Image

സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഈദുൽ ഫിത്തർ (ലേഖനം: നൈന മണ്ണഞ്ചേരി)

Published on 20 April, 2023
സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഈദുൽ ഫിത്തർ (ലേഖനം: നൈന മണ്ണഞ്ചേരി)

ഒരു മാസത്തെ ത്യാഗപൂർണ്ണമായ റമസാൻ വ്രതാനുഷ്ടാനത്തിന് സമാപനം കുറിച്ചു കൊണ്ട്  ഈദിന്റെ ചന്ദ്രൻ ആകാശത്ത്  ഉദിച്ചുയരുമ്പോൾ അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ട് വിശ്വാസി സമൂഹം ‘’അല്ലാഹു അക്ബർ.’’.അഥവാ ദൈവം മഹാനാണ് എന്ന പ്രകീർത്തനം ഉരുവിട്ടു കൊണ്ട് ഈദിനെ വരവേൽക്കുന്ന സന്തോഷ സുദിനത്തിലാണ്.സ്നേഹത്തിന്റെയും സമാധാനത്തിന്റേയും സന്തോഷത്തിന്റെയും തക്ബീർ ധ്വനികൾ എങ്ങും ഉയരുകയായി.

പ്രത്യേകിച്ച് കേരളത്തിൽ ഈ അവസരത്തിൽ മുസ്ലിം സമൂഹത്തിന് ഈദ് ആശംസകൾ നേരാനും ഈദ് സംഗമങ്ങൾ സംഘടിപ്പിക്കാനും ഇതര സമൂഹങ്ങളും തയ്യാറാവുന്നു എന്നത് ആഹ്ളാദത്തോടെ കാണേണ്ട കാര്യമാണ്. ഈ സൗഹാർദ്ദം ഈദിന് മാത്രമല്ല,റമസാൻ നോമ്പിന്റെ സമയത്തും കാണുകയുണ്ടായി..മതവിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഇക്കാലത്ത് ഇത്തരം വേദികൾ പകരുന്ന ആത്മവിശ്വാസം ചെറുതല്ല. നാട്ടിലുടനീളം സംഘടിപ്പിക്കപ്പെട്ട ഇഫ്താർ  വിരുന്നുകളിൽ പങ്കെടുത്തതും മുസ്ലിം സമൂഹം മാത്രമല്ല.അതേ പോലെ പള്ളികളിൽ നോമ്പു തുറ സംഘടിപ്പിക്കുകയും വർഷങ്ങളായി അത് തുടരുകയും ചെയ്യുന്ന എത്രയോ ഇതര സമൂഹ വിശ്വാസികൾ നാടിന് മാതൃക തന്നെയാണ്.

ഹിജറ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമസാൻ മാസത്തിന് ശേഷം വരുന്ന ഈ  പെരുന്നാൾ ഈദ് ഉൽ ഫിത്തർ എന്നാണ് അറിയപ്പെടുനത്.ഫിത്തർ സക്കാത്ത് എന്ന നിർബന്ധ സക്കാത്തുമായി ബന്ധപ്പെട്ട പെരുന്നാളായതു കൊണ്ടാണ് ഈ പെരുന്നാൾ ‘’ഈദുൽ ഫിത്തർ’’ എന്ന് അറിയപ്പെടുന്നത്.നിസ്ക്കാരവും നോമ്പും കൊണ്ട് മാത്രം വിശ്വാസം പൂർണ്ണമാകുന്നില്ല.ഒരാളും പെരുന്നാൾ ദിനത്തിലും അല്ലാതെയും പട്ടിണി കിടക്കാൻ പാടില്ല.അതു കൊണ്ട് തന്നിൽ നിർബന്ധമാക്കപ്പെട്ട ഫിത്തർ സക്കാത്ത് പാവങ്ങൾക്ക് കൊടുത്തിട്ട് വേണം ഓരോ വിശ്വസിയും പള്ളികളിലേക്ക് ഈദ് നമസ്ക്കാരത്തിനായി പോകേണ്ടതെന്ന് മതം  അനുശാസിക്കുന്നു.

പുതു വസ്ത്രങ്ങൾ ധരിച്ചും ദാനധർമ്മങ്ങൾ ചെയ്തും കുടുംബാംഗങ്ങളെ സന്ദർശിച്ചുമൊക്കെ വിശ്വാസികൾ ഈദ് ആഘോഷിക്കുമ്പോൾ  ഒരാളും ഈദ് ആഘോഷിക്കാതെ മാറി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.പ്രവാചകൻ മുഹമ്മദ് നബി[സ.അ’] പഠിപ്പിച്ചിട്ടുണ്ടല്ലോ,’’അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല’’ എന്ന്.  .അയൽവാസി രാമനാകട്ടെ,റഹീമാകട്ടെ,ആന്റണിയാവട്ടെ നമ്മൾ  സമ്പൽ സമൃദ്ധിയിൽ ആഘോഷങ്ങളുടെ പുറകെ പോകുമ്പോൾ കഷ്ടപ്പാടനുഭവിക്കുന്ന അയൽവാസിയെക്കൂടി,അവൻ ഏത് വിഭാഗത്തിൽ പെട്ടവനായാലും ഓർക്കണമെന്ന മാനവികതയുടെ മതമാണ് പ്രവാചകൻ പഠിപ്പിക്കുന്നത്.

ഈ മാനവികതയുടെ സന്ദേശം പ്രവാചകന് ദൈവം പകർന്നു നൽകിയതാണ്.വിശുദ്ധ ഖുർ‍ആനിൽ പറയുന്നത്,’’നിങ്ങൾക്ക് നിങ്ങളുടെ മതം,എനിക്കെന്റെ മതം’’ എന്നാണ്.ഇത് വിശാല വീക്ഷണമുള്ള സമീപനമാണ്.

പെരുന്നാളിന്റെ സന്ദേശവും മാനവികതയിൽ ഊന്നിയ സഹജീവി സ്നേഹമാകണം.റമസാൻ മാസത്തിലെ,കൊടും വേനലിലും അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കൊണ്ട്  ത്യാഗനിർഭരമായ വ്രതത്തിലൂടെയും  രാപകലുള്ള പ്രാർത്ഥനകളിലുടെയും നാം നേടിയെടുത്ത നൻമകൾ തുടർന്നും നമ്മുടെ ജീവിതത്തിൽ നിലനിർത്തണം.

‘’അന്യജീവനുതകി സ്വ ജീവിതം ധന്യമാക്കുക’’ എന്ന അടിസ്ഥാനത്തിൽ ഊന്നിയാവണം ഈദ് ആഘോഷങ്ങൾ.ശാന്തിയുടെയും സഹിഷ്ണതതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്നേഹത്തിന്റെയും വിശ്വസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ലോക ജനതയ്ക്ക് ഈദുൽ ഫിത്വർ നൽകുന്നത്.അക്രമത്തിന്റെയും അനീതിയുടെയും കാർമേഘ പടലങ്ങൾക്കിടയിലും സന്തോഷത്തിന്റെ ആരവങ്ങളും സമാധാനത്തിന്റെ സന്ദേശവുമായി കടന്നു വരുന്ന ഈദുൽ ഫിത്തർ ദിനത്തിൽ  എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ. ...  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക