Image

നീതി (കവിത : ലിസി രഞ്ജിത് )

Published on 18 April, 2023
നീതി (കവിത : ലിസി രഞ്ജിത് )

ഇരുൾ മൂടിയ കോലായിൽ 
വെറി പൂണ്ടു നിൽക്കിലും ...

ന്യായത്തിൻ കൂട്ടിൽ

ശാരിക പൈങ്കിളി പോൽ നിസ്സഹായ..

ഒരു ചട്ടുകയ്യൻ പിടിയിൽ

ഞെരിഞ്ഞമർന്നു..
പിച്ചി ചീന്തി എറിഞ്ഞപ്പോഴും..

മരണ വേദനയിൽ പിടഞ്ഞപ്പോഴും..

എന്നിലേക്കായിരുന്നു 
അവളുടെ എരിഞ്ഞ നോട്ടം...

വിശപ്പിന്റെ വിളിയിൽ... 
കട്ട് തിന്ന ഭോജനം

കണ്ഠത്തിൽ നിന്നും 
ഇറങ്ങും മുന്നേ

കാലപുരിക്ക് അയച്ചവന്റെ

അവസാന നോട്ടവും എന്നിലേക്ക്‌...

വിഷം തീണ്ടിയവൾ ഒടുങ്ങുമ്പോഴും..

നോട്ടം എന്നിൽ തന്നെ..

പെറുക്കിക്കൂട്ടിയ സമ്പാദ്യം തൂക്കി നൽകി 
പറഞ്ഞയച്ചവൾ

ഒരു മുഴം കയർതുണ്ടിൽ

പിടയുമ്പോഴും നോട്ടം എന്നിലേക്ക്

ബാല്യത്തിൻ പുഞ്ചിരി അറുത്തു മാറ്റി

കുറ്റിക്കാട്ടിനുള്ളിൽ ഞെരിച്ചമർത്തിയ

പൈതലിൻ നോട്ടവും എന്നിലേയ്ക്ക്...

ഇന്നലെ കുഴി തോണ്ടിയപ്പോൾ,,,,

മാംസത്തുണ്ടുകൾ പറഞ്ഞ കഥ ...

അവസാനിക്കു -
ന്നതും എന്നിലേക്ക്‌

കൂട്ടിലടച്ചിട്ട  എന്റെയും

ഹൃത്തടം കീറിപ്പറിച്ചെറിയുന്നു കാലം..

നീതി ചോദിക്കരുതാരും..

പകരം..ചൂഴ്ന്നെടുക്കുവിൻ എന്റെ നയനങ്ങളെ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക