Image

മനസാക്ഷി പണയം വെക്കാതെ ജനങ്ങളെ  രക്ഷിക്കൂ : സന റബ്സ്

Published on 11 May, 2023
മനസാക്ഷി പണയം വെക്കാതെ ജനങ്ങളെ  രക്ഷിക്കൂ : സന റബ്സ്

ഇന്നലെ ഒരു ഡോക്ടറുമായി സംസാരിക്കുകയായിരുന്നു. താനൂരിലെ ബോട്ടപകടത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. " നമ്മൾ ചെയ്യാൻ പോകുന്ന കാര്യത്തിന്റെ എല്ലാ വശങ്ങളും വകതിരിവോടെ നമ്മൾ തന്നെ ചിന്തിക്കേണ്ട കാലമാണിത്. ആരും നമ്മെ രക്ഷിക്കാനില്ല. നിറഞ്ഞ ബോട്ട് കാണുമ്പോൾ നമ്മുടെ, ജനങളുടെ,വിവേകം ഉണരേണ്ടതായിരുന്നു.  

ഒരു പട്ടി ആണെങ്കിൽ പോലും അതിന് സേഫ്റ്റി തോന്നാത്ത ഇടത്തു കയറില്ല. നമ്മുടെ നാട്ടിലെ നിയമങ്ങൾ ആർക്കും പേടിയില്ലാത്തത് അതു നടപ്പാക്കാത്തത് കൊണ്ടാണ്.  ബോധവൽക്കരണം ഇല്ല.

പണ്ട് എന്തു മനോഹരമായിരുന്നു എന്റെ നാട് ! എന്റെ മക്കളോട് ഇവിടെത്തന്നെ നിൽക്കാൻ ഞാൻ പറയുമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നും നിശ്ചയമില്ല. വിവേകമുള്ള ആളുകൾ കുറയുന്നു. ഒരു റോൾ മോഡൽ ഒരു രംഗത്തും കാണിക്കാൻ ഇല്ലാതായി. നാളെ ജീവിക്കുമോ അതോ റോഡ് ആക്‌സിഡന്റിൽ കൊല്ലപ്പെടുമോ അതോ ആരെങ്കിലും നിന്ന നിൽപ്പിൽ നമ്മെ ആക്രമിക്കുമോ എന്നൊന്നും ഒരു ധാരണയുമില്ലാതെ ഓരോ ദിവസങ്ങൾ കടന്നു പോകുന്നു. എന്റെ മക്കളോട് എത്രയും വേഗം പഠിച്ചു മുന്നേറി ഈ നാട്ടിൽ നിന്നും രക്ഷപ്പെടാൻ പറയേണ്ട ഗതികേടിൽ ആണ് ഞാൻ.   എന്നെ പോലെ ചിന്തിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്താൻ ആവുമോ.... "

ശരിയാണ്. നമ്മുടെ ഉത്തരവാദിത്തം നമ്മളിൽ മാത്രം എന്ന ഗതികേട് എങ്ങനെ ഉണ്ടായി?

നമുക്ക് ഒരു സർക്കാരും നമ്മൾ ജയിപ്പിച്ച പ്രതിനിധികളും ഉണ്ട്. ഓഫീസുകൾ ഉണ്ട്. ഉദ്യോഗസ്ഥരുണ്ട്. മാധ്യമങ്ങൾ ഉണ്ട്.പക്ഷേ സത്യസന്ധമായി കർത്തവ്യം മനസ്സിലാക്കി ജോലി ചെയ്യുന്ന സ്റ്റാഫ് ഇല്ലാതാകുന്നു. അനീതിയും കളവും കണ്ടാൽ ചോദ്യം ചെയ്യാത്ത, മനസാക്ഷി ഇല്ലാത്ത സമൂഹമായി നാം മാറിയിരിക്കുന്നു.
ഈ പോക്കു അപകടത്തിലേക്കാണ്.

ജീവിക്കാൻ ഈ ഭൂമി വേണമെങ്കിൽ ഈ ഭൂമിയും ജീവിജാലങ്ങളും മനുഷ്യരും നിലനിന്നേ മതിയാകൂ. അതിന് മനുഷ്യർ വളരെയധികം വിവേകശാലികൾ ആയേ തീരൂ.

ബോട്ടപകടത്തിൽ മരിച്ച  കുടുംബത്തിൽ അവരുടെ പേരമക്കൾ വരെ അറ്റുപോയി!! ഒരാൾ വളർന്നു വലുതായി ജോലി നേടി വിവാഹം കഴിച്ചു മക്കളായി മരുമക്കളും പേറ്റിക്കിടങ്ങളുമായി ജീവിത സായാഹ്നത്തിൽ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഒരു രാത്രിയിൽ അയാൾ അത്രയും കാലം ജീവിച്ച, അയാൾ  നേടിയ, അയാൾ പണിയെടുത്തു പുലർത്തിയ, അയാളുടെ ആയുസ്സും ആരോഗ്യവും ഉപയോഗിച്ച് പണിതുയർത്തിയ കുടുംബം നാമാവശേഷമാകുന്നു! എങ്ങനെ?

സത്യസന്ധരായ, ജനങളുടെ നന്മ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ കർശനമായി നടപ്പിലാക്കാമായിരുന്ന നിയമനിർവഹണം  ഉണ്ടായിരുന്നു എങ്കിൽ അയാൾ എല്ലാം നഷ്ടപ്പെട്ടവനാകില്ലായിരുന്നു. അഴിമതിയുടെയും പക്ഷപാതത്തിന്റെയും ചതുപ്പിൽ തട്ടി അയാളുടെ കുടുംബം മുച്ചൂടും നശിച്ചു പോയി. അയാളാണോ ഉത്തരവാദി? ഇവിടെത്തെ കണ്ണു പൂട്ടിയ നിയമവും സർക്കാരും ഉദോഗസ്ഥരുമല്ലേ ഈ നരഹത്യ നടത്തിയത്?

ഒരു പാവപ്പെട്ട വീട്ടിലെ സ്ത്രീ പ്രസവിക്കുന്നത് അംഗരക്ഷകരുടെയും പണത്തിന്റെയും ലാളന  ഏറ്റിട്ടല്ല. അവൾ പട്ടിണി കിടന്നും വീട്ടിലെ പണികളെടുത്തു വശം കെട്ടും കുടുംബത്തിന്റെ മൊത്തം കാര്യങ്ങൾ നോക്കിയും സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ ക്യു നിന്നും നടന്നും വലഞ്ഞും കഷ്ടപ്പെട്ടും ആണ്. ആവശ്യത്തിന് മരുന്ന് പ്രസവസമയത്തു പോലും കുത്തിവെക്കാൻ കിട്ടാതെ ഗർഭപാത്രം പൊളിഞ്ഞു പ്രാണവേദന സഹിച്ചു നരകയാതനകളിലൂടെ കടന്നു വന്നു ഒരു കുഞ്ഞിനെ പ്രസവിച്ചു വീട്ടിൽ എത്തിക്കുന്നത് നാളെയുടെ പ്രതീക്ഷയോടെയാണ്.

മോനായാലും മോളായാലും കഷ്ടപ്പെട്ട് ആ കുഞ്ഞിനെ വളർത്തുന്നത് ഒരു കുഞ്ഞു വേണമെന്ന മോഹം കൊണ്ടും നാളെ അവനോ അവളോ കുടുംബത്തിന്റെ താങ്ങാവും എന്ന സ്വപനത്തിലാണ്.

ആ ബോട്ടപകടത്തിൽ മരിച്ച ഓരോ പിഞ്ചു കുഞ്ഞും ഓരോ അമ്മയും അങ്ങനെയുള്ളവരായിരുന്നു നരാധമന്മാരെ....
ഇതിന് കാരണക്കാറായ ഒരാൾക്കും കാലം മാപ്പ് തരില്ല.
ജീവിതം കണ്ടിട്ടില്ലാത്ത ആ പത്തുമാസം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ ശാപം  ഡെമോക്ലസിന്റെ വാളായി  നെറുകയിൽ തൂങ്ങട്ടെ!! 

ഡോക്ടർ വന്ദന, ആ കുട്ടിയേയും ഇവിടെത്തെ മേൽപ്പറഞ്ഞ അനാസ്ഥ കൊന്നു കളഞ്ഞതാണ്.ഒരു കുടുംബത്തിന്റെ ഏക സ്വപ്നവും പ്രതീക്ഷയും  കേട്ടു കേൾവിപോലും ഇല്ലാത്ത അവസ്ഥകളിലൂടെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം അക്രമങ്ങൾ കണ്ടാൽ വെടി ഉതിർക്കാൻ ഉള്ളതാണ് തോക്കെന്നു ക്രമസമാധാന പാലകരെ ഓർമ്മിപ്പിക്കേണ്ട ഗതികേടിൽ കോടതിയും എത്തിയിരിക്കുന്നു.

എന്തെല്ലാം സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചവരായിരിക്കും വന്ദനയും അവരുടെ മാതാപിതാക്കളും.

അങ്ങനെയൊന്നുമല്ല നമ്മുടെ നാട് ആവേണ്ടത്. കാര്യക്ഷമമായി പ്രവർത്തിച്ചാൽ എത്രയോ ഉയരങ്ങളിൽ എത്താവുന്ന എല്ലാ ശേഷിയും കേരളത്തിനുണ്ട്.  ജനങ്ങളും  സമൂഹവും സർക്കാരും വ്യവസ്ഥയും ഒരുമിച്ചുണർന്നു പ്രവർത്തിച്ചാൽ നാളെയുടെ  സ്വപ്നങ്ങളെ വാഗ്ദാനങ്ങളെ ഇങ്ങനെ പള്ളിപ്പറമ്പിൽ ഖബറടക്കേണ്ടി വരില്ല.  

ഈ നാടിനെയും ജനങ്ങളെയും രക്ഷിക്കൂ. അഴിമതിയും  അക്രമങ്ങളും ഉപേക്ഷിച്ചു നാടിനുവേണ്ടി പ്രവർത്തിക്കൂ.  

ഒരു സർക്കാരും ആ സർക്കാരിന്റെ ജനപ്രതിനിധികളും 5 വർഷമേ ഈ  നാട് ഭരിക്കൂ.പക്ഷേ ഇവിടുത്തെ ഉദോഗസ്ഥർ അറുപതു വയസ്സുവരെ അല്ലെങ്കിൽ അതിൽ കൂടുതൽ ഈ നാട് ഭരിക്കുന്നവരാണ്.

പോലീസ് ആയാലും ഐ എ എസ് ആയാലും ടീച്ചർ ആയാലും  പ്യൂൺ ആയാലും സ്വീപ്പർ ആയാലും ഡ്രൈവറോ കൃഷിക്കാരനോ ഡോക്ടറോ നഴ്സൊ എഞ്ചിനീയറോ ആരായാലും നിങ്ങളീ നാടിനെ വഞ്ചിക്കരുത്. മനസാക്ഷി പണയം വെക്കാതെ ജനങ്ങളെ  രക്ഷിക്കൂ....

Please Help Us!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക