Image

പ്രത്യാശ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 08 April, 2023
പ്രത്യാശ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ദു:ഖചരിത്രമാം 'വെള്ളി'ക്കുമപ്പുറം,
രക്ഷാവെളിച്ചമായ് 'ഞായര്‍'
മൃത്യുവില്‍ നിന്നുമുയര്‍പ്പിന്‍ മഹാത്ഭുതം,
സ്വര്‍ഗ്ഗം തുറന്ന മുഹൂര്‍ത്തം;
കാല്‍വരിയാഗപവിത്രത നിന്ദ്യമാം,
കുരിശിനെയാധാരമാക്കി;
ത്യൂഗമുയര്‍ത്തിയ വിജയക്കൊടിമരം,
പാപപ്പരിഹാരമേകി;
മന്നില്‍ ക്ഷമിക്കുന്ന സ്‌നേഹം സഹനമായ്, 
പുത്തന്‍ സുവിശേഷഭാഗ്യം;
കാലം മുഴക്കുന്ന നിത്യസത്യങ്ങളായ്,
മര്‍ത്ത്യനമര്‍ത്ത്യതയേകാന്‍;
ഭൂലോക പാപങ്ങള്‍ നിക്കുന്ന കുഞ്ഞാടിന്‍,
ദിവ്യാപദാനങ്ങളെല്ലാം;
ആരുമുതിര്‍ക്കാത്ത ശാന്തിമന്ത്രങ്ങളായ്,
ആലംബഹീനര്‍ തന്‍ കാതില്‍;
ദീനന്റെ കണ്ണീര്‍ തുടച്ച കരങ്ങളില്‍, 
ചങ്ങല,പൂട്ടി,യനീതി;
നിര്‍ദ്ദയം മൗലിയില്‍ മുള്‍മുടി ചൂടിച്ച,
ഉള്‍പ്പകയെത്രയപാരം!
തോളത്തു ഭാരക്കുരിശു ചുമത്തിയ,
ദുഷ്ടതയോര്‍ക്കിലമേയം;
കൈകാലുകള്‍ തന്നിലാണിപ്പഴുതുകള്‍,
ക്രൂരതയ്ക്കാധാരമായി,
സ്വന്തം ജനത്തിന്റെ സ്വാര്‍ത്ഥത, സ്‌നേഹത്തില്‍-
കുന്തമായ് കുത്തിയിറക്കി;
ആപാദചുഡമടികള്‍, മുറിവുകള്‍,
രക്തപുഷ്പങ്ങളടര്‍ത്തി;
ദാഹാര്‍ത്തമാം നാവിലിറ്റിച്ച കയ്പുനീര്‍,
തീരാത്ത ശത്രുതയായി;
കല്മഷഹീനനെ ക്രൂശിച്ചതെന്തൊരു,
വഞ്ചന! മുറ്റുമഹന്ത!
ആതുരര്‍ക്കത്താണിയായവനെന്തിനീ,
ഘോരമാം ശിക്ഷാമുറകള്‍?
ഏറ്റം മഹത്തരമാകുമാത്മാര്‍പ്പണം!
മുക്തിക്ക് മാര്‍ഗപ്രദീപം;
കാരുണ്യ രൂപാ, നിന്‍ കാലടിപ്പാടുകള്‍,
മാത്രമിപ്പാപിക്കഭയം;
ഉത്ഥിതന്‍ തന്ന സമാധാനമല്ലാതെ,
പ്രത്യാശ മറ്റെങ്ങ് വാഴ്‌വില്‍?

 

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2023-04-10 13:14:53
"എഴുത്തിന്റെ" വായനയിലൂടെ ഉയിർപ്പിന്റെ പ്രത്യാശ യിലേക്കുള്ള ഒരു യാത്ര... ഈ വായനാനുഭവം...!! കവയത്രിയ്ക്ക് അഭിനന്ദനങൾ..!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക