ
ബ്രിട്ടന്റെ

അവിടങ്ങളില്‍ കാടല്ല വളരുന്നത്  നഗരങ്ങളാണ്
ഉപഭോഗമാണ്

അവര്‍ ജീവിതം ആഘോഷിക്കും
വാഹനങ്ങളില്‍ പായും
ഫാക്റ്ററികള്‍  വിഷം തുപ്പും സുഖലോലുപത നുരഞ്ഞു പതയും

അത് കൊണ്ട്
ആഫ്രിക്കന്‍ കാടുകള്‍ 
ബ്രസീലിയന്‍ കാടുകള്‍
ഇന്ത്യന്‍ കാടുകള്‍
മ്യാന്മാര്‍ കാടുകള്‍
സംരക്ഷിക്കപ്പെടണം

ആരും കാട്ടില്‍ കയറരുത്
തൊടരുത് വെട്ടരുത്

ദരിദ്ര രാജ്യങ്ങള്‍ കാട് വളര്‍ത്തുക
അതിന്
വികസിത രാജ്യങ്ങള്‍ പണം തരും

അതുകൊണ്ടു നിങ്ങള്‍
മരം വച്ചു പിടിപ്പിക്കണം

അവര്‍ മുദ്രാവാക്യവും തരും
'മരം  ഒരു വരം'

അത് കൊണ്ട് നീയും നിന്റെ
കുഞ്ഞുകുട്ടി പരാധീനവും മേലാല്‍
വനത്തില്‍ കയറുകയോ
വന വിഭവങ്ങള്‍ ശേഖരിക്കുകയോ
ചെയ്യാന്‍ പാടില്ല

അതിരായ് പണിതിട്ടിരിക്കുന്ന
ജണ്ടകള്‍ക്കപ്പുറം കയറുന്നത്
ശിക്ഷാര്‍ഹമാണ്

അഷ്ടിക്ക് വകയില്ലാത്തവന്റെ
കുത്തിന് പിടിച്ചിട്ട്
നക്കാപ്പിച്ച കാശും തന്നിട്ട് പറയും
മരം നടൂ...
നമ്മള്‍ മരം  നടും

അവര്‍ മഴു നടും

അതേ ഞങ്ങളുടെ കാട്
ഞങ്ങള്‍ക്ക് വേണം
നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ
രാജ്യത്ത് കാട് വെച്ചു പിടിപ്പിക്കുക.

Join WhatsApp News
B.Ramachandran Nair 2023-07-04 10:55:53
നല്ല റിവ്യൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക