Image

പ്രണയലേഖനം (സുധീർ പണിക്കവീട്ടിൽ)

Published on 19 June, 2023
പ്രണയലേഖനം (സുധീർ പണിക്കവീട്ടിൽ)

(വസന്തകാലപറവകൾ പാടിത്തിമിർക്കുന്ന ഒരു പ്രഭാതത്തിൽ എന്റെ ജാലക വാതിൽക്കൽ വന്നിരുന്ന് ഒരു ആൺകുയിൽ പറഞ്ഞു "അഹോരാത്രം തൊണ്ടപൊട്ടുമാറു പാടിയിട്ടും  ഒരു പെൺകുയിൽ  പോലും അടുക്കുന്നില്ല"; അവർക്ക് കൊടുക്കാനായി ഒരു പ്രണയലേഖനം എഴുതിത്തരുമോ?}
പാടാറുണ്ടോരു പൂങ്കുയിലെന്റെ
വീട്ടു വളപ്പിലെ മാങ്കൊമ്പിൽ
വസന്തകാലത്താരുകൾ തീർത്ത
പൂമണിയറയിൽ ചഞ്ചലനായി
മാന്തളിരുണ്ട് മയങ്ങാനെത്തും
കോകില കന്യയിൽ മോഹിതനായ്
രാവും പകലും പാടി അവനാ-
രാഗമാലിക കനവോടെ
മദനവികാരപരവശനായി
ചൊല്ലി മന്മഥമന്ത്രങ്ങൾ
അവിശ്രമമവനാ പ്രണയസ്വരലയ
നിർവ്വഹണത്തിൽ നിമഗ്നനായി
നിശ്ചയദാർഢ്യത്തോടവനെന്നും
പാടി പഞ്ചമഗീതങ്ങൾ
സ്പർശനമോഹകാമിതനായി
ഇടവിട്ടീണം മികവ് വരുത്തി
മടുപ്പില്ലാതെകേൾക്കാനിമ്പം
മാർദ്ദവമുള്ള,അവനുടെ  രാഗം
ഗൗനിച്ചില്ലൊരു  കുയിലിണപോലും
പാടാനില്ലൊരു ഗാനം ബാക്കി
കാമുകമാനസതന്ത്രികളിടറി
ഭഗ്നോത്സാഹിതനായി പാവം
കന്യകമാരെ മയക്കാനെന്തിനി

വിദ്യകളെന്നവനാലോചിച്ചു

വിഹഗവീക്ഷണകോണിൽ നിന്നൊരു

ദൃശ്യം അവനുത്സാഹം നൽകി

ഈശ്വരസൃഷ്ടിയിൽ ശ്രെഷ്ഠതയുള്ള

മർത്യർക്കറിയാം ആ തന്ത്രങ്ങൾ

അവരിൽ വിരുതർ കലാകാരന്മാർ

വിരലാഗ്രത്തിൽ സംഗതിയുള്ളോർ

അവർക്കെളുപ്പം സ്ത്രീഹൃദയങ്ങൾ

തൊട്ടെടുക്കാൻ ആകർഷിപ്പാൻ

അവനെൻ ജാലകവാതിലിലെത്തി

പരവശനായവൻ  അൽപ്പനേരം

എന്തോ പറയാനുള്ളതുപോലെ

കൊക്കാൽ ചിറകിൽ എഴുതികാട്ടി

അനംഗനേന്തും ആവനാഴികൾ  

കൈവശമുള്ള കലാകാരാ ….

നിവേദനമൊന്നുണ്ടെനിക്ക് നീയൊരു

പ്രണയലേഖനമെഴുതി തരുമോ?

(വസന്തം വിടപറയാറായി. കുയിലണകൾ നന്ദിസൂചകമായി ജാലകവാതിൽക്കൽ വന്നിരുന്നു കൊക്കും ചിറകുമുരുമ്മുന്നു പ്രേമഗാനം മൂളുന്നു. പ്രകൃതിയിലേക്ക് നോക്കുമ്പോൾ എല്ലാം സുന്ദരം.}

spring saying goodbye

Join WhatsApp News
G. Puthenkurish 2023-06-19 15:14:59
ശരിയാണ് കലാകാരന്മാർ വിരുതന്മാർ അവരുടെ വിരലാഗ്രത്തിൽ സംഗതിയുള്ളോർ. പണ്ട് കോളേജിൽ പഠിക്കുമ്പോൾ, കോളജിലെ ഏറ്റവും വൃത്തികെട്ടവൻ സുന്ദരിയായ സ്ത്രീയെ വളക്കുകയും സല്ലപിക്കുകയും ചെയ്യിതിരുന്നത് കണ്ടപ്പോൾ , 'ഇവൻ എന്ത് സംഗതിയാണ്' ഉപയോഗിക്കുന്നതെന്ന് അതുഭുതപ്പെട്ടിരുന്നു. കവിയുടെ ഭാവന ചിറകുവിടർത്തി പറക്കുമ്പോൾ, മനോഹാരങ്ങളായ കവിതകൾ ജനിക്കുന്നു. വായനക്കാർ ആ ചിറകുകളിൽ ഗതകാലങ്ങളിലേക്ക് സഞ്ചരിക്കുക്കുകയും അനുഭൂതിധായകങ്ങളായ ഓർമ്മകളുടെ നിഴലുകളെ ഓമനിച്ചു അലഞ്ഞു തിരിയുന്നു . സുധീറിന്റെ കൈവിരലുകളിൽ ;സംഗതി'യുണ്ട്. ആശംസകൾ.
Jayan varghese 2023-06-19 16:35:55
അദമ്യമായ പ്രകൃതി സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രണയ പരാവശ്യമാണ് പ്രകൃതീ പ്രതീകമായ സ്ത്രൈണ ഭാവങ്ങളിൽ ഒരു തേൻവണ്ടിനെപ്പോലെ മൂളിപ്പറക്കാൻ സുധീറിനെ പ്രാപ്തനാകുന്നത്‌. ഈ പ്രണയാതുരത കവിതകളും കഥകളും ലേഖനങ്ങളുമായി അനുവാചകരിലെത്തുമ്പോൾ അവരിലും അനുഭൂതികളുടേ ആത്മ ചോദനങ്ങൾ അനുഭവേദ്യമാക്കുന്നു ! ജയൻ വർഗീസ്.
K.G. Rajasekharan 2023-06-19 17:22:13
ഒരാൾ ധാർമിക രോഷം വരുമ്പോൾ ഗദ്യത്തിൽ എഴുതി ,വരികൾ മുറിച്ച് വിടുന്ന രീതി ഗദ്യ കവിത എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ചിലത് കവി ആലോചിച്ച് (ഭാവനയല്ല) കണ്ടുപിടിക്കുന്ന ഒരു വിഷയത്തെപ്പറ്റി പദ്യത്തിൽ എഴുതുന്ന വരികൾ.ഇതിലൊന്നും വായനക്കാരെ ഒന്ന് തൊട്ടുണർത്താൻ പോന്ന വിവരങ്ങൾ ഇല്ല.സുധീറിന്റെ കവിത വായിക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി താനേ വിരിയുന്നു ഞാൻ പറമ്പിൽ വളർന്നു നിൽക്കുന്ന മരങ്ങളിലേക്ക് നോക്കി.ഏതെങ്കിലും പൂങ്കുയിൽ എന്നെ തേടി വരുന്നോ എന്ന് മോഹിക്കുന്നു. സുധീർ, അഭിനന്ദനങൾ..ആർക്കും മനസിലാകാത്ത കവിതകൾ ഗംഭീരം എന്ന് പറയുന്ന പണ്ഡിതന്മാർ എന്നോട് ക്ഷമിക്കുക.എനിക്ക് ഈ ലളിതമായ കവിത ഇഷ്ടമായി അത് രേഖപ്പെടുത്തുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക