Image

പിതൃസ്മരണയിലെന്‍ യാത്ര (മാര്‍ഗരറ്റ് ജോസഫ്)

Published on 18 June, 2023
പിതൃസ്മരണയിലെന്‍ യാത്ര (മാര്‍ഗരറ്റ് ജോസഫ്)

പരമപിതാവാം ദൈവത്തെ,
കണികാണാന്‍ കഴിയാത്തോര്‍ക്ക്,
നല്ക്കണിയേകുന്നിരു ദൈവം,
അച്ഛനുമമ്മയുമീ മന്നില്‍.
'അപ്പന്‍' അപ്പം നല്‍കിയവന്‍,
അദ്ധ്വാനത്തിന്‍ പ്രതിപുരുഷന്‍;
ഒളിമങ്ങാത്ത വെളിച്ചമായ്,
എന്നെ നയിക്കുന്നീവഴിയില്‍....
അറിവന്‍ കൈത്തിരി കത്തിച്ച,
അര്‍ത്ഥതലങ്ങള്‍ തുറന്നിട്ട,
സ്‌നേഹത്തിന്‍ കരവലയത്തില്‍,
വലുതായിട്ടും 'കൊച്ചായ്' ഞാന്‍;
കഥകള്‍ കേട്ട് രസിച്ചീടാന്‍,
ഉപദേശങ്ങള്‍ ശ്രവിച്ചീടാന്‍,
പ്രതിസന്ധികളില്‍ മുന്നേറാന്‍,
ഹൃദയക്കോവിലിലിന്നോളം,
നിവൃതിദായകമാം പൂജ,
പിതൃസ്മരണയിലെന്‍ യാത്ര,
ദിനരാത്രങ്ങളില്‍ മുന്നോട്ട്....
പതിനെട്ടിന്‍ പടിവാതില്‍ക്കല്‍,
എന്നെ വിരഹാതുരയാക്കി,
മരണത്തിന്‍ മഞ്ചലിലേറി,
മറഞ്ഞു വിശ്രമതീരത്ത്,
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും,
അരൂപിയായ് കരുത്തേകുന്നു;
ഇടയ്ക്കിടെ കുളിരോളങ്ങള്‍, 
ഇളക്കിയാടുന്നാ മുഖചിത്രം;
അപ്പന്‍ അപ്പം നല്‍കിയവന്‍,
പ്രിയങ്കരനാം ഗുരുനാഥന്‍,
മനസ്സിന്‍ കണ്ണാടിയിലൂടെ,
മഹത്തര ദൃശ്യങ്ങള്‍ മാത്രം.
നിശബ്ദതയുടെ സംഗീതം,
നിദ്രയിലാഴ്ത്തും നിമിഷങ്ങള്‍;
സ്മരണാഞ്ജലിയോടീപ്പുത്രി,
നമിക്കുന്നങ്ങേ പദമുദ്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക