
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. 'നിള' എന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതു തന്നെ അതിൻ്റെ നീളത്തിൽ നിന്നാണെന്ന് അവർ എടുത്തുപറയുന്നു. തമിഴ് നാട്ടിലൂടെ ഒഴുകുന്ന 46 കിലോമീറ്റർ ദൈർഘ്യം ഉൾപ്പെടുത്തിയാൽ നിളയുടെ നീളം 255 കിലോമീറ്റർ ആണെന്നും, നിലവിൽ ഏറ്റവും നീളം കൂടിയതെന്ന് കരുതപ്പെടുന്ന പെരിയാറിന് 244 കിലോമീറ്റർ നീളമേയുള്ളൂവെന്നുമാണ് അവരുടെ വാദം. ഉത്ഭവം മുതൽ പതനം വരെയുള്ളതാണ് ഒരു നദിയുടെ ദൈർഘ്യം. നീളം കണക്കാക്കുന്നതിൽ അതൊഴുകുന്ന ഇടത്തിന് പ്രസക്തിയില്ലല്ലൊ.
പശ്ചിമഘട്ടത്തിലെ ആനമല നിരകളുടെ ഭാഗമായ ത്രിമൂർത്തി മലയിൽ നിന്ന് ഉത്ഭവിച്ചു വടക്കോട്ടൊഴുകി കേരളത്തിലെത്തി, പലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ പടിഞ്ഞാറു സഞ്ചരിച്ചു പൊന്നാനിയിൽ വെച്ച് നിള അറബിക്കടലിൽ ചേരുന്നു. തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ഡ്രൈവിങ് ദൂരത്താണ് ത്രിമൂർത്തി മല.
നീളം എത്രയോ ആകട്ടെ, നിള അറിയപ്പെടുന്നത് അതിൻ്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്താലാണ്. സംസ്ഥാനത്തെ 44 നദികളിൽ മറ്റൊന്നിനും നിളയോളം കഥകൾ പറയാനുമില്ല! കേരള സംസ്കൃതിയുടെ ഈറ്റില്ലങ്ങളായ കൽപ്പാത്തിയും,

കിള്ളിക്കുറിശ്ശിമംഗലവും, തിരുവില്വാമലയും, ചെറുതുരുത്തിയും, തൃക്കണ്ടിയൂരും, തിരുനാവായയും നിളയുടെ തീരങ്ങളിൽ. ഭാരതത്തിൻ്റെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും ജനപങ്കാളിത്തമുണ്ടായിരുന്ന മാമാങ്കം എന്ന പ്രൗഢഗംഭീരമായ നദീതീര ഉത്സവം നടന്നിരുന്നതും ഈ മഹാനദിയുടെ മണൽത്തരികളിലാണ്.

ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനും, പൂന്താനം നമ്പൂതിരിയും, കുഞ്ചൻ നമ്പ്യാരും, വള്ളത്തോൾ നാരായണ മേനോനും, വികെഎനും, പി.കുഞ്ഞിരാമൻ നായരും, കെ.പി.കേശവമേനോനും, കുട്ടികൃഷ്ണമാരാരും, ഒളപ്പമണ്ണയും, ഉറൂബും, ഇടശ്ശേരിയും, എം.ഗോവിന്ദനും, വി.ടി.ഭട്ടതിരിപ്പാടും, ഒ.എൻ.വി.കുറുപ്പും, സി.രാധാകൃഷ്ണനും, എം.ടി.വാസുദേവൻ നായരും വരെയുള്ളവരെല്ലാം പ്രചോദനം ഉൾക്കൊണ്ടത് നിളയുടെ സൗന്ദര്യത്തിൽനിന്നാണ്. വടക്കുള്ള കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ച പി.കുഞ്ഞിരാമൻ നായരും, കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു തെക്കുള്ള തിരുവനന്തപുരത്തുകാരനായി മാറിയ ഒ.എൻ.വി കുറുപ്പും വള്ളുവനാടൻ മണ്ണിലൂടെ ഒഴുകുന്ന നിളയുടെ നിത്യകാമുകന്മാരായി സാഹിത്യലോകത്ത് ഇന്നും അറിയപ്പെടുന്നുവെങ്കിൽ, ഈ പുഴയുടെ കാന്തികശക്തി സംസ്ഥാനത്ത് ഒട്ടാകെയുള്ളതല്ലേ!

തുഞ്ചത്തെഴുത്തച്ഛൻ്റെ ജീവിത കഥ പറയുന്ന 'തീക്കടൽ കടഞ്ഞ് തിരുമധുര'മെഴുതി, ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം നേടിയ, സി. രാധാകൃഷ്ണൻ്റെ ജന്മസ്ഥലം ചമ്രവട്ടമാണ്. സമീപവാസികളും അല്ലാത്തവരുമായ നിരവധി സാഹിത്യകാരന്മാരുടെ പ്രചോദന സ്രോതസ്സായ നിള അറബിക്കടലിൽ പതിക്കുന്നതിനു തൊട്ടുമുന്നെയുള്ള അഴിപ്രദേശം. രാധാകൃഷ്ണൻ്റെ രചനകളിൽ, പുഴയും, കടലും, തീരദേശത്തെ സാധാരണ മനുഷ്യരും സമൃദ്ധിയിൽ സ്ഥാനം പിടിച്ചത് അതിനാൽ സ്വാഭാവികം. 2018-ൽ ഇരമ്പിയെത്തിയ പ്രളയജലം കടലിന് സ്വീകരിക്കാൻ കഴിയാതെ വന്നപ്പോൾ, ഭാരതപ്പുഴ കര കവിഞ്ഞൊഴുകി, ഇരുതീരങ്ങളിലുമുള്ളതെല്ലാം ആഴത്തിൽ മുക്കിക്കളഞ്ഞു. എന്നാൽ, പുഴസംസ്കൃതി ഉള്ളിലേക്കാവാഹിച്ച എഴുത്തുകാരൻ്റെ വസതി മാത്രം വിഘ്നമൊന്നുമില്ലാതെ നിള കാത്തുസൂക്ഷിച്ചത് പ്രളയകാലത്തെ ഉദ്വേഗം ജനിപ്പിച്ച ഒരു പ്രാദേശിക വാർത്തയായിരുന്നു! 'പുഴ മുതൽ പുഴ വരെ'യും, 'എല്ലാം മായ്ക്കുന്ന കടലും' രചിച്ച സാഹിത്യകാരനോട് പുഴ ചെയ്ത പ്രത്യുപകാരമായി പലരുമതിനെ വിലയിരുത്തി. പാരിസ്ഥിതിക മൂല്യങ്ങളും, പ്രാദേശിക സംസ്കൃതിയും രാധാകൃഷ്ണൻ്റെ രചനകളുടെ സ്ഥാവരമായ മുഖമുദ്രകളാകാൻ തന്നെ പ്രചോദിപ്പിച്ചത് നിളയാണെന്ന് രാധാകൃഷ്ണൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അറുപതിലേറെയുള്ള പുസ്തകങ്ങളിൽ മിക്കവയിലും ഒരു നിളാപരാമർശമെങ്കിലും വായനക്കാരനു കണ്ടെത്തുവാൻ കഴിയും.
'അഗ്നി', 'പുഷ്യരാഗം', 'കനലാട്ടം', 'ഒറ്റയടിപ്പാതകൾ', 'പ്രിയ', 'തുലാവർഷം', 'പാൽക്കടൽ', 'പിൻനിലാവ്' മുതലായവ രാധാകൃഷ്ണ൯ സംവിധാനം ചെയ്തതോ, തിരക്കഥ എഴുതിയതോ ആയ ചലച്ചിത്രങ്ങളാണ്. നിളാപുളിനങ്ങളാണ് അവയുടെ പല നിർണായക ദൃശ്യങ്ങൾക്കും ജീവൻ നൽകിയിരിക്കുന്നത്.

മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തിയിലുള്ള കുമ്പിടിയാണ് എം.ടി.വാസുദേവൻ നായരുടെ ജന്മസ്ഥലം. നിളയുടെ വശ്യസൗന്ദര്യം അത്യന്തമുള്ളൊരു ഗ്രാമമാണിത്. വീടിൻ്റെ കോലായിൽ ഇരുന്നാൽ നിളയുടെ പൂർണ ദൃശ്യം കാണണമെന്നു പറഞ്ഞാണ് അഞ്ഞൂറു മീറ്റർ മാത്രം അകലത്തുള്ള കുടുംബ വീടിൽ നിന്ന് നദിയുടെ തൊട്ടടുത്തു നിർമിച്ച ഒരു ഒരു കൊച്ചു വീട്ടിലേയ്ക്ക് എഴുത്തുകാരൻ താമസം മാറിയത്!

അരുവികളും, ചോലകളും, കൊച്ചു നീർച്ചാലുകളും ഉൾപ്പെടെ നിളാനദിയ്ക്ക് ആയിരത്തിലേറെ കൈവഴികളുണ്ട്. പ്രധാന പോഷകനദികളായി കണ്ണാടിപ്പുഴയും, കൽപ്പാത്തിപ്പുഴയും, ഗായത്രിപ്പുഴയും, തൂതപ്പുഴയും, തിരൂർപുഴയും, അവ ഓരോന്നിലും വന്നെത്തുന്ന നിരവധി നീർ വാഹിനികളുമാകുമ്പോൾ, നിളാനദീതടത്തിന് കേരളത്തിലെ ഏറ്റവും വ്യാപ്തിയുള്ള ജലസംഭരണി (6,200 ചതുരശ്ര കിലോമീറ്റർ) എന്ന വിശിഷ്ട സ്ഥാനം ലഭിയ്ക്കുന്നു. പോഷകനദി കുന്തിയുടെ തീരങ്ങളിലാണ് കേരളത്തിലെ ഏക കന്യാവനമായ സൈലൻ്റ് വാലി. സകല സവിശേഷതകളുമുള്ള ഈ ദേശീയോദ്യാനത്തിൽ ആയിരമിനം പുഷ്പിക്കുന്ന സസ്യങ്ങളും, അഞ്ഞൂറിനം ചിത്രശലഭങ്ങളും, ഇരുനൂറിനം പക്ഷികളുമുണ്ട്. മലയാള മണ്ണിൽ പരമ്പരാഗതമായി രൂപംകൊണ്ട വിവിധ ശാസ്ത്രീയ നൃത്ത കലകൾ പഠിയ്ക്കാനും അവയിൽ ഗവേഷണം നടത്താനും വിദേശികളടക്കമുള്ളവർ എത്തുന്ന കേരള കലാമണ്ഡലം പ്രവർത്തിക്കുന്നതും ഭാരതപ്പുഴയുടെ തീരത്തു തന്നെ. നിളയുടെ ഒടുവിലത്തെ പോഷകനദിയായ തിരൂർപുഴ, മലയാളിയുടെ ഗുരുകുലമായ തുഞ്ചൻപറമ്പ് പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് തൻ്റെ മാതാവിൽ ലയിക്കുന്നത്.

ജലസേചനാർത്ഥം നിളയിലും ഉപനദികളിലുമായി മലമ്പുഴ ഡാം, വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം എന്നീ ആറ് അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. ഈ പദ്ധതികൾ മൊത്തം 800 ച.കി.മീ ഭൂപ്രദേശത്ത് നിലവിൽ ജലമെത്തിക്കുന്നു. സാഹിത്യ-സാംസ്കാരിക മേഖലകളിൽ മാത്രമല്ല, കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിലും അതിനാൽ ഭാരതപ്പുഴയുടെ സ്ഥാനം നിസ്തുലമാണ്. ചിറ്റൂരിലും, കാഞ്ഞിരപ്പുഴയും പുതിയ ഡാമുകൾ പണിതു വരുന്നു.

മനോഹരമായ നിളാതീരങ്ങൾ സിനിമാ നിർമാതാക്കളെ കുറച്ചൊന്നുമല്ല ആകർഷിച്ചുകൊണ്ടിരിയ്ക്കുന്നത്. ബോക്സ്ഓഫീസ് ചരിത്രങ്ങൾ തിരുത്തി എഴുതിയ 'ആറാംതമ്പുരാൻ', 'നരസിംഹം', 'ഒടിയൻ' മുതലായ അനേകം സിനിമകൾ ചിത്രീകരിച്ചിട്ടുള്ളത് ഭാരതപ്പുഴയുടെ പശ്ചാത്തലത്തിലാണ്.
തിരക്കഥകളെഴുതാനും, അവ അഭ്രപാളികളിലേയ്ക്കു പകർത്താനും തനിയ്ക്ക് നിളാതീരം തന്നെ വേണമെന്നു പറഞ്ഞ പ്രശസ്ത സംവിധായകൻ ലോഹിതദാസ് നിളാതീരത്തുള്ള ലക്കിടിയിൽ തന്നെ ഒരു വീടു വാങ്ങി താമസം തുടങ്ങി. 'വാത്സല്യ'വും, 'ഭൂതക്കണ്ണാടി'യും മുതൽ അദ്ദേഹത്തിൻ്റെ ഒടുവിലത്തെ പടമായ 'നിവേദ്യം' വരെയുള്ള നാൽപതോളം ചലച്ചിത്രകാവ്യങ്ങളുടെ തിരക്കഥകൾ പിറവികൊണ്ടത് ഈ ഭവനത്തിലാണ്. സമീപത്തുള്ള വരിക്കാശ്ശേരി മനയും കുന്നത്ത് വീടും അദ്ദേഹത്തിൻ്റെ ഇഷ്ട ലൊക്കേഷനായത് സ്വാഭാവികം മാത്രം.
ലോകപ്രശസ്ത ചലച്ചിത്രകാര൯ ജി.അരവിന്ദൻ 1978-ൽ സംവിധാനം ചെയ്ത 'തമ്പ്' നിളയുടെ തീരത്ത് ചിത്രീകരിക്കപ്പെട്ട ഒരു 'ലൊക്കേഷൻ ഫിലീം'. മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ ഈ സിനിമയുടെ സൗന്ദര്യ സന്നിവേശം പൂർണമായും നിളയിൽ നിന്നു പകർത്തിയതാണ്. മാമാങ്കം യഥാർത്ഥത്തിൽ അരങ്ങേറിയ നിളാതീരത്തേക്കാൾ യോജ്യമായ മറ്റൊരിടമുണ്ടാകുമായിരുന്നോ എം.പത്മകുമാർ സംവിധാനം ചെയ്തു, മമ്മുട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'മാമാങ്ക'ത്തിന്! ബോക്സ്ഓഫീസിൽ നൂറു കോടി രൂപ സമാഹരിച്ച പടത്തിൻ്റെ നിറലാവണ്യമാണ് നിള.

2021-ൽ പ്രദർശനത്തിനെത്തിയ, മണിലാലിൻ്റെ കന്നി സംരംഭത്തിന് പേരു തന്നെ 'ഭാരതപ്പുഴ' എന്നാണ്. സംസ്ഥാന പുരസ്കാരങ്ങളിൽ തരംഗങ്ങൾ തീർത്തപ്പോൾ, 'ഭാരതപ്പുഴ' സംസ്ഥാനത്തുള്ളവരെല്ലാം ചർച്ച ചെയ്തു. നിളയിൽ ഒരിയ്ക്കൽ പോലും ഇറങ്ങി കുളിച്ചിട്ടില്ലാത്ത ഒ.എൻ.വി കുറുപ്പ്, മുപ്പത്തിയേഴു വർഷം മുന്നെ, 'നഖക്ഷതങ്ങൾ' എന്ന പടത്തിനു വേണ്ടി 'നീരാടുവാൻ നിളയിൽ നീരാടുവാൻ...' എന്നു തുടങ്ങുന്ന ഗാനം രചിച്ചപ്പോൾ, അത് അന്ന് ചില കലാസ്നേഹികളെപ്പോലും ആശ്ചര്യപ്പെടുത്തി. എന്നാൽ, ഇന്ന് എല്ലാവരും അറിയുന്നു, നിള ഒരു നദി മാത്രമല്ല, ഒരു സംസ്കൃതിയുമാണെന്ന്!
