Image

ഇന്ദീവരച്ചുറ്റ്‌  (കഥ-മനോഹർ തോമസ്) 

Published on 29 April, 2023
ഇന്ദീവരച്ചുറ്റ്‌  (കഥ-മനോഹർ തോമസ്) 

പുതുതായി തുടങ്ങിയ കടയുടെ അടുത്തായി മാസവാടകക്ക് ഒരു മുറിനോക്കി നടക്കുകയായിരുന്നു . തിരക്കുള്ള മാർക്കറ്റിൻറെ ഏതാണ്ട് മദ്ധ്യഭാഗത്തായി , ഒരു നാലുനില കെട്ടിടം ,അതിൻ്റെ സൈഡിലൂടെ പോകുന്ന ഇടവഴി ചെന്ന് അവസാനിക്കുന്നത്  ഈ  ലോഡ്ജിലാണ് . കയറി ചെന്നപ്പോൾ മുറിയുടെ വലിപ്പം കൊണ്ടും , ബാത്റൂം ഉള്ളിലായതു കൊണ്ടും ,പുറത്തു ചെറിയൊരു ബാൽക്കണി ഉള്ളതുകൊണ്ടും,  രണ്ടാമത്തെ നിലയിൽ അഡ്വാൻസ് കൊടുത്തു് ഒരു മുറി തരമാക്കി . ലോഡ്ജിൻറെ പുറകിലായി ,ചെറിയൊരു മുറ്റം ,അവിടെ  നിൽക്കുന്ന പ്രിയോർ മാവ് ബാൽക്കണിയിലേക്കു പന്തലിച്ചു നിൽക്കുന്നു . ലോഡ്ജിനു താഴെ , ഹോട്ടൽ അല്ലെങ്കിലും , ഒരു മെസ് നടത്തുന്നുണ്ട് ,അതുകൊണ്ടു ഭക്ഷണം വിളിച്ചുപറഞ്ഞാൽ ഉടനെ കിട്ടും .

                                   ബെഡും , തലയിണയും , സോഫകംബെഡും അവർ തരും . ബാക്കിയുള്ളത് നമ്മൾ സഘടിപ്പിച്ചാൽ മതി . വൈകുന്നേരത്തിനു മുമ്പ് ,രണ്ടു ജനാലക്കും കർട്ടൻ ശരിയാക്കി ,ഷീറ്റൊക്കെ വിരിച്ചു ജീവിതം തുടങ്ങി.
ഒരേഴുമണി ആയിക്കാണും ആരോ വാതിലിൽ മുട്ടി . എണ്ണകൊഴുപ്പുള്ള നീളൻ മുടി , പുറകോട്ട് ചീവി ,കഴുത്തിൽ വെന്തിങ്ങയിട്ട് , വിധേയ മുഖഭാവവുമായി
ഒരു ഇരുപത്തേഴുകാരൻ .
  “ ഞാൻ അന്തോണി . ലോഡ്ജ്‌ബോയ് ആണ് . സാറിന് എന്തുവേണമെങ്കിലും
എന്നോട് പറഞ്ഞാൽ മതി ,ഈ സൈഡ് മുറിയിലാണ് താമസിക്കുന്നത് . “
   “ അന്തോണി എനിക്ക് നിന്നെ എപ്പോഴും ആവശ്യം വരും .എനിക്ക് വീടും  കുടിയും ഇല്ല , ബന്ധപ്പെട്ടവരാരും ഇല്ല .അതുകൊണ്ട്  എപ്പോഴും ഇവിടെ കാണും .”
      “ സാറ് പേടിക്കണ്ട .ഞാൻ കട്ടക്ക് നിന്നോളാം .”
 കടയിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു .അതുകൊണ്ടു ഉച്ചക്ക് മെസ്സിൽനിന്ന് ഭക്ഷണം കഴിച്ചു ഒന്ന് മയങ്ങിയിട്ട് പോകാനുള്ള ഒതുക്കം കിട്ടി .

        അന്തോണിക്ക് പല ജോലികളാണ് ഉണ്ടായിരുന്നത് . പല കടകൾക്കും വേണ്ടി ,സപ്ലെ പോകുന്ന സാധനങ്ങളുടെ കളക്ഷൻ എടുക്കാൻ പട്ടണങ്ങൾ തോറും പോകുന്ന ഒരു പണിയുണ്ട് . എൻ്റെ കടക്കുവേണ്ടിയും അന്തോണിയെ ഉപയോഗിക്കാൻ തുടങ്ങി . വൈകുന്നേരമാകുമ്പോൾ ലോഡ്ജ്‌ബോയ് .
     എൻ്റെ ജീവിത ശൈലികൾ കുറച്ചു സങ്കീർണമായതുകൊണ്ട് അന്തോണിയെ ചേർത്തു നിർത്തി . അതിരാവിലെ ഓട്ടം കഴിഞ്ഞു വരുമ്പോൾ  ഒരുഗ്ലാസ്സ് ഫ്രൂട്ട് ജ്യൂസ് അവനെത്തിക്കും . വൈകുന്നേരം കട അടച്ചുവന്നാൽ ചെറിയൊരു മദ്യപാനം അതിനും അവൻ്റെ സഹായം വേണം . അന്തോണിയെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോഴാണ്  സഹതാപം സ്നേഹത്തിലേക്ക്  വഴിമാറിയത് .

           നാല് അനിയത്തിമാരും അമ്മയുമുള്ള വീടിൻ്റെ ഏക ആശ്രയം . അപ്പൻ കപ്യാരായിരുന്നു . പെരുന്നാൾ വെടിക്കെട്ടിന്റെ ദുരന്തം ,അയാളെ കരിച്ചു യാത്രയാക്കി .എപ്പോൾ വരുമ്പോഴും നിലത്തിരുന്നു കഥകൾ പറയും ,അൽപ്പം അകത്തു ചെന്നാൽ നിലവിളിയും ,കഥയും ഇഴപിരിയും .
ഒരിക്കൽ ചില കഴമ്പില്ലാത്ത മുഖഭാവങ്ങളുടെ ആകത്തുകയെന്നോണം ചോദിക്കേണ്ടി വന്നു . “ അന്തോണി നിൻറെ മനസ്സിൽകിടന്നു എന്തോ കളിക്കുന്നുണ്ടല്ലോ .”
 “ സാറ് ആരോടും പറയില്ലെങ്കിൽ പറയാം . മാത്രമല്ല സാറ് ഇക്കാര്യത്തിൽ എൻ്റെ കൂടെ നിൽക്കണം . “
“  ഒരുറപ്പും മുൻകൂർ പ്രതീക്ഷിക്കണ്ട കാര്യം കേൾക്കാതെ .”
“ സാറിനറിയാമല്ലോ ,ഞാൻ തുടർച്ചയായി തലസ്ഥാനത്തു കളക്ഷൻ എടുക്കാനായി ഒരു കമ്പനിയിൽ പോകുന്ന കാര്യം .അവിടുത്തെ മാനേജർ ഒരു പെണ്ണാണ് ,ഏതോ തമ്പുരാക്കന്മാരുടെ കുടുംബത്തിലെ കുട്ടിയാണ് . ഒരു വല്യമ്മയും കുട്ടിയും മാത്രമാണ് അവരുടെ വീട്ടിൽ താമസം .ഞങ്ങൾ അടുപ്പത്തിലായതിനുശേഷം ഞാനവിടെയാണ് താമസിക്കാറ് . “

“ ഇതുവരെ പറഞ്ഞ പ്രകാരം ഒരു പ്രശ്നവും കാണുന്നില്ല . ബാക്കികൂടി വിളമ്പിയാലെ എന്തെങ്കിലും തീരുമാനം പറയാൻ കഴിയൂ .”
“ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് .ഒരു ദിവസം ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .ഞാനിതുവരെ വീട്ടിൽ പറഞ്ഞിട്ടില്ല .”

“ ഞാനെന്താണ് ചെയ്യേണ്ടതെന്ന് നീയിതുവരെ പറഞ്ഞില്ല .കേട്ടിടത്തോളം തിരുസഭ ഇടപെടും . വീട്ടുകാര്യങ്ങൾ അകെ കുഴങ്ങും . “
“ അവൾ വരുമ്പോൾ സാറിവിടെ കാണണം .ചിലകാര്യങ്ങൾ ആലോചിച്ചു തിരുമാനിക്കേണ്ടതുണ്ട് ,”
“ അന്തോണി ഞാനെവിടെ പോകാനാണ് . എനിക്ക് പോകാൻ ഒരിടവും ഇല്ലന്ന് നിനക്കറിയാമല്ലോ . “
“ ജാതിക്കാര്യം ഒരു വലിയ പ്രശ്നമാണ് . വീട്ടിൽ അറിയുമ്പോഴുള്ള പുകില് വേറെ”  
“ പള്ളിയുടെ പശ്ചാത്തലത്തിലാണ് നീ വളർന്നതുതന്നെ . കടമ്പകൾ ഒരുപാട് കടക്കാനുണ്ട് . അവളുടെ വീട്ടുകാരും ഇടപെടും .നിനക്ക് തനിയെ കാണാമറയത്തെ ഈ അഗ്നിപരീക്ഷകളിലൂടെ കടക്കാൻ കഴിയുമോ ? “
“ അതിനല്ലേ സാറിനോട് എൻ്റെ കൂടെ നിൽക്കണം എന്ന് പറഞ്ഞത് .”


                 മാവിൻചില്ലയിൽ ചേക്കേറിയ പ്രാവുകളുടെ കുറുകൽ കേൾക്കാം .
നാലു നാരായണക്കിളികളാണ് പുതുതായി  കുടുകുട്ടിയിരിക്കുന്നത് . അവരുടെ പരിഭവം പറച്ചിൽ കേൾക്കാൻ രസമാണ് . രാത്രിമുഴുവൻ ഉറങ്ങാതെ വാതോരാതെ
പരിഭവം പറഞ്ഞുകൊണ്ടേ ഇരിക്കും .പണ്ട് മഹര്ഷിമാർക്കു പക്ഷി മൃഗാതികളുടെ ഭാഷ വശമായിരുന്നു എന്ന് കേട്ടിട്ടുണ്ട് .

   രാവിലെ ബാൽക്കണിയിൽ ഇരുന്നു ചായകുടിച്ചുകൊണ്ട് കിളികളുടെ കിന്നാരം കേട്ടിരിക്കുമ്പോൾ ,മുഖത്ത് ഒളിപ്പിച്ച ചിരിയുമായി അന്തോണി വന്നു.
“ ഇന്ന് വൈകുന്നേരം അവൾ വരും .സാറിനെ പരിചയപ്പെടണം എന്നാണ് പറഞ്ഞിരിക്കുന്നത് . “
  “ ഞാനിവിടെ ഉണ്ടാകും “
വൈകിട്ട് ഒരു ഏഴുമണി ആയിക്കാണും .നേർത്ത പടിഞ്ഞാറൻ കാറ്റ് ബാൽക്കണിയിൽ താളം പിടിക്കുമ്പോൾ  അവളും ,അന്തോണിയും കയറിവന്നു.
റമ്മിൽ കോക്ക് ചേർത്ത് , ചെറുനാരങ്ങയുടെ തുണ്ട് ചാലിച്ചു, മെല്ലെ ആസ്വദിച്ചിരിക്കുമ്പോഴാണ് അവരുടെ വരവ് . അവർ വരാനും പ്രാവുകൾ ചിറകിട്ടടിച്ചു വേഗം പറന്നു പോയി . നാരായണ കിളികൾ പരിചിതമല്ലാത്ത ശബ്ദത്തിൽ ഉറക്കെ ചിലച്ചുകൊണ്ടിരുന്നു .

 “ എന്താ പേര് ? “
  “  ഇന്ദുമതി  “
ഒരാളെ ആദ്യമായി കാണുമ്പോൾ ,ചില പ്രകൃതങ്ങൾ ,ഭാവങ്ങൾ മുഖത്തെ
അവയവങ്ങൾ ,അറിയാതെ നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കും .
ഇന്ദുമതിയുടെ കണ്ണുകൾ വജ്രസൂചികൊണ്ട് പോറുന്നപോലെ എന്നെ ഉഴിഞ്ഞു
കൊണ്ടിരുന്നു  . സത്യം പറഞ്ഞാൽ അവരുടെ കണ്ണുകൾ അത്രക്ക് തീഷ്ണമായിരുന്നു .

“ ഇന്ദുമതി എന്താ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ? “
“ അന്തോണിയുടെ മെന്റോർ അല്ലെ ? അതുകൊണ്ട് നോക്കിയതാണ് .”

         സൽക്കരിച്ച ഓരോ പെഗ് റം കഴിച്ചു് , അവർ മുറിയിലേക്ക് പോയി .രാത്രി രണ്ടു മണി ആയിക്കാണും ,വാതിലിൽ വലിയ മുട്ട് കേട്ടു . തുറക്കുമ്പോൾ അന്തോണി കഴുത്തിൽ ചോര ഒലിപ്പിച്ചു നിൽക്കുന്നു . മുഖം എന്തോ കണ്ടു പേടിച്ച ഭാവം . കഴുത്തിൽ എന്തു പറ്റി എന്ന് ചോദിക്കുന്നതിന് മുമ്പ് അവൻ വിറച്ചുകൊണ്ട് പറഞ്ഞു , “ സാറ് മുറി വരെ ഒന്ന് വേഗം വരണം “.

ഓടി മുറിയിലെത്തിയപ്പോൾ കണ്ട രംഗം . ഇന്ദുമതി നൂലുബന്ധം ഇല്ലാതെ കട്ടിലിൽ കയറി നിൽക്കുന്നു . ഉടുപ്പെല്ലാം ഊരി താഴേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു . തീനാളം പോലെ കണ്ണുകൾ  കത്തി ജ്വലിക്കുന്നു .
തലമുടിയും ഗുഹ്യ രോമങ്ങളും  വെഞ്ചാമരം കണക്കെ എഴുന്നു പൊങ്ങി
കാണപ്പെട്ടു . സമൃദ്ധമായ മുലയുടെ കണ്ണുകൾ മാത്രം ,തിളങ്ങി കൂർത്തു പൊങ്ങി നിൽക്കുന്നു .മുലക്കണ്ണുകളക്ക് തിളങ്ങുന്ന നീലനിറം .

    “   ഇന്ദുമതി നീ താഴെയിറങ്ങു ,തുണിയെടുത്തു ഉടുക്ക് ,മറ്റുകെട്ടിടങ്ങളിൽ ആളുകളുണ്ട് . “ ഇത്രയും പറഞ്ഞു ഞാനവളുടെ കൈയിൽ പിടിച്ചു താഴോട്ട് വലിക്കാനും ,കാലുപൊക്കി അവളെൻറെ നെഞ്ചത്ത് ഒറ്റ ചവിട്ട് . മുറിയുടെ അങ്ങേകോണിലേക്ക് തെറിച്ചു പോയി മതിലിൽ ഇടിച്ചു വീണു .ശ്വാസം കിട്ടാതെ നെഞ്ചു പൊട്ടിപ്പോകുമെന്ന് തോന്നി .
  “ എൻ്റെ ദേഹത്ത് തൊട്ടുപോകരുത് . ഞാൻ ആരാണെന്നു നിനക്കറിയില്ല .”
അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി ,എൻ്റെ മുമ്പിൽ വന്ന്  ചവിട്ടാൻ കാല് ഉയർത്തി .
   “ കൊല്ലല്ലേ ഇന്ദുമതി .ഞാൻ ആരുമില്ലാത്ത ഒരു പാവമാണ് .”
എൻ്റെ യാചനയും കരച്ചിലും ,അവളെ അടക്കിയെന്ന് തോന്നുന്നു .
“ നീയൊരു പാവമാണെന്ന് എനിക്കറിയാം .അതുകൊണ്ട് വെറുതെ വിടുന്നു .
എൻ്റെ ദേഹത്ത് തൊട്ട ഒരാളും ജീവനോടെ ഇരുന്നിട്ടില്ല . “
ഞാനിഴഞ്ഞു മുറിക്ക് പുറത്തുകടന്നു .അന്തോണി പൊക്കിയെടുത്തു എന്നെ മുറിയിൽ കൊണ്ടുപോയി കിടത്തി .നെഞ്ചിനകത്തു വേദനയും ,കട്ടുകഴപ്പും .
അന്തോണി എന്തോ പുരട്ടി തിരുമ്മി . അറിയാതെ ഉറങ്ങിപ്പോയി .
     നേരം വെളുത്തുവരുന്നതേ ഉള്ളു . നെഞ്ചിൽ അകെ ഒരു കെട്ടൽ .ശ്വാസം വലിക്കുമ്പോൾ വേദന പടരുന്നു .കാപ്പിയുമായി ബാൽക്കണിയിൽ ഇരുന്നു .
തലേന്നു രാത്രിയിലെ രംഗങ്ങൾ മനസ്സിൽ മാറി മാറി തെളിയുന്നു. തലനാരിഴക്കാണ് ജീവൻ കിട്ടിയത് . ഒരു മനുഷ്യ ജീവിതത്തിൽ അവിചാരിതങ്ങളും ,അപകടങ്ങളും ,ചതികളും ഉണ്ടാകാം . ഇവിടെ പ്രതീക്ഷിച്ചതിൻറെ എത്രയോ കാതം അപ്പുറത്തായിപ്പോയി യാഥാർത്യം .

       തിരിഞ്ഞു നോക്കിയപ്പോൾ ,തൊഴുകൈയുമായി അന്തോണി നിന്ന് കരയുന്നു . ദേഷ്യം എൻ്റെ രോമകൂപങ്ങളിലൂടെ  പടർന്നു കയറി . പുറകിൽ കരഞ്ഞു വീർത്ത കണ്ണുകളുമായി ഇന്ദുമതി.
   “ രാവിലെ എന്നെ കൊല്ലാൻ വേണ്ടിയാണോ ഇവളെയും വിളിച്ചുകൊണ്ട്
വന്നത് ? “
   “ സാറെ ക്ഷമിക്കണം ! “ അന്തോണി കാലിൽ വീണു മാപ്പുപറഞ്ഞു
അവർ വരാനും മാവിലിരുന്ന പ്രാവുകൾ ചിറകിട്ടടിച്ചു പൊങ്ങി .കിളികളുടെ ചില ആരവം പോലെ മുഴങ്ങി . പ്രകൃതിയിൽ ഉണ്ടാകുന്ന ചലനങ്ങൾ മനുഷ്യരേക്കാൾ വേഗത്തിൽ മൃഗങ്ങൾ തിരിച്ചറിയും എന്ന് വായിച്ചത് ഓർമ്മവന്നു .
      “ ഞങ്ങളെക്കാൾ എത്രയോ വിദ്യാഭ്യാസവും ,വിവരവും ഉള്ള ആളാണ് സാറ് .
സാറ് വിചാരിച്ചാൽ ഇതിന് ഒരുപാധി പറഞ്ഞുതരാൻ കഴിയില്ലേ ? “
യാചന തിങ്ങിയ ആ വാക്കുകൾ മനസ്സിൽ എവിടെയോ ചെന്ന് തറച്ചു .

     “ കടമറ്റം സേവയുള്ള ഒരു പാതിരി ഉണ്ട് , കുറച്ചകലെയാണ് .ഒരു കത്തുതരാം
കൊണ്ടുപോയി കൊടുക്കുക .ബാക്കി കാര്യങ്ങൾ അദ്ദേഹം നോക്കിക്കോളും .”

     ദൈവമുള്ള ഒരു ഭൂമികയിലേ പിശാചുക്കൾക്കു സ്ഥാനമുള്ളൂ എന്ന് പണ്ടാരോ പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞു .

Join WhatsApp News
Raju Thomas 2023-04-29 23:01:38
എന്താ ഒരു കഥ! ഇതിനു പിന്നിലും ഒരു കഥയുണ്ടായിരിക്കാം! എന്തായാലും, ആ ... ഭ്രമാത്മകസന്ദർഭത്തിന്റെ വിവരണം എനിക്കങ്ങു ബോധിച്ചു --ഉടുതുണിയെല്ലാം പറിച്ചെറിഞ്ഞ് ബെഡ്‌ഡിൽ കയറിനിൽക്കുന്ന സുന്ദരിപ്പെണ്ണിന്റെ "തലമുടിയും -യും വെഞ്ചാമരംപോലെ എഴുന്നുപൊങ്ങി കാണപ്പെട്ടു." ഞാൻ അതൊന്നു സങ്കല്പിച്ചുനോക്കി; ഹെന്റമ്മോ! മനോഹർ തോമസ് ആഴ്ചതോറും വിക്ഷേപിക്കുന്ന ചെറുകഥകൾ ഒന്നിനൊന്നു നന്നായിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക