
നെതർലാൻഡിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. അവയിൽ ദയാരഹിത്യമുണ്ടെന്നു പറയേണ്ടി വരുന്നു. ലോകത്ത് ദയാവധം നിയമവേധേയമാക്കിയ രാജ്യമാണ് നെതർലാൻഡ്. ക്യാൻസർ പോലുള്ള രോഗം കൊണ്ട് വേദനയേറിയ ജീവിതം ഏറെനാൾ തള്ളി നീക്കാൻ വിധിക്കപ്പെട്ടവർക്ക്, മെഡിക്കൽ ബോർഡിന്റെ വിശദമായ പരിശോധനകൾക്കു ശേഷം വേദനാരഹിതമായി ഒരു ഇൻജക്ഷനിലൂടെ മരണം വരിക്കാനുള്ള സൗകര്യം നൽകുന്നു ദയാവധം. പ്രായമേറെ ആയവർക്ക് ദുരിതപൂർണമായ ജീവിതം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയായി ദയാവധത്തിനെ പിന്തുണയ്ക്കുന്നവർ കരുതുന്നു. 2012 മുതൽ 2021 വരെ ദയാവധ നിയമത്തിനു കീഴിൽ അറുപതിനായിരം പേർ ദയാവധം സ്വീകരിച്ചു എന്നറിയുക. അതിൽ 900 കേസുകൾ കൂടുതൽ പഠനത്തിനായി ദയാവധം റിവ്യൂ കമ്മറ്റി പരിഗണിച്ചു. അപ്പോഴാണ് ദയാവധ നിയമത്തിന്റെ മറവിൽ സംഭവിച്ച ചില കാര്യങ്ങൾ ലോകം തിരിച്ചറിയുന്നത്. പരിഗണിച്ച 900 കേസുകളിൽ 39 പേർ മരണം ആവശ്യപ്പെട്ടത് അവർ ക്യാൻസർ രോഗികളോ മറ്റ് വേദനയേറിയ രോഗം കൊണ്ടോ ആയിരുന്നില്ല മറിച്ച്, അവർക്ക് ഓട്ടിസം, അല്ലെങ്കിൽ ബുദ്ധിക്കുറവ് നേരിട്ടതുകൊണ്ടാണ്. ഇംഗ്ലണ്ടിലെ കിങ്സ്റ്റൺ യൂണിവേഴ്സിറ്റി നടത്തിയ പഠനം ആണ് ഈ സത്യം പുറത്തു കൊണ്ടുവന്നത്. 39 പേരിൽ പതിനെട്ടു പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. അതിൽ അഞ്ചു പേർക്കു പ്രായം മുപ്പതു വയസ്സിൽ താഴെയുമായിരുന്നു.
ഓട്ടിസം ബാധിച്ചർ നേരിടുന്ന പ്രധാന പ്രശ്നം അവർക്ക് സാമൂഹ്യമായി ഇടപെടാനുള്ള പരിമിതികളാണ്. അതിനൊരു മറുവശമുണ്ട്, സമൂഹത്തിന് ഓട്ടിസം ബാധിച്ചവരോട്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരോട് എങ്ങനെ പെരുമാറണം എന്നതിലും അജ്ഞതയുണ്ട്.
ഒറ്റപ്പെടലിന്റെ പാരമ്യതയിൽ, സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നറിയാത്ത നിസ്സഹായതയിലാണ് 900 പേരിൽ 39 പേർ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. ഈ വിവരം പുറത്തു വരുമ്പോൾ അവശേഷിക്കുന്നത് ധാർമികമായ ചില ചോദ്യങ്ങളാണ്. തീർത്തും തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന പിഴവുകളോടെ ജനിക്കുന്ന കുട്ടികൾ, മുതിർന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ നെതർലാൻഡ് പോലൊരു രാജ്യത്തിനു സാധിക്കുന്നില്ല. സാമൂഹ്യസുരക്ഷയ്ക്കായി ഇൻഷുറൻസുകളും ചികിത്സാ പദ്ധതികളും നിലനിൽക്കുന്ന, അതു വളരെ സമർത്ഥമായി നടപ്പിലാക്കുന്ന പാശ്ചാത്യരാജ്യങ്ങൾ പോലും ഓട്ടിസം പോലുള്ള പ്രശ്നങ്ങളിൽ ഇരുട്ടിൽ തപ്പുകയാണ് എന്നു വ്യക്തം.
2002 ൽ നിയമം പ്രാബല്യത്തിൽ വരുമ്പോൾ അതിന്റെ പരിധിയിൽ മാനസിക വെല്ലുവിളി നേരിടുന്നവർ കടന്നു വരുമെന്ന് ആരും ചിന്തിച്ചിരുന്നില്ല എന്നും ഇപ്പോൾ അനുമാനിക്കേണ്ടി വരുന്നു. എന്നാൽ ഇന്ന് ഇത്തരത്തിൽ മാനസികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവർ തുടർ ജീവിതം ദുസ്സഹമാണെന്നു പറഞ്ഞ് ഫിസിഷ്യന്റെ സഹായത്തോടെയുള്ള മരണം സ്വീകരിക്കുകയായിരുന്നു. ഈ വാർത്തയുടെ വെളിച്ചത്തിൽ ഇന്ത്യയിലെ സ്ഥിതി ഓർത്താൽ അതു വീണ്ടും പരിതാപമെന്നു പറയേണ്ടി വരും. ഇന്നും ഓട്ടിസം ബാധിച്ച കുഞ്ഞിനെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും അറിയാതെ വളർത്തുന്ന അഭ്യസ്തവിദ്യരായ മാതാപിതാക്കൾ ഉണ്ടിവിടെ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് നൽകുന്ന ട്രെയിനിങ്ങിലൂടെ അവരെ കുറേയൊക്കെ ഈ സമൂഹവുമായി ഇടപെടാൻ പഠിപ്പിച്ച് നിത്യജീവിതത്തിനു വേണ്ട കാര്യങ്ങളിൽ ഇടപെടാനുള്ള കരുത്തു നൽകാമെന്നിരിക്കേയാണ് ഈ മുറിയിൽ അടച്ചിട്ടുള്ള വളർത്തൽ. ഒപ്പം, ഇത്തരം ട്രെയിനിങ്ങുകൾ വളരെ ചെലവേറിയതായതിനാൽത്തന്നെ എത്ര കുടുംബങ്ങൾക്കിതു താങ്ങാനാകും എന്ന ചോദ്യം പിന്നാലെയുണ്ട്. ദയാവധമൊരു അവസാന വാക്കാണ്. പ്രതീക്ഷകൾ അസ്തമിച്ച്, ഇനിയൊരു സൂര്യോദയം ഇല്ലെന്ന ഘട്ടത്തിൽ സ്വീകരിക്കേണ്ടത്.
ഇപ്പോൾ ഈ വാർത്ത പുറത്തു വരുമ്പോൾ വീണ്ടും അതേ ചോദ്യമുയരുന്നു, ദയാവധത്തിൽ ധാർമികത എത്രമാത്രം?
Euthanasia without mercy