Image

ഇറ്റാലിയന്‍ അയല്ക്കാരന്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളം-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

Published on 15 May, 2023
ഇറ്റാലിയന്‍ അയല്ക്കാരന്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളം-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

മധ്യവയസ്‌കനായ ഇറ്റാലിയന്‍ അയല്ക്കാരനോട് ടോണിക്ക് അസഹ്യമായ വിദ്വേഷം തോന്നി. അയാള്‍ തരം കിട്ടുമ്പോഴൊക്കെ തുറിച്ചുനോക്കുന്നു, ജാലകവിടവിലൂടെ തന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നു. ഈയിടെയായി അയാള്‍ ജോലിക്കൊന്നും പോകുന്നതായി കാണുന്നില്ല. ന്യൂസ്‌പേപ്പറൊ, മെയിലൊ എടുക്കാന്‍ മാത്രമെ തല ഒരുനിമിഷം വെളിയില്‍ നീട്ടൂ. അപൂര്‍വ്വമായേ അയാള്‍ പുറത്ത് തന്നെ പോകാറുളളു; പോയാല്‍ തന്നെ പിസായോ പെപ്‌സിയോ വാങ്ങി ഉടനെ തിരിച്ചു വരും. മിക്കവാറും സമയങ്ങളില്‍ അയാളുടെ റെഡ് ഫറാറി സ്‌പോര്‍ട്ട്‌സ് ജി.ടി.എസ് ഡ്രൈവ്‌വേയില്‍ കാണാം. 
ഒരു കാരണവുമില്ലാതെയാണ് ഭാര്യയേയും മക്കളേയും അയാള്‍ വീട്ടില്‍ നിന്നിറക്കിവിട്ടത്. അതിനുശേഷമാണ് നോട്ടം ഇത്ര രൂക്ഷമാകുന്നത്. അയാള്‍ ബദ്ധപ്പാടോടെ വീട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. ഒരുപക്ഷേ, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചതിലെ അപാരാധബോധം കൊണ്ടാവുമോ? 
അയാളുടെ വളര്‍ത്തുനായ്ക്കളായ രണ്ടു ജര്‍മ്മന്‍ ഷെപ്പേര്‍ഡുകളെ ഇപ്പോള്‍ കാണാറില്ല. ആദ്യത്തേതിനെ കാണാതായപ്പോള്‍ കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്കാമെന്ന് അങ്ങിങ്ങ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടാമത്തേതിനെപ്പറ്റി അങ്ങനെ ഒരു പരസ്യവും കണ്ടില്ല. അയല്ക്കാരന്റെ വിശാലമായ വീടിന്റെ പുറകുവശത്ത് മക്കളുമായി കളിച്ചിരുന്ന അഞ്ചാറു മുയലുകളെയും ഇപ്പോള്‍ കാണാറില്ല. ഇതെല്ലാം എങ്ങനെ അപ്രത്യക്ഷമാകുന്നു?
ടോണി അസ്വസ്ഥനായി.
സമീപവാസികള്‍ ടോണിയുടെ വീടിന്റെ പിന്‍പുറത്തു നിന്ന് ഒരുതരം ഗന്ധം വമിക്കുന്നുവെന്ന് ആരോപിച്ചതിനെ അയാള്‍ നിശിതമായി നിഷേധിച്ചിരുന്നു.
ടോണിക്ക് ആത്മസംഘര്‍ഷം പെരുകിവരുന്നു… പൊലീസിനെ വിളിക്കണോ?
ടോണി ഫോണിന്റെ അടുത്തുചെന്നു ശങ്കിച്ചുനിന്നു. ജനം അരുതാത്തത് ചെയ്യുമ്പോള്‍ ഒരു നല്ല പൗരനെന്ന നിലയ്ക്കു അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് തന്റെ കടമയല്ലേ? ടോണിക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ കൂട്ടിലിട്ട വെരുക് പോലെ പൂമുഖത്ത് അക്ഷമനായി നടന്നു. 
ടോണി അയല്ക്കാരന്റെ ഓരോ അനീതിയും വിശകലനം ചെയ്യാന്‍ ശ്രമിച്ചു: ഒരുപക്ഷേ, അയാള്‍ ഭാര്യയേയോ, കുട്ടികളേയോ കൊല…? ഛേ! അങ്ങനെ ചിന്തിക്കാന്‍ തന്നെ പാടില്ല. ഭാര്യ കുട്ടികളുമായി തന്റെ വീടിന്റെ മുന്നിലൂടെ രണ്ടാഴ്ച മുമ്പ് തിരക്കിട്ട് നടന്നു പോകുന്നത ്കണ്ടതാണ്. അപ്പോള്‍ അവര്‍ ഇളയകുട്ടിയുടെ കൈ പിടിച്ചിരുന്നു; മൂത്ത കുട്ടി മുമ്പെയും നടന്നിരുന്നു. അവര്‍ കരയുന്നുമുണ്ടായിരുന്നു.
ഇനിയെന്തെങ്കിലും അവിവേകം അയാള്‍ ചെയ്‌തെങ്കില്‍ തന്നെ അതിനെപ്പറ്റി ആരെങ്കിലും പറയുമായിരുന്നു?
ടോണിക്കു പിന്നെയും സമാധാനം കണ്ടെത്തായിില്ല. ഇതൊക്കെ എങ്ങനെ പൊലീസില്‍ പരാതിപ്പെടാതിരിക്കും?
ഒടുവില്‍ ടോണി പൊലീസിനെ വിളിച്ചു, അയല്ക്കാരനെപ്പറ്റിയുളള ദുരൂഹതകള്‍ പങ്കുവച്ചു. 

ഫോണ്‍ താഴെവച്ചപ്പോള്‍ ടോണിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
മിനുട്ടുകള്‍ക്കുളളില്‍ സൈറനിടാതെ ഫ്‌ളാഷ്‌ലൈറ്റ് മിന്നിച്ചുകൊണ്ട് രണ്ടു പൊലീസ് കാര്‍ ടോണിയുടെ വീടിനു മുന്നില്‍ വന്നുനിന്നു. മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ സാവധാനം വീട്ടിലേക്കു നടന്നു വന്നു.
വെറും ടീ ഷര്‍ട്ട് ധരിച്ച് വരാന്തയിലിരിക്കുന്ന ടോണിക്കു, പുറത്ത് മേനി മരവിക്കുന്ന ശൈത്യമുണ്ടായിരുന്നിട്ടും തണുപ്പനുഭവപ്പെടുന്നതായി തോന്നിയില്ല. പോലീസിനെ കണ്ടപ്പോള്‍ അയാള്‍ ഝടിതിയില്‍ അവരുടെ അടുത്തു ചെന്നു സ്വയം പരിചയപ്പെത്തി, അയല്ക്കാരനെ വീണ്ടും കുറ്റപ്പെടുത്തി. 
ഒരു ഓഫീസര്‍ ചോദിച്ചു: ഭതാങ്കള്‍ പരാതിപ്പെടുന്ന വീടേതാണ്?' ടോണി തന്റെ വീടിനു മുന്നിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിരല്‍ ചൂണ്ടി. 
ടോണി ചൂണ്ടിയ ഭാഗത്തേക്ക് മൂവരും ഒരുപോലെ നോക്കി.
……?
ഓഫീസര്‍മാര്‍ മുഖാമുഖം നോക്കി.
ഒരു ഓഫീസര്‍ സ്വരംതാഴ്ത്തി: ഭസര്‍, അവിടെ വീടൊന്നും കാണാനില്ല.'
ടോണി പോക്കറ്റില്‍ നിന്ന് ഒരു കടലാസ്സെടുത്ത് അതില്‍ വരച്ച വീടും വീടിന്റെ അഡ്രസ്സും നടവഴിയില്‍ പാര്‍ക് ചെയ്ത കാറും കാണിച്ചു കൊടുത്തു. അവര്‍ അതില്‍ ശ്രദ്ധിച്ചു നോക്കിയശേഷം പറഞ്ഞു. നിങ്ങള്‍ പറയുന്ന അഡ്രസ്സ് പ്രകാരമുളള വീട് ഞങ്ങള്‍ പരിശോധിച്ചു; അത് ഈ തെരുവിലെങ്ങുമില്ല.'
ടോണി എന്തോ പറയാന്‍ ഭാവിക്കുന്നതിനു മുന്‍പ് ഒരു ഓഫീസര്‍ അനുനയത്തില്‍:ഭവിരോധമില്ലെങ്കില്‍ ഞങ്ങള്‍ ഈ വീടൊന്ന് കണ്ടോട്ടെ?'
ടോണി സമ്മതഭാവത്തില്‍ തലയാട്ടി. 
ഓഫീസര്‍മാര്‍ വീടിന്നകം കണ്ണോടിക്കുന്നതിനിടെ തൃപ്തികരമല്ലാത്ത മണം ശ്വസിച്ചു. 
മണംപിടിച്ചവര്‍ വീടിന്റെ താഴെത്തെ നിലയിലേക്ക് പോയി, ടോണിയോടൊന്നും പറയാതെ.
താഴെത്തെ നിലയിലെ ദുര്‍ഗന്ധം അവരുടെ നാസാരന്ധ്രങ്ങളിലേക്കു തുളഞ്ഞുകയറിയപ്പോള്‍, അവര്‍ വീണ്ടും മുഖാമുഖം നോക്കി.
ഉടനെ ഒരു ഓഫീസര്‍ പിന്തുണ ആവശ്യപ്പെട്ടു. തുടര്‍ന്നു മുഖംമറച്ചവര്‍ പരിശോധന തുടങ്ങി. തൂണില്‍ ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന ടോണിയുടെ സന്തതസഹചാരികളായിരുന്ന മുയലുകളുടെ രക്തത്തില്‍ കുതിര്‍ന്ന ശരീരങ്ങള്‍…നിലത്ത് ചിതറിക്കിടക്കുന്ന മൃഗങ്ങളുടെ അവയവങ്ങള്‍!
താമസംകൂടാതെ, സഹായത്തിനാവശ്യപ്പെട്ട ഓഫീസര്‍മാരെത്തി. 
ടോണി സ്വീകരണമുറിയില്‍ നിസ്സംഗനായി ടി.വി.യില്‍ കണ്ണുംപതിച്ചിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ഓഫീസര്‍മാര്‍ ടോണിയുടെ അടുത്തെത്തി ഔദ്യോഗിക ഭാഷയില്‍:ഭസര്‍,യു ആര്‍ അണ്ടര്‍ അറസ്റ്റ്‌ഫോര്‍ അനിമല്‍ അബ്യൂസ്ഏന്റ് ക്രുവല്‍റ്റി.'

പൊലീസ് ടോണിയെ കാറില്‍ കയറ്റുമ്പോഴും അയാള്‍ അയല്ക്കാരനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതു കേട്ട ഓഫീസര്‍: ഭസര്‍, ആ അയല്ക്കാരന്‍ നിങ്ങള്‍ തന്നെയാണ്!'

#NarmanKadha

Join WhatsApp News
Sudhir Panikkaveetil 2023-05-15 12:26:44
ഈ കഥയുടെ പുതുമ കഥാകൃത്ത് ഒരു മനഃശാസ്ത്രജ്ഞനെപോലെ നായകന്റെ മാനസികാപഗ്രഥനം {psychoanalysis )നടത്തിയിരിക്കുന്നുവെന്നാണ്. സാഹിത്യത്തിൽ ഇങ്ങനെ എഴുത്തുകാർ ഉപയോഗിക്കുന്നുണ്ട്. പക്ഷെ തൊഴിൽപരമായ വൈദഗ്ദ്ധം ഇല്ലെങ്കിൽ കഥാതന്തു കൈവിട്ടുപോകും. തന്റെ കുറ്റങ്ങൾ മറ്റുള്ളവരിൽ കണ്ട് സ്വയം നല്ലവനാകുന്ന മനസ്ഥിതിയുള്ളവരുടെ ജീവിതത്തിൽ നിന്നും കഥാകൃത്തിനു കിട്ടിയ ത്രെഡ് ആയിരിക്കാം ഈ കഥയുടെ അടിസ്ഥാനം. കവി കൂടിയായ ശ്രീ അബ്ദുൽ കഥ കയ്യിൽ നിന്നും തെന്നിപ്പോകാതെ വായനക്കാർ സംശയിച്ചേക്കാവുന്ന എന്നാൽ ഉറപ്പില്ലാത്ത ഒരു അവസാനത്തിൽ കൊണ്ട് ചെന്നിച്ചു. അമേരിക്കൻ മലയാളികളുടെ തിരഞ്ഞെടുത്ത കഥകളിൽ ഈ കഥക്ക് ഒരു സവിശേഷത ഉണ്ടായിരിക്കും. അഭിനന്ദനങ്ങൾ ശ്രീ അബ്ദുൽ പുന്നയൂർക്കുളം.
Samkutty 2023-05-15 14:37:49
Good readable story.
ബെന്നി 2023-05-19 01:38:57
അമേരിക്കൻ കഥക്കൂട്ടം - 65 അമേരിക്കൻ മലയാളി എഴുത്തുകാരുടെ ചെറുകഥകൾ - ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. https://greenbooksindia.com/stories/American-Kathakkoottam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക