Image

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

Published on 10 June, 2023
വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ടൈംസ്  സ്‌ക്വയർ, ന്യു യോർക്ക്: വിവാദങ്ങളും അവസാന നിമിഷ സ്റ്റാർട്ടിങ് ട്രബിളും പിന്നിട്ട്  ലോക കേരള സഭ മേഖലാ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപ എന്ന് നാട്ടിൽ മാധ്യമങ്ങളെല്ലാം വിവാദമുണ്ടാക്കിയിട്ടും അത്യാവശ്യ തുകകൾ നൽകാൻ വിഷമിച്ച സംഘടകരെയാണ് അവസാന നിമിഷവും കണ്ടത്.  അതിന്റെ അസ്കിതകൾ പരിഹരിച്ച് സമ്മേളനം തുടങ്ങിയതോടെ അത് മികച്ച തുടക്കമായി.  അതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ മികവ് പ്രതീക്ഷിക്കാമെന്ന് ഉറപ്പായി. സംഘാടക സമിതിക്ക് കൂപ്പുകൈ.

രജിസ്ട്രേഷന് ശേഷമുള്ള സൗഹൃദ സമ്മേളനവും പിന്നീട് നൃത്തങ്ങളും അടിപൊളി ഡിന്നറുമായാണ് ആദ്യദിന പരിപാടി സമാപിച്ചത്.

മുൻ സ്പീക്കറും നോർക്ക വൈസ് ചെയറുമായ ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം  ചെയ്തു.  അറിവിന്റെ സംഭരണിയാണ്‌ നമ്മുടെ സംസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്കാരവും കലർപ്പില്ലാത്തതല്ല. അതേസമയം സാംസ്കാരികമായ മറവിരോഗം ബാധിച്ചാൽ നാം നമ്മെത്തന്നെ മറക്കും. ഓർമ്മകൾ നഷ്ടപ്പെടും. നമ്മുടെ സ്വത്വം ഇല്ലാതാകും. ഇത് അടുത്ത തലമുറകൾക്ക് സംഭവിക്കരുതെന്ന ദീര്ഘവീക്ഷണത്തോടെയാണ് നോർക്കയും അതിന്റെ മലയാളം മിഷനും പ്രവർത്തിക്കുന്നത്.

ലോക കേരള സഭ ഒരു ഇൻവെസ്റ്റർ മീറ്റ് ആയി വിശേഷിപ്പിച്ചിരുന്നു. അതല്ല അത് പരാതി പരിഹാര അദാലത്തായും  വിളിക്കപ്പെട്ടു. എന്നാൽ  ഇതൊന്നുമല്ല ലോക കേരള സഭ. ഇവയൊക്കെ ചേർന്നതാണ് താനും.

നോർക്കയുടെ  പ്രവർത്തനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവ്യാത്മകമായ ഭാഷയിലാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സംസാരിച്ചത്. പലകാലത്തായി അമേരിക്കയിലെത്തിയവർ ഒത്തുചേരുന്നതാണ് ഈ സ്മ്മളേനം. കേരളം വളരുന്നു എന്ന് കവി പാടിയത് ഇവിടെ അന്വര്ഥമാകുകയാണ്.

കേരളത്തിന്റെ നല്ല പാരമ്പര്യത്തെ ചെല്ലുന്നിടത്തൊക്കെ കാട്ടിക്കൊടുക്കാൻ ഓരോ പ്രവാസിയും കടപ്പെട്ടിരിക്കുന്നു.  മലയാളം ശ്രെഷ്ഠ  ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് പോലെ ശ്രെഷ്ടമായ രണ്ട് ക്ലാസിക്കൽ  കലാരൂപങ്ങൾ നമുക്കുണ്ട്- കഥകളിയും മോഹിനിയാട്ടവും . മറ്റു ഭാഷകളിലൊക്കെ ഒന്ന് മാത്രം.

ഭാഷ വഴിയാണ്  സംസ്കാരം കൈമാറ്റപ്പെടുന്നതെന്നാണ് പറയുന്നത്. സ്വന്തം ജീവിതത്തിന്റെ അർഥം കണ്ട് പിടിക്കാനാണ് നാം ജീവിതത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന്  ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട്. അത്പോലെ കൂട്ടിവയ്ക്കുന്നതിലല്ല കൊടുക്കുന്നതിലാണ് വിജയം എന്നും മഹാന്മാർ നിർവചിക്കുന്നു-അദ്ദേഹം  പറഞ്ഞു.

റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  താൻ മുപ്പതാം വയസിലാണ് അമേരിക്കയിലെത്തിയതെന്നു ചൂണ്ടിക്കാട്ടി. ഒട്ടേറെ അറിവും വിദ്യാഭ്യാസപരമായ നേട്ടങ്ങളുമായാണ് നാം ഇവിടെ വരുന്നത്. ഇത് അവസരങ്ങളുടെ നാടാണ്. അത് നാം ഉപയോഗപ്പെടുത്തണം. ആദ്യം തെരെഞ്ഞെടുക്കപ്പെടുമ്പോൾ ന്യു യോർക്ക് സ്റ്റേറ്റിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി  ആയിരുന്നു താൻ.

വ്യക്തിപരമായ ദുഃഖം അവർ കണ്ണീരോടെ പങ്കുവച്ചത് സദസിനെയും ദുഖിപ്പിച്ചു. നാട്ടിൽ വച്ച് തന്റെ ഭർത്താവ്  അഗസ്റ്റിൻ പോൾ അന്തരിച്ചിട്ടു ശനിയാഴ്ച (ഇന്ന്) 40 ദിവസം തികയുകയാണ്. അദ്ദേഹത്തിന്റെ മൃതദ്ദേഹം ഇവിടെ കൊണ്ട് വന്നുവെങ്കിലും പെട്ടി തുറക്കാനായില്ല. നാട്ടിൽ ശരിയായ രീതിയിലല്ല എംബാം ചെയ്യുന്നതെന്നർത്ഥം. ഇവിടെ എംബാം ചെയ്യുന്ന ശരീരം നാട്ടിൽ ചെന്നാൽ തുറന്നു കാണിക്കുവാൻ ഒരു പ്രശ്നവുമില്ല. അതിനാൽ ശരിയായ രീതിയിൽ എംബാം ചെയ്യാൻ  സൗകര്യം  ഉണ്ടാക്കുന്നത് പലർക്കും ഗുണകരമാകുമെന്ന് അവർ പറഞ്ഞു.

നെതർലൻഡ്സ് മുൻ അംബാസഡറും കേരള ഗവൺമെന്റിന്റെ നെ ഓഫീസർ  ഓൺ സ്‌പെഷൽ ഡ്യുട്ടിയുമായ വേണു രാജാമണി ജീവിതത്തിന്റെ മിക്കവാറുമെല്ലാ കാലഘട്ടത്തിലും താനും പ്രവാസി ആയിരുന്നുവെന്ന് പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലും പ്രവർത്തിച്ചിട്ടുണ്ട്. മതേതരത്വവും സാംസ്കാരികമായ വാവിധ്യവും നാം കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്ന്ന കലാപാരിപാടികളെപ്പറ്റി റീന ബാബു സംസാരിച്ചു. വേദിക പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആന്‍ഡ് നേത്ര ആര്‍ട്‌സ് അവതരിപ്പിച്ച  കലാവിരുന്ന്  ഹൃദ്യമായി.

ശനിയാഴ്ചത്തെ  പരിപാടികൾ  

രാവിലെ 9.20 മുതല്‍ 9.25 വരെ അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം  .

തുടര്‍ന്നുള്ള പരിപാടികള്‍ ഇപ്രകാരമാണ്.

രാവിലെ 9.25 മുതല്‍ 9.30 വരെ ലോക കേരള സഭ മുദ്രാഗാനം

 9.30 മുതല്‍ 9.35 വരെ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.സ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും

 9.35 മുതല്‍ 9.40 വരെ ലോക കേരള സഭ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍ ഏവര്‍ക്ക സ്വാഗതം ആശംസിക്കും.

 9.40 മുതല്‍ 9.50 വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അദ്ധ്യക്ഷ പ്രസംഗമാണ്. 

 9.50 മുതല്‍ 10.20 വരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കും

10.20 മുതല്‍ 10.30 വരെ കേരള സര്‍ക്കാരിന്റെ വികസന പരിപാടികളുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും വീഡിയോ അവതരണം.

10.30 മുതല്‍ 10.40 വരെ ധനകാര്യ മന്ത്രി എ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 

10.40 മുതല്‍ 10.50 വരെ  നോര്‍ക്ക വകുപ്പിന്‍ന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ഭല്ല ഐ.എ.എസ് ലോക കേരള സഭ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

10.50 മുതല്‍ 11.30 വരെ ആശംസാ പ്രസംഗങ്ങളാണ്. കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഫ്രൊഫ. വി.കെ. രാമചന്ദ്രന്‍, ജോസ് കെ മാണി എം.പി, നോര്‍ക്ക് റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പ. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ. രവി പിള്ള, ഓഫീസര്‍ ഓണ് സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ജെ.കെ.മേനോന്‍, സി.വി റപ്പായി, ഒ.വി മുസ്തഫ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, വിവിധ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ സുവനീര്‍ പ്രദര്‍ശനം മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ 11:30 മുതല്‍ 11.45 വരെ ടീ ബ്രേക്കാണ്.

11.45 മുതല്‍ ഉച്ചയ്ക്ക് 01.00 വരെ വിഷയാധിഷ്ഠിത അവതരണവും ചര്‍ച്ചയും നടക്കും. 'നവ കേരളം എങ്ങോട്ട്..: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി സംസാരിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍ എന്നിവര്‍ അമേരിക്കന്‍ മേഖലയിൽ  ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ പറ്റി സംസാരിക്കും. 

ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസ് 'മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ, അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് 'മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റം: അമേരിക്കന്‍ മലയാളികളുടെ ഭാവിയും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിച്ച് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ഡോ. കെ.വാസുകി ഐ.എ.എസ് സംസാരിക്കും. അടുത്തത് പ്രതികരണങ്ങള്‍ക്കുള്ള സമയമാണ്.

1.00 മണി മുതല്‍ 2.00 വരെ ലഞ്ച് ബ്രേക്കാണ്. 2.00 മുതല്‍ 3.45 വരെ പ്രതികരണങ്ങള്‍ തുടരും. 3.45 മുതല്‍ 4.00 വരെ ടീ ബ്രേക്ക്. 4.00 മുതല്‍ 4.05 വരെ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ ആശസാ പ്രസംഗം നടത്തും. 4.05 മുതല്‍ 4.50 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനുള്ള സമയമാണ്. 

4.50 മുതല്‍ 5.00 മണി വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ ഉപസംഹാര പ്രസംഗം നടത്തും. 5.00 മണിക്ക് അമേരിക്കയുടെയും ഇന്ത്യയുടെയും  ദേശീയ ഗാനം ആലപിക്കപ്പെടും. വൈകിട്ട് 7.00  മണി മുതല്‍ ചലച്ചിത്രനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെയും മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെയും നൃത്ത സന്ധ്യയാണ്. 

ഞായറാഴ്ച

ജൂണ്‍ 11-ാം തീയതി രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെ ഏവരും കാത്തിരിക്കുന്ന ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി കെ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.എം. അനിരുദ്ധന്‍ ആമുഖ പ്രസംഗം നടത്തും. 

രാവിലെ 10.15 മുതല്‍ 10.30 വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. രാവിലെ 10.30 മുതല്‍ 11.15 വരെ വിഷയം അവതരിപ്പിച്ച് നോര്‍ക്ക ആന്‍ഡ് വ്യവസായ  വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി സുമന്‍ വില്ല ഐ.എ.എസ്, ഐ.റ്റി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ,എസ് എന്നിവര്‍ സംസാരിക്കും. 

ടീ ബ്രേക്കിനു ശേഷം സംരംഭകത്വം, നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചയും പ്രതികരണങ്ങളുമാണ്. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസിന്റെ ക്രോഡീകരണമാണ്. 

ലഞ്ച് ബ്രേക്കിനു ശേഷം അമേരിക്കന്‍ മലയാളി വ്യവസായികള്‍, ഐ.റ്റി വിദഗ്ധര്‍, മലയാളി വനിതാ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം 6.00 മണി മുതല്‍ 7.30 വരെ പ്രവാസി മലയാളി സംഗമം നടക്കും. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ സ്വാഗതം ആശംസിക്കും. പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുടെയും ലോക കേരള സഭ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.എസ്, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഒ.വി മുസ്തഫ, സി.വി റപ്പായി, കെ.ജെ മേനോന്‍, ഡോ. രവി പിള്ള മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം. അനിരുദ്ധന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ജോസ് കെ മാണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം 6.05 മുതല്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിനു ശേഷം ഡോ.എം.അനിരുദ്ധന്റെ കൃതജ്ഞതയോടു കൂടി സമ്മേളനം പര്യവസാനിക്കും.

വൈകുന്നേരം 6.35 മുതല്‍ 7.30 വരെ വിദ്യാ വൊക്‌സ്, ദിവ്യ ഉണ്ണി, പ്രസീന ജയിന്‍ എന്നിവരുടെ കലാപരിപാടി അരങ്ങേറും. തുടര്‍ന്ന് ഡിന്നറോടു കൂടി മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് മാരിയറ്റ് മാര്‍ ക്വീസ് ഹോട്ടലില്‍ തിരശ്ശീല വീഴും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക