Image

ജീവന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 08 May, 2023
ജീവന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ജീവന്‍ മഹത്തരം, പഞ്ചഭൂതാത്മകം,
ചേതോഹരം, ക്ഷണഭംഗുരം ഹാ!
ജീവന്‍, നിഗൂഢമാമേതോ നിയോഗമായ്,
ഭൂക്കിനാദിയാം ദിവ്യദാനം;
ജീവന്‍, ജനിമൃതിക്കാധാരമാകുന്ന-
ജീവിതമാകുന്ന ജാലവിദ്യ,
ജീവനു,ണര്‍ത്തുപാട്ടാകുന്ന വിസ്മയം,
ജീവികള്‍ക്കുണ്മയേകുന്ന ശക്തി;
രൂപഭാവങ്ങള്‍ വിഭിന്നങ്ങളായെത്ര-
ജീവജാലങ്ങളരുമകളായ്
താനെ ചലിക്കുന്നു, മുന്നോട്ട്....മുന്നോട്ട്......
യാനം നിലക്കുന്നിടയ്ക്കിടയ്ക്ക്
സര്‍വ്വചരങ്ങളില്‍ ബുദ്ധിക്കുടമകള്‍,
സര്‍വ്വമടക്കിഭരിക്കുന്നവര്‍;
ദേഹിദേഹങ്ങളനുഗ്രഹമായവര്‍, 
ഭോഗങ്ങള്‍ മാടി വിളിക്കുന്നവര്‍;
ഇന്നലെ,യിന്നായി, നാളെകള്‍ നീളെയായി,
ജന്മങ്ങള്‍ ജന്മാന്തരങ്ങളായി,
സൃഷ്ടിമകുടങ്ങളാമി,രുകാലികള്‍-
മര്‍ത്ത്യരല്ലാതെ മറ്റാരിവിടെ?
ദുഃഖസുഖങ്ങളും സ്‌നേഹദ്വേഷങ്ങളും,
മോഹങ്ങളും മോഹഭംഗങ്ങളും,
മിഥ്യയും തഥ്യയും നന്മയും തിന്മയും,
സങ്കീര്‍ണ്ണമാകുന്ന ജീവിതങ്ങള്‍, 
പ്രായം വളര്‍ച്ച തളര്‍ച്ചയാക്കുന്നവര്‍,
 സ്വപ്ന രഥങ്ങളിലേറുന്നവര്‍,
ചോരനായ് ചാരത്തണയും മരണത്തിന്‍,
കാലൊച്ച കാതോര്‍ത്തിരിക്കേണ്ടവര്‍,
കൊല്ലും കൊലയുമായി താണ്ഡവമാടുന്നു,
കത്തിയോങ്ങുന്നു പരന്റെ നേര്‍ക്ക്...
വഞ്ചനയുള്ളിലൊളിപ്പി,ച്ചടുപ്പിച്ച്-
പുഞ്ചിരിച്ചമ്പേ, തകര്‍ത്തിടുന്ന;
വൈകാരികത്തിരയേറിപ്പൊടുന്നനെ-
ആത്മഹത്യക്കിരയായിടുന്ന;
സാഹസകര്‍മ്മങ്ങള്‍ക്കുത്തരവാദികള്‍-
മര്‍ത്ത്യരല്ലാതെ മറ്റാരിവിടെ?
മന്നില്‍ചിരിച്ചും കരഞ്ഞും മേകാകിയായ്,
വേര്‍പിരിയാന്‍ വരമുള്ളതാര്‍ക്ക്?
ജീവിതം സമ്മാനമത്രെ മനുഷ്യന്, 
ആര്‍ക്കധികാരം നശിപ്പിക്കുവാന്‍?
ജീവിക്കുക,ന്യനെ ദ്രോഹിച്ചിടാതെ നാം
ജീവിക്കുവാനുമനുവദിക്കില്‍.

 

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2023-05-09 10:00:09
ദർശനിക ഭാവം പ്രതിഭലിക്കുന്ന, ജീവിതത്തി ന്റെ അർത്ഥ തലങ്ങൾ വാങ്മയ ചിത്രങ്ങളായി ഈ കവിത യിലൂടെ അവതരിപ്പിച്ചിരിക്കുന്നു..!!🌹 അഭിനന്ദനങ്ങൾ...!!🌹🌹
Sudhir Panikkaveetil 2023-05-09 13:37:05
കവികൾ സത്യാന്വേഷികളും സത്യം പറയുന്നവരുമാണ്. ഈ കവിതയിൽ ജീവിതസത്യങ്ങൾ പ്രതിപാദിക്കുമ്പോൾ അതിന്റെ വ്യതിചലനം ഉണ്ടാക്കുന്ന ദുഃഖസത്യങ്ങളും പറയുന്നു. കവയിത്രിക്ക് നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക