Image

ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് : കലയുടെ ലോകോത്തര  കെട്ടുകാഴ്ച : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 29 April, 2023
ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് : കലയുടെ ലോകോത്തര  കെട്ടുകാഴ്ച : (കുര്യന്‍ പാമ്പാടി)

'നിങ്ങള്‍ എവിടുന്നു വരുന്നു, ഏതു നാട്ടില്‍ നിന്ന്?' നാല്‍പ്പതു ഡിഗ്രി മീനച്ചൂടിന്റെ കീഴില്‍ ഒരു കുടപോലുമില്ലാതെ  നടന്നു നീങ്ങുന്ന മറുനാടന്‍ ദമ്പതിമാരോട് ഞാന്‍ ചോദിച്ചു. അവരല്ല അവരെ പിന്തുടരുന്ന മൂന്നുവയസുകാരിയെ നോക്കിക്കൊണ്ടായിരുന്നു  ചോദ്യം.

ഓസ്‌കാര്‍ നേടിയ 'എലിഫന്റ് വിസ്പറേഴ്സി'ലെ കുട്ടിയാനയെപ്പോലെ കൗതുകം ജനിപ്പിച്ചു ആ മിടുക്കി. ഈ ചൂടൊന്നും അവള്‍ക്കു പ്രശ്നമേയല്ല.  'ഇംഗ്‌ളണ്ടിലെ ലിങ്കണ്‍ഷെയറിലാണ് ഞങ്ങളുടെ വീട്. മനോഹരമായ കൊച്ചു പട്ടണം. നിങ്ങളോ?' വെളുത്ത നിറവും കറുത്ത മുടിയുമുള്ള ആ മധ്യവയസ്‌ക ചോദിച്ചു. ഇംഗ്ലീഷ് കാരനെ  കെട്ടിയ ഇന്‍ഡ്യാക്കാരിയാണോ അവര്‍?

(ലിങ്കൺഷയറിൽ നിന്ന് ഒരു കുരുന്നു ആസ്വാദക)

കോട്ടയം എന്നു പറഞ്ഞപ്പോഴേ അവര്‍ തിരിച്ചറിഞ്ഞു. 'അറിയാം. കൊച്ചിയില്‍ നിന്ന് കാറില്‍ കോട്ടയം വഴിയാണു  ഞങ്ങള്‍ വന്നത്,' കോവളത്തടുത്ത്  വെള്ളാര്‍ ഗ്രാമത്തിലെ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്‌റ്‌സ് വില്ലേജിന്റെ വിസ്മയ കാഴ്ചകള്‍ കണ്ടു മതി മറന്ന അവര്‍  പുതുതായി വച്ചുപിടിപ്പിച്ച പനമരങ്ങളുടെ ശീതള  ഛായയിലൂടെ  നടന്നു നീങ്ങി.

(കലാഗ്രമത്തിലെ ചിത്രകാരി ഷൈനി)

അങ്കമാലിയില്‍ നിന്ന് തെക്കോട്ടുള്ള സ്‌റേറ് ഹൈവേ നമ്പര്‍ ഒന്ന് നാഷണല്‍  ഹൈവേ നമ്പര്‍ 66മായി സംഗമിക്കുന്ന  കഴക്കൂട്ടം കഴിഞ്ഞാല്‍ പത്തുമിനിട്ടിനുള്ളില്‍ കാണാം 'ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്‌റ്‌സ് വില്ലേജ്  കോവളം'  എന്ന ബോര്‍ഡ്. അവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ കഥകളി രൂപം കൊണ്ടലങ്കരിച്ച സ്വാഗതകമാനം.

(അച്ഛൻ കേന്ദ്ര പുരസ്‌ക്കാര ജേതാവ് കെ ആർ മോഹനൻ)

സത്യത്തില്‍ ഈ കലാഗ്രാമത്തിനു കോവളവുമായി ബന്ധമില്ല. ലോകം അറിയുന്ന കോവളത്തിനു അടുത്താണെന്നു മാത്രം. അതുകൊണ്ടു അങ്ങിനെ കേളികൊട്ട് നടത്തുന്നു. കമാനം തിരുവനന്തപുരം കോര്‍പറേഷന്റെ  വാഴമുട്ടം വാര്‍ഡിലാണ്. കലാഗ്രാമം തൊട്ടു ചേര്‍ന്ന വെള്ളാര്‍ പഞ്ചായത്തിലും. നഗരത്തിന്റെയോ ഹൈവേയുടെയോ ശബ്ദകോലാഹലങ്ങള്‍  അറിയാത്ത ശുദ്ധ ഗ്രാമം. 

(ടെറാകോട്ട ശിൽപ്പങ്ങൾ-ഷിനുപ്രസാദും ശിവപ്രകാശും)

എന്തുവേണ്ടി, എട്ടരയേക്കര്‍ മലഞ്ചെരിവ് മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചു മനോഹരമായി ടാര്‍ ചെയ്ത റോഡുകളുടെ ഓരത്ത് കേരളീയ  ശൈലിയില്‍ ഓടുമേഞ്ഞ കെട്ടിടങ്ങളുടെ ഒരു സമുച്ചയം നിര്‍മ്മിച്ച്  ഒരുനിര സ്റ്റുഡിയോകള്‍ സ്ഥാപിച്ചു. പകുതിയും കലാകാരന്‍മാരും കരകൗശലക്കാരും സ്വന്തമായി നടുത്തുന്ന ഇടങ്ങള്‍. ഏതു നാട്ടുകാരനെയും പിടിച്ച് നിര്‍ത്തുന്ന ദൃശ്യാനുഭവം.

(വാദ്യമേള സ്റ്റുഡിയോയിൽ സിമോദ്, അൽഫത്)

വാദ്യോപകരണ സ്‌റുഡിയോ, കൈത്തറി എംപോറിയം,  ആര്‍ട് ഗാലറി, ക്രാഫ്റ്റ് കഫെ, നേച്ചര്‍ ട്രെയില്‍ സ്പൈസ് ഗാര്‍ഡന്‍, കണ്‍സേര്‍ട് ഹാള്‍, ബുഫേ പവലിയന്‍, ജലപാതം, എവല്യൂഷന്‍ ഗാര്‍ഡന്‍, സണ്‍സെറ്റ്  പവലിയന്‍, ബട്ടര്‍ഫ്‌ളൈ  ഗാര്‍ഡന്‍, കളരി അക്കാദമി, ഡിസൈന്‍ ലാബ്, കിഡ്‌സ് പ്ലേ സോണ്‍, ആംഫിതീയറ്റര്‍ റെസ്റ്റോറന്റ് കാര്‍പാര്‍ക്  എന്നിങ്ങനെ കണ്ടാല്‍ തീരാത്ത കെട്ടു കാഴ്ച. ചെണ്ടയും മദ്ദളവും ആറന്മുള കണ്ണാടിയും നിര്‍മ്മിക്കുന്നത് കാണാം. വാങ്ങാനും കിട്ടും. നല്ല വിലകൊടുക്കണം. ഭിത്തി അലങ്കരിക്കാവുന്ന  മദ്ദള ദ്വന്ദങ്ങള്‍ക്കു 3000.

(അകത്തളങ്ങളിൽ ഒരിടം)

കരകൗശല ശില്‍പ്പശാലയില്‍ അച്ഛന്‍ കെആര്‍ മോഹനന്‍ രാഷ്രപതിയില്‍ നിന്ന് ബഹുമതി വാങ്ങുന്ന ചിത്രത്തിന് കീഴിലിരുന്നു  പെയിന്റ് ചയ്യുന്ന മകള്‍ ഷൈനിയെ കണ്ടു. നഗരത്തില്‍ സ്വന്തമായി സ്റ്റുഡിയോ നടത്തി കുട്ടികളെ പഠിപ്പിച്ച് പുരസ്‌ക്കാരങ്ങള്‍ വാങ്ങിക്കൊടുക്കുന്ന  ദൗത്യവുമുണ്ട് ഷൈനിക്ക്.

(വിതുരയിലെ  ആർട്  ടീച്ചർ ഡോ. എആർ വിനോദ്)

പോലീസ് അസോസിയേഷന്റെ  വാര്‍ഷിക മേള ഒരുവശത്ത് നടക്കുന്നതില്‍നാല്‍ യൂണിഫോറത്തിലും അല്ലാതെയും നിയമപാലകരുടെ പരക്കംപാച്ചിലിനിടയില്ലായിരുന്നു സഞ്ചാരം. ഇടയ്ക്കു നഗരത്തിലെ അന്ധബധിര വിദ്യാലയത്തിലെ യൂണിഫോറം ധരിച്ച കുട്ടികളുമായി വന്ന ടീച്ചര്‍മാര്‍. അവരില്‍ ചിലര്‍ കന്യാസ്ത്രീകള്‍.

(ഗ്രാമപാതയിലെ ഒരു കാഴ്ച്ച)

രണ്ടുനിലകളിലേക്കുയരുന്ന ഒരു ചിത്രമാണ് ആര്‍ട് എംപോറിയത്തില്‍ നിങ്ങളെ സ്വാഗതം ചെയ്യുക. കേരളത്തിലെ ഒരു പഴയകാല വിപണി കാണിക്കുന്ന വിശാലമായ ചുവര്‍ചിത്രം , അതിന്റെ സൂക്ഷ്മ ഭാവങ്ങള്‍ ആരെയും അത്ഭുതപെടുത്തും. മുകളിലെ നിലയില്‍  മഹാന്‍മാരായ ചിത്രകാരന്‍മാരുടെ    പെയിന്റിങ്ങുകളുടെ  പുനരാവിഷ്‌ക്കാരവുമുണ്ട്.

(ആകാശ ദ്ര്യശ്യം;  സിഒഒ ശ്രീപ്രസാദ്‌)  

ഗാലറിയില്‍ ചിത്രങ്ങള്‍ സസൂക്ഷമം കണ്ടു നടക്കുന്ന ഒരാളെ കണ്ടുമുട്ടി. പൊന്മുടി റൂട്ടില്‍ വിതുര നവോദയവിദ്യാലയത്തിലെ കലാദ്ധ്യാപകന്‍ ഡോ. എആര്‍ വിനോദ്. തിരുവനന്തപുരം ഫൈന്‍  ആര്‍ട്‌സ് കോളജിലും ഹൈദരാബിബാദിലെ സെന്‍ട്രല്‍ യുണിവേഴ്‌സിറ്റിയിലും പഠിച്ച ആള്‍. വിശ്രുത ചിത്രകാരന്‍ അക്ബര്‍ പദംസി ഉള്‍പ്പെടെയുള്ളവര്‍ പരിചയവലയത്തില്‍ ഉണ്ട്. 'ഗംഭീരം,' കലാഗ്രാമത്തെ   വിനോദ് വിശേഷിപ്പിക്കുന്നു. 

റോഡും പാലവും  മന്ദിരങ്ങളും നിര്‍മ്മിച്ച് പേരെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് തുഷാരഗിരിയിലെ ആര്‍ച്ചു  പാലം നിര്‍മ്മിക്കുന്ന  ഘട്ടത്തി അവരുടെ കരവിരുത് നോക്കി നിന്നയാളാണ് ഞാന്‍. കലയും അവര്‍ക്ക് വഴങ്ങുമെന്ന് വില്ലേജിന്റെ  ഉജ്വലമായ രൂപകല്‍പ്പനയും സമൂര്‍ത്തനവും, തെളിയിക്കുന്നു. ബലേ ഭേഷ്!

നീണ്ട നാളുകളുടെ സംഗീത സാഹിത്യ ചിത്രകലാ കാമ്പുകള്‍ക്കു കൂടി രംഗവേദിയാണ് കലാഗ്രാമം. പുറത്തു നിന്ന് വരുന്നവര്‍ക്ക് അവിടെ ഹൃസ്വകാലം താമസിക്കാനുള്ള സൗകര്യം കൂടി ഉണ്ടായിരുന്നെകില്‍ എന്നാശിച്ചു പോകുന്നു. വില്ലേജിന്റെ വികസനഘട്ടത്തില്‍ അതുകൂടി കണക്കിലെടുക്കണമെന്നു അഭ്യര്‍ത്ഥിച്ചു.   

രാവിലെ പത്തു മണിക്കേ ടിക്കറ്റു കൗണ്ടര്‍ തുറക്കൂ. വെളുപ്പിന് അഞ്ചുമണിക്ക് കോട്ടയത്തുനിന്ന് പുറപ്പെട്ടു വഴിക്കു ജലപാനം കഴിക്കാതെ  എട്ടുമണിക്ക്  ഗേറ്റിനു മുമ്പില്‍ എത്തുന്ന ദൂരദേശക്കാര്‍ എന്ത് ചെയ്യും? അവര്‍ വിളിച്ചറിയിച്ചാല്‍  പ്രവേശനം നല്‍കുമെന്ന്  ചീഫ്  ഓപറേറ്റിങ് ഓഫീസര്‍ ശ്രീപ്രസാദും മാര്‍ക്കറ്റിങ് എക്‌സിക്യു്ട്ടിവ്  എംപി അക്ഷയും  പറയുന്നു. പക്ഷെ വില്ലേജിലെ റെസ്റ്റോറന്റ് തുറന്നു വരുമ്പോള്‍ മണി പതിനൊന്നാകും.

കണ്ടെത്തിയാല്‍ ഭാഗ്യം. വഴിയോരത്തെ സ്വാഗത കമാനം കടന്നാല്‍ കാണാം വാഴമുട്ടം വാര്‍ഡിന്റെ ഇടത്തെ ഓരത്ത് പദ്മാധരനും  ഭാര്യ ചെല്ലമ്മയും നടത്തുന്ന ചെറിയൊരു നാടന്‍ ചായക്കട. ഗുണം മെച്ചം വിലതുഛം, മൂന്ന് പേര്‍ക്ക് ദോശയും പുട്ടും പപ്പടവും ഓംലെറ്റും ചായയും മൊത്തം 162 രൂപ. കടയുടെ മുന്‍ ഭാഗം പുതുക്കി ബോര്‍ഡ് വച്ച് പരിഷ്‌കരിക്കരുതോ? ഞാന്‍ ചോദിച്ചു. അയ്യയ്യോ കോര്‍പറേഷന്‍കാര്‍ കേള്‍ക്കരുത്. സ്വന്തം വീടിന്റെ ചാര്‍ത്താണെങ്കിലും പൊളിക്കാന്‍ പറയും! ഉച്ചയൂണ് കൊടുത്തിരുന്നതാണ്. അത് വേണ്ടെന്നു വച്ചു.

കുര്യന്‍ പാമ്പാടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക