Image

അജ്മീറിലെ കാലവര്‍ഷക്കെടുതി (ഓര്‍മ്മകളിലൂടെ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 26 June, 2023
അജ്മീറിലെ കാലവര്‍ഷക്കെടുതി (ഓര്‍മ്മകളിലൂടെ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

ഉമ്മ മണ്‍മറഞ്ഞിട്ട് ഈ ആഗസ്റ്റ് 5നു 26വര്‍ഷം തികയുന്നു. ഈയവസരത്തില്‍, ഉമ്മയെപ്പറ്റി 50 കൊല്ലം മുമ്പ് നടന്ന ഒരു സംഭവം യദൃച്ഛയാ സ്മരണയില്‍ വരുമ്പോള്‍, ചുണ്ടില്‍ ചിരി വിടരുന്നു. ഉമ്മയ്ക്ക് പുണ്യസ്ഥലങ്ങളും ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ ഞങ്ങള്‍ അജ്മീര്‍ ദര്‍ഗയിലെത്തി. ദര്‍ഗഭാരവാഹികള്‍ ഞങ്ങള്‍ക്ക് താമസസ്ഥലം ശരിയാക്കിത്തന്നു. 

ചായ കുടിക്കാനും ഭക്ഷണം വാങ്ങിക്കാനുമായി ഞാന്‍ ദര്‍ഗാ ഭോജനശാലയിലെത്തി. ബൃഹത്തായ അവിടം തിരക്കുളളതായിരുന്നു. ചായക്കുവേണ്ടി കാത്തുനില്‌ക്കെ, പാചകക്കാരന്‍ വലിയ പാല്‍പ്പാത്രം ഇളക്കിക്കൊണ്ടിരിക്കുന്നു. പാത്രത്തില്‍ എന്തോ വീഴുന്നതു പോലെ ഇളക്കുന്നത് കറുത്തും കാണുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി അത് പാചകശാലയിലെ അസഹനീയമായ ആവിയില്‍ വീഴുന്ന ഈച്ചകളാണെന്ന്! ചായ കുടിക്കാതെ റൂമില്‍ പോയി. ദര്‍ഗ ഭാരവാഹികളോട് വേറെ ഭക്ഷണത്തിനു അപേക്ഷിച്ചു. 

പിറ്റേന്ന് ഉമ്മയുടെ ആഗ്രഹസഫലീകരണത്തിനായി പുണ്യകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഏതോ മലയടിവാരത്തിലെത്തിയപ്പോള്‍, കുത്തിയൊലിക്കുന്ന വെളളപ്പാച്ചില്‍ മുറിച്ചു കടക്കാന്‍ ജനക്കൂട്ടം വരിയായി നില്ക്കുന്നു 

വെളളപ്പാച്ചില്‍ കണ്ടിട്ട് ഉമ്മ ഒന്നും ഉരിയാടുന്നും ഇല്ല; ഉദ്യമം ഉപേക്ഷിക്കാന്‍ പറയുന്നും ഇല്ല.
ചിലര്‍ ആഴവും ഒഴുക്കും കുറഞ്ഞ ഇടം നോക്കി കുത്തൊഴുക്ക് മുറിച്ചു കടന്നു അക്കരെയെത്തുന്നു. ഉമ്മ വീണ്ടും ഒന്നും മിണ്ടുന്നില്ല. എങ്കിലും ഉമ്മയുടെ അന്തരംഗം ഉറക്കെ എന്നോട് സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു: 'മോനെ നിനക്കറിയില്ലേ, നിന്റെ ഉപ്പ മലേഷ്യയിലുളളപ്പോള്‍ വര്‍ഷങ്ങളോളം ഞാന്‍ തെങ്ങ് കയറ്റിച്ചതും വട്ടന്‍പാടം പണിയിച്ചതും മകരവും പുഞ്ചയും കൊയ്യിച്ചതും, അരക്ക് വെളളമുളള രണ്ട് തോടുകള്‍ കടന്ന് പുഞ്ചകൃഷി ചെയ്യിച്ചതും, കുടുംബം നോക്കിയതും, എല്ലാം. ആ നിലക്ക് ഈ കുത്തൊഴുക്ക് എനിക്ക് നിസ്സാരമല്ലേ?' 

ഉമ്മാട് മനസ്സില്‍ പറഞ്ഞു: 'എനിക്കെല്ലാം അറിയാം, ഉമ്മ.' 

അതിനിടെ ദര്‍ഗയില്‍ നിന്ന് ദൃഢഗാത്രനായ ഒരു മലയാളിയെ എനിക്ക് കൂട്ടിനു കിട്ടിയിരുന്നു. ഞാന്‍ അവനോട് പറഞ്ഞു: 'നീ ഉമ്മയുടെ ഇടത് കൈ പിടിക്കുക; ഞാന്‍ വലതും.'

ഞങ്ങള്‍ വെളളപ്പാച്ചില്‍ മുറിച്ചു കടക്കാന്‍ തീരുമാനിച്ചു. നീരൊഴുക്കിന്റെ നടുക്കെത്തിയപ്പോള്‍, ഉമ്മയുടെ കാല്‍ നിലത്തുറക്കുന്നില്ല. ഉമ്മയുടെ മുഖം വിളറുന്നു; ഉമ്മ തളരുന്നു. എന്റെ ഉമ്മ അതാ ഒഴുക്കില്‍ ഒലിച്ചു പോകുന്നു! 

ഞാന്‍ കൂട്ടാളിയോട് കരുതലോടെ പറഞ്ഞു: ഭഉമ്മയുടെ കയ്യും ചുമലും ബലത്തില്‍ പിടിക്കുക.
ഉടല്‍ ഞങ്ങളുടെ കൈകളിലാണെങ്കിലും, അരയ്ക്ക് താഴെ ഉമ്മ കൂന്തപ്പൂവിന്‍ തണ്ടു പേലെ ഒഴുകുന്നു. ഉമ്മയുടെ മുണ്ട് നീരോട്ടത്തില്‍ നീങ്ങിപ്പോകുന്നതില്‍ വെപ്രാളപ്പെടുന്നു. ഉമ്മയുടെ ഭാവം, ഒഴുക്കില്‍ ഒലിച്ചു പോയാലും വേണ്ടില്ല, മുന്നില്‍ നിന്ന് മുണ്ട് നീങ്ങിപ്പോകാതിരുന്നാല്‍ മതി. 

ഞങ്ങള്‍ ഉമ്മയെ സുരക്ഷിതമായി കരക്കെത്തിച്ചു. ജീവിതത്തില്‍ പല വെല്ലുവിളികളെയും അതിജീവിച്ച ഉമ്മയുടെ ഉശിരും ഊര്‍ജ്ജവും വാര്‍ദ്ധക്യാധിക്യത്തില്‍ അല്പം ചോര്‍ന്നു പോയോ എന്ന് ഉമ്മാടെ മുഖത്ത് നോക്കി ചോദിക്കാനുളള ധൈര്യം അന്നും പിന്നെയും എനിക്കുണ്ടായിരുന്നില്ല. 

Join WhatsApp News
Sudhir Panikkaveetil 2023-06-26 19:42:01
ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ നീർച്ചാല് പോലെ ഒഴുകികൊണ്ടിരിക്കും. ഇടക്കെല്ലാം ആ കുളിരിൽ ഒരു നിമിഷം നനഞ്ഞു നിൽക്കുന്നത് സുഖമാണ്. ശ്രീ അബ്ദുൽ സാർ കാലങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് എത്തിനോക്കുന്ന. അവിടെ ഉമ്മ മകനെ സ്നേഹപൂർവ്വം കാത്തിരിക്കുന്നു. നല്ല ഓർമ്മകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക